മതസ്വാതന്ത്ര്യം

ഇസ്‌ലാമികരാഷ്ട്രത്തില്‍ മുസ്‌ലിംകളല്ലാത്തവര്‍ക്കും പൂര്‍ണമായ മതസ്വാതന്ത്ര്യം ഉണ്ടായിരിക്കും. അവരുടെ മതകാര്യങ്ങളില്‍ ഗവണ്‍മെന്റ് ഒരു വിധത്തിലും ഇടപെടുകയില്ല. ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കാനും സ്വന്തം മതം പ്രചരിപ്പിക്കാനും അവര്‍ക്കു പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരിക്കും. മുസ്‌ലിംകളല്ലാത്ത പൗരന്മാരുടെ ജീവനും സ്വത്തിനും പൂര്‍ണമായ സംരക്ഷണം ഉറപ്പു നല്‍കുകയും ആരാധനാസ്വാതന്ത്ര്യം അനുവദിക്കുകയും അവരുടെ ഭൗതികക്ഷേമത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് ഇസ്‌ലാമികരാഷ്ട്രത്തന്റെ ബാധ്യതയാണ്. ഇസ്‌ലാമികനിയമത്തിന്റെ സാങ്കേതികഭാഷയില്‍ ‘ദിമ്മികള്‍’ എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. രാഷ്ട്രം സംരക്ഷണബാധ്യത ഏറ്റെടുത്തവര്‍ എന്നാണ് ഈ പദത്തിന്റെ അര്‍ഥം.

അമുസ്‌ലിം ന്യൂനപക്ഷസംരക്ഷണത്തിന്റെ ഗൗരവം നബി ഇപ്രകാരം അറിയിച്ചിരിക്കുന്നു: ”സൂക്ഷിച്ചുകൊള്‍ക! അമുസ്‌ലിം പ്രജകളെ വല്ലവനും അടിച്ചമര്‍ത്തുകയോ അവരുടെ മേല്‍ കഴിവിന്നതീതമായ നികുതിഭാരം കെട്ടിയേല്‍പ്പിക്കുകയോ അവരോട് ക്രൂരമായി പെരുമാറുകയോ അവരുടെ അവകാശങ്ങള്‍ വെട്ടിക്കുറക്കുകയോ ചെയ്യുകയാണെങ്കില്‍ അന്ത്യവിധിനാളില്‍ അവനെതിരെ ഞാന്‍തന്നെ പരാതി ബോധിപ്പിക്കുന്നതാണ്.”

മതസ്വാതന്ത്ര്യം

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം യൂനുസ് സൂക്തം 99

നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നെങ്കില്‍ ഭൂമിയിലുള്ളവരൊക്കെയും സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബക്കറ സൂക്തം 256

മതത്തില്‍ ബലപ്രയോഗം അരുത്. നന്മതിന്മകളുടെ വഴികള്‍ വ്യക്തമായും വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ വ്യാജ ദൈവങ്ങളെ നിഷേധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ മുറുകെപ്പിടിച്ചത് ഉറപ്പുള്ള കയറിലാണ്. അതറ്റുപോവില്ല. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.

മതസ്വാതന്ത്ര്യം

1. തിരുനബി അരുളി:

തിരുനബി അരുളി: ആരെങ്കിലും കരാറിലേര്‍പ്പെട്ട അമുസ്‌ലിം പൗരനെ അക്രമിക്കുകയോ അവന്റെ അവകാശം ഹനിക്കുകയോ അവന്റെ കഴിവിനപ്പുറമുള്ള ഭാരം ചുമത്തുകയോ അവന്റെ വല്ല സാധനവും സമ്മതമില്ലാതെ എടുക്കുകയോ ചെയ്താല്‍ അന്ത്യദിനത്തില്‍ ഞാന്‍ ആ അമുസ്‌ലിമിന്റെ വാദിയായിരിക്കും.

(അബൂദാവൂദിന്റെ ഹദീസ്‌ശേഖരത്തില്‍നിന്ന്)