ലിംഗനീതിയുടെ ഇസ്ലാമിക പാഠങ്ങൾ

മുഹമ്മദ് ഷമീം ടി പി
പ്രത്യേകം സ്ത്രീയേയോ പുരുഷനേയോ പരാമര്‍ശിച്ചു കൊണ്ടുള്ളതല്ലാത്ത പൊതു നിയമങ്ങളുടെ കാര്യത്തിലെല്ലാം തുല്യമായ ബാധ്യതകളാണ് ഇസ്ലാം രണ്ടു കൂട്ടരിലും ചുമത്തുന്നത്. പൊതുജീവിതത്തിന്റെ കാര്യത്തിലും ഇതേ നിലപാടാണുള്ളത് (അത്തൗബ : 71, അല്‍ മുംതഹന : 12). അല്‍ മുംതഹന പന്ത്രണ്ടാം സൂക്തം സ്ത്രീകളില്‍ നിന്ന് പ്രത്യേകമായി ബൈഅത്ത് സ്വീകരിക്കാന്‍ പ്രവാചകനോടു കല്പിക്കുന്നു. ഭരണ നേതൃത്വത്തിന് പൗരന്മാര് നല്കുന്ന സത്യവാങ്മൂലവും കൂടിയാണ് ബൈഅത്ത്. സ്വാഭാവികമായും വോട്ടു ചെയ്യുന്നതിലും മറ്റ് ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളിലും പെണ്ണിന്റെ പങ്കാളിത്തത്തെ പ്രത്യേകമായിത്തന്നെ കല്പിച്ചു സ്ഥാപിക്കുകയാണിവിടെ ഖുര്‍ആന്‍ ചെയ്യുന്നത്. മക്കാവിജയ ഘട്ടത്തില്‍ സ്ത്രീകളില്‍ നിന്ന് ബൈഅത്ത് സ്വീകരിക്കാന്‍ പ്രവാചകന് ഉമറിനെ പ്രത്യേകമായേല്പിക്കുകയുണ്ടായി. പെരുന്നാള്‍ നിസ്കാരാനന്തരം നബിതിരുമേനി അവിടെ ഒത്തുചേര്‍ന്ന സ്ത്രീകളോട് പ്രത്യേകമായി സംസാരിക്കുകയും അവരുടെ ബൈഅത്ത് പുതുക്കുകയും ചെയ്തിരുന്നു (ബുഖാരി). ഭരണപരവും രാഷ്ട്രീയവുമായ കാര്യങ്ങളിലുള്ള സ്ത്രീയുടെ അവകാശങ്ങളെയും പങ്കാളിത്തത്തെയും ഇവിടെയെല്ലാം ഉറപ്പു വരുത്തുന്നു. ഇത്തരം കാര്യങ്ങളില്‍ ചില പ്രത്യേക സംഭവങ്ങളും നബിയുടെ ജീവിതത്തില്‍ നിന്നുദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ ഉമ്മു ഹാനി ബിന്ത് അബീത്വാലിബ് എന്ന മുസ്ലിം വനിത ശത്രു സേനയിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് രാഷ്ട്രീയാഭയം നല്കുകയുണ്ടായി. ഇക്കാര്യത്തില്‍ അവരെ പലരും ആക്ഷേപിച്ചുവെങ്കിലും നബി അവരോടിങ്ങനെ പ്രതികരിച്ചു: ‘ഉമ്മു ഹാനി, നീ അഭയം നല്‍കിയവര്‍ക്ക് നാമും അഭയം നല്കിയിരിക്കുന്നു. ആരുടെ സമാധാനവും നിര്‍ഭയത്വവും നീ ഏറ്റെടുത്തിട്ടുണ്ടോ അവരുടെ സമാധാനം നാമും ഉറപ്പു വരുത്തുന്നതാകുന്നു’ (ഇബ്നു ഇസ്ഹാഖ്, ബുഖാരി). മക്കാവിജയത്തിനു ശേഷം നബി തിരുമേനിക്ക് ബൈഅത്തു നല്കിയ ഉമ്മുഹാകിം എന്ന സ്ത്രീ തന്റെ ഭര്‍ത്താവിനെ നബി പ്രഖ്യാപിച്ച പൊതു മാപ്പില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടപ്പോള്‍ അവിടുന്ന് അതംഗീകരിച്ചു. ബദ്റിലെ പോരില്‍ ശത്രുപക്ഷത്തിന്റെ നേതാവായിരുന്ന അബൂജഹലിന്റെ മകന്, അപ്പോഴും ഇസ്ലാമുമായി യുദ്ധത്തിലായിരുന്ന ഇക്രിമയായിരുന്നു ഉമ്മുഹാകിമിന്റെ ഭര്‍ത്താവ്.
