മഹത്തായ ദൈവികസന്ദേശത്തിന്റെ പ്രബോധനമാധ്യമം എന്ന നിലയില്‍ പ്രവാചകന്മാര്‍ക്ക് ഇസ്‌ലാമില്‍ വലിയ പ്രാധാന്യമുണ്ട്. പ്രവാചകന്മാരില്‍നിന്ന് സന്ദേശമുള്‍ക്കൊള്ളാത്ത ഒരു സമൂഹവും ഈ ലോകത്ത് ഉണ്ടാകില്ലെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി വെളിപ്പെടുത്തുന്നു: ”നിശ്ചയമായും താങ്കളെ നാം സന്തോഷവാര്‍ത്ത അറിയിക്കുകയും മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്ന ആളായി സത്യമതത്തോടുകൂടി അയച്ചിരിക്കുന്നു. ഒരൊറ്റ സമുദായവും അതിലൊരു മുന്നറിയിപ്പുകാരന്‍ കഴിഞ്ഞു പോകാതിരുന്നിട്ടില്ല” (35:24). ഈ പ്രപഞ്ചത്തെയും സാമൂഹികവ്യവസ്ഥയെയും പരിപാലിച്ചുപോരുന്ന ദൈവികസന്ദേശങ്ങളെ സ്ഥലകാലങ്ങളുടെ പ്രായോഗികതകള്‍ക്കനുസരിച്ച് പകര്‍ന്നേകി ധാര്‍മികവും നൈതികവും സനാതനവുമായ അടിത്തറയില്‍ ഉറച്ച സമൂഹത്തെ കെട്ടിപ്പടുക്കുന്നതിന് നിയുക്തരാകുന്നവരാണ് പ്രവാചകന്മാര്‍ എന്നര്‍ഥം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്രയോ പ്രവാചകന്മാര്‍ ധര്‍മോപദേശം നടത്തിയിരുന്നുവെന്നും അവരില്‍ ചിലര്‍ക്ക് വേദഗ്രന്ഥങ്ങള്‍ നല്‍കപ്പെട്ടിരുന്നുവെന്നും പറയുന്ന ഇസ്‌ലാം എല്ലാ പ്രവാചകന്മാരെയും ആദരിക്കുന്നു. എല്ലാ മുന്‍കാല പ്രവാചകന്മാരും കൊണ്ടുവന്നത് ഒരേ ദൈവത്തിന്റെ സന്ദേശമാണ്. ഉറവിടം ഒന്നായതുകൊണ്ടുതന്നെ അവക്കെല്ലാം സാധര്‍മ്യവുമുണ്ട്. പിന്നീട് അധികാരവും സമ്പത്തും പൗരോഹിത്യവും കൈക്രിയകള്‍ നടത്തി അവയുടെ പരിശുദ്ധിയും തെളിമയും ചോര്‍ത്തിയെടുത്തു. ക്രമേണ ദൈവികസന്ദേശങ്ങളും പ്രവാചകന്മാരുടെ ഉപദേശങ്ങളും ജീവിതവും മറ്റും കലര്‍പ്പുറ്റ ആഖ്യാനങ്ങളായി. അവരില്‍ പലരുടെയും ജീവിതസന്ദേശങ്ങള്‍ അതിന്റെ തനതു ഭാവത്തിലും മഹിമയിലും കിട്ടാതെ പോയി. ഈ സന്ദര്‍ഭത്തില്‍ ഏകമായ ഈശ്വരതത്ത്വത്തിന്റെ മഹനീയത ഉദ്‌ബോധിപ്പിക്കുന്നതിനോടൊപ്പം അനാദിയായ ഈശ്വര പ്രമാണങ്ങളുടെ പരമമൂല്യത്തെ പുനഃസ്ഥാപിക്കുകയും വേണ്ടിവന്നു. ഇവ കൃത്യവും സൂക്ഷ്മവും സുരക്ഷിതവുമായി നടപ്പില്‍ വരുത്തുകയായിരുന്നു പ്രവാചകനായ നബിയുടെ ജീവിതലക്ഷ്യം. അതുകൊണ്ടാണ് അനാദിയായ ഈശ്വരപ്രബോധനങ്ങളാണ് ഇസ്‌ലാമെന്നും തിരുമേനി അതിന്റെ സ്ഥാപകനല്ലെന്നും മറിച്ച് അവയെല്ലാം മനുഷ്യര്‍ക്കെത്തിച്ചുകൊടുത്ത തിരുദൂതനാണെന്നും പറയുന്നത്. മനുഷ്യര്‍ ദൈവനിര്‍ദിഷ്ടമായ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ മാത്രമേ അവന്റെ ജീവിതം സാര്‍ഥകവും കൂടുതല്‍ ജീവിതവ്യവുമാകുകയുള്ളൂ. ഇതിലേക്ക് അവനെ ഉയര്‍ത്തുന്നവരാണ് പ്രവാചകന്മാര്‍. ”മുഴുവന്‍ മനുഷ്യരിലേക്കും ആയിട്ടല്ലാതെ (നബീ) താങ്കളെ നാം അയച്ചിട്ടില്ല. പക്ഷേ, മനുഷ്യരില്‍ അധികം പേരും ആ യാഥാര്‍ഥ്യം അറിയുന്നില്ല” (34:28).
ജീവിതസന്ദേശം
ചരിത്രപുരുഷനായ തിരുമേനിയുടെ ജീവിതം സ്‌നേഹത്തിലും ത്യാഗത്തിലും സഹനത്തിലും അധിഷ്ഠിതമായിരുന്നു. തന്റെ ജീവിതത്തെത്തന്നെ ലോകത്തിന് സന്ദേശമായി നല്‍കിയ അവിടുന്ന് മനുഷ്യകുലത്തോടും അത്തരത്തിലുള്ള ജീവിതസന്ദേശമായി സ്വയം മാറാന്‍ ആഹ്വാനവും നടത്തി. ദൈവത്തിന്റെ ഏകത്വത്തിലും സാര്‍വലൗകികസ്വാതന്ത്ര്യത്തിലും ഊന്നിയതാണ് അവിടുത്തെ പ്രബോധനങ്ങള്‍. നമുക്കിടയില്‍ ഒരു സാധാരണക്കാരനെപ്പോലെ ജീവിച്ചതും ജീവിതത്തിന്റെ എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും ഏറ്റുവാങ്ങിയതും മനുഷ്യകുലത്തിന് ഉദാത്തമായ മാതൃകാജീവിതം പഠിപ്പിച്ചുകൊടുക്കുന്നതിനാണ്. പ്രപഞ്ചം ഉള്ളടങ്ങുന്ന വിശാലവും പരിപൂര്‍ണവുമായ ജീവിതസന്ദേശം അവിടുന്ന് സ്വാംശീകരിച്ചിരുന്നു. സാധാരണ മനുഷ്യനായി ജീവിച്ച തിരുമേനി അമാനുഷികഭാവം അവകാശപ്പെട്ടിട്ടില്ല. മനുഷ്യന്റെ സമൂലവും സര്‍ഗോന്മുഖവുമായ മാറ്റങ്ങള്‍ക്കാണ് അദ്ദേഹം പ്രാധാന്യമേകിയത്. ഇതെല്ലാം ഗ്രഹിക്കാന്‍ തയാറാകുന്ന ഒരു സത്യാന്വേഷിക്ക് അവഗണിക്കാനാകാത്ത സ്രോതസ്സാണ് പ്രവാചകചര്യ, അതായത് ഹദീസ് (സുന്നത്ത്).
മനുഷ്യകുലത്തോടുള്ള അപാരകാരുണ്യമൊന്നുകൊണ്ടാണ് അല്ലാഹു മാര്‍ഗനിര്‍ദേശകരായി പ്രവാചകന്മാരെ അയക്കുന്നത്. നബിതിരുമേനിയാല്‍ നിര്‍ദേശിക്കപ്പെട്ട മതം മനുഷ്യരാശിക്ക് നീതിയും സമത്വവും സാഹോദര്യവും സമാധാനവും ഇഹ-പരലോകങ്ങളിലെ സുസ്ഥിതിയും ഉറപ്പു വരുത്തുന്നു. ഒരു മതം മാനവരാശിക്ക് കാരുണ്യത്തിന്റെ ജീവസ്പന്ദമാകുന്നതിന് ചില സുപ്രധാന ഘടകങ്ങള്‍ ഉണ്ട്. അവയെ സ്രഷ്ടാവിനോടുള്ള വിധേയത്വം, വെളിപാടുകളുടെയും പ്രബോധനങ്ങളുടെയും മൂല്യബലം, സാര്‍വത്രികമായ അഭ്യുന്നതി, പ്രശ്‌ന പരിഹാരത്തിനുള്ള ശേഷി, ഐക്യത്തിനും ശാന്തിക്കുമുള്ള ഊന്നല്‍, നന്മയുടെ പുനഃസ്ഥാപനം, സ്ഥിതിസമത്വബോധത്തോടുള്ള ആഭിമുഖ്യം, മാനുഷികൈക്യത്തോടും മനുഷ്യാവകാശത്തോടുമുള്ള പ്രതിബദ്ധത എന്നിങ്ങനെ ക്രോഡീകരിക്കാം.
സ്രഷ്ടാവിനോടുള്ള വിധേയത്വം
പ്രവാചകന്റെ താത്ത്വികവും പ്രായോഗികവുമായ സകല മൂല്യങ്ങള്‍ക്കും ആധാരം സ്രഷ്ടാവിനോടു മാത്രമുള്ള കേന്ദ്രീകൃത വിധേയത്വഭാവമാണ്- അതായത്, ഏകവും അദ്വയവുമായ ഈശ്വര തത്ത്വത്തിലുള്ള അചഞ്ചല വിശ്വാസം (അത്തൗഹീദ്). ഇടനിലയോ പങ്കുവെപ്പോ അസാധ്യമായ, കേവലമായ അസ്തിത്വമാണ് അല്ലാഹു. ”നബീ, പറയുക അല്ലാഹു ഏകനാണ്. അല്ലാഹു ആരെയും ഒരു നിലക്കും ആശ്രയിക്കാത്തവനും സര്‍വ ചരാചരങ്ങളുടെയും ആശ്രയകേന്ദ്രവുമാകുന്നു” (112: 1,2). ഇവിടെ ഉള്ള സൃഷ്ടികളെല്ലാം പരസ്പരപൂരകവും പരസ്പരാശ്രിതവുമായതിനാല്‍ ഇവയുടെ അടിസ്ഥാനം ഒരേയൊരു സ്രഷ്ടാവ് മാത്രമാണെന്ന് വ്യക്തമാകുന്നു. ദൈവത്തിന്റെ പരമാധികാരം പ്രപഞ്ചത്തിന്റെ സമസ്ത തലങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു.
നബിയുടെ സന്ദേശങ്ങളുടെയും വെളിപാടുകളുടെയുമെല്ലാം കേന്ദ്രോര്‍ജം സ്രഷ്ടാവിന്റെ ഏകത്വമാണ്. ഈ സ്രഷ്ടാവിലുള്ള വിശ്വാസമായിരുന്നു തിരുമേനിയുടെ ജീവിതത്തിന്റെ പ്രധാന ഘടകം. വില്യം മൂര്‍ തന്റെ ‘Life of Muhammed’ എന്ന പുസ്തകത്തില്‍ പറയുന്നു: ‘തന്റെ ഏതാനും അനുയായികള്‍പോലും ശത്രുവലയത്തില്‍പെട്ട് പ്രത്യക്ഷത്തില്‍ നിരാലംബരായിട്ടും വിജയത്തെ കുറിച്ചുള്ള പ്രതീക്ഷയോടെ ശത്രുക്കളെ ചെറുത്തുനിന്നുകൊണ്ട് തന്റെ യജമാനനായ സര്‍വശക്തനില്‍ വിശ്വാസമര്‍പ്പിച്ച് ദൃഢനിശ്ചയത്തോടെ അചഞ്ചലനായി നില്‍ക്കുന്ന മുഹമ്മദിന്റെ ചിത്രം ഉദാത്ത ഗംഭീരമാണ്’. ഖുറൈശികളുടെ ക്രൂരതയും കരുത്തും മനസ്സിലാക്കിയ അബൂത്വാലിബ് തിരുമേനിയെ പിന്തിരിപ്പിക്കാന്‍ നോക്കിയപ്പോള്‍ അവിടുന്ന് ഇങ്ങനെയാണ് പ്രതികരിച്ചത്; ‘എന്റെ ഏകാന്തതയെ കുറിച്ച് അങ്ങ് ഭയവിഹ്വലനാകേണ്ടതില്ല. സത്യം എക്കാലവും ഒറ്റപ്പെട്ടിരിക്കുകയില്ല. അറേബ്യയിലും അതിനപ്പുറവുമുള്ളവര്‍ ഒരു കാലം ആ സത്യത്തിന്റെ സംരക്ഷകരായി വരിക തന്നെ ചെയ്യും’.
