സ്വന്തം വ്യക്തിത്വം ഉറപ്പിക്കാനും അന്തസ്സായി ജീവിക്കാനും പെണ്ണായി പിറന്നവള്‍ തെരുവില്‍ പോരാടിയതിന്റെ ഓര്‍മദിനമാണ് ഇത്.
1905-ല്‍ ജര്‍മന്‍ സോഷ്യലിസ്റ്റ് വനിതാ നേതാവ് ക്ലാരാ സ്റ്റീവല്‍സിന്റെ നേതൃത്വത്തില്‍ വനിതാദിനം എന്ന ആശയം പിറന്നു. ഫ്രഞ്ച് വിപ്ലവം തീര്‍ത്ത സ്വാതന്ത്ര്യദാഹത്തിന്റെ അന്തരീക്ഷത്തില്‍ വനിതാദിനം ആചരിക്കാന്‍ യു,എന്‍ അംഗീകാരം നല്‍കി. അന്നുമുതല്‍ മാര്‍ച്ച് 8 വനിതകളുടെ ദിനമായി.
പെണ്‍ വിലാപങ്ങള്‍ അടങ്ങിയോ?
പെണ്ണിന്റെ പൂര്‍വകാല ജീവിതത്തിന് ചരിത്രം സാക്ഷി. മുതലാളിത്തവും അമിത സ്വാതന്ത്ര്യവാദവും ആണത്രെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അടയാള പദങ്ങള്‍. അവ സ്ത്രീക്ക് സ്വാതന്ത്ര്യം നല്‍കിയോ?. അവളുടെ നിലക്കാത്ത കണ്ണീരിന് ആരാണ് ഉത്തരവാദി?. ലിബറലിസ്റ്റുകള് പറയുന്നു, കുടംബമാണെന്ന്. കുടുംബത്തിനകത്തെ പുരുഷനാണ് പ്രശ്‌നമെന്ന്. മതങ്ങളാണ് കാരണമെന്ന്. പെണ്ണിനെ തടയുന്ന മതപൗരോഹിത്യം പറയുന്നു പെണ്ണിന് നിയന്ത്രണം വേണമെന്ന്. ആരാണ് ശരി?
ദൈവം പെണ്ണിനെ കുറിച്ച് വല്ലതും പറഞ്ഞോ?
സ്ത്രീ ഇന്നനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യത്തിനും പിന്നില്‍ ഒരുപാട് പ്രയത്നങ്ങളുണ്ട്. അവള് ഒട്ടേറെ സമരങ്ങള്‍ നയിച്ചിട്ടുണ്ട്.
എന്നാല്‍, തെരുവുകളെ ബഹളമയമാക്കിയ ജാഥകൾ നടത്താതെ, ഒരിറ്റു ചോര ചിന്താതെ പെണ്ണവകാശത്തെ ബോധ്യപ്പെടുത്തിയ ഒരു വേദഗ്രന്ഥമുണ്ട്. അതിനെ നമുക്ക് ഖുര്‍ആന്‍ എന്നു വിളിക്കാം. അതിന്റെ പ്രയോക്താവാണ് പ്രവാചകന്‍ മുഹമ്മദ്.
സ്ത്രീയുടെ അവകാശത്തെ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഖുര്‍ആന്‍ പറഞ്ഞത്. നമ്മുടെ ലോകം സ്ത്രീ അവകാശങ്ങളെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുന്നതിനും നൂറ്റാണ്ടുകള്ക്ക് മുമ്പ്. ലിംഗസമത്വവും തുല്യനീതിയും മനുഷ്യാവകാശവും വകവെച്ചുകിട്ടാന്‍ വേണ്ടിയല്ലേ നാം കോടതികള്‍ കയറിയിറങ്ങുന്നത്. എന്നിട്ടും ആ പടച്ചവൻ പറയുന്നതു കേള്‍ക്കാതിതിരിക്കുകയാണോ. ‘ദൈവത്തിന് സ്വയം സമര്‍പ്പിച്ച സ്ത്രീകളും പുരുഷന്മാരും, വിശ്വസിക്കുന്ന സ്ത്രീകളും പുരുഷന്മാരും, സത്യസന്ധരായ സ്ത്രീകളും പുരുഷന്മാരും. ദൈവം ഇവര്‍ക്കായി വലിയ പ്രതിഫലവും പാപമുക്തിയും ഒരുക്കിവെച്ചിരിക്കുന്നു. (ഖുർആൻ 33:35)
പുരുഷനാകട്ടെ സ്ത്രീയാകട്ടെ, സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മം ചെയ്യുന്നവരാരോ അവര്‍ സ്വര്‍ഗത്തില്‍ കടക്കുന്നതാകുന്നു. (ഖുർആൻ. ….. 40)
ദൈവത്തെ ആരാധിക്കുന്നിടത്തുനിന്നു പെണ്ണിനെ തടയുന്നത് ആരാണ്?
