എതിര്‍പ്പുകള്‍ വീണ്ടും

മക്കയിലെ ഖുറൈശികളുടെ പീഡനത്തില്‍നിന്ന് മുസ്‌ലിംകള്‍ രക്ഷപ്പെട്ടെങ്കിലും മദീനയിലും പ്രശ്‌നങ്ങളുണ്ടായിരുന്നു. മദീനയിലെ ജൂതന്മാര്‍ മുസ്‌ലിംകള്‍ക്കെതിരെ തിരിഞ്ഞു. ഒരുപാട് പ്രവാചകന്മാര്‍ വന്നിട്ടുള്ള സമുദായമാണ് ജൂതന്മാരുടേത്. ഒരു പ്രവാചകന്‍ വരാനിരിക്കുന്നുണ്ടെന്ന് ജൂതമതത്തിലെ പണ്ഡിതന്മാര്‍ക്കറിയാമായിരുന്നു. വരാനിരിക്കുന്ന പ്രവാചകന്‍ തങ്ങളില്‍നിന്നായിരിക്കുമെന്നും അവര്‍ കണക്കുകൂട്ടി. മുഹമ്മദ് നബി ജൂതവിഭാഗത്തില്‍നിന്നായില്ല എന്ന ഒറ്റക്കാരണത്താല്‍ പ്രവാചകനായി അംഗീകരിക്കാന്‍ ജൂതന്മാരില്‍ പലരും വിസമ്മതിച്ചു. ജൂതമതമുപേക്ഷിച്ച് ഇസ്‌ലാമിലേക്ക് ഒരുപാട് സാധാരണക്കാര്‍ കടന്നുവന്നിരുന്നു. ഇതൊക്കെയാണ് അവരുടെ എതിര്‍പ്പിന്റെ പ്രധാന കാരണങ്ങള്‍. മക്കാഖുറൈശികള്‍ പുറത്തുനിന്നും ജൂതന്മാര്‍ മദീനക്കകത്തുനിന്നും ഭീഷണിയായി മാറി. പലതവണ ശത്രുക്കള്‍ മുസ്ലിംകള്‍ക്കെതിരെ ആക്രമണം നടത്തി. നബിക്കും അനുചരന്മാര്‍ക്കും അവരെ പ്രതിരോധിക്കേണ്ടി വന്നു. ബദ്ര്‍, ഉഹ്ദ്, ഖന്‍ദഖ് തുടങ്ങിയ പേരുകളിലറിയപ്പെടുന്ന പോരാട്ടങ്ങളുടെ പശ്ചാത്തലമിതാണ്. അല്ലാഹുവിന്റെ പ്രത്യേകമായ സഹായത്താല്‍ ആ പോരാട്ടങ്ങളിലെല്ലാം മുസ്‌ലിംകള്‍ക്ക് വിജയംവരിക്കാനും കഴിഞ്ഞു. അതുവരെയുണ്ടായിരുന്ന യുദ്ധസങ്കല്‍പ്പങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമായ സമീപനമാണ് മുഹമ്മദ് നബി പഠിപ്പിച്ചത്.

കുട്ടികളെയും വൃദ്ധന്മാരെയും സ്ത്രീകളെയും കൊല്ലാന്‍ പാടില്ല, മരങ്ങള്‍ മുറിക്കാന്‍ പാടില്ല, ജലാശയങ്ങള്‍ നശിപ്പിക്കാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങള്‍ വ്യത്യസ്തമായ ആ സമീപനത്തിലെ പ്രധാനപ്പെട്ടവയാണ്. തടവുകാരോടുള്ള സമീപനത്തില്‍പോലും ഈ വ്യത്യസ്തത മുഹമ്മദ്‌നബി കാണിച്ചുകൊടുത്തു. ബദര്‍യുദ്ധശേഷം ശത്രുപക്ഷത്തുനിന്ന് തടവുകാരായി പിടിക്കപ്പെട്ടവരില്‍ നബിയുടെ അമ്മാവനും മരുമകനുമടക്കമുള്ള അടുത്ത ബന്ധുക്കളുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്കു പ്രത്യേക പരിഗണന നല്‍കിയില്ല. എല്ലാ തടവുകാരെയും പോലെ അവരെയും പരിഗണിച്ചു. തടവുകാര്‍ക്കെല്ലാം മാപ്പരുളി. മോചനദ്രവ്യം നല്‍കി വിട്ടയച്ചു. ഓരോരുത്തരുടെയും സാമ്പത്തികശേഷിക്കനുസരിച്ചാണ് മോചനദ്രവ്യം വാങ്ങിയത്. മോചനദ്രവ്യം നല്‍കാന്‍ കഴിയാത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരോട് ആവശ്യപ്പെട്ടത് പത്തുവീതം മുസ്‌ലിംകള്‍ക്ക് എഴുത്തും വായനയും പഠിപ്പിച്ചുകൊടുക്കാനായിരുന്നു. ലോകചരിത്രത്തില്‍ തുല്യതയില്ലാത്ത സമീപനം!

എതിര്‍പ്പുകള്‍ വീണ്ടും

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം യൂനുസ് സൂക്തം 13

13. നിങ്ങള്‍ക്കു മുമ്പുള്ള പല തലമുറകളെയും അവര്‍ അതിക്രമം കാണിച്ചപ്പോള്‍ നാം നശിപ്പിച്ചിട്ടുണ്ട്. വ്യക്തമായ പ്രമാണങ്ങളുമായി അവരിലേക്കുള്ള നമ്മുടെ ദൂതന്മാര്‍ അവരെ സമീപിച്ചു. എന്നാല്‍ അവര്‍ വിശ്വസിച്ചതേയില്ല. അവ്വിധമാണ് കുറ്റവാളികളായ ജനത്തിന് നാം പ്രതിഫലം നല്‍കുന്നത്.