സന്തതികള്‍

ഇളംപ്രായത്തിലുള്ള ഒരു മനുഷ്യശിശുപോലും ശക്തിയുടെ വിസ്മയകരമായ ഉദാഹരണമാണ്. എന്നാല്‍, അനേകം സര്‍ഗശേഷിയുടെ ഉറവിടമായ ആ കുഞ്ഞ് മറ്റുള്ളവരുടെ പരിഗണനയും പരിചരണവും ആവശ്യപ്പെടുന്നു. ഓരോ ശിശുവും അതിന്റെ മാതാപിതാക്കളുടെ കണ്ണുകള്‍ക്ക് കുളിര്‍മയും മനസ്സിന് സ്വസ്ഥതയും ശാന്തിയും നല്‍കുന്നു.

കുട്ടികളുടെ ശാരീരികമായ വളര്‍ച്ച, സ്വഭാവശിക്ഷണം എന്നിവയില്‍ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളുടെ നിയമപരമായ ബാധ്യതയാണ്. അന്യായമായി കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാതിരിക്കുകയോ, ദാരിദ്ര്യം ഭയന്നോ അപമാനം ഭയന്നോ മറ്റോ അവരെ കൊല്ലുകയോ വില്‍ക്കുകയോ ചെയ്യുന്നതും ഇസ്‌ലാം വിലക്കിയിട്ടുണ്ട്. ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും തുല്യനിലയില്‍ വര്‍ത്തിക്കണമെന്ന് പ്രവാചകന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇസ്‌ലാമികവീക്ഷണത്തില്‍ കൂടുതല്‍ പ്രതിഫലാര്‍ഹവും പരലോകവിജയത്തിന് നിദാനവുമാണ് പെണ്‍കുട്ടികളെ വളര്‍ത്തുകയെന്നത്. ഈ നിര്‍ദേശത്തിലൂടെ പെണ്‍കൂട്ടിളോട് മാനവസമൂഹം എക്കാലവും പുലര്‍ത്തിപ്പോരുന്ന വിവേചനങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് ഇസ്‌ലാം. കുട്ടികളോട് സ്‌നേഹപൂര്‍വം പെരുമാറണമെന്നും അവരോട് പരുഷമായി പെരുമാറരുതെന്നും അവരോടൊപ്പമാകുമ്പോള്‍ കുഞ്ഞുങ്ങളെപ്പോലെയാകണമെന്നും അവരുടെ കൂടെ കളിക്കണമെന്നും പ്രവാചകന്‍ ഉപദേശിച്ചിട്ടുണ്ട്.

സന്തതികള്‍

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍അന്‍ഫാല്‍ സൂക്തം 28

അറിയുക: നിങ്ങളുടെ സമ്പത്തും സന്താനങ്ങളും പരീക്ഷണോപാധികള്‍ മാത്രമാണ്. അല്ലാഹുവിങ്കലാണ് അതിമഹത്തായ പ്രതിഫലമുള്ളത്.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അത്തഹ്‌രീം സൂക്തം 6

വിശ്വസിച്ചവരേ, നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും നരകാഗ്നിയില്‍നിന്ന് കാത്തുരക്ഷിക്കുക. അതിന്റെ ഇന്ധനം മനുഷ്യരും കല്ലുകളുമാണ്. അതിന്റെ മേല്‍നോട്ടത്തിന് പരുഷപ്രകൃതരും ശക്തരുമായ മലക്കുകളാണുണ്ടാവുക. അല്ലാഹുവിന്റെ ആജ്ഞകളെ അവര്‍ അല്‍പംപോലും ലംഘിക്കുകയില്ല. അവരോട് ആജ്ഞാപിക്കുന്നതൊക്കെ അതേപടി പ്രാവര്‍ത്തികമാക്കുന്നതുമാണ്.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബക്കറ സൂക്തം 233

