ആസക്തിക്കെതിരെ വിരക്തി പരിശീലിപ്പിക്കുകയാണ് നോമ്പ് ചെയ്യുന്നത്. വിട്ടുനില്‍ക്കാനും വേണ്ടെന്നു വെക്കാനുമുള്ള കഴിവാണ് നോമ്പ് വളര്‍ത്തിയെടുക്കുന്നത്. വിരക്തി(സുഹ്ദ്) ഇസ്‌ലാമിന്റെ സുപ്രധാനമായ മൂല്യമാണ്. ഭൂമിയോട് ഒട്ടിപ്പിടിക്കാതെ ആകാശത്തിന്റെയും പ്രപഞ്ചത്തിന്റെയും ഉയരങ്ങളിലേക്ക് സഞ്ചരിക്കാന്‍ മനുഷ്യനെ പ്രാപ്തമാക്കലാണ് വിരക്തി. ഇല്ലായ്മയല്ല വിരക്തി. ഭൗതിക ജീവിതത്തോട് സമ്പന്നതയിലും ദാരിദ്ര്യത്തിലുമെല്ലാം വെച്ചുപുലര്‍ത്തേണ്ട മനോഭാവമാണിത്. സമ്പത്തുള്ളവരുടെ ദാരിദ്യ പ്രകടനത്തെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. ലാളിത്യത്തെ പ്രോത്സാഹിപ്പിക്കുന്നു. ഒരിക്കല്‍ പ്രവാചകന്‍ തന്റെ ഒരു അനുചരനെ വളരെ പഴകിയ വസ്ത്രങ്ങള്‍ ധരിച്ച നിലയില്‍ കാണാന്‍ ഇടവന്നു. പ്രവാചകന്‍ കാരണമന്വേഷിച്ചു: ”ദൈവദൂതരേ, ഞാന്‍ ദരിദ്രനല്ല. പണം പാവങ്ങള്‍ക്ക് നല്‍കുന്നതാണ് എനിക്കിഷ്ടം, അത് സ്വന്തം കാര്യത്തിന് ചെലവഴിക്കുന്നതിനേക്കാളും.” പ്രവാചകന്‍ പറഞ്ഞു: ”അത് ശരിയല്ല. താന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ തന്റെ ദാസന്മാരില്‍ പ്രതിഫലിച്ചു കാണണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്.”
പ്രകടനം എന്നതിനേക്കാള്‍ മനോഭാവമാണ് വിരക്തി. ‘ആയിരം ദീനാറിന്റെ ഉടമ വിരക്തനാകുമോ’ എന്ന് അലി(റ)യോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ”ആയിരം ദീനാറിന്റെ ഉടമ വിരക്തനാകും. എന്നാല്‍ എപ്പോഴാണോ അവന്‍ അതിന്റെ അടിമയാകുന്നത് അപ്പോഴാണ് അവന്‍ വിരക്തനല്ലാതാവുക.” അഹ്മദുബ്‌നു ഹമ്പലി(റ)നോടും ഇതേ ചോദ്യം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ”ആയിരം ദീനാറിന്റെ ഉടമ വിരക്തനാകും. എന്നാല്‍ അത് ലഭിക്കുക എന്നത് ലോകത്തെ ഏറ്റവും വലിയ നേട്ടമാണെന്നും അത് നഷ്ടപ്പെട്ടുപോവുക എന്നത് ലോകത്തിലെ മഹാ നഷ്ടമാണെന്നും കരുതുന്നുവെങ്കില്‍ അയാള്‍ വിരക്തനാവുകയില്ല.” ഇതു തന്നെയാണ് മറ്റൊാരു ഭാഷയില്‍ ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി പറഞ്ഞത്: ”പണം നിങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കരുത്, കീശയില്‍ സൂക്ഷിക്കുക. വിരക്തിക്കൊരു പരിശീലനക്കളരിയുണ്ടെങ്കില്‍ അത് നോമ്പാണ്.”
