പ്രവാചകന് ഭര്‍ത്താവ് എന്ന നിലയില്‍ -ഫൗസിയ ഷംസ്

ധൈഷണിക ചിന്താ സാഹിത്യ രാഷ്ട്രീയ രംഗങ്ങളില്‍ സമൂഹത്തെ നിര്‍ണായകമായി സ്വാധീനിച്ച നിരവധിയാളുകളെ ചരിത്രത്തില്‍ കാണാന്‍ കഴിയും. അവരില്‍ പലരും ജനമനസ്സുകളില്‍ ആരാധനാ കഥാപാത്രങ്ങളുമായിരിക്കും. പക്ഷേ അവരില്‍ പലരും സമൂഹത്തില്‍ എന്തെല്ലാമോ ആയിരിക്കുമ്പോഴും കുടുംബത്തില്‍ ഒന്നുമല്ലാതായിപ്പോയവരാണ്. സമൂഹത്തിലെ പല റോളുകള്‍ ഭംഗിയായി നിര്‍വഹിച്ച പലരും കുടുംബനാഥന്/ഭര്‍ത്താവ് എന്ന റോള്‍ തികച്ചു പൂരിപ്പിക്കാന്‍ കഴിയാത്തവരോ അതില്‍ പരാജയപ്പെട്ടവരോ ആണ്. ഏക പത്നീവ്രതം ആചരിച്ചവരും ബഹുഭാര്യാത്വം ആചരിച്ചവരും ഇതിലുണ്ട്.
ഇവിടെയാണ് ചരിത്രം മുഹമ്മദ് നബി (സ) എന്ന കുടുംബനാഥനെ കൊണ്ടുനിര്‍ത്തിയിരിക്കുന്നത്. സാമൂഹിക ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും മാതൃക നല്കിയതോടൊപ്പം ഭര്‍ത്താവെന്ന റോള്‍ കൂടി ഭംഗിയായി നിര്‍വഹിച്ച് കാലത്തിനു മാതൃകയായ നേതാവാണ് അദ്ദേഹം. പുരുഷനെന്ന നിലയില്‍ പുരുഷന്മാര്ക്ക് മാത്രമല്ല, തന്റെ കൂടെ ജീവിച്ച സ്ത്രീകള്‍ക്ക് കുടുംബജീവിതത്തില്‍ എപ്രകാരമാണ് ഇടപെടേണ്ടതെന്നു പഠിപ്പിച്ചുകൊണ്ട് അദ്ദേഹം സ്ത്രീകള്‍ക്കും മാതൃകയായി.
കുടുംബത്തെ നിര്‍വചിക്കുമ്പോള്‍ മക്കള്‍, മാതാവ്, പിതാവ് എന്നതിനപ്പുറം ഭാര്യ, ഭര്‍ത്താവ് എന്നീ വ്യത്യസ്തവും വിഭിന്നവുമായ സ്വഭാവ സവിശേഷതകളും ഭിന്നാഭിരുചികളുമുള്ള വ്യക്തികളുടെ ഐക്യപ്പെടലിനാണ് ദാമ്പത്യത്തില്‍ പ്രാധാന്യം. സ്നേഹവും വാത്സല്യവും കരുണയും പ്രേമവും മാത്രമല്ല ആ ജീവിതത്തിലുണ്ടാവുക. മുന്നോട്ടുനീങ്ങുന്നതിനനുസരിച്ച് അഭിപ്രായ വ്യത്യാസങ്ങളുടെയും അനൈക്യത്തിന്റെയും സ്വരച്ചേര്‍ച്ചയില്ലായ്മയുടെയും പൊട്ടുകള്‍ ദമ്പതിമാര്‍ക്കിടയില്‍ കാണാം. അവിടെ ആര് താണുകൊടുത്താലാണ്, വിട്ടുവീഴ്ച ചെയ്താലാണ്, സഹിച്ചാലാണ്, സ്നേഹം ചൊരിഞ്ഞാലാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവുകയെന്നത് സാമൂഹിക ശാസ്ത്രജ്ഞന്മാരുടെയും മനശ്ശാസ്ത്രജ്ഞന്മാരുടെയും മുന്നിലുള്ള വലിയൊരു അന്വേഷണമാണ്. വിവാഹമോചനവും ദാമ്പത്യത്തകര്‍ച്ചയും ഏറിവരുന്ന കാലത്ത് നല്ലൊരു ദാമ്പത്യ മാതൃക അന്വേഷിക്കുന്നുണ്ട് ലോകം. എക്കാലത്തെയും നല്ല ഭര്‍ത്താവിനെ സമ്മാനിച്ച മുഹമ്മദ് നബി (സ) അവിടെ മാതൃകയായി ഉയര്‍ന്നുവരിക സ്വാഭാവികം.