മാതാക്കള്‍ തങ്ങളുടെ മക്കളെ രണ്ടുവര്‍ഷം പൂര്‍ണമായും മുലയൂട്ടണം. മുലകുടികാലം പൂര്‍ത്തീകരിക്കണമെന്ന് ഉദ്ദേശിക്കുന്നുവെങ്കിലാണിത്. മുലയൂട്ടുന്ന സ്ത്രീക്ക് ന്യായമായ നിലയില്‍ ഭക്ഷണവും വസ്ത്രവും നല്‍കേണ്ട ബാധ്യത കുട്ടിയുടെ പിതാവിനാണ്. എന്നാല്‍ ആരെയും അവരുടെ കഴിവിനപ്പുറമുള്ളതിന് നിര്‍ബന്ധിക്കാവതല്ല. ഒരു മാതാവും തന്റെ കുഞ്ഞ് കാരണമായി പീഡിപ്പിക്കപ്പെടരുത്. അപ്രകാരം തന്നെ കുഞ്ഞ് കാരണം പിതാവും പീഡിപ്പിക്കപ്പെടരുത്. പിതാവില്ലെങ്കില്‍ അയാളുടെ അനന്തരാവകാശികള്‍ക്ക് അയാള്‍ക്കുള്ള അതേ ബാധ്യതയുണ്ട്.  എന്നാല്‍ ഇരുവിഭാഗവും പരസ്പരം കൂടിയാലോചിച്ചും തൃപ്തിപ്പെട്ടും മുലയൂട്ടല്‍ നിര്‍ത്തുന്നുവെങ്കില്‍ അതിലിരുവര്‍ക്കും കുറ്റമില്ല. അഥവാ, കുട്ടികള്‍ക്ക് മറ്റൊരാളെക്കൊണ്ട് മുലകൊടുപ്പിക്കണമെന്നാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനും വിരോധമില്ല. അവര്‍ക്കുള്ള പ്രതിഫലം നല്ല നിലയില്‍ നല്‍കുന്നുവെങ്കിലാണിത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം കണ്ടറിയുന്നവനാണ്.

സന്തതികള്‍

1. ഉബൈദുല്ലാഹിബ്‌നു അബീ റാഫിഅ് തന്‍റെ പിതാവു പറയുതായി ഉദ്ധരിക്കുന്നു: ഫാത്വിമ (നബിയുടെ മകള്‍) പ്രസവിച്ചപ്പോള്‍ ഹസന്‍ എന്ന കുഞ്ഞിന്‍റെ ചെവിയില്‍ നബി ബാങ്കു കൊടുക്കുന്നത് ഞാന്‍ കണ്ടു.

(തിര്‍മിദിയുടെ ഹദീസ് ശേഖരത്തില്‍നിന്ന്)

2. നബി പറഞ്ഞിരിക്കുന്നു.’നിങ്ങള്‍ സന്താനങ്ങള്‍ക്കിടയില്‍ നീതി പുലര്‍ത്തുക. നിങ്ങള്‍ സന്താനങ്ങള്‍ക്കിടയില്‍ നീതി പുലര്‍ത്തുക. നിങ്ങള്‍ സന്താനങ്ങള്‍ക്കിടയില്‍ നീതി പുലര്‍ത്തുക.”

(അഹ്മദിന്‍റെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

3. നബി പറഞ്ഞു: നിങ്ങള്‍ നിങ്ങള്‍ക്കെതിരില്‍ പ്രാര്‍ഥിക്കരുത്. നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങള്‍ക്കെതിരില്‍ പ്രാര്‍ഥിക്കരുത്. നിങ്ങള്‍ നിങ്ങളുടെ വേലക്കാര്‍ക്കെതിരെ പ്രാര്‍ഥിക്കരുത്. നിങ്ങള്‍ നിങ്ങളുടെ ധനത്തിനെതിരെ പ്രാര്‍ഥിക്കരുത്.”

(അബൂദാവൂദിന്‍റെ ഹദീസ് ശേഖരത്തില്‍നിന്ന്)

4. പ്രവാചകന്‍ പറയുന്നു: കൊച്ചുകുട്ടികള്‍ അടുത്തുണ്ടാവുമ്പോള്‍ നിങ്ങളും കുട്ടിയെപ്പോലെ പെരുമാറുക.

(ഇബ്‌നു അസാകീറിന്‍റെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

5. നബി കല്പിച്ചതായി ഇബ്‌നു അബ്ബാസ് പറയുന്നു. ‘നിങ്ങള്‍ സ്വന്തം സന്താനങ്ങളുമായി സഹവസിക്കൂ. അവരെ സല്‍പ്പെരുമാറ്റം ശീലിപ്പിക്കുകയും ചെയ്യുക.”