ഇസ്‌ലാം നോമ്പിലൂടെയും അല്ലാതെയും വിരക്തി പരിശീലിപ്പിക്കുന്നത് എന്തിനാണ്? ശുഭകരമായ പരലോക ജീവിതത്തിന് എന്നതായിരിക്കും സാമാന്യ മറുപടി. ഈ ഉത്തരം ശരിയായിരിക്കെത്തന്നെ ഈ ചോദ്യത്തിന് മറ്റൊരു ഉത്തരം കൂടിയുണ്ട്. പരലോക നന്മയും ഇഹലോക ക്ഷേമവും പരസ്പരവിരുദ്ധങ്ങളല്ല എന്ന ഇസ്‌ലാമിന്റെ സമന്വയ കാഴ്ചപ്പാടില്‍നിന്നാണ് ഈ ഉത്തരം ഉരുത്തിരിയുന്നത്. വിരക്തി പരലോക ജീവിതത്തെ മാത്രമല്ല, ഇഹലോക ജീവിതത്തെയും ഭാസുരമാക്കാനുതകുന്നതാണ്. ഇസ്‌ലാം മനുഷ്യരോട് ഭൗതിക വിരക്തരാവാന്‍ ആവശ്യപ്പെട്ടത് സ്വര്‍ഗം ലഭിക്കാന്‍ വേണ്ടി മാത്രമല്ല. ഭൂമിയില്‍ സാധ്യമാവുന്ന സ്വര്‍ഗീയാനുഭവങ്ങളും ആനന്ദങ്ങളും ഉളവാകാന്‍ വേണ്ടികൂടിയാണ്. ആസക്തന് സ്വര്‍ഗം ലഭിക്കുകയില്ല എന്നു മാത്രമല്ല, ഐഹിക ജീവിതവും ആസ്വദിക്കാന്‍ അവന് കഴിയുകയില്ല. ഒന്നിനോട് അങ്ങേയറ്റം അടുത്തു നില്‍ക്കുന്നവര്‍ക്ക് അതിന്റെ സൗന്ദര്യം കാണാന്‍ കഴിയുകയില്ല. ഒരിത്തിരി അകലത്തില്‍നിന്ന് നോക്കുന്നവര്‍ക്കേ എന്തിന്റെയും ഭംഗി കാണാനും ആസ്വദിക്കാനും കഴിയുകയുള്ളൂ. ആസക്തര്‍ എല്ലാറ്റിനോടും ആസക്തി കാണിക്കുകയും ഒന്നും ആസ്വദിക്കാന്‍ കഴിയാതെ പോവുകയും ചെയ്യുന്നവരാണ്.
ഇത്തിരി വിരക്തി ചേര്‍ക്കാതെ തയാറാക്കുന്ന ജീവിത പലഹാരങ്ങള്‍ ഒരു രുചിയും ഇല്ലാത്തവയായിരിക്കും. പുറമെനിന്ന് നോക്കുമ്പോള്‍ അതിന് എത്ര രൂപഭംഗി ഉണ്ടായാലും അകമേ അത് ആസ്വാദനദരിദ്രമായിരിക്കും. ആസക്തന്‍ പരലോകം നഷ്ടപ്പെട്ടവന്‍ മാത്രമല്ല, ഇഹലോകവും നഷ്ടപ്പെട്ടവനാണ്. ഒന്നിനോട് ഒട്ടിപ്പിടിച്ചു കിടക്കുന്നവന് അതൊരിക്കലും ആസ്വദിക്കാന്‍ കഴിയില്ല. മാനസികമായി ഒരടി അകലം പാലിക്കുമ്പോഴാണ് എന്തും ആസ്വാദ്യകരമായിത്തീരുന്നത്. അപ്പോള്‍ നോമ്പ് വിരക്തിയുടെ പരിശീലനത്തിലൂടെ വിശ്വാസിയെ സ്വര്‍ഗത്തോടടുപ്പിക്കുക മാത്രമല്ല ചെയ്യുന്നത്, ദുന്‍യാവിനെ കൂടുതല്‍ ആസ്വാദ്യകരമാക്കുക കൂടിയാണ്. വിശ്വാസികള്‍ ലൗകിക ജീവിതവും കൂടുതല്‍ ആസ്വദിക്കുന്ന കാലമാണ് റമദാന്‍. ബന്ധങ്ങള്‍, ഭക്ഷണം, ലൈംഗികത എല്ലാറ്റിനും എരിവും പുളിയും മധുരവും വര്‍ധിക്കുന്ന കാലമാണ് റമദാന്‍.
നോമ്പുകൊണ്ട് വിശ്വാസി ഉദാസീനനാവുകയല്ല ചെയ്യുന്നത്, ഉന്‍മേഷഭരിതനാവുകയാണ്. നോമ്പ് ജീവിതത്തിന്റെ നിറം കെടുത്തുകയല്ല, ജീവിതത്തെ കൂടുതല്‍ വര്‍ണശബളമാക്കുകയാണ്. ജീവിതത്തെ കുറേക്കൂടി അനുഭവിക്കാന്‍ നോമ്പ് വിശ്വാസികളെ പ്രാപ്തരാക്കുന്നു. ഇസ്‌ലാമിന്റെ മാത്രം സവിശേഷതയായ ദിവ്യമായ സമന്വയ വിസ്മയമാണ് ഇവിടെയും സംഭവിക്കുന്നത്. ലൗകിക വിരക്തിയുടെ വസന്തമായ നോമ്പ് ജീവിതാനന്ദത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കുക കൂടി ചെയ്യുന്നു. റമദാന്‍ വിശ്വാസിക്ക് ജീവിത വിഭവങ്ങള്‍ വര്‍ധിക്കുന്ന മാസമാണെന്ന് പ്രവാചകന്‍ പറയുന്നുണ്ടല്ലോ.
