നബിയുടെ രൂപഭാവങ്ങള്‍

ശരാശരിയേക്കാള്‍ അല്പം കൂടിയ ഉയരം. ബലിഷ്ഠമായ ശരീരഘടന, നീണ്ടതും ഇടതൂര്‍ന്നതുമായ തലമുടി, ഉയര്‍ന്നുനില്‍ക്കുന്ന വീതിയേറിയ നെറ്റിത്തടം, നീളം കൂടിയതും നിബിഡവുമായ കണ്ണിമകള്‍, നീണ്ട വായ, നിരന്ന പല്ലുകള്‍, തുടുത്ത കവിള്‍ത്തടങ്ങള്‍, നേരിയ തവിട്ടു ഛായയുള്ള  കറുത്ത വലിയ കണ്ണുകള്‍, രോമനിബിഡമായ താടി, വിടര്‍ന്നു രോമാവൃതമായ മാറിടം, പരന്ന ചുമലുകള്‍, എപ്പോഴും മന്ദഹസിച്ചുകൊണ്ടുള്ള മുഖഭാവം, ഉറച്ചതും വേഗത്തിലുള്ളതുമായ നടത്തം, എപ്പോഴും പ്രവര്‍ത്തനനിരതന്‍, ആവശ്യത്തിനുമാത്രം സൗമ്യമായി സംസാരിക്കുന്ന പ്രകൃതം, സന്തോഷദുഃഖവേളകളില്‍ വികാരങ്ങളെ സ്വയം നിയന്ത്രിച്ചു സമചിത്തത പാലിക്കും. അസ്വസ്ഥനായാല്‍ നിശ്ശബ്ദത പാലിക്കുകയും സന്തോഷവാനായാല്‍ കണ്ണുകള്‍ താഴ്ത്തി നിര്‍ത്തുകയും ചെയ്യും.

വസ്ത്രധാരണത്തില്‍ അങ്ങേയറ്റം ലാളിത്യം പാലിച്ചിരുന്നു. ശരീരത്തിന്റെ കീഴ്ഭാഗങ്ങള്‍ മറയ്ക്കാന്‍ അത്യാവശ്യമായ വസ്ത്രങ്ങള്‍ക്കുപുറമേ ചുമലില്‍ ഒരു തൂവാലയും തലപ്പാവും അദ്ദേഹം ധരിക്കാറുണ്ടായിരുന്നു. വളരെ കുറച്ചു വസ്ത്രങ്ങളേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഉള്ള വസ്ത്രങ്ങള്‍എപ്പോഴും വൃത്തിയാക്കി ധരിച്ചിരുന്നു. അറേബ്യയുടെ അധികാരം മുഴുവന്‍ സ്വന്തം കൈകളില്‍ വന്നുചേര്‍ന്നപ്പോള്‍ പോലും ജീവിതത്തില്‍ ഒരു വിധ ആര്‍ഭാടവും അദ്ദേഹത്തിനുണ്ടായിരുന്നില്ല.

നബിയുടെ രൂപഭാവങ്ങള്‍


വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം ആലുഇംറാന്‍ സൂക്തം 159

159. അല്ലാഹുവിന്റെ കാരുണ്യം കാരണമാണ് നീ അവരോട് സൗമ്യനായത്. നീ പരുഷപ്രകൃതനും കഠിനമനസ്‌കനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റുനിന്നും അവരൊക്കെയും പിരിഞ്ഞുപോകുമായിരുന്നു. അതിനാല്‍ നീ അവര്‍ക്ക് മാപ്പേകുക. അവരുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കുക. കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുക. അങ്ങനെ നീ തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തീര്‍ച്ചയായും അല്ലാഹു തന്നില്‍ ഭരമേല്‍പിക്കുന്നവരെ ഇഷ്ടപ്പെടുന്നു.