‘ജീവന്റെ തുടിപ്പുള്ള സര്‍വ്വതിലും
നിനക്ക് പ്രതിഫലമുണ്ട്’ മുഹമ്മദ് നബി
വാസസ്ഥലങ്ങളിലും ആരാധനാസമയത്തും പൊതുയിടങ്ങളിലും ഒരു വിശ്വാസി എങ്ങനെ തന്റെ ചുറ്റുപാടിനെക്കൂടി ഉള്‍ക്കൊള്ളുകയും പരിഗണിച്ച് ജീവിക്കുകയും ചെയ്യണമെന്ന ചിട്ട ഇസ് ലാമിക കര്‍മ്മശാസ്ത്രം വിശദമാക്കുന്നുണ്ട്. ഖുര്‍ആനും പ്രവാചകചര്യയുമാണ് ഈ പാഠങ്ങളുടെ സ്രോതസ്സ്.
പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്ക് മാത്രമായി ലോകശ്രദ്ധ തിരിഞ്ഞിട്ടില്ലാത്ത ഒരു സമയത്താണ് പില്‍ക്കാല തലമുറകള്‍ക്കാകെ പകര്‍ത്താവുന്ന രീതിയില്‍ പ്രവാചകന്‍ പാരിസ്ഥിതിക സൗഹൃദം നിറഞ്ഞ ജീവിതം നയിക്കുന്നത്.
ജൈവസന്തുലിതാവസ്ഥയും പാരിസ്ഥിതിക അച്ചടക്കവും തകര്‍ക്കുന്ന ധൂര്‍ത്തും അമിതവ്യയവും ചൂഷണവും ഇല്ലാതാക്കുന്നതിനുള്ള പാഠങ്ങളായിരുന്നു പ്രവാചകന്റെ ജീവിതം നിറയെ ഉണ്ടായിരുന്നത്. മറ്റുള്ളവരെ വാക്കുകൊണ്ടോ നാക്കുകൊണ്ടോ ഉപദ്രവിക്കാത്തവനാണ് യഥാര്‍ത്ഥ വിശ്വാസി എന്ന തിരുവചനം തന്നെ പ്രകൃതിയിലും തന്റെ ചുറ്റുപാടിലും യാതൊരുവിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാവരുതെന്ന നിതാന്തജാഗ്രതയാണ് ലോകത്തിന് നല്‍കുന്നത്. നിങ്ങള്‍ മറ്റുള്ളവരെ ഉപദ്രവിക്കുകയോ നിങ്ങള്‍ക്ക് ഉപദ്രവം ഏല്‍ക്കുകയോ ചെയ്യരുതെന്ന തിരുദൂതരുടെ വാക്കും ഇതേ അര്‍ത്ഥത്തിലുള്ളതാണ്.
സഹജീവികള്‍ക്ക് തടസ്സമാകും വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ വഴിയില്‍ നിന്ന് നിര്‍മാര്‍ജനം ചെയ്യുന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. അതിന് പുണ്യമുണ്ട് എന്നീ തിരുവചനങ്ങളും സ്വഛന്ദമായ ഒരു പ്രകൃതിയെയാണ് ആഗ്രഹിക്കുന്നത്. അമിതശബ്ദവും വഴിയില്‍ മാലിന്യം തള്ളുന്നതും വഴി നിയമങ്ങള്‍ പാലിക്കാതെ നടക്കുന്നതും വാഹനം ഉപയോഗിക്കുന്നതുമൊക്കെ ഇതിന്റെ പരിധിയില്‍ വരും. അന്ത്യനാള്‍ ആസന്നമായിരിക്കെ നിങ്ങളുടെ കൈവശം ഒരു വൃക്ഷത്തൈ ഉണ്ടെങ്കില്‍ നിങ്ങളത് നടുവിന്‍ എന്ന ഹദീസ് ഒരു പച്ചത്തരി പാഴാവാതെ മണ്ണിലിറങ്ങമമെന്ന നബിയുടെ അഭിലാഷത്തെയാണ് വ്യക്തമാക്കുന്നത്. ഭൗതികാവശ്യങ്ങളല്ല മരം നടീല്‍ മനോഭാവത്തിന്റെ പുറകിലുള്ളത് എന്നൂ കൂടി ഇതുള്‍ക്കൊള്ളുന്നുണ്ട്.
ജലത്തിന്റെ നിതോപയോഗവും അതിന്റെ സംരക്ഷണവും പ്രവാചകന്‍ വളരെ പ്രാധാന്യത്തോടെ ഗണിച്ചിരുന്ന രണ്ട് വിഷയങ്ങളായിരുന്നു. വെള്ളം ലഭ്യമായിക്കഴിഞ്ഞാല്‍ അവിടുന്ന് അത് മിതമായി ഉപയോഗിക്കുകയും അനുയായികളെ അതിന് ഉപദേശിക്കുകയും ചെയ്തു. ഒഴുകുന്ന നദിയില്‍നിന്നാണെങ്കിലും വെള്ളം അമിതമാക്കരുത്. എന്ന പ്രവാചകപാഠത്തോളം വലിയ ജലസംരക്ഷണ മാതൃക നമുക്ക് മറ്റെവിടെ കാണാനാവും.
