മനുഷ്യമനസ്സുകളില്‍ ആശ്വാസത്തിന്റെ ഇളംതെന്നലായി ഭാരങ്ങള്‍ ഇറക്കിവെക്കാനും വരിഞ്ഞുമുറുകിയ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയാനുമായിരുന്നു പ്രവാചകന്‍മാര്‍ ആഗതരായത്. ആ പ്രവാചകന്‍മാരില്‍ ദൃഢതീരുമാനങ്ങളുള്ള പഞ്ചമഹാപ്രവാചകന്‍മാരിലാണ് ഈശോമിശിഹായെ വിശുദ്ധഖുര്‍ആന്‍ ചേര്‍ത്തുവെക്കുന്നത്.
ഇരുപത്തഞ്ചുതവണ വിശുദ്ധഖുര്‍ആനില്‍ യേശുമിശിഹായുടെ പേര് പരാമര്‍ശിക്കപ്പെടുന്നുണ്ട്. യേശവിന്റെ അദ്ഭുതകരമായ ജനനം മുതല്‍ ആ ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ മുഹൂര്‍ത്തങ്ങളും ഖുര്‍ആന്‍ വരച്ചുകാണിക്കുന്നു. ചില ഇടങ്ങളില്‍ ക്രൈസ്തവപാരമ്പര്യവീക്ഷണങ്ങള്‍ക്ക് വിരുദ്ധമായ പരാമര്‍ശങ്ങളും കാണാം.
അഭിഷിക്തനായ പ്രവാചകന്‍ എന്ന അര്‍ത്ഥത്തില്‍ ഈസാ മസീഹ് എന്നാണ് ഖുര്‍ആന്‍ അദ്ദേഹത്തെ പരാമര്‍ശിക്കുന്നത്. യേശുമിശിഹാ എന്ന് ഭാഷാന്തരം. ദൈവത്തിന്റെ ഒരു ദൃഷ്ടാന്തമാണ് ഖുര്‍ആന്റെ ദൃഷ്ടിയില്‍ യേശുമിശിഹാ. യഹൂദ സമൂഹവും ക്രൈസ്തവ സമൂഹവും ഇസ് ലാമിക സമൂഹവും അടക്കം എല്ലാവര്‍ക്കുമുള്ള ഒരു പരീക്ഷണമായാണ് യേശുവിന്റെ ജനനത്തെയും ജീവിതത്തെയും ഭൂമിയില്‍നിന്നുള്ള വിടവാങ്ങലിനെയും വിശുദ്ധഖുര്‍ആന്‍ വിലയിരുത്തുന്നത്.
യേശുവിന്റെ അധ്യാപനങ്ങളും പ്രബോധനങ്ങളും അതിനോട് അന്നത്തെ യഹൂദജനത കൈക്കൊണ്ട സമീപനങ്ങളും ഖുര്‍ആന്‍ എടുത്തുപറയുന്നുണ്ട്. മിശിഹായെ വിശുദ്ധഖുര്‍ആന്‍ ഉദ്ധരിക്കുന്നു
ഇസ്‌റാഈല്‍വംശമേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിന് നിങ്ങള്‍ കീഴൊതുങ്ങുവിന്‍. അല്ലാഹുവിന് പങ്കാളിയെ സ്ഥാപിക്കുന്നവന് അവന്‍ സ്വര്‍ഗ്ഗം നിരോധിച്ചിരിക്കുന്നു. നരകമാകുന്നു അവന്റെ വാസസ്ഥലം. അത്തരം അധര്‍മികള്‍ക്ക് യാതൊരു സഹായവും ലഭിക്കില്ല.(വി.ഖു 5: 72)
ഈ വാക്കുകളെ നമുക്കിവ്വിധം മനസ്സിലാക്കാം:
1. ഇസ്‌റാഈല്‍ വംശത്തിലേക്കു മാത്രം നിയോഗിതനായിരുന്നു യേശുമിശിഹാ.
2. അല്ലാഹു (ആലാഹ, ആലോഹോ, എലോഹിം) വിനു മാത്രം കീഴൊതുങ്ങുക എന്നത് പത്തു കല്‍പ്പനകളിലെ ഒന്നാമത്തെ കല്‍പ്പനയുടെ പ്രബോധനം തന്നെയാണ്.
3. ദൈവത്തിന് പങ്കുകാരെ സ്ഥാപിക്കരുതെന്ന് യേശുവിന്റെ പ്രബോധനത്തില്‍ ഊന്നിപ്പറഞ്ഞിരുന്നു.