ആരാധനാ അനുഷ്ഠാനങ്ങളില്‍നിന്ന് സ്ത്രീയെ വിലക്കുന്ന ചൂഷിത പൗരോഹിത്യത്തിന്നെതിരെയുള്ള ദൈവത്തിന്റെ താക്കീത് അവർ കേട്ടിട്ടുണ്ടോ? പുരുഷനാകട്ടെ സ്ത്രീയാകട്ടെ, ഏതൊരാള്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മം ആചരിക്കുന്നുവോ, ഇരുലോകത്തും നാമവരെ പരിശുദ്ധമായ നിലയില്‍ ജീവിപ്പിക്കും. പരലോകത്ത് അവരുടെ പ്രതിഫലം ഏറ്റവും ശ്രേഷ്ഠമായ കര്‍മങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കുകയും ചെയ്യും (ഖുര്‍ആന്‍ 16:97)
പെണ്‍ജന്മം ശാപമോ?
പെണ്‍കുട്ടിയുടെ ജന്മത്തെ മോശമായി കാണുന്ന ഒരു സമൂഹം നശിച്ചു എന്നാണ് ദൈവം പറയുന്നത്. പ്രവാചകന്‍ മുഹമ്മദ് പറഞ്ഞു പെണ്‍കുട്ടി പിറക്കുന്നത് ഒരാള്‍ക്ക് സ്വര്‍ഗം നിർബന്ധമാക്കും. അല്ലെങ്കില്‍ അയാളെ നരകത്തില്‍ നിന്നു മോചിപ്പിക്കാന്‍ അത് കാരണമാവുകയും ചെയ്യും. (മുഹമ്മദ് നബി)
ദൈവത്തിന്റെ സൃഷ്ടി എന്ന നിലക്ക് ജീവിക്കാനും ആരാധിക്കാനും സ്വത്ത് സമ്പാദിക്കാനും വിനിമയം ചെയ്യാനും സ്ത്രീക്ക് അനുവാദം നല്‍കി. പിന്നെന്തിനാണ് പെണ്ണേ നീ ഭയക്കുന്നത്?
ഖുര്‍ആനിലേക്ക് നോക്കൂ ചരിത്രം രചിച്ച പെണ്ണിനെ അവിടെ കാണാം. വിജ്ഞാനത്തിന്റെ അധികാരസ്വരമായ ആയിശ. മനുഷ്യ നാഗരികതകള്‍ക്ക് വിത്തിട്ട അബ്രഹാം പ്രവാചകന്റെ ഭാര്യ ഹാജറ, യേശുവിന്റെ മാതാവ് മറിയം, ഫറോവാന്റെ കൊട്ടാരത്തിലെത്തി സ്വന്തം കുഞ്ഞിന് മുലകൊടുത്ത മോശാ പ്രവാചകന്റെ ഉമ്മ, മോശയുടെ സഹോദരി… ചരിത്രത്തിലെ സ്ത്രീമുദ്രകളെ നിങ്ങള്‍ക്കിവിടെ കാണാം.
മാതൃകകള്‍ മുന്നിലുണ്ടാവുമ്പോള്‍ എന്തിനാണ് സ്ത്രീകള്‍ പിന്നോട്ടു വലിയുന്നത്.
കുടുംബമാണോ തടസ്സം?
വിവാഹത്തിലൂടെ കൂട്ടിലടക്കപ്പെട്ട കിളിപോലെയായി ജീവിതമെന്ന് ഭയക്കുന്നോ? എങ്കില്‍ ഖുർആൻ പറയുന്നതു കേള്‍ക്കൂ. കുടംബജീവിതത്തില്‍ സ്ത്രീകള്‍ക്ക് ന്യായമായ അവകാശമുണ്ട്. പുരുഷന്മാര്‍ക്ക് അവരുടെ അവകാശം ഉള്ളതുപോലെ. (ഖുർആൻ ….. 228)
പ്രവാചകന്‍ മുഹമ്മദ് പറഞ്ഞു. സ്ത്രീയുടെ കാര്യത്തില്‍ നിങ്ങള്‍ ദൈവത്തെ സൂക്ഷിക്കണം. അവരെ നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നത് ദൈവത്തിന്റെ ഉപഹാരമായാണ്. നിങ്ങളില്‍ ഏറ്റവും നല്ലവന്‍ തങ്ങളുടെ സ്ത്രീകളോട് നന്നായി പെരുമാറുന്നവനാണ്.
തലമുറകളെ വാര്‍ത്തെടുക്കുന്ന മാതാവിന്റെ കാല്‍ക്കീഴിലാണ് സ്വര്‍ഗം എന്നാണ് പ്രവാചകവചനം. കൈയ്യില്‍ അധികാരവും അക്ഷരവും നല്‍കി കാല്‍ചുവട്ടില്‍ സ്വര്‍ഗം വാഗ്ദാനം ചെയ്യുമ്പോള്‍…
സ്ത്രീയേ…
പെണ്ണായതില്‍ നീ എന്തിനു ഭയക്കണം?
ഫൗസിയ ഷംസ്