പാരസ്പര്യം

സ്വന്തം കുടുംബത്തിനുപുറത്ത് ഒരു മനുഷ്യനെ ഏറ്റവും നന്നായി അറിയുന്നത് അയല്‍ക്കാര്‍ക്കാണ്. സുഖ ദുഃഖങ്ങളില്‍ പങ്കുചേരുന്നതും അവരാണ്. അയല്‍ക്കാരോട് ഉദാരമായി പെരുമാറണമെന്നും അവരുടെ ദ്രോഹങ്ങള്‍ ക്ഷമിക്കണമെന്നും പോരായ്മകള്‍ പൊറുത്തുകൊടുക്കണമെന്നും ഇസ്‌ലാം ആവശ്യപ്പെടുന്നു. അയല്‍ക്കാരുമായുള്ള ഉറ്റബന്ധത്തിന് ഇസ്‌ലാം വളരെ വലിയ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. അയല്‍വാസികളുമായുള്ള ബന്ധത്തെ സത്യവിശ്വാസവുമായി ബന്ധപ്പെടുത്തിയാണ് ഇസ്‌ലാം അതിനെ ശക്തിപ്പെടുത്തിയത്.

മുഹമ്മദ് നബിയുടെ സുപ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗത്തിലും ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. ”ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ അയല്‍വാസിയെ ആദരിച്ചുകൊള്ളട്ടെ.”

അയല്‍വാസികളുടെ കാര്യത്തില്‍ മതപരമായ വിവേചനങ്ങളൊന്നും ഇസ്‌ലാമിലില്ല. ഏതുമതവിശ്വാസിയായാലും അയല്‍ക്കാരുടെ കാര്യത്തിലുള്ള എല്ലാ നിര്‍ദ്ദേശങ്ങളും മുസ്‌ലിംകള്‍ മാനിക്കുകതന്നെ വേണം. വിവേചനരഹിതമായ അയല്‍പക്കബന്ധത്തിന് ഇസ്‌ലാമികചരിത്രത്തില്‍ ധാരാളം ഉദാഹരണങ്ങളുണ്ട്.

പാരസ്പര്യം

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍മുംതഹിന സൂക്തം 8

8. മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. നീതി കാട്ടുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു.