സച്ചരിതരായ ഖലീഫമാര്‍

മുഹമ്മദ് നബിക്കുശേഷം ഇസ്‌ലാമികസമൂഹത്തില്‍ ഭരണാധികാരികളായി തെരഞ്ഞെടുക്കപ്പെട്ട മാതൃകാഭരണാധികാരികളാണ് ചരിത്രത്തില്‍ സച്ചരിതരായ ഖലീഫമാര്‍ (ഖുലഫാഉര്‍റാശിദൂന്‍) എന്ന് അറിയപ്പെടുന്നത്. മുഹമ്മദ് നബിയുടെ അടുത്ത അനുയായികളായിരുന്ന അബൂബക്കര്‍, ഉമര്‍ ഇബ്‌നുല്‍ ഖത്ത്വാബ്, ഉസ്മാനുബ്‌നു അഫ്ഫാന്‍, അലി ഇബ്‌നു അബീത്വാലിബ് എന്നിവരാണ് ഈ ഖലീഫമാര്‍.

അതീവ ദൈവഭക്തരായിരുന്ന ആ ഖലീഫമാര്‍ ജനസേവനമനസ്ഥിതികൊണ്ടും നീതിനിര്‍വഹണത്തിലെ സൂക്ഷ്മതകൊണ്ടും ലളിതജീവിതംകൊണ്ടും എക്കാലത്തെയും മാതൃകാഭരണാധികാരികളെന്ന് ചരിത്രത്തില്‍ അറിയപ്പെട്ടവരാണ്. മുഹമ്മദ് നബിയുടെ പിന്‍ഗാമികള്‍ എന്ന നിലയ്ക്കാണ് ഖലീഫ (പ്രതിനിധി) എന്ന പേരില്‍ ഈ ഭരണാധികാരികള്‍ അറിയപ്പെട്ടത്. ‘അമീറുല്‍ മുഅ്മിനീന്‍’ (വിശ്വാസികളുടെ നേതാവ്) എന്നാണ് ഉമര്‍, ഉസ്മാന്‍, അലി എന്നിവരെ ജനങ്ങള്‍ സംബോധന ചെയ്തിരുന്നത്.

സച്ചരിതരായ ഖലീഫമാര്‍

1. യസീദുബ്‌നു അബീസുഫ്‌യാന്‍ പറയുന്നു. ഖലീഫ അബൂബക്കര്‍ എന്നെ ശാമിലേക്ക് പട്ടാളമേധാവിയായി നിയോഗിച്ചപ്പോള്‍ പറഞ്ഞു. ”യസീദ്! നിനക്ക് ചില ബന്ധുക്കളുണ്ട്. നേതൃത്വത്തില്‍ നി അവര്‍ക്ക് മുന്‍ഗണന നല്കിയേക്കും. അതാണ് ഞാന്‍ നിന്നെക്കുറിച്ചു കൂടുതല്‍ ഭയപ്പെടുന്ന കാര്യം. പ്രവാചകന്‍ പറഞ്ഞിരിക്കുന്നു: മുസ്‌ലിംകളുടെ ഭരണച്ചുമതല ഏറ്റെടുക്കുന്നവര്‍ സ്‌നേഹബന്ധത്തിന്റെ പേരില്‍ ചിലരെ അവരുടെ മേല്‍ അധികാരികളായി നിയമിക്കുന്ന പക്ഷം അവന്റെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടാകും. അല്ലാഹു അവനില്‍നിന്ന് യാതൊരു പശ്ചാത്താപവും പ്രായശ്ചിത്തവും സ്വീകരിക്കുന്നതല്ല. അങ്ങനെ അല്ലാഹു അവരെ നരകത്തില്‍ പ്രവേശിപ്പിക്കും.”

(കിതാബുല്‍ ഖറാജ് എന്ന ഗ്രന്ഥത്തില്‍നിന്ന്)

2. ഉമൈസിന്റെ മകള്‍ അസ്മാഅ് എന്ന വനിത പറയുന്നു. അബൂബക്കര്‍ ഉമറിനോട് പറഞ്ഞു. ”അല്ലയോ ഖത്താബിന്റെ മകനേ, ഞാന്‍ എന്റെ പിന്നില്‍ ഉപേക്ഷിച്ചുപോകുന്നവരോടുള്ള വാത്സല്യം മുന്‍നിര്‍ത്തി താങ്കളെ ഖലീഫയായി തെരഞ്ഞെടുത്തിരിക്കുന്നു. താങ്കള്‍ തിരുനബിയുമായി സഹവസിച്ചു. തിരുനബി സ്വന്തത്തേക്കാള്‍ നമുക്കും അവിടുത്തെ കുടുംബത്തേക്കാള്‍ നമ്മുടെ കുടുംബത്തിനും എപ്രകാരം മുന്‍ഗണന നല്‍കിയിരുന്നുവെന്ന് താങ്കള്‍ കണ്ടിട്ടുണ്ട്. എത്രേത്താളമെന്നാല്‍, തിരുനബിയില്‍നിന്ന് നമുക്കു ലഭിച്ചിരുന്നതില്‍ മിച്ചം വരുന്നത് അവിടുത്തെ കുടുംബത്തിന് നാം സമ്മാനമായി കൊടുത്തയയ്ക്കാറുണ്ടായിരുന്നു.”

(കിതാബുല്‍ ഖറാജ് എന്ന ഗ്രന്ഥത്തില്‍നിന്ന്)

3. ഖലീഫാ ഉമര്‍ പ്രസംഗിച്ചുകൊണ്ട് പറഞ്ഞു. ”ജനങ്ങളേ, അസാന്നിധ്യത്തില്‍ ഗുണകാംക്ഷകാണിക്കുകയും സല്‍പ്രവൃത്തികളില്‍ സഹായിക്കുകയും ചെയ്യുക. എനിക്ക് നിങ്ങളുടെ മേലുള്ള അവകാശമാണത്. ഉത്തരവാദപ്പെട്ടവരേ, നേതാവിന്റെ വിവേകത്തേക്കാളും സൗമ്യതയേക്കാളും അല്ലാഹുവിന് പ്രിയംകരവും വലിയ ഉപകാരവുമുള്ള മറ്റൊരു വിവേകവുമില്ല. നേതാവിന്റെ അവിവേകത്തേക്കാള്‍ അല്ലാഹുവിന് ഏറ്റവും കോപകരവും ഏറെ ഉപകാരപ്രദവുമായ മറ്റൊരു അവിവേകവും സ്വഭാവദൂഷ്യവുമില്ല.”

(കിതാബുല്‍ ഖറാജ് എന്ന ഗ്രന്ഥത്തില്‍നിന്ന്)