പട്ന: രാജ്യത്തെ വർഗീയപരമായി ഭിന്നിപ്പിക്കാനുള്ള കുടിലശ്രമങ്ങൾ ഒരുവശത്ത് നടക്കുമ്പോൾ അതിനിടയിൽ സാമുദായിക സൗഹാർദത്തിന് മാതൃകയാവുകയാണ് ബിഹാറിലെ ഒരു മുസ്‌ലിം കൂടുംബം. കിഴക്കൻ ചമ്പാരനിൽ നിർമിക്കുന്ന വിരാട് രാമായണ മന്ദിറിനായി 25 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് ഇവർ സംഭാവന ചെയ്തത്. നിർമാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമാകും വിരാട് രാമായണ മന്ദിറെന്ന ക്ഷേത്ര നിർമാണ ട്രസ്റ്റ് അവകാശപ്പെടുന്നു.
കിഴക്കൻ ചമ്പാരനിലെ വ്യവസായി ഇഷ്തിയാഖ് അഹമ്മദ് ഖാനാണ് ക്ഷേത്രനിർമാണത്തിനായി ഭൂമി നൽകിയതെന്ന് മഹാവീർ മന്ദിർ ട്രസ്റ്റ് മേധാവി ആചാര്യ കിഷോർ കുനാൽ പറഞ്ഞു. സമുദായങ്ങൾക്കപ്പുറത്തേക്ക് നീളുന്ന സാഹോദര്യത്തിന്റെയും സൗഹാർദത്തിന്റെയും മഹത്തായ ഉദാഹരണമാണ് ഇതെന്ന് കുനാൽ അഭിപ്രായപ്പെട്ടു. ഖാനിന്റെയും കുടുംബത്തിന്റെയും സഹായമില്ലായിരുന്നെങ്കിൽ ഈ സ്വപ്ന പദ്ധതി യാഥാർഥ്യമാക്കാൻ നിരവധി പ്രയാസങ്ങൾ നേരിടേണ്ടി വരുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകപ്രശസ്തമായ കംബോഡിയയിലെ 215 അടി ഉയരമുള്ള അങ്കോർ വാട്ട സമുച്ചയത്തേക്കാൾ ഉയരംകൂടിയ രീതിയിലാണ് വിരാട് രാമായണ മന്ദിൽ നിർമിക്കുന്നത്, മന്ദിറിനുള്ളിൽ തന്നെ 18 ക്ഷേത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 500 കോടി രൂപയോളം മന്ദിറിന്റെ നിർമാണച്ചെലവിനായി വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ക്ഷേത്ര നിർമാണത്തിനായി 125 ഏക്കർ ഭൂമി ഇതുവരെ മഹാവീർ മന്ദിർ ട്രസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്.