നോമ്പും ആരോഗ്യവും
നോമ്പ് ആരോഗ്യത്തിന് ഗുണകരമാണോ ദോഷമാണോ എന്ന ചര്‍ച്ച പലപ്പോഴും നടക്കാറുണ്ട്. അല്ലാഹു മനുഷ്യന് ഇഹത്തിലും പരത്തിലും നല്ലതായതിനെയാണ് അനുവദിച്ചത്; മോശമായതിനെയാണ് വിലക്കുന്നത് (അല്‍അഅ്‌റാഫ് 186). നിര്‍ബന്ധമാക്കപ്പെട്ടത് കൂടുതല്‍ നല്ലതായിരിക്കും എന്നതില്‍ തര്‍ക്കമുണ്ടാകേണ്ടതില്ലല്ലോ. നോമ്പ് ഒരു കേവല ആരോഗ്യപോഷണ പദ്ധതിയല്ല. അങ്ങനെ സങ്കല്‍പ്പിച്ചാല്‍ അത് വ്രതം അല്ലാതെ വേറെ വഴികളിലൂടെയും നേടാനാവുമെന്ന് വാദിക്കാന്‍ കഴിയും. എന്നാല്‍ ദൈവം രൂപകല്‍പ്പന ചെയ്ത് മനുഷ്യന് നല്‍കിയ സവിശേഷ ആരാധനാ രൂപമായ വ്രതം ആരോഗ്യത്തിന് ഗുണകരം തന്നെയാവണം. കാരണം ആത്മശിക്ഷണവും ആരോഗ്യവും അല്ലാഹുവിന്റെ നടപടിക്രമത്തില്‍ പരസ്പരവിരുദ്ധമാകാന്‍ ഒരു സാധ്യതയുമില്ല. ആത്മശിക്ഷണത്തിനായി ആരോഗ്യത്തെ അപകടപ്പെടുത്താന്‍ അല്ലാഹു ഒരിക്കലും കല്‍പ്പിക്കുകയില്ല. ഇസ്‌ലാമിന്റെ ആത്മശിക്ഷണങ്ങള്‍ ശരീരത്തെയും ശക്തിപ്പെടുത്തുകയാണ് ചെയ്യുക. അതുകൊണ്ടാണ് രോഗികളെയും മറ്റും നോമ്പില്‍നിന്ന് ഒഴിവാക്കിയത്. സാമാന്യ ആരോഗ്യവാന് നോമ്പ് എല്ലാ അര്‍ഥത്തിലും ആരോഗ്യകരമാണ്.
നോമ്പും വിവാഹവും
നോമ്പ് പരിചയാണെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. ആസക്തികളെയും തിന്‍മകളെയും പ്രതിരോധിക്കുന്ന പരിച. വിവാഹശേഷിയുള്ള ചെറുപ്പക്കാരോട് പ്രവാചകന്‍ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുന്നു. അതിനു കഴിയാത്തവരോട് നോമ്പ് നോല്‍ക്കാന്‍ പറയുന്നു. വിവാഹം കൊണ്ട് ലഭിക്കേണ്ട ആത്മനിയന്ത്രണം നോമ്പുകൊണ്ട് ലഭിക്കുമെന്നാണ് അതിന്റെ അര്‍ഥം. അഥവാ നോമ്പുകൊണ്ട് ലഭിക്കുന്ന ആത്മനിയന്ത്രണം വിവാഹം കൊണ്ട് ലഭിക്കുമെന്ന്. വിവാഹം ഒരു കരാര്‍ മാത്രമല്ല, ഒരു വ്രതം കൂടിയാണ്. ഒരു സദാചാര വ്രതം, നോമ്പും വിവാഹവും ആത്മസംയമനം ശീലിപ്പിക്കുന്നത് രണ്ടു തരത്തിലാണ്. ഒന്ന് നിഷേധാത്മകമാണ്. മറ്റേത് രചനാത്മകമാണ്. രണ്ടും ആത്മസംസ്‌കരണ പദ്ധതികളാണ്. നോമ്പും വിവാഹവും തമ്മിലുള്ള ബന്ധം ഖുര്‍ആന്റെ പ്രതിപാദന ഘടനയില്‍നിന്ന് നമുക്ക് മനസ്സിലാക്കാനാവും. ദമ്പതികള്‍ പരസ്പരം വസ്ത്രങ്ങളാണെന്ന ദാമ്പത്യത്തെ കുറിച്ച ഏറ്റവും മനോഹരമായ ഉപമ ഖുര്‍ആന്‍ പറഞ്ഞത് റമദാന്‍ വ്രതത്തെ കുറിച്ച പ്രതിപാദനത്തിനിടയിലാണ് (അല്‍ബഖറ 187).
നോമ്പ് ഐക്യദാര്‍ഢ്യമാണോ?
നോമ്പ് ലോകത്ത് പട്ടിണികിടക്കുന്നവരോടുള്ള ഐക്യദാര്‍ഢ്യമാണെന്ന് ചിലരെങ്കിലും പറയാറുണ്ട്. യഥാര്‍ഥത്തില്‍ നോമ്പ് പട്ടിണിപ്പാവങ്ങളോടുള്ള ഐക്യദാര്‍ഢ്യ പരിപാടിയല്ല. അത് ഏറിവന്നാല്‍ സമ്പന്നന് മാത്രം ബാധകമായ നിര്‍വചനമാണ്. ദരിദ്രന്റെ നോമ്പിനെ നമുക്ക് ഈ തത്ത്വമുപയോഗിച്ച് വിശദീകരിക്കാനാവില്ല. നോമ്പ് മനുഷ്യനെ അസ്തിത്വപരമായി അഗാധരാക്കുന്ന അനുഷ്ഠാനമാണ്. വയറു നിറച്ചുണ്ണുമ്പോഴല്ല, വയറ് ഒഴിഞ്ഞിരിക്കുമ്പോഴാണ് തന്റെ അസ്തിത്വത്തിന്റെ അര്‍ഥമെന്താണെന്ന് മനുഷ്യന് ബോധ്യപ്പെടുക. തന്നിലെ മൃഗത്തെ മെരുക്കിയെടുക്കുമ്പോള്‍ അവനിലെ മനുഷ്യന്‍ കൂടുതല്‍ തെളിമയില്‍ അവനില്‍ വെളിപ്പെടും. അവനിലെ മൃഗം ചുരുങ്ങുകയും മനുഷ്യന്‍ വികസിക്കുകയും ചെയ്യും. ജന്തുപരമായ ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കുമ്പോള്‍ മനുഷ്യപരമായ, അല്ലെങ്കില്‍ ദൈവികമായ തലങ്ങളിലേക്ക് അവരുടെ ശ്രദ്ധ കൂടുതല്‍ കേന്ദ്രീകരിക്കപ്പെടും. അസ്തിത്വപരമായ ആഴം നേടിയെടുക്കുമ്പോള്‍ മറ്റു മനുഷ്യരെ കൂടുതല്‍ സഹാനുഭൂതിയോടെ അനുഭവിക്കാന്‍, നോക്കിക്കാണാന്‍ അവര്‍ക്ക് കഴിയുന്നു. അതുകൊണ്ടാണ് നോമ്പ് കാലത്ത് വിശ്വാസികള്‍ മാനുഷിക സേവന പ്രവര്‍ത്തനങ്ങള്‍ കൂടുതലായി ചെയ്യുന്നത്. ബന്ധങ്ങള്‍ അധികമായി വിളക്കിച്ചേര്‍ക്കുന്നത്. അസ്തിത്വപരമായ അഗാധതയുള്ളവര്‍ സഹാനുഭൂതിയുടെ കൊടുമുടിയില്‍ എത്തിയവരായിരിക്കും. ഞാനാര് എന്ന ചോദ്യത്തിന് നന്നായി തിന്നാനും കുടിക്കാനും ഭോഗിക്കാനും ജീവിക്കുന്നവന്‍ എന്ന് ഉത്തരം പറയുന്നവനില്‍നിന്ന് മറ്റു മനുഷ്യരോട് മഹാ സഹാനുഭൂതികളൊന്നും നാം പ്രതീക്ഷിക്കേണ്ടതില്ല.
നോമ്പിന്റെ പകലില്‍ നാം എന്തിനെ ധ്യാനിക്കുന്നു എന്ന ചോദ്യവും പ്രസക്തമാണ്. ഒരാളുടെ ധ്യാനവിഷയം വൈകുന്നേരത്തെ ഭക്ഷണമാണെങ്കില്‍ അവന് അസ്തിത്വപരമായ ഈ അഗാധതകളിലേക്ക് ഒരിക്കലും സഞ്ചരിക്കാനാവില്ല. അവരുടേത് ഇരക്കു വേണ്ടി പതിഞ്ഞിരിക്കുന്ന പൂച്ചയുടെ ധ്യാനമായിരിക്കും. അതുകൊണ്ടാണ്, നോമ്പിനെ ഖുര്‍ആന്‍ പാരായണം കൊണ്ടും, ഐഛിക നമസ്‌കാരം കൊണ്ടും, ദാനധര്‍മങ്ങള്‍ കൊണ്ടും നല്ല സംസാരം കൊണ്ടും പഠനപ്രവര്‍ത്തനങ്ങള്‍ കൊണ്ടും കീര്‍ത്തനങ്ങള്‍ കൊണ്ടും അധികരിച്ച പ്രാര്‍ഥനകള്‍ കൊണ്ടും അലങ്കരിക്കാന്‍, ധ്യാനനിരതമാക്കാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നത്.
മാര്‍ക്കറ്റിലല്ല, പള്ളിയിലാണ് സമയം ചെലവഴിക്കേണ്ടത്. പള്ളി അലൗകിക ധ്യാനത്തിന്റെ ഇടമാണ്. മറ്റു പലതുമായിരിക്കെത്തന്നെ ശ്രദ്ധ അല്ലാഹുവില്‍ കേന്ദ്രീകരിച്ചാല്‍ വിശപ്പ് അവനെ അറിയാനുള്ള ഫലപ്രദമായ പശ്ചാത്തല സംഗീതമായി പ്രവര്‍ത്തിക്കും. അങ്ങനെ ബോധപൂര്‍വം ശ്രമിച്ചില്ലെങ്കില്‍ വിശപ്പ് ഭക്ഷണത്തെ ധ്യാനിക്കാനുള്ള മികച്ച അവസരമായിത്തീരുകയും ചെയ്യും. അതുകൊണ്ടാണ് പ്രവാചകന്‍ പറഞ്ഞത്, എത്രയെത്ര നോമ്പുകാരാണ്, അവര്‍ക്ക് നോമ്പുകൊണ്ട് ആകെ മിച്ചമുള്ളത് വിശപ്പും ദാഹവുമാണ് എന്ന്.
‘തിന്നുകയും കുടിക്കുകയും ചെയ്യാത്ത സൃഷ്ടികളാണ് മാലാഖമാര്‍. വ്രതാനുഷ്ഠാനത്തിലൂടെ മനുഷ്യന്‍ മാലാഖമാരോട് കൂടുതല്‍ സദൃശരായിത്തീരുകയാണ് ചെയ്യുന്നത്’ എന്ന് ഡോ. മുഹമ്മദ് ഹമീദുല്ല നിരീക്ഷിക്കുന്നുണ്ട്. മാലാഖാര്‍ പരിശുദ്ധരാണ്. പക്ഷേ മറ്റൊരര്‍ഥത്തില്‍ മനുഷ്യര്‍ മാലാഖമാരേക്കാള്‍ ഉത്കൃഷ്ടരാണ്. ആദിപിതാവ് ആദമിന്റെ സമക്ഷം അല്ലാഹു മാലാഖമാരെക്കൊണ്ട് സാഷ്ടാംഗം ചെയ്യിച്ചു. മനുഷ്യരെന്ന നിലക്ക് എല്ലാ മനുഷ്യരും ആ പൈതൃകത്തിന്റെ അനന്തരാവകാശികളാണ്. ഭൂമിയിലെ പ്രാതിനിധ്യ(ഖിലാഫത്ത്)വും ചരാചരങ്ങളുടെ മേലുള്ള അധികാരവും മനുഷ്യനു നല്‍കിയതിന്റെ പ്രതീകാത്മക പ്രകടനമായിരുന്നു ആ സാഷ്ടാംഗം. ഒരു മാസത്തെ പകലില്‍ മാലാഖമാരാകലാണ് നോമ്പ്. രാത്രിയില്‍ വീണ്ടും മനുഷ്യനാവുകയും പകലില്‍ വീണ്ടും മാലാഖയാവുകയും ചെയ്യുന്ന ചാക്രികതയാണ് നോമ്പ്. ഒരു മാസം അവര്‍ മനുഷ്യനും മാലാഖയുമായി മാറിമാറി ജീവിക്കുന്നു. ഒടുവില്‍ മനുഷ്യന്റെ കരുത്തും മാലാഖമാരുടെ പരിശുദ്ധിയുമുള്ള പൂര്‍ണ മനുഷ്യരായി പുനര്‍ജനിക്കുന്നു.