6. അംറുബ്‌നു ശുഐബിലൂടെ അദ്ദേഹത്തിന്റെ പിതാമഹനില്‍നിന്ന് പരമ്പരയായി ലഭിച്ച ഒരു നബി വചനമുണ്ട്. അതിതാണ്: നമ്മുടെ കുട്ടികളോട് കരുണ കാണിക്കാത്തവരും മുതിര്‍വരുടെ മഹത്വം മനസ്സിലാക്കാത്തവരും നമ്മില്‍പെട്ടവരല്ല.

(അബൂദാവൂദ്, തിര്‍മിദി എന്നിവരുടെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

7. പ്രവാചകന്‍ പറയുന്നു: രണ്ട് പെണ്‍കുട്ടികളെ ലഭിച്ചവന്‍ അവരോട് മാന്യമായി പെരുമാറിയാല്‍ അതുവഴി സ്വര്‍ഗം ലഭിക്കാതിരിക്കില്ല.

(സ്വഹീഹുല്‍ ബുഖാരി)

8. പ്രവാചകന്‍ തന്‍റെ പേരക്കുട്ടികളിലൊന്നിനെ ചുംബിച്ചു. അദ്ദേഹത്തിനരികെ അഖ്‌റഉബ്‌നു ഹാബിസ് ഉണ്ടായിരുന്നു. അഖ്‌റഅ് പറഞ്ഞു. ‘എനിക്ക് പത്തുമക്കളുണ്ട്. അവരിലാരെയും ഞാന്‍ ഒരിക്കലും ചുംബിച്ചിട്ടില്ല.”  ഇതുകേട്ട നബി അദ്ദേഹത്തിനുനേരെ തിരിഞ്ഞു പറഞ്ഞു.’കരുണ കാണിക്കാത്തവന് കാരുണ്യം കിട്ടുകയില്ല.”

9. പ്രവാചകപത്‌നി ആഇശ പറയുന്നു.’ഒരു ഗ്രാമീണന്‍ പ്രവാചകന്‍റെ അടുത്തുവന്നു. അയാള്‍ പറഞ്ഞു. ‘നിങ്ങള്‍ കുട്ടികളെ ചുംബിക്കാറുണ്ടല്ലോ. ഞങ്ങളവരെ ചുംബിക്കാറില്ല.” അതുകേട്ടപ്രവാചകന്‍ അയാളോട് പറഞ്ഞു. ‘അല്ലാഹു നിന്‍റെ ഹൃദയത്തില്‍നിന്ന് കാരുണ്യം എടുത്തുകളഞ്ഞെങ്കില്‍ ഞാനെന്തു ചെയ്യാനാണ്!”

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം എന്നീ ഹദീസ് ഗ്രന്ഥങ്ങളിലുള്ളത്)

10 തിരുനബി അരുളി: ഉത്തമമര്യാദയേക്കാള്‍ നല്ല ഒരു ദാനവും ഒരു പിതാവും തന്‍റെ മകന് നല്‍കിയിട്ടില്ല.

(മശ്കൂത്ത് എന്ന ഹദീസ് ഗ്രന്ഥത്തില്‍നിന്ന്)

11. നബി പറഞ്ഞു.’ ഏറ്റവും നല്ല ധര്‍മം ഞാന്‍ നിനക്ക് അറിയിച്ചുതരട്ടെയോ? നിന്‍റെ പുത്രി നിന്‍റെ അടുത്തേക്ക് (വിവാഹമോചിതയായോ വൈധവ്യം മൂലമോ, വിവാഹം ചെയ്യപ്പെടാതിരിക്കുക മൂലമോ) തിരിച്ചയക്കപ്പെട്ടിരിക്കുന്നു. അവള്‍ക്ക് സമ്പാദിച്ചുകൊടുക്കാന്‍ നീയല്ലാതെ മറ്റാരുമില്ല.

12.നബി പറഞ്ഞതായി അബൂഹുറൈറ ഉദ്ധരിക്കുന്നു.’മനുഷ്യന്‍റെ മരണത്തോടെ അവന്‍റെ കര്‍മങ്ങളെല്ലാം അവനെ വേര്‍പ്പിരിയും. മൂന്നെണ്ണം ഒഴികെ. സ്ഥായിയായ ദാനം. പ്രയോജനകരമായ വിജ്ഞാനം. തനിക്കുവേണ്ടി പ്രാര്‍ഥിക്കുന്ന സച്ഛരിതരായ സന്താനം.”