ഞാൻ മലപ്പുറം ജില്ലക്കാരിയായതിനാൽ റമദാന്റെ പ്രത്യേകതകളെക്കുറിച്ച് കുട്ടിക്കാലം മുതലേ കേട്ടറിവുണ്ട്. ആലിപ്പറമ്പ് എന്ന ചെറിയ ഗ്രാമത്തിൽ എനിക്ക് സ്വന്തം വീടുപോലെ കയറിച്ചെല്ലാൻ പറ്റുന്ന റാസുകാക്കയുടെയും സാലിതാതായുടെയും വീടാണ് തൊട്ടടുത്ത്. അതുകൊണ്ടുതന്നെ നോമ്പ് തുറ സമയം ഞങ്ങൾ നാരങ്ങാവെള്ളവും, തരികഞ്ഞിയും സമൂസയും മുട്ടമാലയും പത്തിരിയും ഒക്കെ അവരോടൊപ്പം കഴിച്ചിട്ടുമുണ്ട്. ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിച്ചു അവരെപ്പോലെ നോമ്പ് തുറക്കണം എന്നൊരാഗ്രഹം ഇടയ്ക്കിടെ മനസ്സിൽ വന്നുപോയിക്കൊണ്ടിരുന്നു. പക്ഷെ പ്രായോഗികതലത്തിൽ വന്നില്ലെന്ന് മാത്രം. അതിനുള്ള സമയം ഒത്തു വന്നത് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ പി.ജി ക്ക് പഠിക്കുമ്പോഴായിരുന്നു. റൂം മേറ്റ് ആയിരുന്ന ലക്ഷദ്വീപിൽ നിന്നുള്ള ഫൈസ നോമ്പെടുക്കുന്ന സമയത്ത് ഞാനും കൂട്ടുകാരി സന്ധ്യയും നോമ്പെടുക്കാൻ താൽപ്പര്യമറിയിച്ചു. ഹോസ്റ്റലിൽ നോമ്പെടുക്കുന്ന ഒരുപാടു കുട്ടികൾ ഉണ്ടായിരുന്നു.അതുകൊണ്ടു മെസ്സിലെ ചേച്ചിമാർ നേരത്തെ അവർക്ക് വേണ്ട ഭക്ഷണം ഉണ്ടാക്കി വയ്ക്കും. ഞങ്ങൾ എഴുന്നേറ്റു വന്നപ്പോഴേക്കും ഫൈസ അതിരാവിലെ നിസ്‌ക്കരിച്ചു നോമ്പ് ആരംഭിച്ചിരുന്നു. രാവിലെ 8. 30 ന് പ്രഭാത ഭക്ഷണം കഴിക്കാൻ ബാക്കി എല്ലാവരും വന്നു വിളിച്ചു. പക്ഷെ ഞങ്ങൾക്ക് നോമ്പാണല്ലോ. രാവിലെ നല്ല ഉഷാറായിരുന്നു. ക്ലാസ്സിൽ പോയി ആദ്യ മണിക്കൂറുകൾ ഒക്കെ കുഴപ്പമില്ലാതെ പോയി. പതുക്കെ വിശപ്പു തനി നിറം കാണിക്കാൻ തുടങ്ങി. സന്ധ്യയും ഏതാണ്ട് അതെ അവസ്ഥയിൽ തന്നെ ആയിരുന്നു. ഞങ്ങൾ ജീവിതത്തിൽ ആദ്യമായി നോമ്പ് എടുത്തത് ക്ലാസ് മുഴുവനും അറിഞ്ഞിട്ടുണ്ട്. ഇനി വെള്ളം പോലും കുടിക്കാൻ പറ്റില്ല .ഉണ്ടാക്കിയ ഇമേജ് മൊത്തം തകർന്നു തരിപ്പണമാകും. എങ്ങനെയും വൈകുന്നേരം വരെ പിടിച്ചു നിൽക്കണം. ക്ലാസ്സിൽ ഇരിക്കാമെന്നു വച്ചാൽ ശ്രദ്ധിക്കാനും പറ്റുന്നില്ല. ഇത് ഒരു ദിവസത്തെ കാര്യം. അപ്പോൾ ഒരു മാസം മുഴുവൻ വ്രതം എടുക്കുന്നവരെ സമ്മതിക്കണം അല്ലേയെന്നായി സന്ധ്യയോടുള്ള എെൻറ അഭിപ്രായം. ഫൈസയും ലിബാനയും ഷാജിയും ഒക്കെ വളരെ കൂൾ. ഞങ്ങൾക്കാണെങ്കിൽ ആകെ ഒരു വെപ്രാളം. പറയാനും വയ്യ പറയാതിരിക്കാനും വയ്യാത്ത ഒരു അവസ്ഥ. ഞങ്ങൾ ക്ലാസ്സ് കട്ട്ചെയ്ത് നടക്കാൻ ഇറങ്ങി. ശ്രദ്ധ പലവഴിക്ക് തിരിച്ചു വിട്ടാൽ വിശപ്പിെൻറ കാര്യം മറന്നു പോയാലോ. അകലെ കാൻറീൻ കാണാം.
ഒറ്റക്കും കൂട്ടമായും ആളുകൾ വരുന്നു പോകുന്നു. സജിനേഷും ഷിബിയും ഗിരീഷേട്ടനുമൊക്കെ ഊണ് കഴിക്കാൻ പോകുമ്പോൾ കളിയാക്കികൊണ്ടു പോയി. ഇതൊന്നും നിങ്ങൾക്ക് പറ്റുന്ന പണിയല്ലെന്നായിരുന്നു അവരുടെ വാദം. എന്നാൽ അപ്പോഴാണ് വിശപ്പ് എന്ന പരമമായ സത്യത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. ലോകത്തു എത്രായിരം ആളുകൾ ഭക്ഷണം കിട്ടാതെ അലയുന്നു. കുറച്ചു നേരം വിശപ്പു സഹിച്ചെന്നു വച്ച് ഒന്നും സംഭവിക്കില്ല എന്ന് ഞാനും സന്ധ്യയും ദൃഡനിശ്ചയം ചെയ്തു. വൈകിട്ട് നാരങ്ങാ വെള്ളം കുടിച്ച് ഞങ്ങൾ അന്നത്തെ നോമ്പ് അവസാനിപ്പിച്ചു. പിന്നെ ഭാസ്ക്കരേട്ടന്റെ കടയിലെ ബിരിയാണി കഴിക്കാൻ പോയി. രാവിലെ മുതൽ ഒന്നും കഴിക്കാത്തതല്ലേ നല്ലതുപോലെ കഴിക്കാം എന്ന്വിചാരിച്ചു, പക്ഷെ അധികം കഴിക്കാൻ പറ്റിയില്ല. ആ നോമ്പ് നൽകിയ പോസിറ്റീവ് ഏറെയായിരുന്നു.വിശപ്പിന്റെ ആഴം മനസിലാക്കി എന്നതാണ് ഏറ്റവും വലിയ സത്യം.
🖋ധന്യ മേനോൻ
◆ആ നോമ്പ് നൽകിയ പോസിറ്റീവ് ഏറെയായിരുന്നു.◆വിശപ്പിന്റെ ആഴം അറിഞ്ഞു
previous post