മുസ്‌ലിം ജീവിതം

വേഷം

വസ്ത്രം നഗ്നത മറയ്ക്കാന്‍ മാത്രമല്ല, അലങ്കാരത്തിനുകൂടിയാണ്. അല്ലാഹു മനുഷ്യര്‍ക്കു നല്‍കിയ അനുഗ്രഹങ്ങളുടെ കൂട്ടത്തില്‍ വസ്ത്രധാരണാശീലവും ഖുര്‍ആന്‍എടുത്തുപറയുന്നുണ്ട്. ”‘ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗുഹ്യസ്ഥാനം മറയ്ക്കാനും ശരീരം അലങ്കരിക്കാനുമായി വസ്ത്രങ്ങളുല്‍പാദിപ്പിച്ചുതന്നിരിക്കുന്നു. ഭക്തിയുടെ വസ്ത്രത്തെയും. അതാണ്  ഏറ്റവും ഉത്തമം.” (വിശുദ്ധ ഖുര്‍ആന്‍, അധ്യായം: അല്‍ അഅ്‌റാഫ്, സൂക്തം: 26)

നഗ്നത വെളിവാക്കുന്നതിനെ ഇസ്‌ലാം മോശമായിക്കാണുന്നു. കീറിപ്പറിഞ്ഞ മുഷിഞ്ഞ വസ്ത്രം ധരിക്കല്‍ ഭക്തിയുടെ അടയാളമായും ഇസ്‌ലാം കാണുന്നില്ല. അത് അല്ലാഹുവിന്റെ അനുഗ്രഹള്‍ തള്ളിക്കളയുന്നതിന്റെ ലക്ഷണമാണ്. അല്ലാഹു പറയുന്നു. ”ചോദിക്കുക. അല്ലാഹു തന്റെ ദാസന്മാര്‍ക്കായുണ്ടാക്കിയ അലങ്കാരങ്ങളും ഉത്തമമായ ആഹാരപദാര്‍ഥങ്ങളും നിഷിദ്ധമാക്കിയത് ആരാണ്? പറയുക. അവ ഐഹികജീവിതത്തില്‍ പറയുക: അവ ഐഹികജീവിതത്തില്‍ സത്യവിശ്വാസികള്‍ക്കുള്ളതാണ്. ഉയിര്‍ത്തെഴുന്നേല്‍പുനാളിലോ അവര്‍ക്കു മാത്രവും. കാര്യം മനസ്സിലാക്കുവര്‍ക്കായി നാം ഇപ്രകാരം തെളിവുകള്‍ വിശദീകരിക്കുന്നു.” (വിശുദ്ധ ഖുര്‍ആന്‍, അധ്യായം: അല്‍ അഅ്‌റാഫ്, സൂക്തം: 32)

വൃത്തിയാക്കാന്‍ സാധ്യതയുള്ളപ്പോള്‍ മുഷിഞ്ഞ വസ്ത്രം ധരിക്കുന്നതും കഴിവുള്ളവര്‍ പരുക്കന്‍ വസ്ത്രമണിയുന്നതും പ്രവാചകന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ജനങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മെച്ചപ്പെട്ട വസ്ത്രം ധരിക്കുക നബിയുടെ പതിവായിരുന്നു. ജനങ്ങള്‍ ഒരുമിച്ചുകൂടുന്നേടത്ത് സാധാരണ ധരിക്കുന്നതല്ലാത്ത വസ്ത്രം ധരിക്കണമെന്ന് നബി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജോലിസ്ഥലത്തു ധരിക്കുന്നതല്ലാത്ത രണ്ടു വസ്ത്രം വെള്ളിയാഴ്ചദിവസത്തേക്കുവേണ്ടി കരുതിവെച്ചുകൂടേ എന്ന് നബി അനുചരന്മാരോട് ചോദിച്ചതായി കാണാം.പുരുഷന്മാര്‍ പൊക്കിള്‍മുതല്‍ കാല്‍മുട്ടുവരെയുള്ള ഭാഗങ്ങള്‍ നിര്‍ബന്ധമായും മറച്ചിരിക്കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. ഇതിനു സഹായകമാവുന്ന ഏതു വസ്ത്രധാരണരീതിയും സ്വീകരിക്കാം. മുഖവും മുന്‍കൈയും ഒഴികെയുള്ള ഭാഗങ്ങള്‍ അന്യരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ ഇടയാകാത്ത വിധമാണ് സ്ത്രീയുടെ വസ്ത്രധാരണ. വ്യത്യസ്തനാടുകളിലെ കാലാവസ്ഥയ്ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് ഇസ്‌ലാമികവസ്ത്രധാരണരീതിയില്‍ വൈവിധ്യങ്ങള്‍ പ്രകടമാണ്. സ്വര്‍ണം, വെള്ളി തുടങ്ങിയവകൊണ്ടുള്ള ആഭരണങ്ങള്‍ പുരുഷന്മാര്‍ ധരിക്കുന്നത് ഇസ്‌ലാം വിലക്കിയിരിക്കുന്നു.

