മംഗോള്‍ ആക്രമണം

1258-ലാണ് മംഗോളുകള്‍ ബഗ്ദാദ് ആക്രമിക്കുന്നതും വിശ്വവിഖ്യാതമായ ആ നഗരത്തെ ഉഴുതുമറിച്ച് അബ്ബാസിയാ ഖിലാഫത്തിന് അന്ത്യം കുറിച്ചതും. മംഗോളുകളുടെ അതിശക്തമായ പ്രഹരമേറ്റതോടെ അവശേഷിച്ച ശക്തിയും ചോര്‍ന്ന് അബ്ബാസികള്‍ നിലംപതിച്ചു. എന്നാല്‍ ലോകം ഉറ്റുനോക്കിയ ഒരു സാംസ്‌കാരിക നഗരിയെ വെറും ധൂളികളാക്കി മാറ്റിയ മംഗോള്‍ നടപടി ചരിത്രത്തിലെ കറുത്ത ഏടുകളായി അവശേഷിക്കുന്നു.

ലക്ഷക്കണക്കിന് മനുഷ്യരെ നിര്‍ദ്ദയം കൊന്നുതള്ളിയും ബഗ്ദാദിലെ വിഖ്യാതമായ ഗ്രന്ഥപ്പുരകള്‍ കത്തിച്ചു ചാമ്പലാക്കിയും ദിവസങ്ങളോളം മംഗോള്‍ സൈന്യം നഗരത്തില്‍ മേഞ്ഞുനടന്നു എന്നു ചരിത്രകാരന്മാര്‍ പറയുന്നു. അന്ന് തകര്‍ന്നു വീണ ബഗ്ദാദ് പിന്നീട് ഒരിക്കലും അതിന്റെ പ്രതാപത്തിലേക്ക് ഉണര്‍ന്നില്ല.