മനുഷ്യാവകാശം

ലോകത്തുള്ള സകല മനുഷ്യരും ദൈവത്തിന്റെ സൃഷ്ടികളാണ്. ഒരേ സത്തയില്‍നിന്ന് രൂപംകൊണ്ടവരാണവര്‍. ഒരേ മാതാപിതാക്കളുടെ സന്തതികളാണ്. അതിനാല്‍ എല്ലാവരും തുല്യരാണ്. ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ മനുഷ്യന്‍ ആദരണീയനാണ്. ദൈവത്തിന്റെ ശ്രേഷ്ഠനായ സൃഷ്ടി. ഈ ഭൂമിയിലുള്ളതൊക്കെയും അവനുപയോഗപ്പെടുത്താന്‍ കഴിയുന്നവിധമാണ് ദൈവം ക്രമീകരിച്ചിട്ടുള്ളത്. മനുഷ്യന്റെ ശ്രേഷ്ഠത കാരണം മനുഷ്യജീവന് ഇസ്‌ലാം വലിയ വില കല്പിക്കുന്നു. അകാരണമായി ഒരാളെ കൊല്ലുന്നത് മുഴുവന്‍ മനുഷ്യരെയും കൊല്ലുന്നതിനുതുല്യമാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു.

ജീവന്‍പോലെത്തന്നെ ആദരണീയമാണ് മനുഷ്യന്റെ അഭിമാനവും. ഇസ്‌ലാം അഭിമാനസംരക്ഷണത്തിന് വലിയ പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു. അഭിമാനം ക്ഷതപ്പെടുത്തുന്നത് കൊലക്കുറ്റത്തിനു തുല്യമായി ഇസ്‌ലാം കാണുന്നു. ഏതൊരാള്‍ക്കും തനിക്കിഷ്ടമുള്ള ആദര്‍ശം അംഗീകരിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള അവകാശം ഇസ്‌ലാം വകവെച്ചുകൊടുക്കുന്നു. വീക്ഷണവ്യത്യാസങ്ങളും വിശ്വാസവൈജാത്യങ്ങളും മനുഷ്യപ്രകൃതത്തിന്റെ ഭാഗമാണെന്ന് ഇസ്‌ലാം കരുതുന്നു. അതിനാല്‍, ഭിന്നവിശ്വാസികള്‍ പരസ്പരം ആദരിക്കണമെന്ന് ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നു.

സാമൂഹ്യനീതിയെ ഇസ്‌ലാം മനുഷ്യന്റെ മൗലികാവകാശമായാണ് കാണുന്നത്. അതിനാല്‍, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ചികിത്സ, വെള്ളം, വെളിച്ചം തുടങ്ങിയവയുടെ ലഭ്യത എല്ലാ മനുഷ്യരുടെയും അവകാശമാണ്. ജാതിമതവര്‍ഗ, വര്‍ണ, ദേശ, ഭാഷ, കാല ഭേദങ്ങള്‍ക്കതീതമായി എല്ലാ മനുഷ്യരും നിയമത്തിന്റെ മുന്നില്‍ തുല്യരായിരിക്കണമെന്നതും നീതി എല്ലാവര്‍ക്കും ഒരുപോലെ കിട്ടിയിരിക്കണമെന്നതും ഇസ്‌ലാം മുന്നോട്ടു വെക്കുന്ന മനുഷ്യാവകാശങ്ങളില്‍പ്പെടുന്നു. ചരിത്രത്തിലെ ഏറ്റവും സമഗ്രവും സമ്പൂര്‍ണവുമായ മനുഷ്യാവകാശപ്രഖ്യാപനമാണ് മുഹമ്മദ് നബിയുടെ അവസാനനാളുകളില്‍ അനുഷ്ഠിച്ച ഹജ്ജിനോടനുബന്ധിച്ച് അറഫാ മൈതാനത്തില്‍ നടത്തിയ പ്രസംഗം.

മനുഷ്യാവകാശം


വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ഗാശിയഃ സൂക്തം 21-22

21. അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക. നീ ഒരുദ്ബോധകന്‍ മാത്രമാണ്.

22. നീ അവരുടെ മേല്‍ നിര്‍ബന്ധം ചെലുത്തുന്നവനല്ല.

മനുഷ്യാവകാശം

1. സഅ്ദുബിനു മാലിക് പറയുന്നു. തിരുനബി അരുളി: ‘ദ്രോഹം പാടില്ല. ദ്രോഹത്തിന് തിരിച്ചു ദ്രോഹവും പാടില്ല.”

