~~~🖊 ജി.കെ എടത്തനാട്ടുകര
നോമ്പ് സംബന്ധമായി ദൈവം ഖുർആനിലൂടെ അറിയിക്കുന്നു. “വിശ്വസിച്ചവരേ, നിങ്ങൾക്ക് നോമ്പ് നിർബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവർക്ക് നിർബന്ധമാക്കിയിരുന്ന പോലെ തന്നെ, നിങ്ങൾ ഭക്തിയുള്ളവരാകാൻ.’ (2:183)
ഭക്തിയുള്ളവരാവാനുള്ള മാർഗമായിട്ടാണ് നോമ്പ് നിർബന്ധമാക്കിയിരിക്കുന്നത് എന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. റമദാൻ മാസത്തിലെ പകലുകളിലാണ് നോമ്പ്
നിർബന്ധമാകുന്നത്, അന്നേരങ്ങളിൽ തിന്നു കുടിച്ചു മദിച്ചു നടക്കാനനുവാദമില്ല. കള്ളവും ചതിയും പൊളിവചനങ്ങളും പാടില്ല. സകല തിന്മകളും നോമ്പിനെ തകർക്കും അതിനാൽ സകലവിധ ഇച്ഛകളോടും സമരം ചെയ്തു കൊണ്ടാണൊരാൾ നോമ്പുകാരനാവുന്നത്.
ഇങ്ങനെ സ്വേച്ഛകളോട് അകലം സൂക്ഷിക്കുന്നത് ദൈവത്തോടടുപ്പം
വർധിപ്പിക്കാനാണ്. വേദ പാരായണവും ആരാധനാനുഷ്ഠാനങ്ങളും വർധിപ്പിച്ചുകൊണ്ടാണത് സാധിക്കേണ്ടത്. അങ്ങനെ വരുമ്പോളാണ് നോമ്പ് യഥാർഥത്തിൽ തന്നെ ഉപവാസം ആവുന്നത, ഉപവാസം എന്നാൽ കൂടെ താമസമാണ്,ദൈവത്തിന്റെ കൂടെ താമസമായി വ്രതം മാറണം, അങ്ങനെ വരുമ്പോൾ ദൈവത്തിന്റെ നിലപാടെന്തായിരിക്കുമെന്ന് പ്രവാചകൻ ഒരു വചനം ഉദ്ധരിച്ച്
പറഞ്ഞതിങ്ങനെ; “എന്റെ ദാസൻ ഒരു ചാൺ എന്നോടടുക്കുകയാണെങ്കിൽ ഞാൻ ഒരു മുഴം അങ്ങോട്ടടുക്കും; ദാസൻ ഒരു മുഴം ഇങ്ങോട്ടടുക്കുകയാണെങ്കിൽ ഞാൻ ഒരു മാറ് അങ്ങോട്ടടുക്കും. അവൻ എന്നിലേക്ക് നടന്നടുക്കുകയാണെങ്കിൽ ഞാൻ അവനിലേക്ക് ഓടിയടുക്കും.”
മനുഷ്യൻ ദൈവത്തോടടുക്കുമ്പോൾ അതിനേക്കാൾ മനുഷ്യനോടടുക്കുന്നവനാണ് ദൈവം. മനുഷ്യൻ ദൈവത്തിന്റെ കൈ പിടിക്കാൻ ശ്രമിച്ചാൽ ദൈവം മനുഷ്യൻറെ
കൈപിടിക്കുമെന്നർഥം. ദൈവം കൈ പിടിച്ചാലോ?
പിതാവിന്റെ കൈ പിടിച്ചാണ് കുട്ടി നടക്കുന്നതെങ്കിൽ കല്ലിലോ മറ്റോ കാൽ തട്ടിയാൽ പിടിവിട്ട് വീഴാൻ സാധ്യതയുണ്ട്. എന്നാൽ പിതാവ് കുട്ടിയുടെ കൈ പിടിച്ച് നടത്തുകയാണെങ്കിലോ?