അതേയവസരം, സ്ത്രീ പുരുഷന്മാരുടെ, ശാരീരികവും മാനസികവുമായ പ്രകൃതങ്ങളിലുള്ള വ്യത്യാസത്തിനനുസരിച്ച് നിയമപരവും മറ്റുമായ വിശദാംശങ്ങളിലും ഉത്തരവാദിത്തങ്ങളിലും വ്യത്യാസങ്ങള്‍ കല്പിച്ചിട്ടുണ്ട് ഇസ്ലാം. പ്രകൃതത്തിലും ഉത്തരവാദിത്തങ്ങളിലുമുള്ള ഭിന്നതയെക്കുറിച്ച പാഠങ്ങളും വിവേചനവും വ്യത്യസ്തമാണ്. വിഭിന്നം എന്നതോടൊപ്പം പരസ്പരപൂരകമാണ് ഈ ബാധ്യതകളും രണ്ടു വിഭാഗത്തിന്റെയും അവകാശങ്ങളും. ‘വിശ്വാസം കൈക്കൊണ്ട പുരുഷന്മാരും സ്ത്രീകളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവര്‍ ധര്‍മം കല്പിക്കുന്നു. അധര്‍മം നിരോധിക്കുന്നു. നിസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നു. സകാത്തു നല്കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുകതന്നെ ചെയ്യും. നിശ്ചയം, അല്ലാഹു സകലര്‍ക്കും അജയ്യനും യുക്തിമാനുമാകുന്നു’ (അത്തൗബ : 71). ‘സ്ത്രീയാവട്ടെ പുരുഷനാവട്ടെ, നിങ്ങളില്‍ ആരുടെയും കര്‍മത്തെ ഞാന്‍ നിഷ്ഫലമാക്കുന്നതല്ല. നിങ്ങളിലൊരു വിഭാഗം മറുവിഭാഗത്തില്‍ നിന്നുള്ളവര്‍ തന്നെയാണല്ലോ’ (ആലു ഇംറാന്‍ : 195). മാതാക്കളുടെയും പിതാക്കളുടെയും, ഭാര്യമാരുടെയും ഭര്ത്താക്കന്മാരുടെയും എന്നിങ്ങനെ വേറിട്ടുള്ള ചില പരാമര്‍ശങ്ങള്‍ വ്യത്യാസത്തിനുദാഹരണങ്ങളാണ്. എന്നാല്‍ രണ്ടും ഒരു പോലെ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നതിന്റെ തെളിവാണ് ഉദ്ധരിച്ച സൂക്തങ്ങള്‍. രണ്ടുത്തരവാദിത്തങ്ങള്ക്കും ശേഷി ശേമുഷികളുടെ വിനിയോഗം ആവശ്യമാണ്. രണ്ടും മതസദാചാര നിയമങ്ങള്‍ക്ക് ഒരു പോലെ വിധേയവുമാണ്. കുടുംബത്തില്‍ നേതൃസ്ഥാനം പുരുഷനു നല്കിയതും ഇപ്രകാരം കാണേണ്ടതാണ്. നേതാവ് അധികാരിയല്ല. കുടുംബപരിപാലനവുമായി ബന്ധപ്പെട്ട, നേതൃപരമായ സിദ്ധി ആണിനാണുള്ളതെന്ന ന്യായം ഖുര്‍ആന്‍ അവതരിപ്പിക്കുന്നുണ്ട്. പുരുഷന് സ്ത്രീയുടെ കാര്യത്തില്‍ ഉത്തരവാദിത്വമുള്ളവനാകുന്നുവെന്ന സൂക്തത്തില്‍ത്തന്നെ തുടര്‍ന്നിങ്ങനെ പറയുന്നതു കാണാം: ‘അല്ലാഹു അവരില്‍ ഒരു വിഭാഗത്തിന് (പുരുഷന്) മറുവിഭാഗത്തെ (സ്ത്രീ)ക്കാള്‍ ശേഷി നല്കിയതിനാലും പുരുഷന്മാര് അവരുടെ ധനം ചെലവഴിക്കുന്നതുകൊണ്ടുമാകുന്നു അത്’ (അന്നിസാഅ് : 34). അതേസമയം പ്രകൃതിപരമായ ശേഷിയിലുള്ള വ്യത്യാസം മാത്രമാണിവിടെ സൂചിതമാകുന്നത്. ‘മറിച്ച് പുരുഷന് കൂടുതല്‍ മാന്യതയും മഹത്വവും അന്തസ്സും നല്കി എന്ന അര്‍ഥത്തിലല്ല ഈ പ്രയോഗം’ (സയ്യിദ് അബുല്‍ അഅ്ലാ മൗദൂദി, തഫ്ഹീമുല്‍ ഖുര്‍ആന്‍). അതോടൊപ്പം