(ഇബ്‌നുമാജയുടെ ഹദീസ് ശേഖരത്തില്‍നിന്ന്)

2. നബി പറഞ്ഞതായി അബുദ്ദര്‍ദാഅ് എന്ന അനുചരന്‍ ഉദ്ധരിക്കുന്നു.’ഒരാള്‍ മറ്റൊരാളോട് പറയാന്‍ ഇഷ്ടപ്പെടാത്ത ഒരു രഹസ്യകാര്യം പറയേണ്ടി വന്നാല്‍, അതൊരു സൂക്ഷിപ്പുമുതലാകുന്നു. പറഞ്ഞവന്‍ അതു രഹസ്യമാക്കിവെക്കണമെന്ന് കേട്ടവനോടാവശ്യപ്പെട്ടില്ലെങ്കിലും.’

3. റസൂല്‍ പ്രസ്താവിച്ചതായി ഇബ്‌നു അബ്ബാസ് നിവേദനം ചെയ്യുന്നു.’ജനങ്ങളുടെ അവകാശവാദങ്ങള്‍ വകവെച്ചുകൊടുക്കുകയാണെങ്കില്‍ ചിലയാളുകള്‍ മറ്റു ചിലരുടെ ധനത്തിലും രക്തത്തിലുമൊക്കെ അവകാശമുന്നയിച്ചുകളയും. എന്നാല്‍, തെളിവ് ഹാജരാക്കേണ്ട ചുമതല വാദിയുടേതാണ്. സത്യം ചെയ്യേണ്ടത് വാദത്തെ നിഷേധിക്കുവനും.”

(ബൈഹഖി റിപ്പോര്‍ട്ടുചെയ്ത ഹദീസ്)

4. നബി പറഞ്ഞതായി അബൂഹുറൈറ എന്ന അനുചരന്‍ ഉദ്ധരിക്കുന്നു.’വിധി തീര്‍പ്പിന് കൈക്കൂലി കൊടുക്കുന്നവനെയും വാങ്ങുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു.”

5. നബി അരുളി: ‘നീ നിന്റെ സഹോദരനെ സഹായിക്കുക; അവന്‍ മര്‍ദ്ദകനായാലും മര്‍ദ്ദിതനായാലും.” അതുകേ’പ്പോള്‍ ഒരാള്‍ ചോദിച്ചു.അവന്‍ മര്‍ദ്ദിതനായിരിക്കുമ്പോള്‍ ഞാന്‍ അവനെ സഹായിക്കും. എന്നാല്‍, അവന്‍ മര്‍ദ്ദകനാവുമ്പോള്‍ എങ്ങനെയാണ് ഞാന്‍ അവനെ സഹായിക്കുക?” തിരുനബി പറഞ്ഞു.’അക്രമം ചെയ്യുതില്‍നിന്നും നീ അവനെ തടയുക. അതാണ് നീ അവന് ചെയ്യുന്ന സഹായം.”

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം എന്ന ഹദീസ് ഗ്രന്ഥങ്ങളിലുള്ളത്.)

.6. തിരുനബി അരുളി ”തങ്ങളുടെ രക്തം, ധനം എന്നിവയുടെ കാര്യത്തില്‍ ജനങ്ങള്‍ ആരില്‍നിന്ന് സുരക്ഷിതനാണോ അവനാണ് മുസ്‌ലിം.”

7. നബി അരുളി ‘മുസ്‌ലിം മുസ്‌ലിമിന്റെ സഹോദരനാകുന്നു. ആ സഹോദരനെ അയാള്‍ വഞ്ചിക്കുകയില്ല. അവനോട് കളവു പറയുകയില്ല. അവനെ നിസ്സഹായനായി വിടുകയില്ല. മുസ്‌ലിമിന്റെ സര്‍വവും മുസ്‌ലിമിന് ആദരണീയമാണ്. അവന്റെ അഭിമാനവും ധനവും രക്തവും. ദൈവഭക്തി (ഹൃദയത്തിലേക്ക് ചൂണ്ടിക്കൊണ്ട്)  ഇവിടെയാണ്. തന്റെ മുസ്‌ലിം സഹോദരനെ നിന്ദിക്കുന്നതുതന്നെ മതി ഒരാള്‍ക്ക് നാശത്തിലകപ്പെടാന്‍.”

(തിര്‍മിദിയുടെ ഹദീസ് ശേഖരത്തില്‍നിന്ന്‍)

8. തിരുനബി അരുളി: ”ദുര്‍ബലവിഭാഗങ്ങളുടെ അവകാശം നിഷേധിക്കുന്ന ഒരു ജനതയ്ക്കും ദൈവം വിശുദ്ധി നല്‍കുകയില്ല.”

9. നബി അരുളി.’മൂന്നു വസ്തുക്കളില്‍ ജനം കൂട്ടാവകാശികളായിരിക്കും. വെള്ളം, പുല്ല്, തീ.”