– ശൈഖ് മുഹമ്മദ് കാരകുന്ന്
എവിടെയോ വായിച്ച ഒരു കഥയിങ്ങനെ: രണ്ട് സന്യാസിമാർ ധ്യാന നിരതമായ ജീവിതം നയിക്കാൻ തീരുമാനിച്ചു. എല്ലാ ഭൗതിക സുഖങ്ങളോടും സൗകര്യങ്ങളോടും വിടപറഞ്ഞ് വനവാസ മനുഷ്ഠിക്കലായിരുന്നു ഇരുവരുടെയും ലക്ഷ്യം. അതിനായി
മലമുകളിലെ മരച്ചുവട്ടിലെ ഗുഹയിൽ തപസ്സിരിക്കാൻ പോവുകയായിരുന്നു. വഴിയിൽ ഒരു പുഴ മുറിച്ചുകടക്കാനുണ്ടായിരുന്നു. അവിടെ അതീവ സുന്ദരിയായ ഒരു യുവതി പേടിച്ച് വിറച്ചു നിൽക്കുന്നു. അവൾക്ക് പുഴ മുറിച്ചു കടക്കേണ്ടതുണ്ടായിരുന്നു. അതിനാൽ മുന്നിൽ നടക്കുന്ന സന്യാസിയോട് സഹായം തേടി. അദ്ദേഹം അവളെ സൂക്ഷിച്ചു നോക്കിയ ശേഷം ഒന്നും പറയാതെ നടന്നു നീങ്ങി. ആ യുവതിയെ സ്പർശിക്കുന്നതും ചുമന്നു കൊണ്ടു പോകുന്നതും തൻറെ ധ്യാനത്തിനും ബ്രഹ്മചര്യത്തിനും ചേർന്നതല്ലെന്നതായിരുന്നു അതിനു കാരണം.
ആ യുവതി പിന്നിൽ വന്ന സന്യാസിയോടും സഹായം തേടി. അവളുടെ നിസ്സഹായത മനസ്സിലാക്കിയ അദ്ദേഹം അവളെ ചുമന്ന് മറുകരയിലെത്തിച്ചു.
ലക്ഷ്യ സ്ഥാനത്തെത്തിയപ്പോൾ മുന്നിൽ വന്ന സന്യാസി ചോദിച്ചു: “നിങ്ങൾ അവളെ കൈകളിലാണോ പുറത്താണോ ചുമന്നു കൊണ്ടുവന്നത്?”
കൂട്ടുകാരൻറെ പ്രത്യുത്തരം ഒരു മറുചോദ്യമായിരുന്നു:
“ഞാൻ അവളെ പുഴക്കരയിലുപേക്ഷിച്ചു. താങ്കൾ ഇപ്പോഴും അവളെ ചുവന്നു നടക്കുകയാണോ?”
ഏതൊരു പ്രവൃത്തിയും വിലയിരുത്തപ്പെടുക അതിൻറെ പിന്നിലെ മനോവികാരവും പ്രേരകവുമനുസരിച്ചാണ്. അതുകൊണ്ടുതന്നെ കർമ്മങ്ങളെ ബാഹ്യാവസ്ഥ മാത്രം നോക്കി വിധിക്കരുത്.
പിന്നാലെ വരുന്ന കൊലയാളിയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി അകത്ത് ഒളിച്ചിരിക്കുന്നയാളെ തേടി വരുന്ന അക്രമികളോട് അയാൾ അകത്തണ്ടോയെന്ന് ചോദിച്ചാൽ സത്യമല്ലല്ലോ പറയേണ്ടത്. ഒരു നിരപരാധിയെ രക്ഷിക്കുകയെന്ന മഹത്തായ ലക്ഷ്യം നേടാനായി കള്ളം പറയേണ്ടി വരുമല്ലോ.
ധ്യാനനിരതനായിക്കഴിയുന്ന ഭക്തന്മാരുടെ മനസ്സിൽ പോലും പലതരം വിഗ്രഹങ്ങളുണ്ടാവും. പെണ്ണ്, പൊന്ന്, പ്രശസ്തി, പ്രശംസ, പണം, പദവി, കാമം,ക്രോധം; അങ്ങനെ പലതും. പലപ്പോഴും കർമ്മങ്ങൾക്ക് പ്രേരകം അവയേതെങ്കിലുമായിരിക്കും
“ഏതൊരാൾക്കും തൻറെ വാക്കുകളിലൂടെയും കർമ്മങ്ങളിലൂടെയും ലക്ഷ്യം വെച്ചതെന്തോ അതാണ് ലഭിക്കുക”യെന്ന് പ്രവാചകൻ പറയാനുള്ള കാരണവും അതുതന്നെ.
29