സുഗന്ധദ്രവ്യങ്ങളുപയോഗിക്കുന്നതിനെ ഇസ്‌ലാം വളരെയധികം പ്രോത്സാഹിപ്പിച്ചിരിക്കുന്നു. വെള്ളിയാഴ്ച പള്ളിയിലേക്കു പുറപ്പെടുമ്പോഴും പെരുന്നാള്‍ ദിവസങ്ങളിലും സുഗന്ധദ്രവ്യങ്ങള്‍ പൂശുന്നതിന് പ്രത്യേകം പുണ്യമുണ്ട്.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നഹ് ല്‍ സൂക്തം 81

81.അല്ലാഹു താന്‍ സൃഷ്ടിച്ച നിരവധി വസ്തുക്കളാല്‍ നിങ്ങള്‍ക്ക് തണലുണ്ടാക്കി. പര്‍വതങ്ങളില്‍ അവന്‍ നിങ്ങള്‍ക്ക് അഭയസ്ഥാനങ്ങളുമുണ്ടാക്കി. നിങ്ങളെ ചൂടില്‍ നിന്ന് കാത്തുരക്ഷിക്കുന്ന വസ്ത്രങ്ങള്‍ നല്‍കി. യുദ്ധവേളയില്‍ സംരക്ഷണമേകുന്ന കവചങ്ങളും പ്രദാനം ചെയ്തു. ഇവ്വിധം അല്ലാഹു തന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചുതരുന്നു; നിങ്ങള്‍ അനുസരണമുള്ളവരാകാന്‍.

നബി (സ) പറയുന്നു എന്റെ സമുദായത്തിലെ പുരുഷന്മാര്‍ക്ക് സ്വര്‍ണ്ണവും പട്ടും നിഷിദ്ധമാക്കപെട്ടിരിക്കുന്നു സ്ത്രീകള്‍ക്കത് അനുവദനീയവുമാണ്.

( ബുഖാരി, മുസ്‌ലിം )

ആഹാരം

ആഹാരകാര്യങ്ങള്‍ക്ക് ഇസ്‌ലാം വളരെ പ്രാധാന്യം നല്‍കിയിരിക്കുന്നു. ആഹാരം. അനുവദനീയവും ഉത്തമവുമാകണമെന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നു. ഇസ്‌ലാമിന്റെ അടിസ്ഥാനദര്‍ശനമായ ഏകദൈവവിശ്വാസവുമായി ഖുര്‍ആന്‍ അതിനെ ബന്ധിപ്പിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവിനെ മാത്രം വണങ്ങുന്നവരാണെങ്കില്‍ ഉത്തമമായതും അനുവദനീയമായതും ഭക്ഷിക്കുകയും ദൈവത്തോട് നന്ദിയുള്ളവരായി ജീവിക്കുകയും ചെയ്യണമെന്ന് ഖുര്‍ആന്‍ രണ്ടിടത്ത് (അധ്യായം: അന്നഹ്ല്‍, സൂക്തം: 114, അധ്യായം: അല്‍ ബഖറ, സൂക്തം: 172) നിര്‍ദ്ദേശിക്കുന്നുണ്ട്.

