പ്രകാശ രേഖ: നാല്
പുരാതന ഗ്രീസിലെ ഏതൻസിൽ ജീവിച്ച പ്രശസ്ത ദാർശനികനാണ് സോക്രട്ടീസ്. തൻറെ കാലത്തെ ജനങ്ങളോട് അദ്ദേഹം മാനവിക മൂല്യങ്ങളെ സംബന്ധിച്ച് സംസാരിച്ചുകൊണ്ടിരുന്നു. അതിനാൽ യുവാക്കളെ വഴിതെറ്റിക്കുന്നതായി ഭരണാധികാരികൾ കുറ്റപ്പെടുത്തി. തുടർന്ന് ജയിലിലടച്ചു. അപ്പോഴും ആത്മാവിൻറെ അനശ്വരതയെക്കുറിച്ചും അത് പിന്തുടരേണ്ട മഹിഥ മൂല്യങ്ങളെ സംബന്ധിച്ചും സംസാരിച്ചു കൊണ്ടിരുന്നു. അതിനാൽ ഭരണകൂടം അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. വിഷംകൊടുത്ത് കൊല്ലുകയും ചെയ്തു. ആസന്നമരണനായിരിക്കെ ചുറ്റും കൂടി നിന്ന ശിഷ്യന്മാർ കരയുകയായിരുന്നു. അദ്ദേഹം ചിരിക്കുകയും.
ശിഷ്യന്മാരിൽ ഒരാൾ ചോദിച്ചു:”ഗുരോ, അങ്ങേക്ക് വല്ല കടവും കൊടുത്തു വീട്ടാനുണ്ടോ?”
“ഉണ്ട് ഒരുപാട് കടം വീട്ടാനുണ്ട്.” സോക്രട്ടീസ് പറഞ്ഞു.
“ആർക്കാണ് കടം വീട്ടാനുള്ളത്?”
“എനിക്കറിയില്ല.എന്നെ ഞാനാക്കിയ എല്ലാവർക്കും.”
ഒരു നിമിഷം ആലോചിച്ചാൽ മതി, സോക്രട്ടീസ് പറഞ്ഞത് എത്ര മേൽ ശരിയാണെന്ന് ഏവർക്കും ബോധ്യമാകും. നമ്മെ നാമാക്കുകയും ജീവിക്കാൻ സഹായിക്കുകയും ചെയ്ത അനേകായിരം മനുഷ്യരുണ്ട്. അവർ ആരൊക്കെയാണെന്ന് ആർക്കുമറിയില്ല. ജനനം മുതൽ മരണം വരെ ഓരോ മനുഷ്യനും ഒരുപാടാളുകളുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
നാം കുടിക്കുന്ന ഒരു ഗ്ലാസ് വെള്ളത്തിൽ എത്രമേൽ മനുഷ്യരുടെ അദ്ധ്വാനമുണ്ട്! കിണർ കുഴിച്ച തൊഴിലാളികൾ, അതിൽ നിന്ന് വെളളമെടുക്കുന്ന പമ്പ് കണ്ടുപിടിച്ചയാൾ, അത് നിർമ്മിച്ചവർ, അതിനു പിന്നിൽ പ്രവർത്തിച്ച തൊഴിലാളികൾ, അത് പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന വൈദ്യുതി കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ, അത് ഉൽപാദിപ്പിക്കുന്ന യന്ത്രം ഉണ്ടാക്കിയവർ, വൈദ്യുതി വീട്ടിലെത്തുന്നത് വരെയുള്ള സംവിധാനമൊരുക്കിയവർ, വീട് വൈദ്യുതീകരിച്ച വയറും മറ്റുപകരണങ്ങളും ഉണ്ടാക്കിയവർ, അവ വീട്ടിലെത്തുന്നത് വരെ കൈമാറ്റം ചെയ്ത നിരവധി കച്ചവടക്കാർ, വെള്ളം കുടിക്കുന്ന ഗ്ലാസിൻറെ അസംസ്കൃത പദാർഥം ശേഖരിച്ചവർ, അത് ഗ്ലാസാക്കി മാറ്റിയവർ, അത് നമ്മുടെ കൈകളിൽ എത്തുന്നതു വരെ കൈമാറ്റം ചെയ്തവർ; അങ്ങനെ എത്രയെത്ര മനുഷ്യരുടെ സേവനമാണ് ഓരോ ദിവസവും ജീവിക്കാൻ നാം ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നത്! ഇതൊക്കെയും ഓർക്കുന്ന ആർക്കും സ്വയം പര്യാപ്തത നടിക്കാനോ അല്പമെങ്കിലും അഹങ്കരിക്കാനോ സാധ്യമല്ല. അപ്പോൾ എല്ലാം നൽകിയ ദൈവത്തെ ഓർക്കുന്നവനോ; അയാൾ അങ്ങേയറ്റം വിനീതനായിരിക്കും. അതിരുകളില്ലാത്ത നന്ദി കാണിക്കുന്നവനും. മതം മനുഷ്യനോടാവശ്യപ്പെടുന്നതും അതു തന്നെ