ഒരിക്കല്‍ ഒരു ഒട്ടകവും ആകാശവും പര്‍വതവും ഭൂമിയും ഒത്തുകൂടി. അവര്‍ ദൈവം തങ്ങളെ സൃഷ്ടിച്ചതിനു പിന്നിലെ ലക്ഷ്യങ്ങളെക്കുറിച്ച് പരസ്പരം പങ്കുവെച്ചു. ഒട്ടകം പറഞ്ഞു: ‘എന്നെ എന്റെ നാഥന്‍ സൃഷ്ടിച്ചിട്ടുള്ളത് മനുഷ്യനെയും അവന്റെ കച്ചവടച്ചരക്കുകളെയും ചുമക്കുന്നതിനു വേണ്ടിയാണ്. ആ അര്‍ഥത്തില്‍ അവന്‍ എന്നെ വിനിയോഗിക്കുന്നുണ്ട്. പക്ഷേ, എന്റെ സൃഷ്ടിപ്പിനെക്കുറിച്ചോ സൃഷ്ടിഘടനയെക്കുറിച്ചോ ഒന്നും അവര്‍ ചിന്തിക്കുന്നില്ല.’ അപ്പോള്‍ ആകാശം പറഞ്ഞു: ‘ഒട്ടകം പറഞ്ഞത് വളരെ ശരി തന്നെയാണ്. മനുഷ്യന് ചിന്താശേഷിയും ബുദ്ധിയും നല്‍കിയിട്ടും അവന്‍ അത് ഉപയോഗിക്കുന്നില്ല. അവന്‍ എന്നിലേക്ക് നോക്കുന്നില്ല. എന്നെയും ദൈവം സൃഷ്ടിച്ചിട്ടുള്ളത് മനുഷ്യനു വേണ്ടി തന്നെയാണ്. അവന് തണല്‍ വിരിക്കുന്നതിനു വേണ്ടി. സൂര്യന്റെ കൊടും ചൂടില്‍നിന്ന് അവനെ രക്ഷിക്കുന്നതിനു വേണ്ടി. എന്നാല്‍ അവനാകട്ടെ, എന്നിലേക്ക് കാര്‍ബണ്‍ മോണോക്‌സൈഡുകളും കാര്‍ബണ്‍ഡയോക്‌സൈഡുകളും കത്തിച്ചുവിട്ട് എന്റെ സംരക്ഷണവലയത്തെ തകര്‍ക്കുകയാണ്. ഈ മനുഷ്യന്‍ എന്നിലെ ദൃഷ്ടാന്തങ്ങളെക്കുറിച്ചും എന്നെ സൃഷ്ടിച്ച ഈശ്വരന്റെ സൃഷ്ടിവിരുതിനെക്കുറിച്ചും ചിന്താവിഷ്ടനാകുന്നില്ലല്ലോ.’ അതു കേട്ടപ്പോള്‍ പര്‍വതം ഭൂമിയെ ചൂണ്ടിക്കൊണ്ട് പറഞ്ഞു: ‘എന്നെ ദൈവം സൃഷ്ടിച്ചിട്ടുള്ളത് ഇവനെ ഉറപ്പിച്ചുനിര്‍ത്തുന്നതിനു വേണ്ടിയാണ്. എന്നാല്‍ ഇന്ന് എന്റെ നിലനില്‍പ് സുരക്ഷിതമല്ല. മനുഷ്യന്‍ എന്നെക്കുറിച്ചും എന്റെ ഉപകാരങ്ങളെക്കുറിച്ചുമൊന്നും ചിന്തിക്കാതെ ഭൗതികലാഭത്തിനു വേണ്ടി എന്നെ ഇടിച്ചുനിരത്തുകയാണ്. അതുകൊണ്ട് എനിക്ക് ഇവനെ സംരക്ഷിക്കാന്‍ സാധിക്കുന്നില്ല.’ ഒടുവില്‍ ഭൂമി പറഞ്ഞു: ‘നിങ്ങളെല്ലാം പറഞ്ഞത് സത്യമാണ്. മനുഷ്യന്‍ അവന്‍ ജീവിക്കുന്ന എന്നെക്കുറിച്ച് പോലും ചിന്തിക്കുന്നില്ല. അവന്‍ എന്നെ ഒരു ബോധവുമില്ലാതെയാണ് ഉപയോഗിക്കുന്നത്. ഞാന്‍ ഓരോ ദിവസവും നശിച്ചുകൊണ്ടിരിക്കുകയാണ്. പര്‍വതത്തിന്റെ സംരക്ഷണം ഇല്ലാത്തതു കാരണം എനിക്ക് ഉറച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ല. എത്ര വലിയ ഭൂചലനങ്ങള്‍ക്കും പ്രളയങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടും മനുഷ്യന് ബോധമുദിക്കുന്നില്ലല്ലോ. അവന്റെ കാര്യം കഷ്ടം തന്നെ.’
‘നിങ്ങള്‍ക്ക് ഭൂമിയെ വിരിപ്പും മാനത്തെ മേലാപ്പുമാക്കിത്തരികയും മാനത്തുനിന്ന് ജലം വര്‍ഷിച്ചുകൊണ്ട് നിങ്ങള്‍ക്ക് ആഹരിക്കാന്‍ വൈവിധ്യമേറിയ വിളകള്‍ ഉല്‍പാദിപ്പിച്ചുതന്നതും അവനാണല്ലോ’ (അല്‍ബഖറ: 22). ‘ഭൂമിയെ വിരിപ്പാക്കി’ എന്ന പ്രയോഗം സൂചിപ്പിക്കുന്നത് അതിന്റെ വിശാലതയെക്കുറിച്ചാണ്. മനുഷ്യന് വേണ്ടുവോളം ആസ്വദിക്കാന്‍ വേണ്ടിയാണ് കാരുണ്യവാനായ ദൈവം അവന്റെ വാസസ്ഥലത്തെ ഇത്രയും വിശാലമാക്കിയത്. മനുഷ്യന് ജീവിക്കാന്‍ യാതൊരു പ്രയാസവുമില്ലാത്ത രീതിയിലാണ് ദൈവം ഈ ഭൂമിയെ സംവിധാനിച്ചിട്ടുള്ളത്. മനുഷ്യന് യാതൊരു വിധത്തിലുള്ള കുറവുകളും ഉണ്ടാവരുത് എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹവും ഐക്യവുമെല്ലാം ഈ വിശാലതയുടെ ഭാഗമാണ്. ഭൂമി മാത്രമല്ല അതിന് ദൈവം സുരക്ഷിതവും ഭദ്രവുമായ ഒരു മേലാപ്പും ഉണ്ടാക്കിത്തന്നു; ഭൂമിയില്‍ മനുഷ്യന്റെ സുരക്ഷിതത്വത്തിനു വേണ്ടി. ‘ആകാശത്തെ നാം സുരക്ഷിതമായ മേല്‍ക്കൂരയാക്കി വെച്ചു’ (അല്‍ അമ്പിയാഅ്: 32). ആകാശവും അതില്‍ പാറി നടക്കുന്ന മേഘങ്ങളും മനുഷ്യന് ദൈവം ചെയ്തു തന്ന മഹത്തായ അനുഗ്രഹമാണ്. ആ ആകാശത്തു നിന്ന് അവന്‍ നമുക്കു വേണ്ടി മഴ വര്‍ഷിപ്പിച്ചുകൊണ്ട് നമ്മുടെ വാസസ്ഥലത്തെ വിഭവങ്ങള്‍ കൊണ്ട് സമൃദ്ധമാക്കി. വൈവിധ്യമേറിയ വിഭവങ്ങള്‍. വ്യത്യസ്ത മണവും രുചിയുമുള്ള ഫലവര്‍ഗങ്ങളും പച്ചക്കറികളും അവന്‍ നമുക്കായി സൃഷ്ടിച്ചുവെച്ചിരിക്കുന്നു. ‘നോക്കുക, ഭൂമിയില്‍ പരസ്പരം ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വൈവിധ്യമാര്‍ന്ന മണ്ണിനങ്ങളുണ്ട്. മുന്തിരിത്തോപ്പുകളും വയലുകളുമുണ്ട്. ഒറ്റയായും കൂട്ടമായും വളരുന്ന കാരക്ക വൃക്ഷങ്ങളുണ്ട്. എല്ലാം സേചനം ചെയ്യപ്പെടുന്നത് ഒരേ ജലമാകുന്നു. എന്നാല്‍ രുചിയില്‍ നാം ചിലതിനെ വിശിഷ്ടമാക്കുന്നു. നിശ്ചയം, ബുദ്ധിപൂര്‍വം ഗ്രഹിക്കുന്നവര്‍ക്ക് ഇതിലൊക്കെയും ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്’ (അര്‍റഅ്ദ്: 4). ഇവയെല്ലാം മനുഷ്യന് ജീവിക്കാന്‍ വേണ്ടി ദൈവം ഒരുക്കിത്തന്ന അനുഗ്രഹങ്ങളാണ്. ഇക്കാര്യം ദൈവം നമ്മെ ഉണര്‍ത്തുന്നുണ്ട്: ‘അവന്‍ ഭൂമിയിലുള്ള സകലതിനെയും സൃഷ്ടിച്ചത് നിങ്ങള്‍ക്കു വേണ്ടിയാണ്’ (അല്‍ബഖറ:29). ഒരു സൃഷ്ടിയും വെറുതെയല്ല. ദൈവം എത്രയും കാരുണ്യവാന്‍ തന്നെ. എന്നാല്‍ ഈ ഭൂമിയുടെയും പ്രപഞ്ചത്തിന്റെയും സൃഷ്ടിപ്പിനെക്കുറിച്ചും അതിന്റെ സ്രഷ്ടാവിനെക്കുറിച്ചും ചിന്തിക്കാനും സ്രഷ്ടാവായ ദൈവത്തെ സ്മരിക്കാനും നമുക്ക് സമയം കിട്ടാറില്ല. ദൈവത്തിന്‍റെ സൃഷ്ടിവൈഭവത്തെക്കുറിച്ച് ചിന്തിക്കാന്‍ നാം മനുഷ്യര്‍ തയാറാവണം. മനുഷ്യര്‍ക്ക് മാത്രമേ അതിന് സാധിക്കൂ. നാം ജീവിക്കുന്ന ഈ ഭൂമിയെക്കുറിച്ചും അതിന്റെ നിലനില്‍പിനെക്കുറിച്ചും ഒന്ന് ചിന്തിച്ചുനോക്കൂ. ‘ഭൂമിയെ നാം ഒരു വിരിപ്പാക്കുകയും പര്‍വതങ്ങളെ ആണിയാക്കുകയും ചെയ്തില്ലേ’ (അന്നബഅ്: 6,7). പര്‍വതങ്ങളെ ആണിയാക്കിയത് ഭൂമിയെ ഉറപ്പിച്ചുനിര്‍ത്തുന്നതിനു വേണ്ടിയാണ്. അത്തരത്തില്‍ ബലിഷ്ടമായ ആണിയടിച്ച് ദൈവം ഭൂമിയെ ഉറപ്പിച്ചത് അതില്‍ വസിക്കുന്ന മനുഷ്യന്റെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ്. ‘ഭൂമിയില്‍ നാം പര്‍വതങ്ങളുറപ്പിച്ചു. അത് അവരെയും കൊണ്ട് ഉലയാതിരിക്കാന്‍’ (അല്‍ അമ്പിയാഅ്: 31). ഇത്രയൊക്കെ ദൈവം നമുക്കു വേണ്ടി ചെയ്തുതന്നിട്ടും നാമെന്തുകൊണ്ട് ദൈവത്തെ സ്മരിക്കുന്നില്ല? ആകാശഭൂമികള്‍ മാത്രമല്ല രാപ്പകലുകളും ദൈവത്തിന്‍റെ മഹത്തായ അനുഗ്രഹമാണ്. ‘ആകാശഭൂമികളുടെ സൃഷ്ടിയിലും രാപ്പകല്‍ ഭേദത്തിലും തീര്‍ച്ചയായും സദ്ബുദ്ധിയുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്’ (ആലു ഇംറാന്‍: 190). രാപ്പകലുകള്‍ മാറിമാറി ചലിച്ചുകൊണ്ടിരിക്കുന്നത് മനുഷ്യന്റെ സൗഖ്യത്തിനു വേണ്ടിയാണ്. പകലോ രാത്രിയോ മാത്രമായിരുന്നെങ്കില്‍ നമ്മുടെ ജീവിതം അധ്വാനമോ വിശ്രമമോ മാത്രം നിറഞ്ഞതായേനേ. ഒരു ദിവസം മുഴുവന്‍ പകലായിരുന്നെങ്കില്‍ നാം അധ്വാനിച്ച് ക്ഷീണിച്ചവശരാകേണ്ടിവന്നേനേ. രാത്രി മാത്രമായിരുന്നെങ്കില്‍ മുഴുനേരവും നമ്മള്‍ വിശ്രമത്തിലായിരിക്കും. ജീവിതത്തിന്റെ ഒരു രസവും നാം ആസ്വദിക്കുകയില്ല. എന്നാല്‍ ഇവ രണ്ടും സമ്മിശ്രമാക്കി മനുഷ്യന് നന്മയേകിയത് ദൈവത്തിന്‍റെ മഹത്തായ കാരുണ്യമാണ്. ‘നിങ്ങള്‍ക്ക് നാം നിദ്രയെ ശാന്തിദായകവും രാവിനെ മൂടുപടവും പകലിനെ ജീവനവേളയുമാക്കിത്തന്നില്ലേ?’ (അന്നബഅ്: 9-11). എത്ര മനോഹരവും സുരക്ഷിതവുമാണ് ദൈവത്തിന്‍റെ സൃഷ്ടിവൈഭവം!
എങ്ങനെയാണ് ഇത്തരത്തില്‍ ക്രിയാത്മകമായി ഈ ആകാശഭൂമികള്‍ സംവിധാനിക്കപ്പെട്ടത്? ഇതെല്ലാം പെട്ടെന്നൊരു നാള്‍ ഉണ്ടായതാണോ? ഇതെല്ലാം വ്യക്തമായ ആസൂത്രണത്തോടെ സൃഷ്ടിക്കപ്പെട്ടതാണ്. ഈ ആസൂത്രണത്തെക്കുറിച്ചും സംഭവ്യതയെക്കുറിച്ചുമെല്ലാം ക്രിസ്തീയ ദൈവശാസ്ത്രജ്ഞനായിരുന്ന സെന്റ് തോമസ് അക്വിനാസ് ദൈവത്തെക്കുറിച്ചുള്ള തത്ത്വങ്ങളില്‍ വിശദീകരിക്കുന്നുണ്ട്. ഈ പ്രപഞ്ചം വ്യക്തമായ ആസൂത്രണത്തിന്റെ സാക്ഷ്യമാണ് എന്ന് അക്വിനാസ് പറയുന്നു. ഒരു ആശയത്തിന് ഭൗതികമായ രൂപം നല്‍കുന്ന ശക്തിയാണ് ദൈവം എന്നും സംഭവ്യതയുടെ തത്ത്വത്തില്‍ അക്വിനാസ് പറയുന്നുണ്ട്. ഓരോ വസ്തുവിന്റെയും സൃഷ്ടിപ്പിനു മുമ്പ് ആ വസ്തു എന്ന ആശയം ഉണ്ടായിരുന്നു എന്ന് പ്ലാറ്റോയും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി കുതിര ഉണ്ടാവുന്നതിനു മുമ്പ് കുതിര എന്ന ആശയം ഉണ്ടായിരുന്നു. ഈയൊരു ആശയ രൂപീകരണത്തെക്കുറിച്ചും അതിന്റെ സംഭവ്യതയെക്കുറിച്ചും വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം പറയുന്നുണ്ട്: ”അവന്റെ ഒരു കാര്യം, ഒരു സംഭവം ഉദ്ദേശിച്ചാല്‍ ‘അത് ഉണ്ടാവട്ടെ’ എന്ന കല്‍പനയേ വേണ്ടൂ. അത് ഉടനെ ഉണ്ടാവുന്നു” (യാസീന്‍: 82). അവന്‍ ആനയെ ഉദ്ദേശിച്ചാല്‍ ആന തന്നെ ഉണ്ടാവുന്നു. കുതിരയെ ഉദ്ദേശിച്ചാല്‍ കുതിര തന്നെ ഉണ്ടാവുന്നു. ഇത് പരസ്പരം മാറിപ്പോവുകയോ രണ്ടും ഒന്നിച്ച് ആനക്കുതിരയാവുകയോ ചെയ്യുന്നില്ല. ദൈവത്തിന്‍റെ കൃത്യവും സുനിശ്ചിതവുമായ ഈ ആശയത്തെയാണ് ഇവിടെ ‘ഇറാദത്ത്’ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. തീര്‍ത്തും സര്‍ഗാത്മകമാണ് അവന്റെ ഓരോ സൃഷ്ടിപ്പും. ദൈവത്തിന്‍റെ ഈ സൃഷ്ടിപ്പിനെക്കുറിച്ച് മനസ്സിലാക്കി അവനെ സ്മരിക്കുക എന്നത് സത്യവിശ്വാസി എന്നതു കൊണ്ട് നമ്മുടെ കടമയാണ്. അത്തരത്തില്‍ ചിന്തിച്ച് മനസ്സിലാക്കുന്ന ‘ഉലുല്‍ അല്‍ബാബു’കളെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്: ‘അവര്‍ ഇരുന്നും കിടന്നുമൊക്കെ ദൈവത്തിന്‍റെ സ്മരിക്കുന്നവരും ആകാശഭൂമികളില്‍ വിളങ്ങുന്ന സൃഷ്ടിവൈഭവത്തെക്കുറിച്ച് ചിന്തിക്കുന്നവരുമാകുന്നു’ (ആലു ഇംറാന്‍: 191). ഇത്തരത്തില്‍ ദൈവത്തിന്റെ ദൃഷ്ടാന്തങ്ങളിലേക്ക് കണ്ണോടിച്ച് അവയുടെ സൃഷ്ടിപ്പിനെക്കുറിച്ച് പഠിക്കാന്‍ നാം തയാറാവണം. ദൈവത്തിന്‍റെ അടിമകളായ നമ്മള്‍ അത് ചെയ്‌തേ മതിയാവൂ. അത്തരത്തില്‍ പഠിച്ച് മനസ്സിലാക്കുമ്പോള്‍ ഭൂമിയുടെയും ആകാശത്തിന്റെയും ഭൂമിയിലെ ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാറ്റിന്റെയും ദൗത്യം നമുക്ക് മനസ്സിലാകും. നാം പറയും: ‘ഞങ്ങളുടെ നാഥാ. നീ ഇതൊന്നും വെറുതെ സൃഷ്ടിച്ചതല്ലല്ലോ. നീയാണ് അത്യുന്നതന്‍’ (ആലു ഇംറാന്‍: 191). അത്തരത്തില്‍ ദൈവത്തിന്‍റെ സ്മരിക്കുമ്പോഴേ നാം നമ്മുടെ ദൈവത്തോട് നന്ദിയുള്ള ദാസനായി മാറുകയുള്ളൂ. ദൈവo മനുഷ്യര്‍ക്ക് ബുദ്ധിയും ചിന്താശേഷിയും തന്നിരിക്കുന്നത് അതിനു വേണ്ടിയാണ്. ദൈവo തന്ന ബുദ്ധിയെ ശരിയായ രീതിയില്‍ ഉപയോഗിക്കുന്നവനെയാണ് ദൈവം ഇഷ്ടപ്പെടുന്നത്. അത്തരത്തില്‍ നാം ദൈവത്തിനു വേണ്ടി ജീവിക്കുന്നവരായി മാറണം.
തയ്യാറാക്കിയത്: അര്‍ഷദ് ചെറുവാടി