ഭക്ഷണത്തിനുപയോഗിച്ച സമ്പത്ത് അനുവദനീയമായ മാര്‍ഗത്തിലൂടെ സമ്പാദിച്ചതായിരിക്കണമെന്നാണ് അനുവദനീയമായ ആഹാരം ഭക്ഷിക്കുകയെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശവം, രക്തം, പന്നിമാംസം, എന്നിവ നിയമവിരുദ്ധമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ശവം എന്ന ഗണത്തില്‍നിന്ന് മത്സ്യത്തെയും വെട്ടുകിളിയെയും ഒഴിവാക്കിയിരിക്കുന്നു. അത്യാഹിതംമൂലം ചത്ത ജീവികളുടെ മാംസവും ഇസ്‌ലാം നിരോധിച്ചിരിക്കുന്നു. ശ്വാസം മുട്ടി ചത്തത്, അടി കൊണ്ട് ചത്തത്, മുകളില്‍നിന്നു താഴേക്ക് വീണു ചത്തത്, കുത്തുകൊണ്ട് ചത്തത്, ഹിംസ്രമൃഗം തിന്നത് തുടങ്ങിയ ഖുര്‍ആനില്‍ നിഷിദ്ധമാക്കപ്പെട്ടവയുടെ കൂട്ടത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നു. നഖമുള്ള എല്ലാ പക്ഷികളെയും തേറ്റയുള്ള എല്ലാ വന്യമൃഗങ്ങളെയും നിങ്ങള്‍ക്ക് വിലക്കിയിരിക്കുന്നു എന്ന് മുഹമ്മദു നബി പറഞ്ഞിട്ടുണ്ട്. രക്തം കഴിക്കുന്നതും ഇസ്‌ലാം നിരോധിച്ചു. അറുത്ത് രക്തം ഒഴിവാക്കിയ ആരോഗ്യമുള്ള ജീവികളുടെ മാംസമാണ് ഇസ്‌ലാം ഭക്ഷ്യയോഗ്യമായി കണക്കാക്കിയിരിക്കുന്നത്. മദ്യവും മറ്റു ലഹരിവസ്തുക്കളും ഇസ്‌ലാം കര്‍ശനമായി വിലക്കിയിരിക്കുന്നു.

അമിതമായി ഭക്ഷിക്കരുതെന്ന് ഖുര്‍ആന്‍ നിര്‍ദ്ദേശിച്ചതായി കാണാം. (വിശുദ്ധ ഖുര്‍ആന്‍, അധ്യായം: അല്‍ അഅ്‌റാഫ്, സൂക്തം: 31). ആമാശയത്തിന്റെ മൂന്നിലൊന്ന് ആഹാരത്തിനും മൂന്നിലൊന്ന് പാനീയത്തിനുമായി നീക്കിവെക്കുകയും ശേഷിച്ച മൂന്നിലൊരുഭാഗം ശൂന്യമായി വിടുകയും വേണമെന്നാണ് നബിയുടെ നിര്‍ദ്ദേശം.

