സയന്റിസം: നാസ്തികതയുടെ ദാർശനിക വൈകല്യങ്ങൾ

സർവ ജ്ഞാനവും ശാസ്ത്രത്തിന്റെ ജ്ഞാനസാമ്പാദന മാർഗങ്ങൾ മുഖേന ആർജിക്കാമെന്നും സർവ മേഖലയിലും സയൻസിനെ ഉപയോഗിക്കാമെന്നുമുള്ള അതിരു കടന്ന വാദമാണ് ശാസ്ത്രമാത്രവാദം അല്ലെങ്കിൽ Scientism. ശരിയായ അറിവ് നേടാൻ യോഗ്യമായ ഒരേയൊരു മാർഗം ശാസ്ത്രം മാത്രമാണെന്ന നിലപാടിനെയാണ് ഭൗതിക ശാസ്ത്രകാരനായ ലാൻ ഹച്ചിൻസൺ (Lan Hutchinson) സയന്റിസം എന്ന് നിർവചിക്കുന്നത്. ബഹുഭൂരിപക്ഷം നിരീശ്വരവാദികളെയും തങ്ങളുടെ ദൈവമില്ലാ വാദത്തിൽ ഉറപ്പിച്ചു നിർത്തുന്നതാണ് സയന്റിസം. അറിവ് നേടാനുള്ള ഒരേയൊരു മാർഗം ശാസ്ത്രമായത് കൊണ്ടുതന്നെ ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതൊന്നും അവർ അംഗീകരിക്കുകയില്ല. ശാസ്ത്രമാത്രവാദം എന്ന പദാർഥ ബന്ധിത പ്രാപഞ്ചിക വീക്ഷണമാണ് നവനാസ്തികരുടെ മതം. മനുഷ്യ ശരീരത്തിന്റെ ഉദാര സ്വതന്ത്രവാദമായ മാനവികവാദ(Humanism)ത്തെ കൂടെ കൂട്ടി സയന്റിസത്തെ പ്രയോഗവൽക്കരിക്കുക എന്നതാണ് അവരുടെ രീതി. പ്രഥമവും പ്രധാനവുമായി ഇതൊരു ശാസ്ത്രവിരുദ്ധമായ നിരീശ്വരവാദ നിലപാടാണ്.
ചരിത്രം പരിശോധിച്ചാൽ, കേവലമായ ഏതെങ്കിലും ശാസ്ത്ര ശാഖയിൽ മാത്രം അറിവ് നേടി ഒതുങ്ങുന്ന വിദ്യാഭ്യാസ രീതിക്കപ്പുറം സമഗ്രമായ ലോക ബോധമുണ്ടാക്കാൻ കഴിയുന്ന ജ്ഞാനാർജ്ജന രീതിശാസ്ത്രങ്ങളാണ് വികസിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ അറിയപ്പെടുന്ന ചിന്തകരെല്ലാം ദൈവ വിശ്വാസികൾ കൂടി ആയിരുന്നുവെന്നു കാണാം. അരിസ്റ്റോട്ടിലും ദെക്കാർത്തെയും ന്യൂട്ടണുമൊക്കെ ദൈവത്തെയംഗീകരിച്ചത് അവർക്ക് ലോകത്തെ സംബന്ധിച്ച് സമഗ്രമായ ബോധം കൂടി ഉണ്ടായത് കൊണ്ടാണ്. ഫിലോസഫിയും ജ്ഞാനശാസ്ത്രവും, പ്രകൃതി ശാസ്ത്രവും ലോജിക്കും എത്തിക്സും തിയോളജിയുമെല്ലാം അവർക്കൊരു പോലെ പഠന വിഷയങ്ങളായിരുന്നു.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും പാശ്ചാത്യ രാജ്യങ്ങളിൽ ശാസ്ത്ര സാങ്കേതികവിദ്യയിൽ അമ്പരപ്പിക്കുന്ന പുരോഗതിയുണ്ടായി. ഐസക് ന്യൂട്ടണും മറ്റും രൂപകൽപന നൽകിയ യാന്ത്രിക പ്രപഞ്ചസങ്കൽപവും, ഡാർവിന്റെ പരിണാമസിദ്ധാന്തത്തിൽ ഊന്നിയുള്ള ജൈവസങ്കൽപവും ചേർന്ന് നിർണയവാദം (Determinism) എന്ന ആശയത്തിന് ഏറെ പ്രചാരം നൽകി. ആ ആശയത്തിന്റെ പൊരുൾ ഇതാണ്. നിരീക്ഷിക്കാനും അളക്കാനുമുള്ള ശാസ്ത്രത്തിന്റെ കഴിവ് വളർന്നു വളർന്നു വരുമ്പോൾ, ഈ പ്രപഞ്ചത്തിലെ എന്തും, മനുഷ്യപ്രവൃത്തികൾ ഉൾപ്പെടെ, കൃത്യമായി പ്രവചിക്കാനും വിശദീകരിക്കാനും സാധ്യമാകും. ഈ പ്രപഞ്ചത്തെ നയിക്കുന്ന നിയമങ്ങൾ കൃത്യമായി അറിയുകയും, ഓരോ ഭൗതിക പദാർഥത്തിന്റെയും സ്ഥാനവും ചലനവും അളക്കുകയും ചെയ്യാൻ സാധിച്ചാൽ, ഭൗതികപദാർഥ മാത്രമായ ഒരു ലോകത്ത് ഇത് സാധ്യമാണല്ലോ.