ഈ അർഥത്തിൽ ദൈവത്തോടടുക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവരെ കുറിച്ച് ഖുർആൻ പറയുന്നു; “ആർ ദൈവത്തെ സൂക്ഷിച്ച് ജീവിക്കുന്നുവോ അവന് എല്ലാവിധ വിഷമങ്ങളിൽ നിന്നും മോചനം നേടാനുള്ള മാർഗം ദൈവം ഒരുക്കി കൊടുക്കും. അവൻ ഊഹിക്കുക പോലും ചെയ്യാത്ത മാർഗത്തിലൂടെ അവനു വിഭവമരുളുകയും ചെയ്യും.” (65:3)
എന്നാൽ, ദൈവത്തോടടുക്കാൻ മനുഷ്യന് തടസ്സം സൃഷ്ടിക്കുന്ന മുഖ്യ ഘടകം ഇച്ഛകളാണ്. മനുഷ്യേച്ഛകളിൽ നല്ലതും ചീത്തയുമുണ്ട്. ജീവിതത്തെ താളം തെറ്റിക്കുന്നതിൽ,സന്മാർഗത്തിൽ നിന്നകറ്റുന്നതിൽ അവക്ക് പങ്കുണ്ട്. അതിനാൽ ഇച്ഛാനിയന്ത്രണം സന്മാർഗ ജീവിതത്തിന് അനിവാര്യമാണ്. അതിനുള്ള പരിശീലനം കൂടിയാണ് വ്രതം.
വ്രതാനുഷ്ഠാനം എങ്ങനെയാണ് മനുഷ്യന്റെ സൻമാർഗ ജീവിത സംസ്ക്കരണത്തിനുതകുന്നത് എന്നതിനുള്ള ഒരു ഉദാഹരണം:
ശരീരത്തെ രാജ്യമായും ആത്മാവിനെ രാജാവായും ഇച്ഛകളെ പ്രജകളായും സങ്കല്പിക്കുക, പ്രജകളാകുന്ന ഇച്ഛകളിൽ നല്ലതും ചീത്തയുമുണ്ട്, ഈ ഇച്ഛകൾ ആകുന്ന പ്രജകൾ ആത്മാവാകുന്ന രാജാവിനോട് പല ആവശ്യങ്ങളും പറയുന്നു. ഉദാഹരണത്തിന് വിശപ്പ് ആകുന്ന ഇച്ഛ പറയുന്നു “എനിക്ക് വിശക്കുന്നു ഭക്ഷണം വേണം” ആത്മാവാകുന്ന രാജാവ് അനുവദിക്കുമ്പോൾ അയാൾ ഭക്ഷണം കഴിക്കുന്നു, ദാഹം എന്ന ഇച്ഛ ആവശ്യപ്പെടുന്നു “എനിക്ക് ദാഹിക്കുന്നു വെള്ളം വേണം” ആത്മാവാകുന്ന രാജാവ് അനുവദിക്കുമ്പോൾ വെള്ളം കുടിക്കുന്നു ഇതുപോലെ ഒരാളുടെ മദ്യപാനേച്ഛ പറയുന്നു എനിക്ക് മദ്യപിക്കണം ആത്മാവാകുന്ന രാജാവ് അനുവദിച്ചാൽ മദ്യപിക്കുന്നു. ലൈംഗികത പറയുന്നു എനിക്ക് വ്യഭിചരിക്കണം ആത്മാവാകുന്ന രാജാവ് അനുവദിച്ചാൽ വ്യഭിചരിക്കുന്നു ഇങ്ങനെ ആത്മാവാകുന്ന രാജാവിനോട് ഇച്ഛകളാകുന്ന പ്രജകൾ ആവശ്യപ്പെടുന്നതൊക്കെയും അനുവദിച്ചാൽ ഒരാൾ തോന്നുന്നതൊക്കെ ചെയ്യുന്ന, തോന്നുന്നതൊക്കെ പറയുന്ന താന്തോന്നിയാവുന്നു. അവിടെ ആത്മാവാകുന്ന രാജാവ് വെറും നോക്കുകുത്തിയാവുകയും ഇച്ഛകളാകുന്ന പ്രജകള്‍ അഴിഞ്ഞാട്ടക്കാരവുകയും ചെയ്യുന്നു. അങ്ങനെ ശരീരമാകുന്ന രാജ്യത്ത് അരാജകത്വം ഉടലെടുക്കുന്നു അതിനാൽ ആത്മാവാകുന്ന രാജാവിന് ഇച്ഛകളാവുന്ന പ്രജകളെ കടിഞ്ഞാണിടാൻ കഴിയണം ഇതാണ് വ്രതാനുഷ്ഠാനത്തിലൂടെ സാധ്യമാകുന്നത്.
