മുഖവുര

മനുഷ്യസമൂഹത്തിന്‍റെ നാളിതുവരെയുള്ള ചരിത്രത്തെ ധര്‍മാധര്‍മങ്ങളുടെ ഉയര്‍ച്ചതാഴ്ച്ചകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയെന്നത് ഖുര്‍ആനിന്‍റെ ചരിത്രവീക്ഷണമാണ്. കാലത്തെ സാക്ഷിനിര്‍ത്തിക്കൊണ്ട് ഖുര്‍ആന്‍ ഈ ചരിത്രവീക്ഷണം പ്രഖ്യാപിക്കുന്നുണ്ട്. ധര്‍മം ക്ഷയിക്കുമ്പോഴാണ് എത്ര വലിയ നാഗരികതയും സംസ്‌കാരവും തകര്‍ന്നുപോകുന്നത്. ചരിത്രത്തില്‍ കടന്നുപോയ അത്യുജ്ജ്വലമായ സംസ്‌കാരങ്ങളുടെയെല്ലാം ഉയര്‍ച്ചയെയും തകര്‍ച്ചയെയും ഈ അളവുകോല്‍ വെച്ചുകൊണ്ടാണ് ഖുര്‍ആന്‍ വിലയിരുത്തുന്നത്.

ഇസ്‌ലാമികചരിത്രം ഒരു ആശയസമൂഹത്തിന്റെ ഉത്ഥാനപതനങ്ങളുടെ ചരിത്രംകൂടിയാണ്. ഇസ്‌ലാമികചരിത്രം ആദര്‍ശസംഘട്ടനങ്ങളുടെകൂടി ചരിത്രമാണ്. ആദര്‍ശങ്ങള്‍ പ്രയോഗവല്‍ക്കരിക്കുന്ന വിഷയത്തില്‍ എപ്പോഴെല്ലാം ദൗര്‍ബല്യങ്ങള്‍ പ്രകടമായിട്ടുണ്ടോ, അപ്പോഴെല്ലാം ഇസ്‌ലാമികസമൂഹത്തില്‍ ഭരണകര്‍ത്താക്കളും പരിഷ്‌കര്‍ത്താക്കളും അതിനെതിരെ ഉയര്‍ന്നുവരികയുണ്ടായിട്ടുണ്ട്. മുഹമ്മദ് നബിയുടെ പിന്‍ഗാമിയായി അധികാരത്തിലേറിയ ഖലീഫ അബൂബക്കര്‍ മുതല്‍ മുഗള്‍ ചക്രവര്‍ത്തിമാരിലെ അതിശക്തനായ ഭരണാധികാരി ഔറംഗസീബ് ആലംഗീര്‍ വരെയുള്ളവരുടെ ചരിത്രപരമായ ഇടപെടല്‍ നിരീക്ഷിച്ചാല്‍ ഈ സംഘട്ടനം കാണാവുന്നതാണ്. ഇസ്‌ലാമികചരിത്രം ഒരു ആശയസംഹിതയുടെയും അതിന്‍റെ പ്രയോഗവല്‍ക്കരണത്തിന്‍റെയും ചരിത്രമാണെന്നതിനാല്‍, ഇസ്‌ലാമികചരിത്രത്തെ ഇസ്‌ലാമികസമൂഹത്തിന്‍റെ അടിത്തറയായി വര്‍ത്തിക്കുന്ന ആദര്‍ശതത്ത്വങ്ങളുടെ വെളിച്ചത്തില്‍ പഠിക്കുകയും മുസ്‌ലിംകള്‍ എവിടെയെല്ലാം ആദര്‍ശമനുസരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്, എവിടെയെല്ലാം അവയില്‍നിന്ന് വ്യതിചലിച്ചിട്ടുണ്ട് എന്ന് നോക്കുകയുമാണ് ഇസ്‌ലാമികചരിത്രരചനയുടെ യഥാര്‍ഥദൗത്യം.

പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ കാലംമുതലാണ് ഇസ്‌ലാമികചരിത്രം തുടങ്ങുന്നത് എന്ന അഭിപ്രായം ശരിയല്ല. ആദ്യമനുഷ്യനായ ആദം മുതലാണ് യഥാര്‍ഥത്തില്‍ ആ ആദര്‍ശചരിത്രം തുടങ്ങുന്നത്. എങ്കിലും സൗകര്യത്തിനുവേണ്ടി പ്രവാചകന്‍ മുഹമ്മദ്‌ നബിക്ക് ശേഷം ഇതുവരെയുള്ള കാലഘട്ടത്തെ ലഘുവായി പരിചയപ്പെടുത്തുയാണിവിടെ.