പലിശ

പലിശ സാമ്പത്തിക ചൂഷണത്തിന്റെയും അസമത്വത്തിന്റെയും ഉപാധിയാണെന്ന് പ്രഖ്യാപിച്ച് അതിന്റെ എല്ലാ രൂപങ്ങളും നിരോധിച്ചു. പലിശ വാങ്ങുന്നതും, കൊടുക്കുന്നതും, അതിന്റെ സാക്ഷിയാവുന്നതും, അതിന് സഹായകമാവുന്നതെല്ലാം നിരോധിച്ച് അത് സാമ്പത്തിക അസ്ഥിരതക്കും തകര്‍ച്ചക്കും കാരണമാവുന്നു എന്ന് പഠിപ്പിച്ചു.

മനുഷ്യ നിലനില്‍പിന് ആധാരമായ ധനസമ്പാദനത്തിന് അനുവദനീയ മാര്‍ഗങ്ങള്‍ കാണിച്ചുതരികയും, അധ്വാനരഹിത ധനസമ്പാദന രീതികളായ ചൂതാട്ടം, വാത്‌വെപ്പ്, ഭാഗ്യക്കുറി, ഊഹാധിഷ്ടിത ഇടപാടുകള്‍ മനുഷ്യ വിരുദ്ധ രീതികളായ മദ്യ-മയക്കുമരുന്ന് ഉല്‍പാദന വിതരണങ്ങള്‍, വ്യഭിചാര ബന്ധിത പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ശക്തമായി നിരോധിക്കുകയും ചെയ്തു.

പലിശ

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബക്കറ സൂക്തം 275-276

275. പലിശ തിന്നുന്നവര്‍ക്ക്, പിശാചുബാധയേറ്റ് കാലുറപ്പിക്കാനാവാതെ വേച്ച് വേച്ച് എഴുന്നേല്‍ക്കുന്നവനെപ്പോലെയല്ലാതെ നിവര്‍ന്നുനില്‍ക്കാനാവില്ല. ‘കച്ചവടം പലിശപോലെത്തന്നെ’ എന്ന് അവര്‍ പറഞ്ഞതിനാലാണിത്. എന്നാല്‍ അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ വിരോധിക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നെത്തിയതനുസരിച്ച് ആരെങ്കിലും പലിശയില്‍ നിന്ന് വിരമിച്ചാല്‍ നേരത്തെ പറ്റിപ്പോയത് അവന്നുള്ളതുതന്നെ. അവന്റെ കാര്യം അല്ലാഹുവിങ്കലാണ്. അഥവാ, ആരെങ്കിലും പലിശയിലേക്ക് മടങ്ങുന്നുവെങ്കില്‍ അവരാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും.

276. അല്ലാഹു പലിശയെ നിശ്ശേഷം നശിപ്പിക്കുന്നു. ദാനധര്‍മങ്ങളെ പോഷിപ്പിക്കുന്നു. നന്ദികെട്ടവനും കുറ്റവാളിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബക്കറ സൂക്തം278

278. വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. പലിശയിനത്തില്‍ ബാക്കിയുള്ളത് ഉപേക്ഷിക്കുക. നിങ്ങള്‍ വിശ്വാസികളെങ്കില്‍!

പലിശ

1. അബൂഹുറൈറ എന്ന അനുചരന്‍ തിരുനബി പറഞ്ഞതായി അറിയിക്കുന്നു. ‘ജനങ്ങള്‍ക്ക് ഒരു കാലം വരും. അന്ന് അവര്‍ പലിശ തിന്നവരായിരിക്കും.” അതുകേട്ട് ഒരാള്‍ ചോദിച്ചു. ‘ആളുകള്‍ എല്ലാവരും അത് ഭക്ഷിക്കുമോ?’ തിരുനബി പറഞ്ഞു. ‘അതു ഭക്ഷിക്കാത്തവനെ അതിന്‍റെ പൊടിയെങ്കിലും ബാധിക്കും.”

(അഹ്മദ്, അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ, ബൈഹഖി തുടങ്ങിയവരുടെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

2. നബി പറഞ്ഞു. ‘പലിശയ്ക്ക് എഴുപത്തിമൂന്നോളം കവാടങ്ങളുണ്ട്. അതില്‍ ഏറ്റവും നിസ്സാരമായതുപോലും ഒരാള്‍ തന്‍റെ മാതാവിനെ വ്യഭിചരിക്കുന്നതുപോലെ മ്ലേച്ഛമാണ്.”

(ബൈഹഖിയുടെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

3. അനസ് പറയുന്നു: ഒരിക്കല്‍ റസൂല്‍ ഞങ്ങളോട് പലിശയുടെ ഗൗരവത്തെപ്പറ്റി പ്രസംഗിച്ചു. അതിലദ്ദേഹം പറഞ്ഞു. ‘പലിശയിലൂടെ ഒരാള്‍ സമ്പാദിക്കുന്ന ഒരു ദിര്‍ഹം കുറ്റത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന്‍റെ അടുക്കല്‍, മുപ്പത്തിയാറുതവണ വ്യഭിചാരത്തില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ ഗുരുതരമാണ്.”

(ബൈഹഖിയുടെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

4. അബ്ദുല്ലയുടെ മകന്‍ ജാബിര്‍ പറയുന്നു: പലിശ തിന്നുന്നവനെയും തീറ്റിക്കുന്നവനെയും എഴുതിവെക്കുന്നവനെയും അതിന് സാക്ഷി നില്‍ക്കുന്നവനെയും റസൂല്‍ ശപിക്കുകയുണ്ടായി. റസൂല്‍ പറഞ്ഞതിങ്ങനെയാണ്. ‘അവരെല്ലാം ഒരുപോലെയാണ്.”

(സ്വഹീഹു മുസ്‌ലിം എന്ന ഹദീസ്‌ശേഖരത്തില്‍നിന്ന്)

5. നബി പറഞ്ഞു. ‘ഒരു ജനതയില്‍ വ്യഭിചാരവും പലിശയും വ്യാപകമായി കാണപ്പെടുകയില്ല; അവര്‍ അല്ലാഹുവിന്‍റെ ശിക്ഷയ്ക്ക് സ്വയം അനുമതി നല്‍കിയിട്ടല്ലാതെ.”

(ഹാകിമിന്‍റെ ഹദീസ്‌ശേഖരത്തില്‍നിന്ന്)