– ശൈഖ് മുഹമ്മദ് കാരകുന്ന്
ഹാറൂൺ റഷീദിനെക്കുറിച്ച് കേൾക്കാത്തവരുണ്ടാവില്ല. ബഗ്ദാദ് ആസ്ഥാനമായുള്ള വിശാലമായ സാമ്രാജ്യത്തിൻറെ അധിപനായിരുന്നു അദ്ദേഹം. അവിടത്തെ ലോക പ്രശസ്തമായ വിജ്ഞാന കേന്ദ്രം സ്ഥാപിച്ചത് അദ്ദേഹമാണ്.
ഒരു ദിവസം ഒരു സൂഫീ ദാർശനികൻ അദ്ദേഹത്തെ സമീപിച്ചു. അയാൾ ചോദിച്ചു:”താങ്കൾ ഒരു മരുഭൂമിയിലൂടെ യാത്ര ചെയ്യുകയാണ്. കൈവശമുള്ള വെള്ളം തീർന്നു.ദാഹിച്ച് വലഞ്ഞു. മരിക്കാൻ പോവുകയാണെന്ന് മനസ്സിലായി.അപ്പോൾ ഒരു കോപ്പ വെള്ളം തന്നാൽ പ്രതിഫലമായി എന്ത് നൽകും?”
“എൻറെ സാമ്രാജ്യത്തിൻറെ പാതി നൽകും.”ഹാറൂൺ റഷീദ് പറഞ്ഞു.
രണ്ടു മൂന്നു വർഷം കഴിഞ്ഞ് വീണ്ടും അതേ ദാർശനികൻ ഹാറൂൺ റഷീദിനെ സമീപിച്ചു. അയാൾ ചോദിച്ചു:”താങ്കൾക്ക് മൂത്രമൊഴിക്കണമെന്നുണ്ട്. പക്ഷേ മൂത്രം പോകുന്നില്ല. വേദന സഹിക്കാനാവാതെ പിടയുന്നു. അപ്പോൾ മൂത്രം പോകാനുള്ള മരുന്ന് തന്നാൽ പ്രതിഫലമായി എന്ത് കൊടുക്കും?”
“എൻറെ സാമ്രാജ്യത്തിൻറെ പാതി.”ഹാറൂൺ റഷീദ് അറിയിച്ചു.
അപ്പോൾ ആ സൂഫീ ദാർശനികൻ ചോദിച്ചു:”ഒരു കോപ്പ വെള്ളം കഴിച്ച് മൂത്രമൊഴിക്കുന്നതിൻറെ വില ഇപ്പോൾ മനസ്സിലായോ?”
നാം ജീവിക്കുന്ന ഓരോ നിമിഷവും അനുഭവിക്കുന്ന അനുഗ്രഹങ്ങൾ അപാരമാണ്. അമൂല്യങ്ങളാണ്. നാം അതറിയുന്നില്ലെന്ന് മാത്രം. ശ്വസിക്കാനുള്ള നമ്മുടെ കഴിവിൻറെ വില മനസ്സിലാവുക വെൻറിലേറ്ററിൽ കിടക്കുമ്പോഴാണ്. മൂത്രമൊഴിക്കുന്നതിൻറെ വിലയറിയുക നിരന്തരം ഡയാലിസ് ചെയ്യേണ്ടിവരുമ്പോഴാണ്. നാം ഒരു വസ്തു കാണുമ്പോൾ കണ്ണ് നിർവഹിക്കുന്ന കാര്യങ്ങളും അവയുടെ പിന്നിലെ സംവിധാനങ്ങളും അത്യധികം വിസ്മയകരമത്രേ. അത് സൂക്ഷ്മമായി മനസ്സിലായാൽ നാം അത്ഭുത സ്തബ്ദരാവും.
നാം അനുഭവിക്കുന്ന ഓരോ അനുഗ്രഹത്തിൻറെയും വിലയറിയുക അത് നഷ്ടപ്പെടുമ്പോഴാണ്. കണ്ണുള്ളവന് കണ്ണിൻറെ വില അറിയില്ലല്ലോ.
എന്നാൽ അനുഭവിക്കുന്ന എല്ലാ അനുഗ്രഹങ്ങളും അനുസ്മരിച്ച് അവയുടെ ദാതാവിനോട് നന്ദി കാണിക്കുന്നവരാണ് ബുദ്ധിമാന്മാർ. മാന്യന്മാരും അവർ തന്നെ. ദൈവത്തിൻറെ പ്രീതിയും പ്രതിഫലവും അവർക്കുള്ളതത്രേ. നന്ദികേടു കാണിക്കുന്നവരെക്കാൾ നിന്ദ്യന്മാരായി ആരുണ്ട്!
17