4. എന്റെയും നിങ്ങളുടെയും നാഥന്‍ എന്നതില്‍ നിന്ന് ഞാന്‍ നിങ്ങളില്‍ നിങ്ങളെപ്പോലെ ഒരുവന്‍ എന്ന അര്‍ത്ഥം തീര്‍ച്ചയായും ലഭിക്കുന്നുണ്ട്. പ്രവാചകന്‍മാര്‍ ജനങ്ങളില്‍ നിന്ന് ദൈവം തിരഞ്ഞെടുക്കുന്ന ഒരാള്‍ തന്നെയായിരിക്കും.
5. സ്വര്‍ഗ്ഗ-നരകങ്ങളിലുള്ള ഊന്നല്‍ യേശുവിന്റെ പ്രബോധനങ്ങളുടെ ഒരു പ്രധാനഭാഗമായിരുന്നു.
ഇതര പ്രവാചകന്‍മാരെപ്പോലെ ഏകദൈവവിശ്വാസം, പ്രവാചകന്‍മാരിലുള്ള വിശ്വാസം, പരലോകത്തിലുള്ള ദൃഢവിശ്വാസം എന്നീ അടിസ്ഥാനതത്ത്വങ്ങള്‍ വിശദമായി ജനതയെ പഠിപ്പിക്കുകയാണ് യേശു ചെയ്തത്. ഈ അധ്യാപനങ്ങളുടെ ദൈവികസ്രോതസ്സ് ബോധ്യപ്പെടുത്താന്‍ പൂര്‍വ്വപ്രവാചകന്‍മാരെപ്പോലെ യേശുവും അദ്ഭുതപ്രവൃത്തികള്‍ ചെയ്തിരുന്നു.
ഖുര്‍ആനില്‍ വന്നിട്ടുള്ള യേശുവിന്റെ അദ്ഭുതപ്രവൃത്തികള്‍:
1. ശിശുവായിരിക്കെ തൊട്ടിലില്‍കിടന്ന് ജനങ്ങളോട് സംസാരിച്ചു.
2 .ബാലനായിരിക്കെ പണ്ഡിതന്‍മാരോട് സംവാദത്തിലേര്‍പ്പെട്ടു.
3 .തോറ, സുവിശേഷം, യുക്തിജ്ഞാനം എന്നിവ ദൈവം പഠിപ്പിച്ചു.
4 .കളിമണ്ണില്‍ പക്ഷിരൂപമുണ്ടാക്കി, ഊതിയപ്പോള്‍ ജീവന്‍വെച്ചു.
5.പിറവിക്കുരുടനെ സുഖപ്പെടുത്തി.
6 .പാണ്ഡുരോഗം ഭേദമാക്കി
7 .മരിച്ച ആളിനെ ജീവിപ്പിച്ചു.
ഇതൊക്കെയും അല്ലാഹുവിന്റെ ഇഛയാല്‍ മാത്രമാണ് പ്രവര്‍ത്തിച്ചതെന്ന് ഓരോ അദ്ഭുതങ്ങള്‍ക്കു ശേഷവും ഖുര്‍ആന്‍ എടുത്തുപറയുന്നു. ഇത്രയും അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടും അദ്ദേഹത്തിന്റെ ജനത വീണ്ടും ഒരു അദ്ഭുതം കൂടികാണിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്.
വാനലോകത്തു നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരണം എന്നതായിരുന്നു അവരുടെ പിന്നീടുള്ള ആവശ്യം. ദൈവം അവരോട് മറുപടിയായി പറഞ്ഞു; ഞാന്‍ നിങ്ങള്‍ക്ക ഭക്ഷണത്തളിക ഇറക്കിത്തരാം. എന്നാല്‍, അതിനു ശേഷം നിങ്ങളിലാരെങ്കിലും സത്യനിഷേധികളായാല്‍ ലോകരിലൊരാള്‍ക്കും നല്‍കാത്ത വിധമുള്ള ശിക്ഷ നാമവനു നല്‍കും (വി: ഖു. 5: 115)
ജനങ്ങളുടെ ഇടയില്‍ ജീവിച്ച് അവര്‍ക്ക് മാതൃകയായും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടും കഴിഞ്ഞ മഹാനായൊരു പ്രവാചകനായാണ് ഖുര്‍ആന്‍ യേശു മിശിഹായെ പരിചയപ്പെടുത്തുന്നത്.
(കടപ്പാട് :ക്രൈസ്തവതയുടെ വർത്തമാനം)