2016 ഫെബ്രുവരിയിലാണ് ഇംഗ്ലണ്ടിലെ പ്രമുഖ ദിനപത്രമായ ” ദി ഇൻഡിപെൻഡന്റ് ” രസകരമായ ഒരു വാർത്ത പ്രസിദ്ധീകരിച്ചത്. ജീവിതത്തിൽ ഒരിക്കൽ പോലും ഒരു മുസ്ലിമിനെ നേരിൽ കണ്ടിട്ടില്ലാത്ത വെളുത്തവർഗക്കാരനായ അലൻ റൂണി എന്ന മധ്യവയസ്കൻ ഇസ്ലാം സ്വീകരിച്ചു എന്നതായിരുന്നു ആ ന്യൂസ് . ജന്മനാ മുസ്ലിമാകുന്നതിന്റെയും പിന്നീട് മുസ്ലിമായിത്തീരുന്നതിന്റെയും ഇടയിലെ വ്യത്യാസം കൃത്യമായി അടയാളപ്പെടുത്തുന്നു അലൻ റൂണിയുടെ ജീവിതം. ‘ഇസ്ലാമിനെക്കുറിച്ചുള്ള എന്റെ അന്വേഷണം ആരംഭിക്കുന്നത് ഒരു തുർക്കി യാത്രക്കിടെയാണ് . അതും തീർത്തും അവിചാരിതമായി . തുർക്കിയിലെ ഒരു വെക്കേഷൻ കാലത്ത് ബീച്ചിൽ വെറുതെയിരിക്കുമ്പോൾ സമീപത്തുള്ള മസ്ജിദിൽ നിന്ന് ബാങ്ക് വിളി കേൾക്കാനിടയായി . ബാങ്ക് കേട്ട ഉടൻ ഉള്ളിൽ വിശദീകരിക്കാനാവാത്ത മാറ്റം സംഭവിക്കുന്നതായി എനിക്ക് തോന്നി , യാത്ര കഴിഞ്ഞ് വീട്ടിൽ തിരിചെത്തിയ ഞാൻ നേരെ പോയത് ഖുർആൻ വിൽക്കുന്ന ഒരു കടയിലേക്കാണ് – വിസ്മയത്തോടെ അലൻ റൂണി തന്റെ കഥ പറഞ്ഞു തുടങ്ങി .
” ഖുർആൻ പരിഭാഷ വായിച്ചു തുടങ്ങിയ നാൾ മുതൽ ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചത് എന്നെ നേർവഴിക്ക് നയിക്കേണമേ എന്നായിരുന്നു . എന്റെയുള്ളിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചു തുടങ്ങിയിരുന്നു . പക്ഷേ , അതെന്താണെന്ന് എനിക്ക് മനസ്സിലായിരുന്നില്ല . ഞാൻ ഒരുപാട് തവണ മനമുരുകി പ്രാർത്ഥിച്ചു . ഖുർആൻ ശരിക്കും എന്നെ ഉലച്ചുകളഞ്ഞു . ഈ വിശുദ്ധ ഗ്രന്ഥത്തിലെ ഓരോ വാക്കും എനിക്ക് വേണ്ടിയുള്ളതാണെന്ന് ഞാൻ ഉറച്ചുവിശ്വസിച്ചു . ഖുർആനിക നിർദേശങ്ങൾ ഓരോന്നും ശ്രദ്ധിച്ചു . എന്റെ വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളിലും അതനുസരിച്ച് മാറ്റം വരുത്തി, പരിഭാഷാ വായന നിർത്തിവെക്കുമ്പോഴൊക്കെ ജീവിതത്തിലെ പ്രധാനപ്പെട്ട എന്തോ ഒന്ന് നഷ്ടപ്പെടുന്നത് പോലെ തോന്നി . ഈ വായനയുടെ അന്തിമഫലം എന്തായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. അങ്ങനെ ഞാൻ മുസ്ലിമായി,
