ഇസ് ലാമിക് ബാങ്കിംഗ്‌

ബാങ്കിംഗ്‌മേഖലയില്‍ പലിശരഹിതമായ, ലാഭനഷ്ടപങ്കാളിത്ത അടിസ്ഥാനത്തില്‍ വികസിക്കപ്പെട്ട ഇസ്‌ലാമിക് ബാങ്കിംഗ് രീതികള്‍ ഇന്ന് ലോകത്ത് പാശ്ചാത്യരാഷ്ട്രങ്ങളിലടക്കം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നു. പങ്കാളിത്ത നിക്ഷേപ ഉത്പാദനരീതികളായ മുശാറക്ക, മുദാറബ, ലാഭാധിഷ്ടിത കച്ചവടരീതികളായ മുറാബഹ, ഇജാറ തുടങ്ങിയ വ്യത്യസ്ത ബാങ്കിംഗ് വിനിമയ രീതികള്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്നു

ഇസ്‌ലാമിക് ഇന്‍ഷുറന്‍സ്, ഇസ്‌ലാമിക് മൈക്രോഫിനാന്‍സ്, ശരീഅ അടിസ്ഥാന ഷെയര്‍ മാര്‍ക്കറ്റ് തുടങ്ങിയ മേഖലകളിലേക്ക് വികസിച്ച ഇസ്‌ലാമിക് ഫിനാന്‍സ് ആധുനിക സാമ്പത്തികലോകത്ത് ധാരാളം സാധ്യതകള്‍ തുറക്കുന്നു.

ഇസ്‌ലാമിക് ബാങ്കിംഗ്


വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ഹശ്ര്‍ സൂക്തം 7

7. വിവിധ നാടുകളില്‍നിന്ന് അല്ലാഹു അവന്റെ ദൂതന് നേടിക്കൊടുത്തതൊക്കെയും അല്ലാഹുവിനും അവന്റെ ദൂതന്നും അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമുള്ളതാണ്. സമ്പത്ത് നിങ്ങളിലെ ധനികര്‍ക്കിടയില്‍ മാത്രം ചുറ്റിക്കറങ്ങാതിരിക്കാനാണിത്. ദൈവദൂതന്‍ നിങ്ങള്‍ക്കു നല്‍കുന്നതെന്തോ അതു നിങ്ങള്‍ സ്വീകരിക്കുക. വിലക്കുന്നതെന്തോ അതില്‍നിന്ന് വിട്ടകലുകയും ചെയ്യുക. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവന്‍ തന്നെ; തീര്‍ച്ച.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ബഖറ സൂക്തം 275

275. പലിശ തിന്നുന്നവര്‍ക്ക്, പിശാചുബാധയേറ്റ് കാലുറപ്പിക്കാനാവാതെ വേച്ച് വേച്ച് എഴുന്നേല്‍ക്കുന്നവനെപ്പോലെയല്ലാതെ നിവര്‍ന്നുനില്‍ക്കാനാവില്ല. ‘കച്ചവടം പലിശപോലെത്തന്നെ’ എന്ന് അവര്‍ പറഞ്ഞതിനാലാണിത്. എന്നാല്‍ അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ വിരോധിക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നെത്തിയതനുസരിച്ച് ആരെങ്കിലും പലിശയില്‍ നിന്ന് വിരമിച്ചാല്‍ നേരത്തെ പറ്റിപ്പോയത് അവന്നുള്ളതുതന്നെ. അവന്റെ കാര്യം അല്ലാഹുവിങ്കലാണ്. അഥവാ, ആരെങ്കിലും പലിശയിലേക്ക് മടങ്ങുന്നുവെങ്കില്‍ അവരാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും.