കുടുംബബന്ധം

രക്തബന്ധമുള്ള എല്ലാവരുമായും ശക്തമായ ബന്ധം നില നിര്‍ത്താന്‍ ഇസ്‌ലാം ആഹ്വാനം ചെയ്യുന്നു. അടുത്ത ബന്ധുക്കള്‍ക്ക് സാമ്പത്തികസഹായും ചെയ്യാനും ദായദനത്തില്‍നിന്ന് ദാനം നല്‍കാനും അല്ലാഹു കല്പിച്ചതായി കാണാം.

ഓഹരിവെക്കുമ്പോള്‍ ബന്ധുക്കളും അനാഥരും ദരിദ്രരും അവിടെ വന്നിട്ടുണ്ടെങ്കില്‍

അതില്‍നിന്ന് അവര്‍ക്കും എന്തെങ്കിലും കൊടുക്കുക.

അവരോട് നല്ല വാക്ക് പറയുകയും ചെയ്യുക.

(വിശുദ്ധ ഖുര്‍ആന്‍, അധ്യായം: അന്നിസാഅ്, സൂക്തം:8).

കുടുംബത്തിലുള്ള അനാഥരെയും വൃദ്ധജനങ്ങളെയും ഏറ്റെടുത്ത് സംരക്ഷിക്കേണ്ടുന്ന ചുമതല സാമ്പത്തികമായി ഉയര്‍ന്ന കുടുംബാംഗങ്ങള്‍ക്കുണ്ട്. സ്വന്തം ബന്ധുജനങ്ങളിലെ ദരിദ്രരെ പരിഗണിക്കാതെ മറ്റു സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ആശാസ്യകരമല്ല. ബന്ധുക്കള്‍ക്ക് നല്‍കേണ്ട ഈ സഹായം അവരുടെ അവകാശമായാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്.

കുടുംബബന്ധങ്ങളെ ഏറ്റവും പവിത്രമായാണ് ഇസ്‌ലാം കാണുന്നത്. കുടുംബബന്ധത്തിന് ഇസ്‌ലാം ഉപയോഗിച്ച പദം ‘റഹ്മ്’ എന്നാണ്. അല്ലാഹുവിന്റെ വിശേഷണങ്ങളായ ‘റഹ്മാന്‍'(പരമകാരുണികന്‍), ‘റഹീം'(കരുണാനിധി) എന്നീ പദങ്ങളില്‍നിന്നുണ്ടായ ഒരു രൂപമാണിത്. ഈ പദത്തെ അല്ലാഹു തന്റെ സിംഹാസനവുമായി ബന്ധിച്ചിരിക്കുന്നു. അത് ഇപ്രകാരം പറഞ്ഞുകൊണ്ടിരിക്കും.”ആര്‍ എന്നെ ചാര്‍ത്തിയോ അവനെ അല്ലാഹു തന്നിലേക്ക് ചേര്‍ക്കും. ആര്‍ എന്നെ മുറിച്ചുവോ അവനുമായുള്ള ബന്ധം അല്ലാഹുവും മുറിച്ചകളയും.”

ചാര്‍ച്ചയെ ചേര്‍ക്കല്‍ ഇസ്‌ലാമികവിശ്വാസത്തിന്റെ അനിവാര്യതാല്‍പ്പര്യത്തില്‍പ്പെട്ടതാണെന്ന് മുഹമ്മദ് നബി പലപ്പോഴായി പ്രാധാന്യപൂര്‍വം അരുളിയിട്ടുണ്ട്. ‘വല്ലവനും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ കുടുംബബന്ധം ചേര്‍ക്കട്ടെ’ എന്ന് നബി പറഞ്ഞിട്ടുണ്ട്. കുടുംബബന്ധം തകര്‍ക്കുകയെന്നത് കഠിനമായ തെറ്റായും നബി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ”കുടുംബബന്ധം മുറിച്ചവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതല്ല.” എന്നും നബി മുന്നറിയിപ്പു നല്‍കി.

കുടുംബബന്ധം

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നിസാഅ് സൂക്തം 1

ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവനാണ്.

കുടുംബബന്ധം

1. നബി പറഞ്ഞു. ‘എന്നെ സത്യവുമായി പറഞ്ഞയച്ചവനെക്കൊണ്ട് ഞാന്‍ സത്യം ചെയ്തുപറയുന്നു, പണത്തിന് ആവശ്യമുള്ള അടുത്ത ബന്ധു ഉണ്ടായിരിക്കെ, അവരല്ലാത്തവര്‍ക്ക് ആരെങ്കിലും അത് കൊടുത്താല്‍ ആ ദാനം അല്ലാഹു അംഗീകരിക്കുകയില്ല. എന്‍റെ ആത്മാവ് ആരുടെ കൈയിലാണോ അവനാണ് സത്യം, അയാളെ അന്ത്യദിനത്തില്‍ അല്ലാഹു നോക്കുകയില്ല.”

(ത്വബ്‌റാനിയുടെ ഹദീസ് ശേഖരത്തില്‍നിന്ന്)

2. നബി പറഞ്ഞു. ‘ദരിദ്രനുള്ള ദാനം ഒരു പ്രതിഫലം നേടിത്തരുമ്പോള്‍ അടുത്ത ബന്ധുവിനുള്ള ദാനം രണ്ടു പ്രതിഫലം നേടിത്തരുന്നു.”

