അയല്‍ക്കാര്‍

സ്വന്തം കുടുംബത്തിനുപുറത്ത് ഒരു മനുഷ്യനെ ഏറ്റവും നന്നായി അറിയുന്നത് അയല്‍ക്കാര്‍ക്കാണ്. സുഖദുഃഖങ്ങളില്‍ പങ്കുചേരുന്നതും അവരാണ്. അയല്‍ക്കാരോട് ഉദാരമായി പെരുമാറണമെന്നും അവരുടെ ദ്രോഹങ്ങള്‍ ക്ഷമിക്കണമെന്നും പോരായ്മകള്‍ പൊറുത്തുകൊടുക്കണമെന്നും ഇസ്‌ലാം ആവശ്യപ്പെടുന്നു.

അയല്‍ക്കാരുമായുള്ള ഉറ്റബന്ധത്തിന് ഇസ്‌ലാം വളരെ വലിയ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. അയല്‍വാസികളുമായുള്ള ബന്ധത്തെ സത്യവിശ്വാസവുമായി ബന്ധപ്പെടുത്തിയാണ് ഇസ്‌ലാം അതിനെ ശക്തിപ്പെടുത്തിയത്. മുഹമ്മദ് നബിയുടെ സുപ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗത്തിലും ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്.

”ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ അയല്‍വാസിയെ ആദരിച്ചുകൊള്ളട്ടെ.”

അയല്‍വാസികളുടെ കാര്യത്തില്‍ മതപരമായ വിവേചനങ്ങളൊന്നും ഇസ്‌ലാമിലില്ല. ഏതുമതവിശ്വാസിയായാലും അയല്‍ക്കാരുടെ കാര്യത്തിലുള്ള എല്ലാ നിര്‍ദ്ദേശങ്ങളും മുസ്‌ലിംകള്‍ മാനിക്കുകതന്നെ വേണം. വിവേചനരഹിതമായ അയല്‍പക്കബന്ധത്തിന് ഇസ്‌ലാമികചരിത്രത്തില്‍ ധാരാളം ഉദാഹരണങ്ങളുണ്ട്.

അയല്‍ക്കാര്‍

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബക്കറ സൂക്തം 36

നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക. മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക. ബന്ധുക്കള്‍, അനാഥകള്‍, അഗതികള്‍, കുടുംബക്കാരായ അയല്‍ക്കാര്‍, അന്യരായ അയല്‍ക്കാര്‍, സഹവാസികള്‍, വഴിപോക്കര്‍, നിങ്ങളുടെ ഉടമസ്ഥതയിലുള്ളവര്‍; എല്ലാവരോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചവും ദുരഹങ്കാരവുമുള്ള ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.

അയല്‍ക്കാര്‍

1. തിരുമേനി അരുളി: ‘അല്ലാഹുവാണെ, അവന്‍ വിശ്വാസിയ്യല്ല. അവന്‍ വിശ്വാസിയല്ല. അവന്‍ വിശ്വാസിയല്ല.” ‘ദൈവദൂതരേ, ആരാണ് വിശ്വാസിയല്ലെന്ന് അവിടുന്ന് പറഞ്ഞത്?”  എന്ന് അനുയായികള്‍ ചോദിച്ചു. തിരുനബി പറഞ്ഞു.’ഏതൊരുവന്റെ ഉപദ്രവത്തില്‍നിന്ന് തന്റെ അയല്‍വാസി സുരക്ഷിതനാവുന്നില്ലയോ അവന്‍ തന്നെ”

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹുമുസ്‌ലിം)

2. തിരുനബി അരുളി.’അയല്‍വാസിയെക്കുറിച്ച് ജിബ്രീല്‍ മാലാഖ എന്നെ ഉപദേശിച്ചുകൊണ്ടിരുന്നു. എത്രത്തോളമെന്നാല്‍ അയല്‍വാസി തന്റെ അനന്തരാവകാശിയായേക്കുമോ എന്നെനിക്കു തോന്നി.”

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹുമുസ്‌ലിം)

3. ഇബ്‌നു അബ്ബാസ് എന്ന അനുചരന്‍ നബി പറഞ്ഞതായി ഉദ്ധരിക്കുന്നു. ‘തന്റെ അയല്‍വാസി വിഷന്നവനായിരിക്കേ വയറു നിറച്ചുണ്ണുന്നവന്‍ സത്യവിശ്വാസിയല്ല.”

(മശ്കൂത്ത് എന്ന ഹദീസ് ഗ്രന്ഥത്തില്‍നി്)

4. അബൂദര്‍റ് എന്ന അനുചരനോട് തിരുനബി നിര്‍ദ്ദേശിച്ചു. ‘നീ കറി പാചകം ചെയ്യുമ്പോള്‍ വെള്ളം വര്‍ധിപ്പിച്ച് നിന്റെ അയല്‍വാസിയെ കൂടി പരിഗണിക്കുക.”

(സ്വഹീഹു മുസ്‌ലിം)

5. തിരുനബി അരുളി. ‘മുസ്‌ലിംസ്ത്രീകളേ, ഒരയല്‍ക്കാരിയും തന്റെ അയല്‍ക്കാരിക്ക് (പാരിതോഷികം നല്‍കുന്നത്) നിസ്സാരമായി ഗണിക്കരുത്. അത് ഒരാടിന്റെ കുളമ്പാണെങ്കിലും.”

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹുമുസ്‌ലിം)