ജീവന്റെ തുടിപ്പുള്ള സകലതിലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്. എന്ന പ്രവാചകന്റെ മൊഴി ചുറ്റുപാടുള്ള സര്‍വ്വജീവജാലങ്ങളെയും മാനിക്കണമെന്നും അവയോട് കാരുണ്യത്തിലും ലാളിത്യത്തിലും വര്‍ത്തിക്കണമെന്നും നമ്മോട് പറയുന്നുണ്ട്. ജീവിതായോധനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ നീ ഭൂമിയില്‍ എന്നെന്നും ജീവിക്കുന്നവനെപ്പോലെ പെരുമാറുകയെന്ന തിരുവചനം ശ്രദ്ധേയമാണ്. തനിക്ക് ലഭിച്ച ജീവിതത്തിനകത്ത് പരമാവധി സുഖിച്ചും സഹജീവികളുടെ അവകാശങ്ങള്‍ പോലും പരിഗണിക്കാതെ എല്ലാം സ്വന്തമാക്കിയും നാളെക്കു വേണ്ടി ഒന്നും കരുതാതെ സര്‍വവും ചൂഷണം ചെയ്തും ജീവിക്കുകയെന്നത് പ്രകൃതിനിയമങ്ങള്‍ക്ക് തീര്‍ത്തും എതിരിടുന്നതാണ്. ഇന്നിനെതന്നെ നശിപ്പിച്ചുള്ള പുരോഗതിയല്ല നാളേക്കുകൂടി കരുതിയുള്ള പരസ്പര സഹവര്‍ത്തിത്വമാണ് മനുഷ്യര്‍ക്കും പ്രകൃതിക്കുമിടയിലുണ്ടാവേണ്ടതെന്ന സന്ദേശം ഈ വചനം നല്‍കുന്ന പാഠങ്ങളിലൊന്നാണ്.
പ്രകൃതിവിഭവങ്ങളെ ആവശ്യാനുസരണം ഉപയോഗപ്പെടുത്താന്‍ മനുഷ്യന് അവസരമൊരുക്കുന്നതോടൊപ്പം പ്രകൃതിക്കുമീതെ കൈകടത്തരുതെന്നും ചൂഷണാത്മകമായി ഉപയോഗപ്പെടുത്തരുതെന്നും ധ്വനി നല്‍കുന്ന സമീപനങ്ങളായിരുന്നു പ്രവാചകന്‍മാരുടേതെന്ന് മനസ്സിലായല്ലോ. പ്രകൃതിയുംമനുഷ്യരും അല്ലാഹുവിന്റെ സൃഷ്ടികളാണെന്നും രണ്ടിനും സ്വന്തമായ അവകാശവും അസ്തിത്വവുമുണ്ടെന്നും അതുമനസ്സിലാക്കി പരസ്പരധാരണയോടെ വര്‍ത്തിക്കുകയാണ് മനുഷ്യന്‍ ചെയ്യേണ്ടതെന്നും പ്രകൃതിക്കുമേല്‍ കടന്നുകയറാനുള്ള സ്വാതന്ത്ര്യം നാഥന്‍ അനുവദിക്കുന്നില്ലെന്നും തിരുദൂതര്‍ വ്യക്തമാക്കി.
തരിശ്ഭൂമി കൃഷിയോഗ്യമാക്കുക, ജലം സംരക്ഷിക്കുക പരിസരം ശുചീകരിക്കുക തുടങ്ങിയവയെല്ലാം മനുഷ്യന്‍ നിര്‍വ്വഹിക്കേണ്ട ജീവിതദൗത്യമായാണ് നബി (സ) എണ്ണിയത്. ആധുനിക പാരിസ്ഥിതിക സമീപനങ്ങളെ പോലും വെല്ലുന്ന വിധത്തില്‍ പ്രകൃതിയുടെ അവകാശപ്രഖ്യാപനം നടത്തി എന്നന്നേക്കുമായി പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ചുമതല കോടാനുകോടി വരുന്ന വിശ്വാസി സമൂഹത്തെ ഏല്‍പ്പിച്ചാണ് തിരുദൂതര്‍ വിടവാങ്ങിയത്. അവിടുത്തെ വചനങ്ങളും മൊഴികളും ഉള്‍ക്കൊണ്ട് അവിടുന്ന് നിഷ്‌കര്‍ഷിച്ച ദൗത്യമേറ്റെടുത്ത് ഒരുത്തമ വിശ്വാസിയാവാനും അതുവഴി പ്രകൃതിയെയും ചുറ്റുപാടിനെയും പരിരക്ഷിക്കാനുമാണ് നാം ശ്രമിക്കേണ്ടത്.
മുബശ്ശിര്‍ മുഹമ്മദ് (പ്രകൃതിയുടെ പ്രവാചകന്‍ എന്ന പുസ്തകത്തില്‍ നിന്ന്)