‘അല്ലാഹു അക്ബർ’: അടിച്ചമർത്തപ്പെടുന്നവരുടെ വിമോചന മന്ത്രം

കെ.പി പ്രസന്നൻ
ആധികളും വ്യഥകളും ഇല്ലാത്ത ജീവിതം ഏതൊരു മനുഷ്യന്റെയും മോഹമാണ്. ഒരുപക്ഷേ മനുഷ്യരുടെ ദുഃഖ നിര്‍മാര്‍ജനത്തിനു വേണ്ടിയാണ് ലോകത്തെ മിക്ക പ്രത്യയശാസ്ത്രങ്ങളും ജന്മമെടുത്തത് തന്നെ. പല ആചാര്യന്മാര് പല രീതിയില്‍ പ്രശ്നത്തെ സമീപിച്ചിട്ടുണ്ടാവാം.
മനുഷ്യവംശത്തിന്റെ തുടക്കത്തെയും ചരിത്രത്തെയും സംബന്ധിച്ച് ഇസ്ലാമും അതിന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നുണ്ട്. വിശ്വാസികളെ സംബന്ധിച്ചേടത്തോളം വിശുദ്ധ ഖുര്‍ആന്‍ പടച്ച തമ്പുരാന്റെ വചനങ്ങള്‍ ആയതിനാല്‍ ആ ഗൗരവത്തിലായിക്കും അവരതിനെ പരിഗണിക്കുന്നത്.
മനുഷ്യ സൃഷ്ടിപ്പിനോടനുബന്ധിച്ച് ഉന്നത സഭയില്‍ നടന്ന സംവാദങ്ങള്‍ ഖുര്‍ആന്‍ ചുരുക്കി വിവരിക്കുന്നുണ്ട്. പ്രപഞ്ച നാഥനായ അല്ലാഹു, മാലാഖമാര്‍, പിശാച്, ആദമും അവന്റെ ഇണയും ഒക്കെ ചേര്‍ന്നുള്ള സംഭവബഹുലമായ ആ സംവാദരംഗത്തിനൊടുവില്‍ അറിവ് നേടിയിട്ടും പിശാചിന്റെ പ്രലോഭനത്തില്‍ വീണു പോയ മനുഷ്യ പിതാവും മാതാവും ഖേദത്തിലാവുന്നു. തുടക്കവും ഒടുക്കവുമൊക്കെ അറിയുന്ന സര്‍വജ്ഞനായ നാഥന് പിഴവുകളുടെ ആധിയില്‍ ഉഴറിയ ആദ്യമനുഷ്യര്‍ക്ക് ഉപജീവനത്തിനായി ഭൂമിയിലെ വാസം നിശ്ചയിച്ച് കൊണ്ടിങ്ങനെ പറഞ്ഞു.
‘എന്റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല’ (2:38).
പ്രലോഭനത്തിന്റെ കല്പ്പടവുകളില് ഇടറി വീഴാതിരിക്കാനായി മാര്‍ഗദര്‍ശകരായ പ്രവാചകന്മാരെയും വേദങ്ങളെയും സമ്മാനിച്ച് കൊണ്ട് അല്ലാഹു വാക്ക് പാലിച്ചു. പക്ഷേ വിശ്വാസികളെന്നവകാശപ്പെടുന്നവര്‍ക്ക് മറവി പറ്റിക്കൊണ്ടിരിക്കുന്നു. ഇന്സാന് (മനുഷ്യന്) എന്ന അറബിപദത്തില്‍ മറവിക്കാരന്‍ എന്ന അര്‍ഥവും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ആസക്തികളാലും പ്രലോഭനങ്ങളാലും ഇടറി വീഴുമെങ്കിലും വെളിച്ചത്തിന്റെ തുരുത്തുകളില്‍ അവന് അവനെ വീണ്ടെടുത്ത് തിരിച്ചറിയാറുണ്ട്.
‘അലസ്തു ബി റബ്ബിക്കും’ (ഞാനല്ലയോ നിങ്ങളുടെ റബ്ബ്)
‘ബലാ’ (പിന്നല്ലാതെ)
പിന്നെന്തായാലെന്ത്!