നോമ്പുകാരന്റെ വിശപ്പിൻറെ വിളിയോടുള്ള പ്രതികരണം തൽക്കാലം നീ ഭക്ഷണം കഴിക്കണ്ട, ദാഹത്തിന്റെ വിളിയോട് തൽക്കാലം നീ വെള്ളം കുടിക്കണ്ട എന്നായിരിക്കും. മനുഷ്യൻറെ പ്രാഥമികേച്ഛകളെ തന്നെ അടക്കി ഭരിക്കാൻ പരിശീലിക്കുന്ന ആത്മാവിന് സകല ഇച്ഛകളെയും വരുതിയിൽ നിർത്താൻ സ്വാഭാവികമായും കഴിയും.
മാത്രമല്ല ദേഹേച്ഛകളെ ദൈവേച്ഛക്ക് വിധേയപ്പെടുത്തുന്ന മഹത്തായ ഒരു പരിശീലനം കൂടിയാണ് വ്രതാനുഷ്ഠാനത്തിലൂടെ നടക്കുന്നത്. നോമ്പുകാരൻ വിശന്നിട്ടും ഭക്ഷണം ലഭ്യമായിട്ടും കഴിക്കുന്നില്ല ദാഹിച്ചിട്ടും വെള്ളം ലഭ്യമായിട്ടും വെള്ളം കുടിക്കുന്നില്ല കാരണം ഈസമയത്ത് അന്നപാനീയങ്ങൾ ഉപേക്ഷിക്കണമെന്നാണ് തന്‍റെ നാഥന്‍റെ കൽപ്പന പ്രാഥമികേച്ഛകളെ തന്നെ ദൈവേച്ഛക്ക് വിധേയപ്പെടുത്താൻ കഴിഞ്ഞാൽ സ്വാഭാവികമായും സകല ഇച്ഛകളെയും ദൈവകല്പനക്ക് വിധേയപ്പെടുത്താൻ ഒരാൾക്ക് കഴിയും ഇങ്ങനെ സകല തിന്മകളിൽ നിന്നും അയാൾ മുക്തനാകുന്നു.
പിൻകുറി: വൃക്ഷങ്ങൾ ആഹാരം പാകം ചെയ്യുന്നത് ഇലകളിലാണ് ശിശിരകാലത്തവ ഇല പൊഴിക്കുന്നു ഒരു ശിശിരം മുതൽ അടുത്ത ശിശിരം വരെയുള്ള കാലയളവിനുള്ളിൽ മുഴുപ്പും പുഴുക്കുത്തും വന്ന ഇലകൾ പൊഴിക്കുന്നു വ്രതം അനുഷ്ഠിക്കുന്നു പിന്നെ പുതിയ തളിരുകളും പൂക്കളും കായ്കളുമുണ്ടായി അവ ധർമ്മ നിർവഹണത്തിനു സജ്ജമാക്കുന്നു. വിശ്വാസികൾ ഒരു റമദാൻ മുതൽ അടുത്ത റമദാൻ വരെയുള്ള കാലയളവിനുള്ളിൽ സംഭവിച്ച പാപങ്ങൾ കഴുകി വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസത്തിൻറെ പുതിയ തളിരുകളും പൂക്കളും സൽകർമ്മങ്ങളാകുന്ന കായ്കനികളുമായി ധർമ്മ നിർവഹണത്തിനൊരുങ്ങണമെന്നാണ് ദൈവകൽപന▪