ഖുര്‍ആന്‍റെ തീരത്ത്

വായന,പാരായണം എന്നൊക്കെയാണ് ഖുര്‍ആന്‍ എന്ന പദത്തിന്‍റെ അര്‍ഥം. അന്ത്യപ്രവാചകനായ മുഹമ്മദ് നബിക്ക് അല്ലാഹുവില്‍നിന്ന് അവതരിച്ചുകിട്ടിയതും അസംഖ്യം വ്യക്തികള്‍ സംശയാതീതമാം വിധം തലമുറകളായി റിപ്പോര്‍ട്ട് ചെയ്തുവന്നതുമായ ദിവ്യബോധനമാകുന്നു ഖുര്‍ആന്‍.  ദൈവികഗ്രന്ഥങ്ങളില്‍ അന്തിമമായി അവതരിച്ചത് ഇതത്രേ.

ഖുര്‍ആന്‍റെ പദസംഘടനയും ശൈലിയും ഉജ്ജ്വലവും ദൈവികം എന്ന വിശേഷണത്തിന് ചേരുന്നതുമാണ്. അര്‍ഥം മനസ്സിലാക്കാതെ വെറുതെ കേട്ടിരുന്നാല്‍ പോലും അതിന്‍റെ പാരായണം ശ്രോതാവിന്‍റെ മനസ്സില്‍ ചലനമുണ്ടാക്കും. ദിവ്യമായ സ്രോതസ്സ് അവകാശപ്പെടുന്ന ഖുര്‍ആന്‍ മനുഷ്യരെയും ജിന്നുകളെയും വെല്ലുവിളിച്ചു. നിങ്ങള്‍ ഒന്നിച്ചിരുന്ന് ഇതിനോട് തുല്യമായ ഏതാനും വചനങ്ങളെങ്കിലും കൊണ്ടുവരിക. വെല്ലുവിളി ഇന്നും മറുപടി ലഭിക്കാതെ നിലനില്ക്കുന്നു.