– ശൈഖ് മുഹമ്മദ് കാരകുന്ന്
നാം ധാരാളമായി പറഞ്ഞു കേട്ട ഒരു കഥയുണ്ട്. ഗൃഹനാഥൻ ഭൂപടം പൂമുഖത്തെ മേശപ്പുറത്ത് വെച്ച് അകത്തുപോയി. അയാളുടെ കൊച്ചുമകൻ വന്ന് അത് കീറി പ്പറിച്ച് കഷ്ണം കഷ്ണമാക്കി നിലത്തിട്ടു. അദ്ദേഹം അതിൻറെ കഷണങ്ങളെല്ലാം പെറുക്കിയെടുത്ത് ഭൂപടം ശരിപ്പെടുത്താൻ ഏറെ ശ്രമിച്ചു. പക്ഷേ വിജയിച്ചില്ല. അപ്പോഴാണ് അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടി പിതാവിനെ സഹായിക്കാനെത്തിയത്. വളരെ പെട്ടെന്നു തന്നെ അവൻ അത് ശരിപ്പെടുത്തി. അത്ഭുത സ്തബ്ദനായ പിതാവ് ചോദിച്ചു:” ഇതെങ്ങനെ സാധിച്ചു;മോനേ?
കുട്ടി പറഞ്ഞു:” അതിൻറെ മറുപുറത്ത് ഒരു മനുഷ്യൻറെ ചിത്രമുണ്ടായിരുന്നു. ഞാനത് ശരിപ്പെടുത്തി. അതോടെ ഭൂപടവും ശരിയായി.
ചെറുതെങ്കിലും അർത്ഥപൂർണ്ണമായ കഥയാണിത്. വ്യക്തി നന്നായാൽ കുടുംബം നന്നാവും. കുടുംബം നന്നായാൽ സമൂഹം മാറും. സമൂഹം മാറിയാൽ രാജ്യവും ലോകവും മാറും.
അതിനാൽ യഥാർത്ഥ സാമൂഹ്യപരിഷ്കർത്താക്കൾ ശ്രമിക്കുക വ്യക്തിയെ പരിവർത്തിപ്പിക്കാനാണ്.
ഏതെങ്കിലും രാജ്യത്ത് വലിയ വിപ്ലവമോ ഭരണമാറ്റമോ ഉണ്ടായാൽ സമൂഹം പെട്ടെന്ന് മാറിയേക്കാം. ആ മാറ്റത്തിൻറെ കുത്തിയൊഴുക്കിൽ വ്യക്തിയും മാറിയേക്കും. എന്നാൽ ആ മാറ്റം തീർത്തും ബാഹ്യവും താൽക്കാലികവുമായിരിക്കും. സാഹചര്യം മാറിയാൽ അത്തരം വ്യക്തികൾ അതിവേഗം പൂർവ്വസ്ഥ പ്രാപിക്കും. അതിനാൽ മാറ്റം ഫലപ്രദമാകണമെങ്കിൽ വ്യക്തികളെ സംസ്കരിച്ച് പരിവർത്തിപ്പിക്കുക തന്നെ വേണം.
18