സാര്‍വത്രികമായ അഭ്യുന്നതി
സവിശേഷ ബുദ്ധിയും ചിന്താശക്തിയുമാണ് മനുഷ്യനെ മറ്റ് ജന്തുജാലങ്ങളില്‍നിന്ന് വ്യതിരിക്തനാക്കുന്നത്. അടിസ്ഥാനപരമായ വ്യക്തിത്വം മനുഷ്യന്റെ ആത്മീയതലത്തില്‍ അധിഷ്ഠിതമാണെങ്കിലും വിഷയവ്യവഹാരത്തില്‍ ഇടപെടുന്ന ഭൗതികതലവും അവനിലുണ്ട്. ഇതു രണ്ടിനെയും താളാത്മകമായി സമന്വയിപ്പിക്കുന്നതാണ് നബിയുടെ ജീവിതാചരണത്തില്‍ അധിഷ്ഠിതമായ സദുപദേശങ്ങള്‍. അത് മാനവരാശിക്ക് വൈജ്ഞാനികവും ശാസ്ത്രീയവുമായ മാര്‍ഗദര്‍ശനമേകി അവന്റെ സര്‍വതോമുഖമായ പുരോഗതിക്ക് കാരണമാക്കുന്നു. ആധ്യാത്മികം, രാഷ്ട്രീയം, സാമ്പത്തികം, സാംസ്‌കാരികം തുടങ്ങിയ സമസ്ത മേഖലകളും അതില്‍ ഉള്ളടങ്ങുന്നു. ഇസ്‌ലാമിക തത്ത്വങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി നാടിന്റെ നാനാഭാഗത്തും പല പണ്ഡിതന്മാരെയും നിയോഗിച്ച തിരുമേനി അവര്‍ക്ക് നല്‍കിയ നിര്‍ദേശം ഇതായിരുന്നു: ‘ആളുകളോട് വളരെ മര്യാദയായി പെരുമാറണം. ഒരിക്കലും പാരുഷ്യം കാണിക്കരുത്. എല്ലാവരോടും സൗമനസ്യം കാണിക്കണം. ആരെയും നിന്ദിക്കരുത്. വേദവിശ്വാസികളായ പലരും നിങ്ങളോടു ചോദിക്കും; സ്വര്‍ഗത്തിലേക്കുള്ള പ്രവേശനമാര്‍ഗം ഏതാണെന്ന്. അവരോട് പറയണം, അത് ദൈവത്തിന്റെ സത്യത്തിന് സാക്ഷ്യം വഹിക്കലും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കലുമാണ്.’
സഹതാപത്തിലും സ്‌നേഹത്തിലും കാരുണ്യത്തിലും വിശ്വാസികള്‍ ശരീരത്തിലെ അവയവം കണക്കെയാകണമെന്നാണ് പ്രവാചകന്റെ അഭിപ്രായം. ‘ഒരവയവത്തിനു വേദന ബാധിച്ചാല്‍ ദേഹമാകെ പനിക്കുകയും വേദനയനുഭവിക്കുകയും ചെയ്യുന്നു’ എന്നാണ് അവിടുന്ന് കൊടുക്കുന്ന ഉദാഹരണം. നന്മ പ്രചരിപ്പിക്കുകയും തിന്മയെ തടയുകയുമായിരുന്നു അവിടുത്തെ ഉദ്ദേശ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ മൂല്യാധിഷ്ഠിതമായ കലയും സാഹിത്യവും കായികവിനോദവുമെല്ലാം പ്രവാചകന്‍ പ്രോത്സാഹിപ്പിച്ചു. സംഭാഷണംപോലും കാവ്യംപോലെ മധുരമാക്കിയിരുന്ന തിരുമേനി അറബിക്കവിതകളെയും പ്രോത്സാഹിപ്പിച്ചിരുന്നു. തിരുമേനിയുടെ സംഘത്തില്‍ അക്കാലത്ത് യോദ്ധാക്കളോടൊപ്പം തന്നെ ഭക്തരും കവികളും കലാകാരന്മാരും ഉണ്ടായിരുന്നു. മനുഷ്യന്റെ വൈകാരികവും ബുദ്ധിപരവുമായ, സമഗ്രവും സാര്‍വത്രികവുമായ വികാസമാണ് തിരുമേനി ഇതിലൂടെയെല്ലാം ലക്ഷ്യമാക്കുന്നത്.
പ്രശ്‌നപരിഹാരത്തിനുള്ള ശേഷി
പ്രശ്‌നപരിഹാരത്തിന് നീതിപൂര്‍വകമായ സമീപനമാണ് പ്രവാചകന്‍ കൈക്കൊണ്ടിരുന്നത്. ശത്രുക്കളെന്നോ മിത്രങ്ങളെന്നോ, വിശ്വാസികളെന്നോ അവിശ്വാസികളെന്നോ, അറബികളെന്നോ അനറബികളെന്നോ പരിഗണിക്കാതെ മാധ്യസ്ഥ്യം വഹിച്ച് തര്‍ക്കങ്ങളെല്ലാം നീതിനിഷ്ഠമായി പരിഹരിച്ച് അദ്ദേഹം മഹാമാതൃകയായിത്തീര്‍ന്നു. അവിടെ വ്യക്തിതാല്‍പര്യമോ കുടുംബബന്ധമോ സാഹോദര്യമോ മറ്റിടപാടുകളോ ഒന്നും മാനദണ്ഡമാക്കിയിരുന്നില്ല. സത്യത്തിലും സമത്വത്തിലും സാര്‍വത്രിക സാഹോദര്യത്തിലും അടിയുറച്ച ദൈവികനിയമങ്ങളെ കുറിച്ചുള്ള അവബോധമാണ് ഇതിന് തിരുമേനിയെ പ്രേരിപ്പിച്ചത്. ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്നവരും നീതിപൂര്‍വം സാക്ഷി പറയുന്നവരുമാകുക. ഒരു ജനതയോടുള്ള വിരോധം അവരോട് നീതി പ്രവര്‍ത്തിക്കാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നിങ്ങള്‍ നീതി പ്രവര്‍ത്തിക്കുക. അതാണ് തഖ്‌വയോട് ഏറ്റവും കൂടുതല്‍ അടുത്തത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിങ്ങളെ സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു” (5:8).