അല്ലാഹു അക്ബര്‍ (പരംപൊരുളായ അല്ലാഹു മഹത്ത്വം നിറഞ്ഞവന്)
ഈ വിശ്വാസം ആത്മാവിലേക്കാവാഹിക്കുമ്പോള്‍ വിശ്വാസികള്‍ അനുഭവിക്കുന്ന ഒരു നിര്‍ഭയത്വമുണ്ട്. ഈമാന്‍ (വിശ്വാസം) ശരിയായി ഉള്‍ക്കൊള്ളുമ്പോള്‍ അംന് (സമാധാനം) വരേണ്ടതുണ്ട് എന്നത് തന്നെയാണ് ഇസ്ലാമിക പാഠം. ലോക സ്രഷ്ടാവായ അല്ലാഹുവോട് ചേര്‍ന്ന് നില്ക്കുമ്പോഴല്ലാതെ മറ്റെപ്പോഴാണ് അത് കിട്ടുക. സമാധാനത്തിന്റെ ഗേഹത്തിലേക്കാണല്ലോ അവന്റെ ക്ഷണം. അത് കൊതിക്കാത്ത വിശ്വാസികളുണ്ടോ! ജീവിതത്തിലും ജീവിതാനന്തരത്തിലും ഒക്കെ സമാധാനമാണ് അവരുടെ ലക്ഷ്യം.
ഒരുപക്ഷേ ഈ മോഹത്തെ സ്വഹാബികള്‍ക്കിടയില്‍ വേരൂന്നിയെടുക്കാനാണ് ആദ്യ കാലങ്ങളില്‍ നബി തിരുമേനി പരിശ്രമിച്ചു കൊണ്ടിരുന്നത്. പ്രവാചകത്വം ലഭിച്ച ശേഷമുള്ള പത്തു പന്ത്രണ്ട് വര്‍ഷം ഈ വിശ്വാസത്തെ ചെത്തി മിനുക്കി ഉറപ്പിച്ചപ്പോള്‍ ബാക്കി ഒക്കെ എളുപ്പമായി. ഓരോ ജീവിത സന്ദര്‍ഭത്തിലും അല്ലാഹുവിന്റെ മാര്‍ഗദര്‍ശനത്തിനു വേണ്ടി അവര്‍ കൊതിച്ചു. വിണ്ണില്‍ നിന്ന് വേദ വചനങ്ങള്‍ ഉതിര്‍ന്നു വീണു. ആയത്തുകള്‍ സൃഷ്ടിച്ച മനുഷ്യര്‍ക്ക് വേണ്ടി വചനങ്ങളിറങ്ങിയോ അതോ വചനപ്പൊരുള്‍ അനുധാവനം ചെയ്തവര്‍ ആയത്തുകള്‍ സൃഷ്ടിച്ചതോ എന്ന് പറയാനാവാത്ത വിധം നന്മകള് നിറഞ്ഞു നിന്ന കാലഘട്ടം. തിരുദൂതര്‍ ഭൂമിയില്‍ ഉണ്ടുറങ്ങിയ കാലഘട്ടം. മാലാഖമാര്‍ പോലും ഭൂമിയില്‍ വിരുന്നുവന്ന ആ കാലത്തിലെ പ്രാര്‍ഥനകളുടെ ജീവവായുവായിരിക്കാം ഇന്നും മുസ്ലിം സമുദായത്തിന്റെ നിലനില്‍പ്പിന് ഇന്ധനമേകുന്നത്.
ആകാശത്തിനും ഭൂമിക്കുമിടയിലെ ബന്ധമറ്റു പ്രവാചകന് വിട വാങ്ങിയപ്പോള്‍. വിശ്വാസികള്‍ക്ക് അല്ലാഹുവും വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യകളും ബാക്കിയായി. ഏതൊരു സമൂഹത്തിലും എന്ന പോലെ മൂല്യച്യുതിയും വിശ്വാസനഷ്ടവും മുസ്ലിംകളെയും ബാധിച്ചിരിക്കാം. ദുന്‍യാവിലെ ആസക്തികളോടുള്ള ഭ്രമം കൊണ്ടും മരണത്തെ പേടിച്ചു കൊണ്ടും ശത്രുക്കള്‍ക്കു മുന്നില്‍ പെരുമഴയില്‍ ഒലിച്ചുപോകുന്ന ചണ്ടികളായി അവര്‍ മാറിയിരിക്കാം. ഭയവും ആധിയും അവരെ വരിഞ്ഞു മുറുക്കിയിരിക്കാം. പക്ഷേ വിശ്വാസത്തിന്റെ ആത്മാവ് ഉള്ക്കൊണ്ടവര് ഏത് പ്രതിസന്ധിയിലും വീണ്ടെടുക്കുന്ന ചില തിരുശേഷിപ്പുകളുണ്ട്. ഭൂമിയില്‍ ഒരു ദുരധികാരിയുടെയും അക്രമിയുടെയും അടിമയായി ജീവിക്കാനുള്ളതല്ല തന്റെ ജീവനും ജീവിതവുമെന്ന ബോധ്യം. ആ ബോധ്യം വലിഞ്ഞു മുറുകുമ്പോള്‍ അവരറിയാതെ മന്ത്രിച്ചു പോവും.‘അല്ലാഹു അക്ബര്‍’