3. നബി പറഞ്ഞു: കുടുംബബന്ധം ദിവ്യസിംഹാസനവുമായി ബന്ധപ്പെട്ടതാണ്. അത് (കുടുംബബന്ധം) പറയും: ”ആരെങ്കിലും എന്നെ ചേര്‍ത്താല്‍ അല്ലാഹു അവനെയും ചേര്‍ക്കും. ആരെങ്കിലും എന്നെ മുറിച്ചുകളഞ്ഞാല്‍ അല്ലാഹു അവനെയും അകറ്റിക്കളയും.”

(സ്വഹീഹു മുസ്‌ലിം)

4. റസൂല്‍ പറഞ്ഞതായി അബുല്‍ മിഅ്ബര്‍ ഉദ്ധരിക്കുന്നു. ‘ആരെങ്കിലും രണ്ടു പുത്രിമാരെയോ രണ്ട് സഹോദരിമാരെയോ രണ്ടു മാതൃസഹോദരികളെയോ രണ്ട് മുത്തശ്ശികളെയോ (മാതാപിതാക്കളുടെ മാതാക്കള്‍) രണ്ടു പിതൃസഹോദരികളെയോ പരിപാലിച്ചു സംരക്ഷിച്ചാല്‍ സ്വര്‍ഗത്തില്‍ അയാളുടെ സ്ഥാനം എന്‍റെ തൊട്ടടുത്തായിരിക്കും.”

(അഹ്മദിന്‍റെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

5. നബി പറഞ്ഞു:  പരലോകത്ത് ഏറ്റവും വേഗം പ്രതിഫലം ലഭിക്കുക കുടുംബബന്ധം ചേര്‍ക്കുന്നതിനും ദാനം നല്‍കുന്നതിനുമാണ്. ഏറ്റവും വേഗം ശിക്ഷ കിട്ടുക കുടംബബന്ധം മുറിക്കുന്നതിനും അക്രമത്തിനുമാണ്.

(തിര്‍മിദിയുടെ ഹദീസ് ശേഖരത്തില്‍നിന്ന്)

6. അന്‍ബസയുടെ മകന്‍ അംറ് പറയുന്നു. ‘ഞാന്‍ മക്കയില്‍ നബിയുടെ അടുത്തുചെന്നു. പ്രവാചകത്വത്തിന്‍റെ പ്രാരംഭകാലത്തായിരുന്നു അത്. ഞാന്‍ നബിയോട് ചോദിച്ചു. ‘താങ്കളാരാണ്?”

അവിടുന്ന്‍ പറഞ്ഞു.’ഞാന്‍ നബിയാണ്.”

അപ്പോള്‍ ഞാന്‍ ചോദിച്ചു.’അങ്ങനെ പറഞ്ഞാലെന്താണ്?”

പ്രവാചകന്‍ മറുപടി പറഞ്ഞു. ‘അല്ലാഹു നിയോഗിച്ച നബി.”

അപ്പോള്‍ ഞാന്‍ ചോദിച്ചു.’എന്തുമായാണ് താങ്കളെ അല്ലാഹു അയച്ചത്?”

അതിന് മറുപടിയായി നബി ചില കാര്യങ്ങള്‍ പറഞ്ഞു. അതില്‍ ആദ്യം പറഞ്ഞ കാര്യം കുടുംബബന്ധം ചേര്‍ക്കലാണ്.”

(സ്വഹീഹു മുസ്‌ലിം എന്ന ഹദീസ്ഗ്രന്ഥത്തില്‍ നിന്ന്‍)

7. നബി പറഞ്ഞു. ‘കുടുംബബന്ധം മുറിക്കുന്നവന്‍ ഒരു ജനതയിലുണ്ടെങ്കില്‍ അവര്‍ക്ക് അല്ലാഹുവിന്നു അനുഗ്രഹം ലഭിക്കുകയില്ല.”

(ബൈഹഖിയുടെ ഹദീസ്‌ശേഖരത്തില്‍നിന്ന്‍)

8. നബി പറഞ്ഞതായി അബൂഹുറൈറ എന്ന അനുചരന്‍ അറിയിക്കുന്നു. ‘ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ കുടുംബം ചേര്‍ത്തുകൊള്ളട്ടെ.”

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)

9. അബൂഹുറൈറ എന്ന അനുചരന്‍  പറയുന്നു. ‘ഒരാള്‍ നബിയോട് പറഞ്ഞു. ‘അല്ലാഹുവിന്‍റെ ദൂതരേ, എനിക്ക് ചില ബന്ധുക്കളുണ്ട്. ഞാന്‍ അവരുമായി ബന്ധം സ്ഥാപിക്കുന്നു. എന്നിട്ടും അവരൊന്നോട് ബന്ധം മുറിക്കുന്നു. ഞാന്‍ അവരോട് ഉദാരമായി പെരുമാറുന്നു. എന്നിട്ടും അവരൊന്നോട് മോശമായി പെരുമാറുന്നു. ഞാന്‍ അവര്‍ക്കുവേണ്ടി ക്ഷമിക്കുന്നു. എങ്കിലും അവരൊന്നോട് അവിവേകം കാണിക്കുന്നു.”അപ്പോള്‍ റസൂല്‍ പറഞ്ഞു. ‘താങ്കള്‍ പറഞ്ഞപോലെയാണ് കാര്യമെങ്കില്‍ താങ്കള്‍ അവരെ വെണ്ണീര്‍ തീറ്റുന്നപോലെയാണ്. താങ്കള്‍ ഈ അവസ്ഥ തുടരുവോളം അല്ലാഹുവില്‍നിന്നുള്ള ഒരു സഹായി താങ്കളോടൊപ്പമുണ്ടായിരിക്കും.”

(സ്വഹീഹുമുസ്‌ലിം)