ഒരിക്കല്‍ ത്വാഇഫ് കീഴടക്കാന്‍ നബിതിരുമേനിയെ സഹായിച്ച ഗോത്രത്തലവന്‍ തനിക്കെതിരെ വന്ന ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടപ്പോള്‍ കടപ്പാടുകളൊന്നും നോക്കാതെ നബിതിരുമേനി അയാള്‍ക്ക് അര്‍ഹമായ ശിക്ഷ വിധിക്കുകയുണ്ടായി. മോഷണക്കുറ്റം ചുമത്തപ്പെട്ട ഖുറൈശി സ്ത്രീയെ പ്രസ്തുത വര്‍ഗക്കാരുടെ പ്രതികരണം ഭയന്ന് മോചിപ്പിക്കണമെന്ന് തിരുമേനിയോട് ആവശ്യപ്പെട്ടപ്പോള്‍ ‘പാവങ്ങളെ മാത്രം ശിക്ഷിക്കുകയും വലിയവരുടെ കുറ്റങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നതു വഴി പല സമുദായങ്ങളും മുമ്പ് സ്വയം നശിച്ചുപോയിരുന്നു. അല്ലാഹുവാണ, മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് മോഷണം നടത്തിയതെങ്കില്‍ അവളുടെ കൈകളും ഛേദിക്കപ്പെട്ടേനെ’ എന്നായിരുന്നു മറുപടി. കടുത്ത ശത്രുത പുലര്‍ത്തിയിരുന്ന ജൂതന്മാര്‍ പോലും അവരുടെ നിയമപ്രകാരം അന്യോന്യമുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ക്ഷണിച്ചത് തിരുമേനിയെയായിരുന്നു. ജൂതനും മുസ്‌ലിമും തമ്മിലുള്ള തര്‍ക്കത്തില്‍ ജൂതന് അനുകൂലമായിട്ടായിരുന്നു ഒരവസരത്തില്‍ തിരുമേനി വിധിപ്രസ്താവം നടത്തിയത്. മറ്റൊരിക്കല്‍ അവിടുന്ന് അനുചരന്മാരോട് പറഞ്ഞു: ‘ഞാനൊരു മനുഷ്യനാണ്. നിങ്ങള്‍ ഓരോ കേസ്സുമായി എന്റെ അടുത്തെത്തും. ഞാന്‍ നിങ്ങളുടെ ന്യായവാദങ്ങള്‍ എല്ലാം കേള്‍ക്കും. ചിലര്‍ക്ക് അവരവരുടെ വാദങ്ങള്‍ സമര്‍ഥിക്കാന്‍ പ്രത്യേക ചാതുര്യമുണ്ടാകും. അങ്ങനെ അവര്‍ അനുകൂലമായ വിധി സമ്പാദിച്ചേക്കും. സഹോദരങ്ങളേ, അങ്ങനെ ആരെങ്കിലും അന്യായമായ വിധി എന്നില്‍നിന്നും സമ്പാദിച്ചിട്ടുണ്ടെങ്കില്‍ ഓര്‍മിക്കുക, തീര്‍ച്ചയായും പരലോകത്ത് നരകത്തിലേക്കുള്ളതാണ് നിങ്ങള്‍ സമ്പാദിച്ചിട്ടുള്ളത്’.
ഐക്യത്തിനും ശാന്തിക്കുമുള്ള ഊന്നല്‍
പ്രായോഗികമായ സമാധാനസന്ദേശത്തിന്റെ സഞ്ചരിക്കുന്ന ആള്‍രൂപമായിരുന്നു മുഹമ്മദ് നബി. അവിടുന്നും അനുയായികളും മക്കയില്‍നിന്ന് തിരിച്ചെത്തി മുഹാജിറുകളുടെയും അന്‍സാറുകളുടെയും സഹായത്തോടെ മദീനയെ ആദ്യത്തെ സ്വതന്ത്ര ഇസ്‌ലാമിക രാഷ്ട്രമാക്കി. ദിമ്മികള്‍ (രാഷ്ട്രം സംരക്ഷണബാധ്യത ഏറ്റെടുത്ത വിഭാഗങ്ങള്‍) എന്ന് അറിയപ്പെട്ട അമുസ്
ലിംകളുമായി ഉണ്ടാക്കിയ ഉടമ്പടിയിലെ പ്രസക്ത ഭാഗങ്ങള്‍ മനസ്സിലാക്കിയാല്‍ ഐക്യത്തിനും ശാന്തിക്കുമുള്ള അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാകും. തങ്ങള്‍ക്കൊപ്പം രാജ്യത്ത് കഴിയുന്നവരെ സംരക്ഷിക്കേണ്ടതും ആക്രമണങ്ങളില്‍നിന്ന് അവര്‍ക്ക് സുരക്ഷിതത്വം നല്‍കേണ്ടതും മുസ്‌ലിംകളുടെ ബാധ്യതയാണ്. അമുസ്‌ലിംകള്‍ക്ക് തങ്ങളുടെ വിശ്വാസമനുസരിച്ച് ജീവിക്കാം. അവരെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കരുത്. അവരുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാകുന്ന ഒരു കാര്യവും മുസ്‌ലിംകള്‍ ചെയ്യാന്‍ പാടുള്ളതല്ല. ഇതൊക്കെ അവിടുത്തെ നിര്‍ദേശങ്ങളായിരുന്നു. സൈനികതലം, സാമ്പത്തികം, നീതിനിര്‍വഹണം, സാമൂഹിക നന്മ തുടങ്ങിയവയിലെല്ലാം അമുസ്‌ലിംകള്‍ക്കും പ്രവാചകന്‍ തുല്യസ്ഥാനം അനുവദിച്ചിട്ടുണ്ട്. തിരുമേനി മറ്റൊരിക്കല്‍ അരുളി: ‘സൂക്ഷിച്ചുകൊള്ളുക, അമുസ്‌ലിം പൗരന്മാരെ ആരെങ്കിലും അടിച്ചമര്‍ത്തുകയോ അവരുടെ മേല്‍ കഴിവിനതീതമായ നികുതിഭാരം കെട്ടിയേല്‍പ്പിക്കുകയോ അവരോട് ക്രൂരമായി പെരുമാറുകയോ ആണെങ്കില്‍ അന്ത്യനാളില്‍ അവനെതിരായി ഞാന്‍ പരാതി ബോധിപ്പിക്കുന്നതാണ്, അഥവാ ഞാന്‍ അവന്റെ ശത്രുവായിരിക്കും. ഞാന്‍ വല്ലവന്റെയും ശത്രുവായിരിക്കുന്ന പക്ഷം അവനെ ഞാന്‍ പരാജയപ്പെടുത്തുന്നതാണ്’.
