ടി. മുഹമ്മദ് വേളം
ബൈബിളിൽ മത്തായിയുടെ സുവിശേഷത്തിൽ ഇങ്ങനെ ഒരു സംഭവമുണ്ട്. “പിന്നീട് പിശാചിന്റെ പ്രലോഭനം നേരിടാനായി യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നയിച്ചു. നാൽപതു രാവും നാൽപതു പകലും അവൻ ഉപവസിച്ചു. പിന്നീട് അവന്നു വിശന്നു. പ്രലോഭകൻ വന്നു അവനോടു പറഞ്ഞു: ‘നീ ദൈവപുത്രനെങ്കിൽ ഈ കല്ലുകളോട് അപ്പമാകാൻ കൽപ്പിക്കുക.’ യേശു പറഞ്ഞു: ‘മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്. ദൈവത്തിന്റെ തിരുനാവിൽ നിന്ന് പുറപ്പെടുന്ന എല്ലാ വചനങ്ങളാലും അത്രെ എന്നും’ വിശുദ്ധ ലിഖിതത്തിൽ ഉണ്ടല്ലോ’ (മത്തായി 4: 1-4). യേശുവിനെ പിശാച് തിരുവെഴുത്തുകൾ കൊണ്ടുതന്നെ പരീക്ഷിക്കുന്നതും അതിന് അദ്ദേഹം തിരുവെഴുത്തുകളുടെ മറ്റു ഭാഗങ്ങൾ അഥവാ വേദഗ്രന്ഥത്തിലെ മറ്റു വാക്യങ്ങൾ കൊണ്ട് മറുപടി പറയുന്നതുമാണ് രംഗം. നാൽപ്പതു ദിവസം വ്രതമെടുത്ത് വിശപ്പനുഭവപ്പെട്ടിരിക്കുന്ന യേശുവിനോട് പ്രലോഭകനായ പിശാച് പറയുന്നത് ‘നീ ദൈവപുത്രനാണെങ്കിൽ ഈ കല്ലുകളോട് അപ്പമാകാൻ നീ കൽപ്പിക്കുക’ എന്ന വേദ വചനമുദ്ധരിച്ച് കൺമുന്നിലെ കല്ലിനെ അപമാക്കി വ്രതം മുറിക്കാനാണ്. പക്ഷേ യേശു ആ പ്രലോഭനത്തെ തെറ്റായ സന്ദർഭത്തിൽ പ്രയോഗിക്കപ്പെട്ട ഈ വേദവചനത്ത മറ്റൊരു വേദവചനം കൊണ്ട് നേരിടുകയാണ്. അത് മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല, തിരുവെഴുത്തുകൾ കൊണ്ട് കൂടിയാണ് ജീവിക്കുന്നത് എന്ന ആശയമുള്ള വചനമാണ്.
ഇത് വളരെ ആഴമുള്ള ഒരു തത്ത്വമാണ്. പദാർഥവാദത്തെയും ആത്മീയതയെയും വേർതിരിക്കുന്ന ഒരു പ്രവാചക പ്രസ്താവനയാണ്. പദാർഥവാദം അപ്പം കൊണ്ടുള്ള ജീവിതത്തെക്കുറിച്ചു മാത്രം ചിന്തിക്കുമ്പോൾ മതം അപ്പം കൊണ്ടുള്ള ജീവിതത്തെ തള്ളിപ്പറയാതെ തന്നെ ജീവിക്കാൻ അപ്പം മാത്രം പോരാ തിരുവരുൾപ്പാടുകൾ കൂടി വേണമെന്നു മനസ്സിലാക്കുന്നു. ഭൗതികവാദത്തിലെ പല കൈവഴികളും സ്വന്തം അപ്പത്തെക്കുറിച്ച് മാത്രമല്ല അന്യന്റെ അപ്പത്തെക്കുറിച്ചും പല രീതികളിൽ ചിന്തിച്ചിട്ടുണ്ട്. പക്ഷേ, അപ്പോഴും അത് അപ്പത്തെക്കുറിച്ച് ആലോചന മാത്രമാണ്. അഥവാ ഭൗതിക ജീവിതാദങ്ങളെക്കുറിച്ച് ചിന്ത മാത്രമാണ്. ഭൗതിക ജീവിതാദങ്ങൾ കൊണ്ടുമാത്രം ജീവിക്കാൻ കഴിയുന്നവനല്ല മനുഷ്യൻ. അവന് തിരുവരുൾപ്പാടുകൾ കൂടി ഉണ്ടെങ്കിലേ അസ്തിത്വത്തിന് സാഫല്യം നൽകി ജീവിക്കാൻ കഴിയുകയുള്ളൂ. അതിനു കാരണം മനുഷ്യൻ പദാർഥം മാത്രമല്ല ആത്മാവ് കൂടിയാണ് എന്നതാണ്. ഇവിടെ അപ്പം പദാർഥത്തെയും തിരുവരുൾപ്പാടുകൾ ആത്മാവിനെയുമാണ് പ്രതിനിധീകരിക്കുന്നത്. കുറേക്കൂടി കൃത്യമായി പറഞ്ഞാൽ അപ്പം പദാർഥമാത്രമാകുമ്പോൾ, തിരുവരുൾപ്പാടുകൾ പദാർഥത്തെയും ആത്മാവിനെയും ഒരുമിച്ചു പ്രതിനിധീകരിക്കുന്നു.