ഓരോ ദിവസവും മൂന്നു തവണയെങ്കിലും ഞാൻ ഖുർആൻ പാരായണം ചെയ്തു. റമളാൻ നോമ്പുപിടിക്കാനും തുടങ്ങി . തുടക്കത്തിൽ പ്രയാസമുണ്ടായെങ്കിലും എന്തുകൊണ്ടോ, ഞാൻ വളരെ സന്തോഷവാനായിരുന്നു . എല്ലാ കാര്യങ്ങളിലും ഒരുതരം സംത്യപ്തിയുണ്ടായി. പക്ഷേ മറ്റുള്ളവർക്കായിരുന്നു മാനസികമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. എന്റെ മാറ്റങ്ങൾ പലരും ഭീതിയോടെ കണ്ടു. എന്റെ പ്രാർത്ഥന, വസ്ത്രധാരണം , സംസാരം എല്ലാം വ്യത്യസ്തമായിരുന്നു . അതുകൊണ്ട് തന്നെ കുടുംബത്തിലുള്ളവരും കൂട്ടുകാരും ഒപ്പം ജോലി ചെയ്യുന്നവരും എന്നെ അൽപം ഭീതിയോടെ സമീപിക്കാൻ തുടങ്ങി, എന്നിൽ വരുന്ന മാറ്റങ്ങളെക്കുറിച്ച് ഇതെല്ലാം കൂടുതൽ ചിന്തിക്കാൻ പ്രേരിപ്പിച്ചു.
ഓൺലൈനിൽ ഞാൻ ഇസ്ലാമിക വായനയും പഠനവും തുടർന്നു. എന്റെതിനു സമാനമായ അനുഭവമുള്ള ആളുകളുടെ ജീവിതകഥകൾ ധാരാളം വായിച്ചുകൊണ്ടിരുന്നു. പുതുതായി ഇസ്ലാമിലേക്ക് വന്നവരെക്കുറിച്ചും അവരുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം തന്നെ നടത്തി. അതിൽ പ്രസിദ്ധരായ ബുദ്ധി ജീവികളും സാധാരണക്കാരും ഉണ്ടായിരുന്നു. ഓരോരുത്തരുടെ കഥയും വളരെ മഹത്ത്വമേറിയതായിരുന്നു,വ്യത്യസ്തവും. ചുറ്റുമുള്ള ആളുകളുടെ പരിഹാസങ്ങൾക്കിടയിലും എനിക്ക് കൂടുതൽ ഉൗർജം നൽകിയത് ഇവരുടെ ജീവിതങ്ങളാണ് .
അറബി പ്രാർത്ഥനകൾ പഠിക്കാനും ആരാധനകൾ അനുഷ്ഠിക്കാനും ഓൺലൈൻ പഠനം സഹായിച്ചു . അതിനായി ധാരാളം സമയം മാറ്റിവെച്ചു. മുമ്പ് മ്യൂസിക്കിലും മറ്റു വിനോദങ്ങളിലും അഭിരമിച്ചിരുന്ന എനിക്ക് ഖുർആൻ നൽകിയ നിർദേശങ്ങൾ വളരെ മൂല്യവത്തായിരുന്നു.അതെനിക്ക് പൂർണമായി മറ്റൊരാളാട് പറയാൻ കഴിയില്ല. അതേസമയം,.ഇസ്ലാമിന്റെ അടിസ്ഥാന കാര്യങ്ങൾ പഠിക്കുമ്പോഴൊക്കെ എനിക്കത് ആസ്വാദ്യമാകുന്നുണ്ട് .
നല്ലതല്ലെന്ന് മനസ്സ് മനനം ചെയ്യുന്ന കാര്യം നമുക്കുള്ളതല്ല .അതിനാൽ മുമ്പ് ചെയ്ത് വന്ന പല കാര്യങ്ങളിൽ നിന്നും ഞാൻ പരിപൂർണമായി വിട്ടുനിന്നു . അപ്പോഴൊന്നും മനസ്സിന്റെ സംത്യപ്തി എന്നെ വിട്ടു പോയതേയില്ല . ഹ്യദയം പറയുന്ന കാര്യങ്ങൾക്കാണ് ഞാൻ ശ്രദ്ധകൊടുത്തത് . അങ്ങനെ 18 മാസക്കാലം ഞാൻ മതപഠനം തുടർന്നു .