നന്മയുടെ പുനഃസ്ഥാപനം
മനുഷ്യനിലെ മൗലികവും സാര്‍വജനീനവുമായ നന്മയെ ഉണര്‍ത്തുകയും ഉയര്‍ത്തുകയും അതിനെ തനതു ഭാവത്തില്‍ പ്രകാശിപ്പിക്കുകയുമാണ് പ്രവാചകന്‍ ചെയ്തത്. ഹജ്ജ് കാലത്ത് അറേബ്യന്‍ ഗോത്രങ്ങള്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്താറുള്ള നബി അവരെ അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊണ്ടും തനിക്ക് പിന്തുണയേകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഇപ്രകാരം പറയുമായിരുന്നു: ‘ഞാന്‍ നിങ്ങളിലേക്ക് അയക്കപ്പെട്ട അല്ലാഹുവിന്റെ ദൂതനാണ്. അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കുക. അവനോട് ആരെയും പങ്കുചേര്‍ക്കരുത്. അല്ലാഹുവിനോട് തുല്യമായി നിങ്ങള്‍ കാണുകയും അവനോട് പങ്കുചേര്‍ക്കുകയും ചെയ്യുന്ന സര്‍വതും വര്‍ജിക്കുക. സത്യം അംഗീകരിക്കുക. എന്റെ ദൗത്യം പരിപൂര്‍ണമായി നിര്‍വഹിക്കുന്നതുവരെ എന്നെ പിന്തുണക്കുകയും സംരക്ഷിക്കുകയും ചെയ്യുക’. ഇങ്ങനെ മനുഷ്യനിലെ ഈശ്വരോന്മുഖമായ ഗുണഘടകങ്ങളെ സാമൂഹികനന്മക്ക് ഉപയുക്തമാക്കുന്ന സന്ദേശങ്ങളാണ് അവിടുന്ന് അരുളിയത്. ഏതു പ്രതികൂലസാഹചര്യത്തിലും നന്മയില്‍ അടിയുറച്ച ജീവിതം കെട്ടിപ്പടുക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കുന്നത് മരണാനന്തരമുള്ള അന്ത്യവിധിയിലും പരലോകജീവിതത്തിലും അധിഷ്ഠിതമായ വിശ്വാസപ്രമാണങ്ങളാണ്. എല്ലാ വിഭാഗീയ പരിഗണനകള്‍ക്കും പുണ്യപാപകല്‍പനകള്‍ക്കും അതീതമായി മനുഷ്യരെ ആദം സന്തതികളേ, മനുഷ്യരേ, സത്യവിശ്വാസികളേ എന്നൊക്കെയാണ് ഖുര്‍ആനും പ്രവാചകനും അഭിസംബോധന ചെയ്യുന്നത്.
യഥാര്‍ഥ സ്വാതന്ത്ര്യം
മനുഷ്യനിര്‍മിതമായ തരംതിരിവുകളെല്ലാം ഇല്ലാതാക്കി യഥാര്‍ഥ സ്വാതന്ത്ര്യത്തിന്റെ ആകാശമാണ് തിരുമേനി നമുക്ക് വാഗ്ദാനം ചെയ്യുന്നത്. വിശ്വാസികളെ ചൂഷണം ചെയ്ത് അടിമകളാക്കുന്നതിനെ അവിടുന്ന് വിലക്കുന്നു. സൃഷ്ടിക്കും സ്രഷ്ടാവിനുമിടയില്‍ പൗരോഹിത്യമുള്‍പ്പെടെയുള്ള യാതൊന്നും ഇസ്‌ലാം അനുവദിക്കുന്നില്ല. ആദരവിന് ആരാധനയുടെ നിറം ലഭിക്കാതിരിക്കാന്‍ വേണ്ടി തന്നെ കാണുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്ന ശിഷ്യന്മാരെപ്പോലും അദ്ദേഹം വിലക്കി. സൂര്യഗ്രഹണനാളില്‍ തിരുമേനിയുടെ പുത്രന്‍ ഇബ്‌റാഹീം മരിച്ചപ്പോള്‍ അതിനെ അമാനുഷികതയായി വിലയിരുത്തിയതിനെ കുറിച്ച് ‘സൂര്യചന്ദ്രന്മാരുടെ ചലനങ്ങളും ഗതിവിഗതികളുമെല്ലാം നിയന്ത്രിക്കുന്നത് ദൈവം മാത്രമാണ്. അതില്‍ ഒരു മനുഷ്യന്റെ ജനനത്തിനോ മരണത്തിനോ യാതൊരു പങ്കുമില്ല. സാധാരണ പ്രകൃതിപ്രതിഭാസം മാത്രമാണവ’ എന്നാണ് അവിടുന്ന് പറഞ്ഞത്. പ്രവാചകന്മാരുടെയും സന്യാസിമാരുടെയും സമാധിസ്ഥലങ്ങള്‍ ആരാധനാകേന്ദ്രങ്ങളാക്കി മാറ്റിയതുകൊണ്ടാണ് പൂര്‍വസമൂഹങ്ങള്‍ നശിച്ചതെന്നും അദ്ദേഹം വിശ്വസിച്ചു. മനുഷ്യന് സ്വസ്ഥതയും സമാധാനവും ലഭിക്കുന്നത് ധാര്‍മികമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നീതിയും സമത്വവും കൈവരുമ്പോഴാണെന്ന തിരുമേനിയുടെ പ്രായോഗികസന്ദേശം എന്നും പ്രസക്തമാണ്.
സ്ഥിതിസമത്വത്തോടുള്ള ആഭിമുഖ്യം
ഈശ്വരസൃഷ്ടികളും ഒരേ പൈതൃകമുള്ളവരുമായ എല്ലാ മനുഷ്യരും തുല്യരാണെന്നാണ് ഇസ്‌ലാമിന്റെ സ്ഥിതിസമത്വബോധത്തിന്റെ അടിത്തറ. ജനങ്ങളെയെല്ലാം ഒരേ ആത്മാവില്‍നിന്ന് സൃഷ്ടിച്ചതാണെന്ന് തിരുമേനിക്ക് കിട്ടിയ ദിവ്യവെളിപാടില്‍ പറയുന്നുണ്ട്: ”ജനങ്ങളേ, തീര്‍ച്ചയായും ഒരു പുരുഷനില്‍നിന്നും ഒരു സ്ത്രീയില്‍നിന്നുമായി നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ പരസ്പരം അറിഞ്ഞ് പരിചയപ്പെടാന്‍ വേണ്ടിയാണ് നിങ്ങളെ നാം ശാഖകളും ഗോത്രങ്ങളുമാക്കിയിരിക്കുന്നത്” (49:13). തിരുമേനി അരുള്‍ ചെയ്തു: ‘നിശ്ചയം, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളുടെയെല്ലാം പിതാവും ഒന്നു തന്നെ. എല്ലാവരും ആദമില്‍നിന്ന്, ആദം മണ്ണില്‍നിന്ന്. അതുകൊണ്ട് അറബിക്ക് അനറബിയേക്കാളും വെളുത്തവന് കറുത്തവനേക്കാളും യാതൊരു ശ്രേഷ്ഠതയുമില്ല; ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ.’
പ്രവാചകന്‍ മദീനയില്‍ ആദ്യമായി മുസ്‌ലിം പള്ളി പണിതതിനു ശേഷം തുടക്കത്തില്‍ ബാങ്കുവിളിപ്പിച്ചത് അടിമയും കറുത്ത വര്‍ഗക്കാരനുമായ ബിലാലിനെക്കൊണ്ടായിരുന്നു. സമൂഹാചാരങ്ങളിലും മറ്റും മേല്‍ക്കോയ്മ പുലര്‍ത്തിയിരുന്ന ഗിഫാര്‍ എന്ന അറബി ഗോത്രത്തിലെ അബൂദര്‍റ് ഒരിക്കല്‍ ബിലാലിനെ ‘കറുമ്പിയുടെ മോനേ’ എന്ന് വിളിച്ചധിക്ഷേപിച്ചു. ഇതറിഞ്ഞ പ്രവാചകന്‍ ഇപ്രകാരം അബൂദര്‍റിനെ ഉപദേശിച്ചു: ‘ശരീരത്തിന്റെ വര്‍ണവും ഗോത്രമഹിമയും സമ്പത്തും അല്ല മനുഷ്യസാഹോദര്യവും മാനവികതയുമാണ് നമ്മെ ഒന്നിപ്പിക്കുന്നത്. ഇതിലേക്ക് വന്നതിനുശേഷവും താങ്കളില്‍ ജാഹിലിയ്യത്ത് (പൂര്‍വാചാരങ്ങള്‍) അവശേഷിക്കുകയോ? സംസ്‌കാരം കൊണ്ടാണ് താങ്കള്‍ മഹത്വം തെളിയിക്കേണ്ടത്. ബിലാലിന്റെ അമ്മയെ നിങ്ങള്‍ അപഹസിച്ചു. അമ്മ ആരായാലും അവര്‍ക്ക് മഹത്വമുണ്ട്. ആ അമ്മയെ അധിക്ഷേപിക്കാന്‍ താങ്കള്‍ക്ക് ആരാണ് അധികാരം തന്നത്?’ തിരുമേനിയുടെ ഈ വാക്കുകള്‍ കേട്ട് ബിലാലിനോട് തന്റെ മുഖത്ത് ആയിരം തവണ ചവിട്ടിക്കൊള്ളാന്‍ അബൂദര്‍റ് പറഞ്ഞു. ‘തിരുമേനി അത് തന്നെ പഠിപ്പിച്ചിട്ടില്ലെ’ന്നായിരുന്നു ബിലാലിന്റെ മറുപടി. ഒരിക്കല്‍ തിരുമേനി പറഞ്ഞു: ‘ബലഹീനരുടെയും അശരണരുടെയും ഇടയില്‍ എന്നെ തിരയുവിന്‍. നിങ്ങളിലുള്ള ദുര്‍ബലരും നിസ്സഹായരും കാരണം നിങ്ങള്‍ സഹായിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു’. ഒരാള്‍ തന്റെ ഹൃദയകാഠിന്യത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഒരനാഥക്കുട്ടിയെ ലാളിക്കാനും അഗതിക്ക് ആഹാരം നല്‍കാനുമാണ് റസൂല്‍ ആവശ്യപ്പെട്ടത്. ‘വിശക്കുന്ന ഒരു ദരിദ്രനെ ഊട്ടുന്നതാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്. അല്ലെങ്കില്‍ കടത്തില്‍പെട്ടുഴലുന്നവനെയോ പിഴക്ക് വിധിക്കപ്പെട്ടവനെയോ ഞെരുക്കത്തിലകപ്പെട്ടവനെയോ മോചിപ്പിക്കുന്നത്’എന്ന് മറ്റൊരിക്കല്‍ അവിടുന്ന് പറഞ്ഞു.
മാനുഷികൈക്യത്തോടും മനുഷ്യാവകാശത്തോടുമുള്ള പ്രതിബദ്ധത
ഏകനായ ഈശ്വരന്റെ സൃഷ്ടികളെല്ലാം ആവിഷ്‌കാരതലത്തില്‍ വിഭിന്നങ്ങളാണെങ്കിലും അവയുടെ സത്താതലത്തില്‍ ഐക്യമുള്ളതായിരിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് മാനുഷികൈക്യവും മനുഷ്യാവകാശങ്ങളും ഇസ്‌ലാമില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ദൈവവിശ്വാസമില്ലായ്മ, ഭൗതികതയോടുള്ള ആസക്തി, മനുഷ്യാവകാശനിഷേധം, മര്‍ദകനിയമങ്ങള്‍ എന്നിവ ഇസ്‌ലാമിക വ്യവസ്ഥക്ക് വിരുദ്ധങ്ങളാണ്. മനുഷ്യനിര്‍മിതങ്ങളും അപൂര്‍ണങ്ങളുമായ നിയമങ്ങള്‍ക്കു പകരം തിരുമേനിയിലൂടെ അവതീര്‍ണമായതും പരലോകബാന്ധവമാര്‍ന്നതുമായ ദൈവിക നിയമവ്യവസ്ഥയാണ് ലോകത്തിന് സമര്‍പ്പിക്കുന്നതെന്ന് ഇസ്‌ലാം പറയുന്നു. മനുഷ്യരുടെ എല്ലാ ചെയ്തികളെക്കുറിച്ചും ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും അറിയുന്ന അല്ലാഹുവിന്റെ സന്നിധിയിലേക്കാണ് അന്ത്യവിധിനാളില്‍ ഓരോരുത്തരും എത്തിച്ചേരുന്നത്. എല്ലാറ്റിനെ കുറിച്ചും അവനവിടെ കണക്കു ബോധിപ്പിക്കേണ്ടിവരും. അവന്‍ ചെയ്ത നന്മകള്‍ക്കെല്ലാം ലഭിക്കുന്നത് എണ്ണമറ്റ അനശ്വരാനുഗ്രഹങ്ങളും തിന്മകള്‍ക്ക് കിട്ടുന്നത് അതിതീവ്രമായ നരകയാതനകളുമായിരിക്കും.