ആരാധനകളെല്ലാം പ്രതീകാത്മകം കൂടിയാണ്. ചില വലിയ അർഥങ്ങളെ പ്രതീകവൽക്കരിക്കുകയാണ് എല്ലാ ആരാധനാരൂപങ്ങളും ചെയ്യുന്നത്. നോമ്പ് പറയുന്നത്, മനുഷ്യാ നീ വെറും ശരീരവും ശരീരത്തിന്റെ ചോദനകളും മാത്രമല്ല, അതിനപ്പുറം എന്തോ ചിലതുകൂടിയാണ് എന്നാണ്. പദാർഥാതീതമായ ഒന്നിനെ ജീവിതത്തിലും ശരീരത്തിലും ആവിഷ്കരിക്കാനുള്ള ആഹ്വാനമാണ് നോമ്പ്. തിരുവരുൾപാടിന്റെ കൽപ്പനയനുസരിച്ച് അത് പാലിക്കുന്നുവെന്ന് നിശ്ചയത്തോടെ ശരീരത്തിന്റെ വിശപ്പിനും ദാഹത്തിനും അവധി കൊടുത്തു നോക്കുക, അപ്പോൾ ആത്മാവിന്റെ വിശപ്പും ദാഹവും കൂടുതൽ ശബ്ദത്തിൽ കേൾക്കാനാവും, അതിനെ ശമിപ്പിക്കാനാവും. ആത്മാവ് ഊർജസ്വലമാവുകയും ശരീരത്തിന്റെ നിയന്ത്രണമേറ്റെടുക്കുകയും ചെയ്യും. ആത്മാവിനെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുക തിരുവരുൾപ്പാടുകളിലൂടെയാണ്. ശരീരത്തിന്റെ ഭക്ഷണം അപ്പമാണെങ്കിൽ ആത്മാവിന്റെ ഭക്ഷണം ദൈവത്തിന്റെ വെളിപാടുകളാണ്. വെളിപാടിനെ മാറ്റിനിർത്തി അപ്പം കൊണ്ട് മാത്രമുള്ള ജീവിതം കേവല പദാർഥജീവിതം മാത്രമായിരിക്കും; അഥവാ ഒരു മൃഗജീവിതം. മനുഷ്യന് മൃഗത്തിൽ നിന്ന് മനുഷ്യനിലേക്ക് സഞ്ചരിക്കാൻ ഒരു വാഹനം വേണം. ആ വാഹനമാണ് ദിവ്യവെളിപാട്. അതിലേറിയാണ് മനുഷ്യനെന്ന മൃഗം മൃഗാവസ്ഥയിൽനിന്ന് മനുഷ്യാവസ്ഥയിലേക്ക് ആരോഹണം ചെയ്യുന്നത്.
വിശക്കുമ്പോൾ ഏതെങ്കിലും വിധേന ഭക്ഷണം കഴിക്കുക എന്നതല്ല മനുഷ്യധർമം. അത് ജന്തുരീതിയാണ്. മനുഷ്യന് ഭക്ഷണത്തോടൊപ്പം അല്ലെങ്കിൽ ഭക്ഷണത്തെക്കാൾ ദൈവത്തിന്റെ അരുളപ്പാടുകൾ കൂടി പരിഗണിക്കുക എന്നത് പരമപ്രധാനമാണ്. ആത്മാവിനെക്കുറിച്ച് അറിയാത്തവർ സ്വന്തത്തിന്റെ അല്ലെങ്കിൽ മറ്റുള്ളവരുടെ കൂടിയോ അപ്പത്തെ കുറിച്ചു മാത്രം ചിന്തിച്ച് മരിച്ചുപോകുന്നു. മനുഷ്യരുടെ ഭൗതികാവശ്യങ്ങളുടെ പ്രശ്നത്തിൽ പോലും അവർക്ക് ഒരിക്കലും ശരിയുത്തരം കണ്ടെത്താൻ കഴിയാതെ പോവുകയും ചെയ്യുന്നു.