ഇസ്ലാമില്‍ ദാമ്പത്യമെന്നത് ദയ, സ്നേഹം, കാരുണ്യം എന്നിവ പരിപാലിക്കപ്പെടേണ്ട ദൃഢമായ ഉടമ്പടിയാണ്. ”അല്ലാഹു നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്കു ഇണകളെ സൃഷ്ടിച്ചു തന്നു, നിങ്ങള്‍ക്ക് സമാധാനത്തോടെ ഒത്തുചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതെല്ലാം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. വിവേകശാലികളായ ജനത്തിന് ഇതില്‍ നിരവധി തെളിവുകളുണ്ട്” (അര്‍റൂം 30: 21). ഈ ഖുര്‍ആനിക പ്രഖ്യാപനത്തെ ജീവിതത്തിലൂടെ സാക്ഷാത്കരിച്ചുകാണിക്കുകയാണ് റസൂല്‍ (സ) ചെയ്തത്. അതുകൊണ്ടുതന്നെയാണ് പത്നിമാരില്‍ ഒരാളായ ആഇശയോട് പ്രവാചകന്റെ സ്വഭാവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘ഖുര്‍ആനായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവ’മെന്ന് അവര്‍ക്ക് പറയാന്‍ കഴിഞ്ഞത്.
വ്യത്യസ്ത ജീവിത സാഹചര്യങ്ങളും സ്വഭാവങ്ങളും കാഴ്ചപ്പാടുകളും കുടുംബ പാരമ്പര്യമുള്ളവരുമാണ് ഭാര്യാഭര്ത്താക്കന്മാര്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ പെട്ടെന്നുലയാനും മാറ്റിനിര്‍ത്താനും മറ്റൊന്ന് അന്വേഷിക്കാനും സാധ്യതയുള്ള ബന്ധം. ‘നിങ്ങളില്‍ ഏറ്റവും ഉത്തമന് തന്റെ ഭാര്യയോട് നന്നായി പെരുമാറുന്നവനാണ്. നിങ്ങളില്‍ നിന്ന് ഭാര്യമാരോട് ഏറ്റവും നന്നായി പെറുമാറുന്നവന്‍ ഞാനാണ്'(ഇബ്നുമാജ) എന്ന് പറഞ്ഞ പ്രവാചകന്, കുടുംബത്തില്‍ നായകനെന്ന നിലയില്‍ തന്റെ ജീവിത പങ്കാളിയോട് അനുവര്‍ത്തിക്കേണ്ട നയത്തെക്കുറിച്ച് സൂചിപ്പിക്കുകയായിരുന്നു. ഏറ്റവും നല്ല പരിചരണം അര്‍ഹിക്കുന്നവളും ഭര്‍ത്താവിനാല്‍ ലാളനയും പരിഗണനയും ലഭിക്കേണ്ടവളുമാണ് തന്റെ ഇണ എന്ന ഈ വചനത്തെ സ്വാര്ഥകമാക്കി ലോകത്തിനു പ്രവാചകന് മാതൃകയായി.