ശാശ്വതമായ അഭ്യുന്നതിയിലേക്കുള്ള ആചരണനിര്‍ദേശങ്ങള്‍
പ്രവാചകന്റെ നിത്യപ്രസക്തിയുടെ അടിസ്ഥാനം അവിടുന്ന് സ്വായത്തമാക്കിയ, ജീവിതത്തിലുടനീളം പരിപാലിച്ച, എക്കാലത്തും എവിടെയും പ്രസക്തമായ ദൈവികമൂല്യങ്ങളാണ്. ബൈബിളില്‍ യോഹന്നാന്റെ സുവിശേഷത്തില്‍ പറയുന്നു: ‘വചനം ജഡമായിത്തീര്‍ന്ന് കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു’. ദൈവേഛയുടെ മനുഷ്യാകാരമായ മുഹമ്മദ് നബിക്കും ഈ വിശേഷണം അന്വര്‍ഥമാണ്. സാര്‍വകാലികവും സാര്‍വലൗകികവുമാണ് അവിടുത്തെ ദര്‍ശനവും സന്ദേശവും. മനുഷ്യകുലത്തിന് ഉദാത്ത മാതൃകയായി വര്‍ത്തിച്ച പ്രവാചകനില്‍ വിശ്വസ്തത, വിശാലമനോഭാവം എന്നിവയെല്ലാം ഉള്‍ച്ചേര്‍ന്നിരുന്നു. അവിടുന്ന് ഭൂതകാലത്തിന്റേതു മാത്രമല്ല, വര്‍ത്തമാനകാലത്തിന്റേതും ഭാവികാലത്തിന്റേതും കൂടിയാണ്; അഥവാ നിത്യവര്‍ത്തമാനമാണ്. ദേശകാലഭേദമന്യേ മനുഷ്യന്റെ അടിസ്ഥാനവും മൗലികവുമായ പ്രശ്‌നങ്ങള്‍ക്ക് സമാനതയുണ്ട്. അവക്കെല്ലാം പരിഹാരം ആചരണതലത്തിലൂടെ നിര്‍ദേശിച്ച് മനുഷ്യരാശിക്ക് ശാശ്വത സമാധാനത്തിനുതകുന്നതാണ് അവിടുന്നേകിയ സന്ദേശങ്ങള്‍. അവ മനുഷ്യസമുദായത്തിന് പുതുജീവനും കരുത്തും ധൈര്യവും അന്തസ്സും ഉദാത്തലക്ഷ്യവും പ്രദാനം ചെയ്ത് സംസ്‌കാര നാഗരികതകളുടെയും വൈജ്ഞാനിക കലകളുടെയും ആത്മീയ അടിത്തറയുടെയും പുരോഗതിക്ക് നിദാനമായി. ഇത് ലോകക്രമം തന്നെ മാറ്റിമറിച്ചു.
അവസാന ഹജ്ജിന്റെ സമയത്ത് അവിടുന്ന് ലോകത്തിന് രണ്ടു സന്ദേശങ്ങള്‍ നല്‍കിയിരിക്കുന്നു: ഒന്ന്, ലോകത്തിന്റെ സ്രഷ്ടാവും പരിപാലകനും രക്ഷിതാവും ഒന്നാണെന്നുള്ള ബോധ്യം. രണ്ട്, മുഴുവന്‍ മനുഷ്യരുടെയും പിതാവ് ഒരാളാണെന്ന അടിസ്ഥാനത്തിലുള്ള ബന്ധം. ഈ അടിത്തറയിലൂന്നിയാണ് മാനവകുലത്തിന്റെ യഥാര്‍ഥ ഏകത്വത്തിന്റെ സൗധം അവിടുന്ന് നിര്‍മിക്കുന്നത്. കാരണം, സര്‍വ സൃഷ്ടികളേക്കാളും ശ്രേഷ്ഠവും ആദരണീയവുമാണ് മനുഷ്യസൃഷ്ടി. ആ തലത്തിലുള്ള ഐക്യം സര്‍വതലത്തിലേക്കും വ്യാപിക്കും. മനുഷ്യന്‍ അനുഭവിക്കുന്ന എല്ലാറ്റിനും ഉത്തരവാദി അവന്‍ തന്നെയാണ്, മറ്റാരുമല്ല. മുഴുവന്‍ ലോകത്തിനും അനുഗ്രഹമായാണ് താന്‍ നിയോഗിക്കപ്പെട്ടതെന്ന കാര്യത്തില്‍ തിരുമേനിക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. സത്യവിശ്വാസികളോട് വളരെയേറെ കൃപയും വാത്സല്യവുമുള്ള, സൃഷ്ടികളോട് അഗാധമായ കാരുണ്യമുള്ള, ക്ഷേമകാര്യങ്ങളില്‍ വളരെയേറെ വിശ്വാസവും താല്‍പര്യവുമുള്ള ദൈവദൂതനായിരുന്നു അവിടുന്ന്. അവിടുന്ന് ദീനും (മതവും) ദുന്‍യാവും (ഭൗതികവും) ഒന്നാണെന്ന വിപ്ലവകരമായ അധ്യാപനം നടത്തി. ഭരണം, യുദ്ധം, ഭൗതികമായ ആഗ്രഹങ്ങള്‍ സഫലമാക്കല്‍, മാനുഷിക താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കല്‍, വരുമാനത്തിനുള്ള പരിശ്രമം, ധര്‍മത്തിനനുസൃതമായ സുഖം അനുഭവിക്കല്‍, കുടുംബജീവിതം എന്നിവയൊന്നും മതത്തിന് എതിരല്ല. ജീവിതവ്യവഹാരങ്ങളിലെല്ലാം മതം ഉള്‍ക്കൊള്ളുന്ന ആധ്യാത്മികമൂല്യം അന്തഃസ്രോതസ്സായി വര്‍ത്തിക്കേണ്ടതുണ്ട്. ഇതിലൂടെ പ്രപഞ്ചസ്രഷ്ടാവിനെ തിരിച്ചറിഞ്ഞ്, ഉള്‍ക്കൊണ്ട്, സത്യവിശ്വാസവും (ഈമാന്‍) സല്‍പ്രവര്‍ത്തനങ്ങളും സ്വീകരിച്ച്, ചിന്തയുടെ ഔന്നത്യവും മനസ്സിന്റെ വിശുദ്ധിയുമുള്‍പ്പെടെയുള്ള ആന്തരികശേഷികളെ വളര്‍ത്തി മഹിമയിലേക്കുയരുകയാണ് വേത്.