ഇതേ ആശയം തത്ത്വചിന്തയിലും പ്രതിഫലിച്ചു. അനുഭവസത്താവാദം (“ലോജിക്കൽ പോസിറ്റീവിസം, അല്ലെങ്കിൽ “വെരിഫിക്കേഷനിസം’) എന്ന പേരിൽ തത്ത്വചിന്തയിലും സമാനമായ ആശയം ഉറവെടുത്തു. ഇന്ദ്രിയാനുഭവത്തിലൂടെ നേടുന്ന വസ്തു നിഷ്ഠമായ അറിവുകൾ മാത്രമാണ് യാഥാർഥ അറിവെന്നും, മറ്റുള്ള അറിവുകൾ അയഥാർഥങ്ങളാണെന്നുമാണ് “വിയന്ന സർക്കിൾ’ എന്ന പേരിൽ പ്രശസ്തമായ ചിന്തകരുടെ കൂട്ടത്തിലെ ഒരു വിഭാഗം അവകാശപ്പെട്ടത്. ശാസ്ത്രത്തിനപ്പുറം മറ്റൊരു അറിവില്ല എന്ന ആശയമാണ് ഇവർ മുമ്പോട്ടു വയ്ക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ക്വാണ്ടം ഭൗതികശാസ്ത്രത്തിന്റെ വരവും, ഗണിതശാസ്ത്രത്തിലെ അപൂർണ്ണ താസിദ്ധാന്തത്തിന്റെ (Godel’s incompleteness theorems) രൂപീകരണവും, പോപ്പർ, കുൺ മുതലായ ചിന്തകരുടെ ദർശനങ്ങളും സാങ്കേതികവിദ്യയുടെ ദുരുപയോഗവും (ലോകയുദ്ധങ്ങൾ) എല്ലാം ചേർന്നപ്പോൾ നിർണയവാദവും പോസിറ്റിവിസവുമെല്ലാം മെല്ലെ മുഖ്യധാരയിൽ നിന്ന് പുറന്തള്ളപ്പെട്ടു.
ഇങ്ങനെ ദാർശനികമായി നിലനിൽപ് നഷ്ടപ്പെട്ട ഈ ആശയത്തിന്റെ സമകാലീന ഭാഷ്യമാണ് സയന്റിസം. ഒരു കാര്യത്തിന്റെ യാഥാർഥ്യം അറിയാൻ ശാസ്ത്രത്തിന്റെ വിശദീകരണങ്ങൾ മതിയെന്ന നിലപാടാണ് സയന്റിസം പിന്തുടരുന്നത്. ജനകീയമായിക്കൊണ്ടിരിക്കുന്ന ഈ ആശയം നവനിരീശ്വരവാദികളിലൂടെയാണ് പുതുജീവൻ കൈക്കൊള്ളുന്നത്. ഇന്ന് കേരളത്തിൽ തന്നെ ജനകീയരായ പല ഭൗതിക വാദികളും ചിന്തകരും ചില സാമൂഹികമാധ്യമ കൂട്ടായ്മകളും ഈ ആശയത്തിന്റെ വിഭിന്നമായ ഭാഷ്യങ്ങൾ അവസരത്തിലും അനവസരത്തിലുമെല്ലാം അവതരിപ്പിക്കുന്നുണ്ട്.