മറ്റുള്ളവരെ ഭക്ഷിപ്പിക്കുന്നതും കുടിപ്പിക്കുന്നതും പുണ്യപ്രവൃത്തിയായി ഇസ്‌ലാം നിര്‍ദ്ദേശിച്ചിരിക്കുന്നു. അതിഥികളെ സല്‍ക്കരിക്കുന്നതിനും ആഘോഷവേളയില്‍ ആഹരിപ്പിക്കുന്നതിനും മുസ്‌ലിംകള്‍ പ്രാധാന്യം നല്‍കുന്നത് ഇസ്‌ലാമികനിര്‍ദ്ദേശത്തിന്റെ ഭാഗം തന്നെ. എന്നാല്‍ ആഡംബരം മറ്റുള്ള കാര്യങ്ങളിലെന്നപോലെ ഇക്കാര്യത്തിലും ഇസ്‌ലാം അനുവദിക്കുന്നില്ല. ഭക്ഷണം കഴിക്കുന്നതിനുമുമ്പ് കൈ കഴുകിയിരിക്കണം. ആഹാരം കഴിക്കുന്നത് ദൈവനാമത്തിലായിരിക്കണം. ബിസ്മില്ലാഹി റഹ്മാനി റഹീം (ദയാപരനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍) എന്ന് ഉച്ചരിക്കുന്ന് പുണ്യകരമാണ്. വലതുകൈകൊണ്ടാണ് ഭക്ഷണം കഴിക്കേണ്ടത്. കൂട്ടത്തിലിരുന്നുകഴിക്കുമ്പോള്‍ തന്റെ തൊട്ടടുത്തുനിന്നാണ് കഴിച്ചുതുടങ്ങേണ്ടത്. ഭക്ഷണം പാഴാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പാത്രത്തില്‍ ഭക്ഷണം അവശേഷിപ്പിക്കുന്നതും അഭികാമ്യമല്ല. നിങ്ങളുടെ കൈയില്‍നിന്ന് ഭക്ഷണം നിലത്തുവീണാല്‍ അതിലെ മാലിന്യം ഒഴിവാക്കി ആഹരിക്കണമെന്ന് നബി നിര്‍ദ്ദേശിച്ചതായി കാണാം. കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് കുറ്റം പറയരുതെന്നും നബി നിര്‍ദ്ദേശിച്ചു. ഭക്ഷണപാനീയങ്ങളില്‍ ഊതരുതെന്നതും കുടിക്കുമ്പോള്‍ ഒറ്റവലിക്ക് കുടിച്ചുതീര്‍ക്കരുതെന്നതും നബിയുടെ നിര്‍ദ്ദേശങ്ങളാണ്. ആഹാരം കഴിച്ചുകഴിഞ്ഞാല്‍ ദൈവത്തിന് നന്ദി പ്രകാശിപ്പിക്കണം. ”അല്‍ഹംദുലില്ലാഹ്” (അല്ലാഹുവിന് സ്തുതി) എന്നതാണ് സാധാരണഗതിയിലുള്ള നന്ദിവാക്യം. വേറെയും പല പ്രാര്‍ഥനകളുമുണ്ട്.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബക്കറ സൂക്തം 168

168. മനുഷ്യരേ, ഭൂമിയിലെ വിഭവങ്ങളില്‍ അനുവദനീയവും ഉത്തമവുമായത് തിന്നുകൊള്ളുക. പിശാചിന്റെ കാല്‍പ്പാടുകളെ പിന്‍പറ്റരുത്.  അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബക്കറ സൂക്തം 173

173. നിങ്ങള്‍ക്ക് അവന്‍ നിഷിദ്ധമാക്കിയത് ഇവ മാത്രമാണ്: ശവം, രക്തം, പന്നിമാംസം, അല്ലാഹുവല്ലാത്തവര്‍ക്കായി അറുക്കപ്പെട്ടത്. എന്നാല്‍ നിര്‍ബന്ധിതാവസ്ഥയിലുള്ളവന് അതില്‍46 കുറ്റമില്ല. എന്നാലിത് നിയമം ലംഘിച്ചാവരുത്. അത്യാവശ്യത്തിലധികവുമാവരുത്. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.

1. അനസിന്റെ മകന്‍ മുആദ് അറിയിക്കുന്നു. നബി തിരുമേനി പറഞ്ഞു. ”ഒരാള്‍ ഭക്ഷണം കഴിച്ച ശേഷം ‘എന്റെ യാതൊരു കഴിവും ശക്തിയുമില്ലാതെ എനിക്ക് ഈ ഭക്ഷണം നല്‍കിയ അല്ലാഹുവിന് സ്തുതി’ എന്നു പറഞ്ഞാല്‍ അവന്റെ ചെയ്തുപോയ പാപങ്ങള്‍ പൊറുക്കപ്പെടും.”