നവോത്ഥാനത്തിന് ഊന്നലേകിയ സാമൂഹിക പരിഷ്‌കര്‍ത്താവ്, പൊതുമുതലില്‍ അവകാശമുന്നയിക്കാത്ത നീതിനിഷ്ഠനായ ഭരണാധികാരി, അനേകം ശിഷ്യരുള്ളപ്പോള്‍തന്നെ അവരോടൊപ്പം ശിഷ്യനായി തുടര്‍ന്ന വിദ്യാര്‍ഥി, നേതാവും സര്‍വസൈന്യാധിപനുമായിരിക്കുമ്പോള്‍തന്നെ അടിയുറച്ച ജനസേവകന്‍, സത്യം, ധര്‍മം, ശാന്തി, പ്രേമം, അഹിംസ എന്നിവയുടെ വക്താവ്, സമസൃഷ്ടികളോടുള്ള സ്‌നേഹം, സൗഹാര്‍ദം, സഹാനുഭൂതി, ആദരവ് എന്നിവയെ ഈശ്വരവിശ്വാസവുമായി ബന്ധപ്പെടുത്തിയ മഹാമനീഷി, ആത്മീയതയുടെ ഔന്നത്യങ്ങളില്‍ സഞ്ചരിക്കുമ്പോഴും ഗൃഹസ്ഥ ധര്‍മങ്ങള്‍, സാമൂഹിക പദവികള്‍, സമ്പത്ത്, കലാസ്വാദനം, വിനോദം എന്നിവയിലിടപെട്ട സമൂഹപ്രതിനിധി എന്നിങ്ങനെ ബഹുസ്വരമായ വ്യക്തിത്വം അവിടുന്ന് ഉള്‍ക്കൊണ്ടു. അനാഥന്‍, അഗതി, പ്രവാസി, ജനപ്രിയന്‍, ബഹിഷ്‌കൃതന്‍, മര്‍ദിതന്‍, അടിമകളുടെ വിമോചകന്‍, ജനനേതാവ്, യോദ്ധാവ്, ഭരണാധികാരി, കായികവിനോദ തല്‍പരന്‍, കലാ-സാഹിത്യ കുതുകി, വാഗ്മി, സാമൂഹിക പരിഷ്‌കര്‍ത്താവ് തുടങ്ങി വിവിധനിലകളില്‍ ഈ ലോകത്ത് അവിടുന്ന് വര്‍ത്തിച്ചു. അവിടുത്തെ വിശ്വസ്തത, ദയ, കരാര്‍പാലനം, നീതി, കാരുണ്യം, സ്‌നേഹം, വാത്സല്യം, ഔദാര്യം, ത്യാഗം, സഹനം, മാന്യത, നന്ദി, ക്ഷമ, സ്ഥൈര്യം, മനുഷ്യത്വം, വിട്ടുവീഴ്ച എന്നിവയുടെയെല്ലാം അടിത്തറ സത്യധര്‍മാദികളിലും ദൈവനീതിയിലും അടിയുറപ്പുള്ള വിശ്വാസമായിരുന്നു.
ആഗോളീകരണം, മൂലധന ദുഷ്പ്രഭുത്വം, കിടമത്സരങ്ങള്‍, വിതരണത്തിലെ അസമത്വം, കരാര്‍ ലംഘനം, അമിതമായ ചൂഷണം എന്നിവക്കു മേല്‍ക്കൈയുള്ള ഇന്നത്തെ വിവരസാങ്കേതികയുഗത്തില്‍ തിരുമേനി നിര്‍ദേശിച്ച ആചാരവിചാരങ്ങള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കും പ്രസക്തിയേറെയാണ്. ഇന്ന് വ്യക്തികളുടെ അഭിരുചികളും ആവശ്യങ്ങളും നിശ്ചയിക്കുന്നത് വിപണികളും മാധ്യമങ്ങളും മൂലധന കുത്തകകളുമാണ്. അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ഭീകരമായ യുദ്ധക്കെടുതിവരെ ലോകത്തിന് അനുഭവിക്കേിവരുന്നു. മനുഷ്യര്‍ക്കിടയിലെ വിശ്വാസവും സമത്വവും സാഹോദര്യവും പരസ്പര ധാരണയും സഹവര്‍ത്തിത്വവുമെല്ലാം വര്‍ഗീയതയിലേക്കും വംശവെറിയിലേക്കും ഭീകരവാദത്തിലേക്കും വഴിമാറിക്കൊണ്ടിരിക്കുന്നു. വ്യക്തികളും വര്‍ഗങ്ങളും സമുദായങ്ങളുമെല്ലാം പരസ്പരം അക്രമങ്ങളും കലാപങ്ങളും അഴിച്ചുവിടുന്നു. ശാസ്ത്രസാങ്കേതികവിദ്യ ഉപയോഗിച്ച് അവന്‍ പുതുക്കിപ്പണിത നവീനലോകക്രമം മനുഷ്യജീവിതത്തെ വിനാശത്തിലേക്കു തള്ളിവിടുന്നു. ഈ സാഹചര്യത്തില്‍ നമ്മുടെ ജീവിതത്തെ എളിമയും തെളിമയുമുറ്റതാക്കി കൂടുതല്‍ ജീവിതവ്യമാക്കിത്തീര്‍ക്കാന്‍ മാനവികതയില്‍നിന്ന് തുടങ്ങി സാര്‍വത്രികതയിലേക്ക് സഞ്ചരിക്കുന്ന നബിതിരുമേനിയുടെ സന്ദേശങ്ങള്‍ സദാ ജാഗരൂകമാണ്.