– ശൈഖ് മുഹമ്മദ് കാരകുന്ന്
പ്രശസ്തമായ ഒരു സൂഫി സന്ദേശം ഇങ്ങനെ വായിക്കാം:
“സ്നേഹത്താൽ ദീപ്തമായ
ഹൃദയം പവിഴത്തെക്കാളും
കനകത്തെക്കാളും
അമൂല്യാണുലകിൽ.”
“ആത്മാക്കളോരോന്നും ഭൂമിയിലേക്കണയുമ്പോൾ
കൂടെ കൊണ്ടു വരുന്നത്
സ്നേഹം മാത്രമാണെന്ന്” മുഹമ്മദലി ക്ലേയും പറഞ്ഞിട്ടുണ്ട്.
സ്നേഹം എത്ര സുന്ദരമായ പദം. അത് കിട്ടാൻ കൊതിക്കാത്ത ആരുണ്ട്! കൊടുക്കാൻ പിശുക്കു കാണിക്കുന്നവരും അത് കിട്ടാൻ അതിയായാഗ്രഹിക്കുന്നു.
സ്നേഹം നൽകിയാൽ കിട്ടുന്നവൻ കൂടുതൽ തിരിച്ചു നൽകുന്നു. അതോടെ ആദ്യം സ്നേഹിച്ചവൻ തൻറെ സ്നേഹത്തിൻറെ ഊഷ്മളത വർദ്ധിപ്പിക്കുന്നു. അതോടെ അതിനേക്കാൾ മികച്ച നിലയിൽ തിരിച്ചുകിട്ടുന്നു. അങ്ങനെ സ്നേഹം കൊടുക്കുന്നതിനനുസരിച്ച് കൂടിക്കൊണ്ടേയിരിക്കുന്നു. അതിനെക്കാൾ കൂടുതലായി തിരിച്ചു കിട്ടുകയും ചെയ്യുന്നു.
സ്നേഹം മനുഷ്യ മനസ്സുകളിൽ ഒടുങ്ങാത്ത അലകൾ സൃഷ്ടിച്ചു കൊണ്ടേയിരിക്കും. കുളത്തിൽ കല്ലിട്ട പോലെ.
സ്നേഹത്തിൻറെ സുഗന്ധവും സൗന്ദര്യവും ഇല്ലാതാക്കാൻ ആർക്കും സാധ്യമല്ല. എത്ര ചവിട്ടിയരച്ചാലും മുല്ലപ്പൂവിൻറെ സുഗന്ധം നഷ്ടപ്പെടില്ലല്ലോ.
വെയിലേറ്റ് മഞ്ഞുതുള്ളികൾ അപ്രത്യക്ഷമാകുന്ന പോലെ സ്നേഹസ്പർശമേറ്റ് കൊടിയ ശത്രുവിൻറെ പോലും വെറുപ്പ് ഉരുകിത്തീരുന്നു. ചൂടേറ്റ് വെള്ളം നീരാവിയാകുന്ന പോലെ സ്നേഹത്തിൻറെ ഊഷ്മാവിൽ ദുഃഖം മാഞ്ഞു പോകുന്നു. ചെടികൾ വളരാൻ വെള്ളം വേണ്ടപോലെ മനുഷ്യബന്ധങ്ങൾ കിളിർക്കാൻ സ്നേഹത്തുള്ളികൾ അനിവാര്യമാണ്. സ്നേഹ സാഗരം തീർത്ത് അതിലാറാടാൻ അവസരമൊരുക്കുന്നവർ അനല്പമായ ആത്മ നിർവൃതിയും അതിരുകളില്ലാത്ത സംതൃപ്തിയും അനുഭവിക്കുന്നു. അത്തരക്കാർ എല്ലാവരെയും സ്നേഹിക്കുന്നതിനാൽ അവരെല്ലാവരും സ്നേഹിക്കുകയും ചെയ്യുന്നു. അവരെക്കാൾ മഹാഭാഗ്യമായി ആരുണ്ട്!
23