കല്ല് പോലെ കടുത്ത മനസ്സുകൾ, അല്ല, കല്ലിനെക്കാൾ കടുകട്ടിയുള്ളവ. അവയിൽ നിന്ന് കാരുണ്യത്തിൻ്റെ ഉറവ് പൊട്ടില്ല. സ്നേഹത്തിൻ്റെ കാറ്റ് വീശില്ല. കരുതലിൻ്റെ കൈകൾ നീളില്ല. ദൗർഭാഗ്യത്തിൻ്റെ അടയാളമാണത്. സ്വയം സംഘർഷപ്പെടാനും ചുറ്റുപാടുകളെ ചുട്ടുപൊള്ളിക്കാനും കുടുസ്സ് മനസ്സ് കാരണമാകുന്നു. ഇടുങ്ങിയ ഹൃദയങ്ങളിൽ ചെകുത്താനാണ് കുടിൽക്കെട്ടി പാർക്കുക! എന്നാൽ, വിശാല മനസ്സ് ദൈവത്തിൻ്റെ കൊട്ടാരമാണ്. ഹൃദയവിശാലതയുള്ളവരിൽ ദൈവത്തിൻ്റെ ഗുണങ്ങൾ നിറഞ്ഞ് നിൽക്കും. കാരുണ്യം, സ്നേഹം, സഹായം, സഹിഷ്ണുത, ക്ഷമ, വിട്ടുവീഴ്ച്ച… ഇതെല്ലാം വിശാല മനസ്കരിൽ നിന്ന് വഴിഞ്ഞൊഴുകും. നെഞ്ചകങ്ങളുടെ വിസ്തൃതിക്കനുസരിച്ചാണ് ഇരുവശങ്ങളിലുമുള്ള കൈകൾ മറ്റുള്ളവരിലേക്ക് തണലായി നീളുന്നത്. മനുഷ്യ സ്നേഹത്താൽ മനസ്സ് നിറയുമ്പോഴാണ്, മറ്റുള്ളവരുടെ വേദനകൾ കണ്ട്, നമ്മുടെ കണ്ണ് നിറയുന്നത്! ആലോചിച്ചു നോക്കൂ, അനുഭവമതല്ലേ! ‘ഞാനൊരു മനുഷ്യനെ കണ്ടു’ എന്ന് കോഴിക്കോട്ടുവെച്ച് ഒരു അനുഗ്രഹീത പ്രഭാഷകൻ പറഞ്ഞത് അത്തരമൊരു മനോഹരമായ മുഹൂർത്തത്തിലായിരുന്നു.
സത്യവേദം നാല് തവണ ‘ഹ്യദയ വിശാലത’ വിഷയമാക്കിയിട്ടുണ്ട്. ദൈവാനുഗ്രഹത്താൽ, ഹ്യദയം തുറക്കുമ്പോഴാണ്, നന്മയുടെ വെളിച്ചം അതിനെ ദീപ്തമാക്കുന്നതെന്ന് ആ വചനങ്ങൾ പഠിപ്പിക്കുന്നു. കുടുസ്സായ മനസ്സിൻ്റെ പ്രയാസങ്ങളെക്കുറിച്ച് ആറ് തവണ വേദഗ്രന്ഥത്തിൽ പരാമർശങ്ങളുണ്ട്. മനസ്സിടുക്കം മഹാ നഷ്ടം എന്നാണ് ആറാം അധ്യായത്തിലെ നൂറ്റി ഇരുപത്തിയഞ്ചാം വചന സാരം. നമ്മുടെ മനസ്സ് വിശാലമാണോ, അതിൻ്റെ ആനന്ദാനുഭൂതികൾ നമുക്ക് തന്നെയാണ് ഒന്നാമതായി ആസ്വദിക്കാനാവുക. ഹ്യദയം ഇടുങ്ങിയതാണോ, അതിൻ്റെ മുള്ളുകൾ നമ്മെയും വേട്ടയാടും. സാധാരണയിൽ നമ്മോട് തെറ്റ് ചെയ്തൊരാൾക്ക്, പൊറുത്ത് കൊടുക്കാനായാൽ നമുക്ക് സ്വസ്ഥമായുറങ്ങാം! അയാളോടുള്ള പക മനസ്സിൽ പെരുകിയാലോ?
ഹ്യദയവിശാലത ഉണ്ടായതു കൊണ്ടു മാത്രമാണ് പ്രവാചകൻ ആ ദൗത്യത്വത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. സാക്ഷാൽ ദൈവം വിശാലഹൃദയനാണ്, ആ ദൈവത്തിൻ്റെ ദൂത് വഹിക്കണമെങ്കിലും വിശാല മനസ്സ് നിർബന്ധം. ‘നിൻ്റെ ഹൃദയം നാം വിശാലമാക്കിത്തന്നു’ എന്ന് പ്രവാചകനോട് ആദ്യമേ പറഞ്ഞത് അതുകൊണ്ടത്രെ! ഹ്യദയവിശാലതയെന്നത് വലിയ ദൈവാനുഗ്രഹമെന്ന് സുക്തസാരം. ആ വേദവാഹകൻ മനുഷ്യരെ മനസ്സുനിറയെ സ്നേഹിച്ചത് നാം കാണുന്നു. അനുചരൻമാർക്കു മാത്രമല്ല, എതിരാളികൾക്കും അവിടെയൊരു ഇടമുണ്ടായിരുന്നു. നമ്മോട് വിയോജിക്കുന്നവർക്ക് നമ്മുടെ മനസ്സിലുള്ള സ്ഥാനമെന്താണ്?
ഇതൊരു പ്രധാന വിഷയം തന്നെ; എതിരഭിപ്രായങ്ങളോട് സഹിഷ്ണുത കാണിക്കണമെങ്കിൽ നമ്മുടെ മനസ്സ് ആകാശം മുട്ടെ വളരണം. അപ്പോൾ മറുവീക്ഷണക്കാർക്കും നാം സ്വാഗതം പറയും, സംവാദ വേദിയിലല്ല, സ്വജീവിതത്തിൽ തന്നെ! എതിർപ്പുകളെയും വിമർശനങ്ങളേയും പുഞ്ചിരിയോടെ നേരിടാൻ കഴിയും. വിമർശനങ്ങളിൽ മനസ്സിടുങ്ങിപ്പോകുന്ന അവസ്ഥയെക്കുറിച്ചും സത്യവേദം സംസാരിക്കുന്നുണ്ട്. വിശാല മനസ്സില്ലാത്തവൻ ഗുരുനാഥനോ, പ്രബോധകനോ, പ്രഭാഷകനോ ഒന്നുമാകാൻ കൊള്ളില്ല. നമ്മുടെ ഹൃദയം വിശാലമാണോ, അവിടെ മറ്റുള്ളവർക്ക് പാർക്കാൻ ഒരിടമുണ്ടാകും! നമ്മോട് വിയോജിക്കുന്നവരോടുള്ള നമ്മുടെ നിലപാട് എന്താണ്? ചിന്തിച്ചു നോക്കൂ, നമ്മിലെ അസഹിഷ്ണുവിനെ പിടികൂടാനാകും. നാം ഷുഗറിൻ്റെയും ബി.പിയുടെയും കൊളസ്ട്രോളിൻ്റെയും മാത്രം തോത് പരിശോധിച്ചാൽ പോരാ. നമ്മുടെ നെഞ്ചകങ്ങളുടേയും അളവെടുക്കണം.
സദ്റുദ്ദീൻ വാഴക്കാട്
7025786574