നാലു ഖലീഫമാര്‍

മുഹമ്മദ് നബിയുടെ മരണത്തോടെ പ്രവാചകപരമ്പരക്ക് പരിസമാപ്തി കുറിക്കപ്പെട്ടു. പ്രവാചകന്റെ കാലശേഷം മുസ്‌ലിം സമൂഹത്തിന്റെ നേതൃത്വം ഖലീഫമാര്‍ക്കായിരുന്നു. ‘ഖലീഫ’ എന്ന പദത്തിന്റെ അര്‍ഥം പ്രതിനിധി എന്നാണ്. അഥവാ പ്രവാചകന്റെ പ്രതിനിധികള്‍ ആയിട്ടാണ് ഇവര്‍ ജനങ്ങളെ ഭരിച്ചിരുന്നത്. അബൂബക്കര്‍ സിദ്ദീഖ് ആയിരുന്നു ഇസ്‌ലാമികചരിത്രത്തിലെ ആദ്യ ഖലീഫ. ശേഷം ഉമറുബ്‌നുല്‍ ഖത്താബും ഉഥ്മാനുബ്‌നു അഫ്ഫാനും അലിയ്യുബ്‌നു അബീത്വാലിബും ഖലീഫമാരായി. ഈ നാലു ഖലീഫമാരുടെ മുപ്പത് വര്‍ഷം നീണ്ട ഭരണം ഇസ്‌ലാമിക ചരിത്രത്തില്‍ ഖിലാഫതുര്‍റാഷിദ (സുചരിതമായ ഭരണം) എന്നറിയപ്പെടുന്നു.

മുഹമ്മദ് നബിയുടെ കാലത്തുതന്നെ ഇസ്‌ലാം അറേബ്യയാകെ പ്രചരിച്ചിരുന്നുവെങ്കിലും അറേബ്യക്ക് പുറത്തേക്ക് ഇസ്‌ലാം പടര്‍ന്നത് ഖുലഫാഉര്‍റാഷിദുകള്‍(സച്ചരിതരായ ഖലീഫമാര്‍) ഭരിക്കുന്ന കാലത്താണ്. പേര്‍ഷ്യയും സിറിയയും ഈജിപ്തുമെല്ലാം ഖിലാഫത്തിന്റെ ഭാഗമായിത്തീര്‍ന്നത് ഈ കാലഘട്ടത്തിലാണ്.