ആദര്‍ശം

‘ഇസ്‌ലാം’ ഒരു അറബിശബ്ദമാണ്. അനുസരണം, കീഴ്‌വണക്കം, സമ്പൂർണ്ണസമർപ്പണം എന്നെല്ലാം അതിനു അർത്ഥം ഉണ്ട്. സാങ്കേതികമായി ഇസ്‌ലാമിന്റെ അർത്ഥം ദൈവത്തെ അനുസരിക്കുക, അവന്ന് കീഴ്‌വണങ്ങുക, അവനിൽ സർവ്വസ്വം അർപ്പിക്കുക, അവന്റെ നിയമവ്യവസ്ഥകൾക്കു വിധേയമായി ജീവിക്കുക അവ ലംഘിക്കാതിരിക്കുക എന്നെല്ലാം ആണ്‌. ‘സമാധാനം’ എന്നും അതിന്നര്‍ത്ഥമുണ്ട്‌.

ദൈവത്തിന്ന് സ്വയം സമര്‍പിക്കുക വഴി മനുഷ്യര്‍ക്ക് മന:സമാധാനം ലഭ്യമാകുന്നു. ദൈവാനുസരണത്തിലൂന്നിയ ഒരു ജീവിതം വ്യക്തിയില്‍ മാത്രമല്ല സമൂഹത്തിലും ശാന്തി കൈവരുത്തുന്നു. ദൈവത്തെ പൂര്‍ണ്ണമായി അനുസരിക്കുകയും അവന്ന് കീഴ്‌വണങ്ങുകയും ചെയ്യുക വഴി ഒരാള്‍ സ്വന്തം സ്വാതന്ത്ര്യവും ഇഷ്ടാനിഷ്ടങ്ങളും ദൈവസമക്ഷം പൂര്‍ണമായും അടിയറ വെക്കുകയാണ്. അവന്റെ രാജത്വത്തിന്നും പരമാധികാരത്തിന്നും നിരുപാധികം വഴങ്ങുകയും സകല കാര്യങ്ങളും ദൈവത്തില്‍ ഭാരമേല്‍പ്പിക്കുകയുമാണ്. ഇതെല്ലാം ഇസ്‌ലാമില്‍ വിശാലമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നു. ദൈവവും, പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും വഴി നല്‍കിയ സന്മാര്‍ഗവ്യവസ്ഥകളും നിയമനിര്‍ദേശങ്ങളും സര്‍വ്വാത്മനാ അംഗീകരിക്കുകയും അനുധാവനം ചെയ്യുകയും വേണമെന്നതും അതിന്റെ താല്പര്യമത്രെ. മനുഷ്യന്റെ ഇഹപര രക്ഷയുടെ യഥാര്‍ത്ഥ വഴിയാണിത്‌

ആദര്‍ശം

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അര്‍റഅ്ദ് സൂക്തം 28

സത്യവിശ്വാസം സ്വീകരിക്കുകയും ദൈവസ്മരണയാല്‍ മനസ്സുകള്‍ ശാന്തമാവുകയും ചെയ്യുന്നവരാണവര്‍. അറിയുക: ദൈവസ്മരണകൊണ്ട് മാത്രമാണ് മനസ്സുകള്‍ ശാന്തമാകുന്നത്.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ഇഖ്‌ലാസ് സൂക്തം 1-4

1. പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്.

2.അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും.

3. അവന്‍ പിതാവോ പുത്രനോ അല്ല.

4. അവനു തുല്യനായി ആരുമില്ല.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ അന്‍ആം സൂക്തം 103

103.കണ്ണുകള്‍ക്കൊന്നും അവനെ കാണാനാവില്ല. എന്നാല്‍ അവന്‍ എല്ലാ കണ്ണുകളെയും കാണുന്നു. അവന്‍ സൂക്ഷ്മജ്ഞനാണ്. എല്ലാം അറിയുന്നവനും.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബഖറ സൂക്തം 255

255. അല്ലാഹു; അവനല്ലാതെ ദൈവമില്ല. അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍; എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍; മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. അവന്റെ അടുക്കല്‍ അനുവാദമില്ലാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അവരുടെ  മുന്നിലുള്ളതും പിന്നിലുള്ളതും അവനറിയുന്നു. അവന്റെ അറിവില്‍നിന്ന് അവനിച്ഛിക്കുന്നതല്ലാതെ അവര്‍ക്കൊന്നും അറിയാന്‍ സാധ്യവുമല്ല. അവന്റെ ആധിപത്യം ആകാശഭൂമികളെയാകെ ഉള്‍ക്കൊണ്ടിരിക്കുന്നു. അവയുടെ സംരക്ഷണം അവന്നൊട്ടും ഭാരമാവുന്നില്ല. അവന്‍ അത്യുന്നതനും മഹാനുമാണ്.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നിസാഅ് സൂക്തം 48

48. അല്ലാഹു, തന്നില്‍ പങ്കുചേര്‍ക്കുന്നത് പൊറുക്കില്ല. അതല്ലാത്ത പാപങ്ങളൊക്കെയും അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അല്ലാഹുവിന് പങ്കാളികളെ സങ്കല്‍പിക്കുന്നവന്‍ കൊടിയ കുറ്റമാണ് ചമച്ചുണ്ടാക്കുന്നത്; തീര്‍ച്ച.

ആദര്‍ശം

ഉമറുബ്‌നുല്‍ ഖത്വാബില്‍നിന്ന് നിവേദനം: നബിയോട് ജിബ്രീല്‍ ചോദിച്ചു: ഈമാന്‍ എന്നാല്‍ എന്താെണെന്ന് പറഞ്ഞുതന്നാലും! 

തിരുദൂതര്‍ പറഞ്ഞു: അല്ലാഹുവിലും അവന്റെ മലക്കുകളിലും ഗ്രന്ഥങ്ങളിലും ദൂതന്മാരിലും പരലോകത്തിലും വിശ്വസിക്കുക; ഗുണദോഷങ്ങളായ സകല കാര്യങ്ങളും അല്ലാഹുവിന്റെ നിശ്ചയപ്രകാരമാണെന്നും വിശ്വസിക്കുക. -സ്വഹീഹു മുസ്‌ലിം