അപ്പോഴൊന്നും ഞാനൊരു മുസ്ലിമിനെ നേരിട്ട് പരിചയപ്പെട്ടിരുന്നില്ല . എങ്കിലും അഞ്ചു തവണ നിസ്കരിക്കുന്നു , കഴിയുന്ന സുന്നത്ത് നോമ്പുകൾ അനുഷ്ഠിക്കുന്നു . ഖുർആൻ പറഞ്ഞ പ്രകാരം മാത്രം ഭക്ഷണം കഴിക്കുന്നു . എന്റെ ചിന്ത പോലും ഇപ്പോൾ അങ്ങനെ പാകപ്പെടുത്തി ഞാൻ അല്ലാഹു വിലക്കിയ ഒന്നും ചെയ്യാതിരിക്കാൻ കഠിനാധ്വാനം നടത്തുന്നുണ്ട് .
ഈയടുത്താണ് എന്റെ വീടിന് അൽപം അകലെയുള്ള ഒരു മസ്ജിദ് ഞാൻ കണ്ടുപിടിച്ചത് . ഞാൻ ആ പള്ളിയിലേക്ക് ചെന്നു . അവിടെ ഉണ്ടായിരുന്ന വിശ്വാസികളോട് സ്വയം പരിചയപ്പെടുത്തി . അവർക്കെല്ലാം വലിയ അത്ഭുതമായിരുന്നു എന്റെ മാറ്റം. എല്ലാവരും ഹൃദയം തുറന്ന സ്വീകരണം നൽകി. പലരും എന്നെ ആശീർവദിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു . തുടക്കത്തിൽ തന്നെ ഇത്രത്തോളം സ്വീകാര്യത കിട്ടിയതിൽ എനിക്ക് ശരിക്കും സന്തോഷം തോന്നി. ഒപ്പം അത്ഭുതവും. ഈ വലിയ മനസ്സുള്ള ആളുകൾളിൽ ഒരുവനായി ഞാനും മാറി. ഇനിയും ഏറെ പഠിക്കണമെന്നുണ്ട് : ഒറ്റയ്ക്ക് നടത്തിയ പഠനമായതിനാൽ പല സ്ഖലിതങ്ങളും വന്നിട്ടുണ്ടാകും. അതുകൊണ്ട് തന്നെ ഇസ്ലാമിക പണ്ഡിതന്മാരിൽ നിന്ന് നേരിട്ട് പഠിക്കാൻ ഞാൻ തീരുമാനിച്ചു. ഒരാളുടെ സംസ്കാരത്തെയും ജീവിതത്തെയും എത്ര ക്രിയാത്മകമായാണ് ഇസ്ലാം മാറ്റിത്തീർക്കുന്നത് എന്നാലോചിച്ചപ്പോൾ ഉള്ളിൽ ആത്മീയമായ ഉന്മേഷം കൈവന്നു. വിശ്വാസപരമായ അസ്തിത്വവും സ്വാതന്ത്ര്യവും എനിക്ക് ലഭിച്ചല്ലോ എന്നാലോചിക്കുമ്പോൾ സർവശക്തനായ അല്ലാഹുവിനെ കൂടുതൽ സ്നേഹിക്കാനും അവന്റെ പ്രവാചകനായ മുഹമ്മദ് നബിയെ ജീവിതത്തിൽ എപ്പോഴും പിന്തുടരാനുമാണ് ഉത്സാഹിക്കുക.
അങ്ങനെ ഞാനിപ്പോൾ വെളുത്ത വർഗക്കാരനായ, സ്കോട്ടിഷ് മുസ്ലിമാണ് ; ഒപ്പം സന്തോഷവാനും അദ്ദേഹം പറഞ്ഞുനിർത്തി.