പ്രകാശ രേഖ: അഞ്ച്
പ്രശസ്തമായ ഒരു കഥയുണ്ട്. ആയിരം കണ്ണാടി പതിച്ച ഒരു വീട്. ഒരു നായ അവിടേക്ക് ഓടിക്കയറി. അപ്പോൾ അത് ആയിരം നായ്ക്കളെ കണ്ടു. അതിനാൽ അവയുടെ നേരെ വാലാട്ടി. അതോടെ ആയിരം നായ്ക്കൾ അതിൻറെ നേരെ വാലാട്ടി. മറ്റൊരു നായ അതേ കെട്ടിടത്തിലേക്ക് ഓടിക്കയറി. അതും കണ്ടു; ആയിരം നായിക്കളെ. അതോടെ അവയുടെ നേരെ കുരച്ചു ചാടി. അപ്പോൾ ആയിരം നായ്ക്കൾ അതിൻറെ നേരെ കുരച്ചു ചാടി.ആ നായക്ക് പേടിച്ച് വിറച്ച് ഓടിപ്പോവേണ്ടി വന്നു.
നമ്മുടെ കർമ്മങ്ങൾ സ്വന്തം മേൽവിലാസത്തിലെഴുതിയ കത്തുകൾ പോലെയാണെന്ന് പറയപ്പെടാറുണ്ട്. അവ നമ്മിലേക്ക് തന്നെ തിരിച്ചു വരും. ചിലപ്പോൾ വളരെ പെട്ടെന്ന്. പലപ്പോഴും വളരെ സാവധാനം.
ഓരോരുത്തരും എന്താണോ നൽകുന്നതാണ്;
അതാണ് തിരിച്ച് കിട്ടുക.
നാം ആരെയെങ്കിലും സ്നേഹിച്ചാൽ അവർ നമ്മെ തിരിച്ചും സ്നേഹിക്കും. അപ്പോൾ നാം അവരെ കൂടുതൽ സ്നേഹിക്കും. അവരോ അതിൻറെ ഇരട്ടി സ്നേഹം തിരിച്ചു തരും. അതിനാൽ സ്നേഹം കൊടുക്കുന്നതിനനുസരിച്ച് കൂടിക്കൊണ്ടേയിരിക്കും. എല്ലാവരെയും സ്നേഹിക്കുന്നവരെ എല്ലാവരും സ്നേഹിക്കും.
നാം ആരെയെങ്കിലും വെറുത്താലോ; അവർ നമ്മെയും വെറുക്കും. അതോടെ നമ്മുടെ വെറുപ്പും വർദ്ധിക്കും. ഫലമോ നമ്മെ ആവരണം ചെയ്യുക അവരുടെ അതിരുകളില്ലാത്ത വെറുപ്പായിരിക്കും. ഏറ്റവും കൂടുതൽ പേരുടെ വെറുപ്പ് ഏറ്റുവാങ്ങേണ്ടി വരിക കൂടുതൽ പേരെ വെറുക്കുന്നവരാണ്.
എന്നാൽ വെറുക്കുന്നവരെ സ്നേഹിക്കുന്നവരും നിഷേധിക്കുന്നവർക്ക് നൽകുന്നവരും അകലുന്നവരുമായി അടുക്കുന്നവരും
ദ്രോഹിക്കുന്നവർക്ക് ഉപകാരം ചെയ്യുന്നവരുമാണ് മാന്യന്മാർ. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ടാണ് തടയേണ്ടതെന്ന വിശുദ്ധ ഖുർആൻ വാക്യം അനുധാവനം ചെയ്യുന്ന സുമനസ്സുകളും അവർ തന്നെ. പിന്മുറക്കാർ നല്ലത് മാത്രം പറയുന്ന സുഗന്ധ സ്മരണകൾ ബാക്കി വെക്കാൻ കഴിയുന്നവരും അവർ മാത്രം.