തന്നെ, ചെലവഴിക്കാന്‍ നിയമപരമായി ബാധ്യസ്ഥയല്ലെങ്കില്പ്പോലും പെണ്ണിന് സമ്പാദിക്കാനുള്ള അവകാശത്തെ ഇസ്ലാം തടയുന്നില്ല. ‘പുരുഷന്മാര് സമ്പാദിച്ചതനുസരിച്ച വിഹിതം അവര്‍ക്കുണ്ട്; സ്ത്രീകള്‍ സമ്പാദിച്ചതനുസരിച്ച വിഹിതം അവര്‍ക്കുമുണ്ട്’ (അന്നിസാഅ് :32). നല്ലതും തിയ്യതുമായ കര്‍മങ്ങളുടെ ഫലാനുഭവവും മാനസികമോ കായികമോ ആയ അധ്വാനം ചെലവഴിച്ചു നേടുന്ന സമ്പത്തും ഇതില്‍പ്പെടും. അതായത്, സ്ത്രീയുടെ സാമ്പത്തികമായ സ്വയം പര്യാപ്തതയെയും അവകാശങ്ങളെയും കുറിച്ച് ഖുര്‍ആന്‍ വ്യക്തമായ കല്പനകള് പുറപ്പെടുവിക്കുന്നുവെന്നര്ത്ഥം.സത്യത്തില്‍ അന്നത്തെ അറബ് സമൂഹത്തിന്റെ ആചാരമനുസരിച്ച് സ്ത്രീ തന്നെ അനന്തരസ്വത്തായി പരിഗണിക്കപ്പെട്ടിരുന്നു. ഒരാള്‍ മരിച്ചാല്‍ അയാളുടെ ഭാര്യയെ അയാളുടെ മറ്റേതെങ്കിലും ഭാര്യയിലുള്ള മകനോ സഹോദരനോ ജാമാതാവിനോ തന്റെ വെപ്പാട്ടിയെന്ന നിലക്കോ ഭാര്യയെന്ന നിലക്കോ സ്വന്തമാക്കാനുള്ള അധികാരം വരെ ഉണ്ടായിരുന്നു. ഇതില്‍ ഇടപെട്ടു കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെയൊരു നിയമം പുറപ്പെടുവിച്ചു: ‘സത്യത്തിന്റെ അനുഗാതാക്കളേ, സ്ത്രീകളെ ബലാല് അനന്തരമെടുക്കാനുള്ള യാതൊരവകാശവും നിങ്ങള്‍ക്കില്ല’ (അന്നിസാഅ് 19). ഇപ്രകാരം ഒരാളുടെ ഭാഗിക്കപ്പെടേണ്ടുന്ന അനന്തരസ്വത്ത് എന്ന നിലക്ക് അയാളുടെ പെണ്ണിനെയും പരിഗണിച്ചിരുന്ന സമൂഹത്തില്‍ ആ അവസ്ഥയില്‍ നിന്ന് അവളെ മുക്തയാക്കിയതിനു പുറമേ അവള്‍ക്ക് തന്നെയും അനന്തരസ്വത്തില്‍ സ്വതന്ത്രപങ്കാളിത്തം നല്‍കിക്കൊണ്ടാണ് ഈ വിഷയത്തില്‍ ഖുര്‍ആന്‍ അതിന്റെ വിപ്ലവം പൂര്‍ത്തീകരിച്ചത്. ‘മാതാപിതാക്കളും മറ്റ് ബന്ധുക്കളും വിട്ടേച്ചു പോയ സ്വത്തില്‍ പുരുഷന്മാര്ക്ക് വിഹിതമുണ്ട്. മാതാപിതാക്കളും മറ്റ് ബന്ധുക്കളും വിട്ടേച്ചു പോയ സ്വത്തില്‍ സ്ത്രീകള്‍ക്കും വിഹിതമുണ്ട്. ആ അനന്തരസ്വത്ത് എത്ര കൂടുതലായാലും എത്ര കുറവായാലും അവരുടെ വിഹിതം എന്നത് അല്ലാഹുവിന്റെ തീരുമാനമാകുന്നു'(അന്നിസാഅ് 7). ഇങ്ങനെ കിട്ടുന്നതോ അല്ലാത്തതോ ആയ സമ്പത്തിന്റെ വികാസം, നിക്ഷേപം, ലാഭം മുതലായ കാര്യങ്ങളിലും മുകളില്‍പ്പറഞ്ഞതു പോലെ ആണിനും പെണ്ണിനും ഒരു പോലെ സ്വതന്ത്രപരമാധികാരവും ഖുര്‍ആന്‍ നല്‍കുന്നുണ്ട്. ‘ആണുങ്ങള്‍ക്ക് അവര്‍ സമ്പാദിച്ചതിന്റെ വിഹിതമുണ്ട്, പെണ്ണുങ്ങള്‍ക്കും അവര്‍ സമ്പാദിച്ചതിന്റെ വിഹിതമുണ്ട്. നിങ്ങള്‍ അല്ലാഹുവോട് അവന്റെ അനുഗ്രഹം തേടിക്കൊണ്ടിരിക്കുവിന്, നിശ്ചയം അല്ലാഹു എല്ലാമറിയുന്നവനത്രേ’ (അന്നിസാഅ് 32).