(അബൂദാവൂദിന്റെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

ഭാഷ

ഖുര്‍ആന്‍ അവതരിച്ചത് അറബിഭാഷയിലാണ്. മുഹമ്മദ് നബി സംസാരിച്ചിരുന്നതും അറബിഭാഷതന്നെ. അതിനാല്‍ അറബിഭാഷയോട് ഇസ്‌ലാമികസമൂഹം ആത്മബന്ധം നിലനിര്‍ത്തുന്നു. ഖുര്‍ആനും നബിവചനങ്ങളും പ്രാര്‍ഥനാവാചകങ്ങളും ശരിയായി മനസ്സിലാക്കുന്നതിനായി പ്രാഥമികമായ അറബിഭാഷാപഠനം മുസ്‌ലിംകള്‍ അഭികാമ്യമായിക്കരുതുന്നു. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള മുസ്‌ലിംകള്‍ തങ്ങളുടെ മാതൃഭാഷയോടൊപ്പം അറബി പഠിക്കാന്‍ താല്പര്യം കാണിക്കുന്നത് ഇക്കാരണത്താലാണ്. നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ അധിവസിച്ചുപോരുന്ന പ്രദേശങ്ങളില്‍ പ്രാദേശികഭാഷകളില്‍ അറബിഭാഷയുടെ സ്വാധീനം കണ്ടുവരുന്നു. സ്പാനിഷ്, തുര്‍ക്കി, പേര്‍ഷ്യന്‍, ഉര്‍ദു, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഈ സ്വാധീനം വളരെ പ്രകടമായി കാണാം.

കേരളം ഒഴിച്ച് ഇന്ത്യയിലെ മുസ്‌ലിംകള്‍ മതഗ്രന്ഥരചനയ്ക്കും മതപഠനത്തിനും പൊതുവെ ഉര്‍ദുഭാഷയാണ് ഉപയോഗിച്ചുവരുന്നത്. കേരളത്തിലെ മുസ്‌ലിംകള്‍ മലയാളം എഴുതുന്നതിന് അറബിലിപി ഉപയോഗിച്ചിരുന്നു. ഇത് അറബിമലയാളം എന്ന ഒരു ഭാഷാരീതിക്ക് വഴിവെച്ചു. ആരാധനകളിലെ ചില ചടങ്ങുകളില്‍ അറബിഭാഷയിലുള്ള വാക്യങ്ങള്‍തന്നെ ഉപയോഗിക്കണം. എന്നാല്‍ വ്യക്തിഗതമായ പ്രാര്‍ഥനകളിലും മറ്റും മാതൃഭാഷതന്നെ ഉപയോഗിച്ചാല്‍ മതി. വിശുദ്ധ ഖുര്‍ആനിന് വിവിധ ഭാഷകളില്‍ വിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പുണ്യപ്രവൃത്തി എന്ന നിലയില്‍ പാരായണം ചെയ്യാന്‍ അവ യോഗ്യമായി കണക്കാക്കുന്നില്ല. സാരം ഗ്രഹിക്കാന്‍ മാത്രമേ അവയെ മുസ്‌ലിംകള്‍ ആശ്രയിക്കുന്നുള്ളൂ. അറബി സംസാരിക്കുന്നവര്‍ക്ക് മറ്റു ഭാഷകള്‍ സംസാരിക്കുന്നവരേക്കാള്‍ യാതൊരു സവിശേഷതയും ഇസ്‌ലാം വക വെച്ചുകൊടുത്തിട്ടില്ല.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അര്‍റൂം സൂക്തം 22

22. ആകാശഭൂമികളുടെ സൃഷ്ടി, നിങ്ങളുടെ ഭാഷകളിലെയും വര്‍ണങ്ങളിലെയും വൈവിധ്യം; ഇവയും അവന്റെ അടയാളങ്ങളില്‍പെട്ടവയാണ്. ഇതിലൊക്കെയും അറിവുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.