വ്രതവും വെളിപാടും
ഭക്ഷണം കഴിക്കാനുള്ള പിശാചിന്റെ പ്രലോഭനത്തെ യേശു തിരസ്കരിച്ചത് ഇങ്ങനെയാണ്. ദൈവികമായ അരുളപ്പാടുകൾ അനുസരിച്ചാണ് ഞാൻ നോമ്പ് നോറ്റത്. ആ വ്രതം മുറിക്കുന്നതിനും ആ അരുളപ്പാടുകളുടേതായ ചില മുറകളുണ്ട് എന്നാണ് യേശു പിശാചിനോട് പറഞ്ഞതിന്റെ പൊരുൾ. ദൈവകൽപനകൊണ്ടു മാത്രം ഉണ്ടായിത്തീരുന്ന ഒന്നാണ് വ്രതം. അഥവാ ദൈവത്തിന്റെ അരുളപ്പാടുകളും വ്രതവും തമ്മിൽ അഭേദ്യമായ ചില ബന്ധങ്ങളുണ്ട്. എല്ലാ ആരാധനാകർമങ്ങൾക്കും ഉള്ളതുപോലെ വ്രതത്തിന് അതിലുപരിയായ ചിലതുണ്ട്. പ്രത്യേകിച്ച് ഖുർആനിന്റെ വെളിച്ചത്തിൽ ചിന്തിക്കുമ്പോൾ.
ഖുർആനും നോമ്പും
ഖുർആനും നോമ്പും തമ്മിലുള്ള ബന്ധം ഗാഢവും വിപുലവുമാണ്. അതിൽ ഏറ്റവും പ്രാഥമികമായത് റമദാൻ മാസത്തിലാണ് ഖുർആൻ അവതരിച്ചത് എന്നതാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഖുർആൻ അവതരിച്ച് മാസത്തെയാണ് നോമ്പിനു വേണ്ടി അല്ലാഹു തെരഞ്ഞെടുത്തത് എന്നതാണ്. അന്ത്യ വെളിപാടിന്റെ അവതരണത്തിന്റെ വാർഷികാഘോഷമാണ് റമദാൻ. ഖുർആൻ ഒരു പ്രബോധന ഗ്രന്ഥമാണ്. അല്ലാഹുവിന്റെ അധ്യാപനമാണത്. ഖുർആനിന്റെ ശൈലി പൊതുവെ പ്രബോധനത്തിന്റെയും അധ്യാപനത്തിന്റെയും ശൈലിയാണ്. ദൈവദൃഷ്ടാന്തങ്ങൾ ഓതി കേൾപ്പിക്കാനും സംസ്കരിക്കാനും വേദം പഠിപ്പിക്കാനുമാണ് പ്രവാചകനെ നിയോഗിച്ചത് എന്ന് ഖുർആൻ തന്നെ പറയുന്നുണ്ട് (അൽ ജുമുഅ: 2). അധ്യാപനവും പരിശീലനവും രണ്ടുതരത്തിൽ ഉണ്ട്. ഒന്ന്, വാചികാധ്യാപനം, മറ്റൊന്ന്, പഠിതാവ് പ്രവൃത്തികളിലൂടെ പഠിക്കുന്നത്. ചില പ്രോജക്റ്റുകൾ ചെയ്തുകൊണ്ട് ചില ഭാഗങ്ങൾ പഠിക്കുന്ന പുതിയ വിദ്യാഭ്യാസ രീതി ഇതിന്റെ ഉദാഹരണമാണ്. വാചികമായ വിദ്യാഭ്യാസത്തിൽ അറിവ് സ്വീകരിക്കുന്നത് മസ്തിഷ്കമാണ്. എന്നാൽ പ്രവൃത്തിയിലൂടെ അറിവ് നേടുമ്പോൾ അറിവ് സ്വീകരിക്കുന്നത് ശരീരമാണ്. ആദ്യത്തേതിൽ മസ്തിഷ്കം ശരീരത്തെ സ്വാധീനിക്കുകയാണ് ചെയ്യുന്നതെങ്കിൽ രണ്ടാമത്തെതിൽ ശരീരം മസ്തിഷ്കത്തെ സ്വാധീനിക്കുകയാണ് ചെയ്യുന്നത്. ഡ്രൈവിംഗ്, കായിക പരിശീലനം എന്നിവയിൽ മസ്തിഷ്കമല്ല ശരീരമാണ് ഒരു വിദ്യാഭ്യാസ പരിശീലനത്തിന്റെ മാധ്യമം. സംസ്കരണ പദ്ധതിയിൽ ഇത് രണ്ടും ഒരേ പോലെ പ്രധാനമാണ്. തലച്ചോറ് ശരീരത്തെയും ശരീരം തലച്ചോറിനെയും ഒരേ ലക്ഷ്യം മുൻനിർത്തി പരസ്പരം സ്വാധീനിക്കുമ്പോഴാ ആ ആശയം വ്യക്തിയിൽ ശരിയായി വരുന്ന ഫലം പ്രദാനം ചെയ്യുക.
ഖുർആൻ വാചികമായി പറയുന്ന കാര്യങ്ങൾ അഥവാ അല്ലാഹുവിനു മാത്രം അടിമപ്പെടുക എന്ന സത്യം തന്നെയാണ് നോമ്പും പരിശീലിപ്പിക്കുന്നത്. ഖുർആനിന്റെ ആഹ്വാനമിതാണ്: “ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ പൂർവികരെയും സൃഷ്ടിച്ച ദൈവത്തിന് അടിമപ്പെടുകയും ആരാധിക്കുകയും ചെയ്യുക. നിങ്ങൾ ഭക്തി ഉള്ളവരായേക്കും” (അൽബഖറ: 21) നോമ്പിന്റെ ലക്ഷ്യമായി ഖുർആൻ പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങളുടെ പൂർവികർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടത് പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ഭക്തി ഉള്ളവരായേക്കും” (അൽബഖറ: 183). ദൈവ ദാസ്യവും ദൈവഭക്തിയും ആണ് രണ്ട് സൂക്തങ്ങളുടെയും ഉന്നവും ആഹ്വാനവും. പക്ഷേ അവ രണ്ടും കരുപ്പിടിപ്പിക്കുന്ന വഴികൾ രണ്ടാണെന്ന് മാത്രം. തീർത്തും രണ്ടാണ് എന്നും പറയാൻ കഴിയില്ല. നോമ്പ് ഖുർആൻ പാരായണത്തിന്റെയും പഠനത്തിന്റെയും ഖുർആൻ നിറഞ്ഞൊഴുകുന്ന നമസ്കാരത്തിന്റെയും രാപ്പകലുകൾ കൂടിയാണ്. ബുദ്ധിയും ശരീരവും ഒരേ ദിശയിൽ ഊർജസ്വലമാകുന്ന കാലം, മസ്തിഷ്കവും ശരീര ദൈവികമായ പോഷണങ്ങൾ സ്വീകരിക്കുന്ന കാലം. ആത്മാവും ശരീരവും തമ്മിൽ ഭൗതിക ലോകത്ത് പല കാരണങ്ങളാൽ കണ്ട് വരുന്ന വൈരുധ്യങ്ങൾ പരമാവധി ഇല്ലാതാക്കി മനുഷ്യനെ ദൈവകൽപനകളോട് ചേർത്തുനിർത്തി സമന്വിതനും സന്തുലിതനുമാക്കുന്ന മനോഹര പരിശീലന പഠനകാലമാണ് നോമ്പ്.
നോമ്പിന്റെ ചിത്രത്തിൽ ഒരു പുസ്തകവും ഒരു ആത്മപരിശീലന മുറയുമുണ്ട്. നോമ്പിന്റെ പശ്ചാത്തല താളം ഖുർആനാണ്. പ്രവാചകന് ജിബ് രീൽ ഖുർആൻ പൂർണമായി ഓതിക്കൊടുക്കുന്നതും പ്രവാചകനിൽ നിന്ന് പൂർണമായി ഓതികേൾക്കുന്നതും റമദാനിലാണ്. വിശ്വാസികൾ റമദാനിൽ ഖുർആനിലൂടെ ധാരാളമായി സഞ്ചരിക്കുന്നു.
കാലത്തിന്റെ നിരന്തര സഞ്ചാരത്തിൽ കാലം മനുഷ്യനെ ഓർമിപ്പിക്കുന്നു, എത്ര പട്ടിണിയിലോ സമൃദ്ധിയിലോ ആവട്ടെ മനുഷ്യന് അപ്പം കൊണ്ടു മാത്രം ജീവിക്കാനാവില്ല. അവർക്ക് ലോകത്തിനപ്പുറത്തുനിന്ന് വരുന്ന തിരുവരുളപ്പാടുകൾ കൂടി വേണമെന്ന്. കാലത്തിനകത്തെ ആ സവിശേഷ കാലഖണ്ഡത്തിന്റെ ഒരു ഋതു പോലെ, ആവർത്തിക്കുന്ന എല്ലാ ഋതുക്കളെയും സ്പർശിക്കുന്ന ചലനക്രമമുള്ള ഒരു സമയത്തുണ്ടിന്റെ പേരാണ് റമദാൻ.