ആരോഗ്യം

ഇസ്‌ലാം ആരോഗ്യസംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കുന്നു. കരുത്തനായ വിശ്വാസിയാണ് ദുര്‍ബലനായ വിശ്വാസിയേക്കാള്‍ ഉത്തമന്‍ എന്നൊരു പ്രവാചകവചനം തന്നെയുണ്ട്. രോഗം വന്നാല്‍ ചികിത്സിക്കണമെന്ന് ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നു. പകര്‍ച്ചവ്യാധിയുള്ള നാട്ടിലേക്ക് പോകരുതെന്നും പകര്‍ച്ചവ്യാധിയുള്ള പ്രദേശത്തുകാര്‍ മറ്റു പ്രദേശങ്ങളിലേക്കു പോകരുതെന്നും പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ജലാശയങ്ങളിലും വഴിയോരങ്ങളിലും മരച്ചുവട്ടിലും മലമൂത്രവിസര്‍ജ്ജനം ചെയ്യുന്നത് നബി നിരോധിച്ചിട്ടുണ്ട്. ആരോഗ്യത്തിന് ഹാനികരമായ മദ്യം, മറ്റു ലഹരി പദാര്‍ഥങ്ങള്‍, പന്നിമാംസം, രക്തം, ശവം തുടങ്ങിയവയെ നിഷിദ്ധങ്ങളായി പ്രഖ്യാപിച്ചു. കുതിരപ്പന്തയം പോലെയുള്ള കായികവിനോദങ്ങളെ നബി പ്രോത്സാഹിപ്പിച്ചിരുന്നു.

വൃത്തിയെ വിശ്വാസത്തിന്റെ പകുതിയെന്നാണ് നബി വിശേഷിപ്പിച്ചത്. നമസ്‌കാരത്തില്‍ പ്രവേശിക്കണമെങ്കില്‍ അംഗശുദ്ധി വരുത്തിയിരിക്കണം. പല്ലുതേക്കുന്നതിന് പ്രാധാന്യപൂര്‍വമുള്ള നിര്‍ദ്ദേശങ്ങളാണ് ഇസ്‌ലാം നല്‍കിയത്. എന്റെ ജനതയ്ക്ക് ബുദ്ധിമുട്ടാകുമായിരുന്നില്ലെങ്കില്‍ അഞ്ചുനേരത്തെ നമസ്‌കാരത്തിനുമുമ്പും അവരോട് ദന്തശുദ്ധിവരുത്താന്‍ ആവശ്യപ്പെടുമായിരുന്നുവെന്ന് ഒരിക്കല്‍ നബി പറയുകയുണ്ടായി. ലൈംഗികവേഴ്ചയ്ക്കുശേഷം കുളിക്കണമെന്നതും ആര്‍ത്തവകാലത്ത് ലൈംഗികവേഴ്ചയിലേര്‍പ്പെടുരതെന്നതും ഇസ്‌ലാമിന്റെ നിര്‍ദ്ദേശമാണ്.

മുടി ഭംഗിയായി ചീകിവെക്കണമെന്നതും പാറിപ്പറന്ന മുടിയുമായി നടക്കരുതെന്നതും ഇസ്‌ലാമിന്റെ നിര്‍ദ്ദേശമാണ്. നഖം വെട്ടുന്ന കാര്യത്തിലും കക്ഷരോമം, ഗുഹ്യരോമം എന്നിവ നീക്കം ചെയ്യുന്ന കാര്യത്തിലും ഇതുപോലെ നിര്‍ദ്ദേശങ്ങള്‍ കാണാം.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ബഖറ സൂക്തം 155
155. ചില്ലറ പേടി, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക.

നബി (സ) പറയുന്നു നിങ്ങള്‍ അല്ലാഹുവിനോട് വിശ്വാസദാര്‍ഢ്യത്തെയും ആരോഗ്യത്തെയും ചോദിക്കുക. വിശ്വാസ ദാര്‍ഢ്യം കഴിഞ്ഞാല്‍ പിന്നെ ആരോഗ്യത്തേക്കാള്‍ ഉത്തമമായതൊന്നും ഒരാള്‍ക്കും നല്‍കപെട്ടിട്ടില്ല

( നസാഈ )