– ശൈഖ് മുഹമ്മദ് കാരകുന്ന്
ഖാബീലിൻറെയും ഹാബീലിൻറെയും കഥ പ്രശസ്തമാണ്. ഇരുവരും ആദമിൻറെ മക്കളായിരുന്നു. അവർക്കിടയിലുണ്ടായ തർക്കത്തിൽ ആദം ഇടപെട്ടു. ഇരുവരും ബലി നൽകണമെന്ന് നിർദ്ദേശിച്ചു. സ്വീകരിക്കപ്പെടുന്ന ബലിയുടെ ഉടമയുടെ ഇംഗിതം നടപ്പാക്കപ്പെടുമെന്നും.
ബലി നടന്നു. സ്വീകരിക്കപ്പെട്ടത് ഹാബീലിൻറേതായിരുന്നു.ഖാബീൽ കോപാകുലനായി. അയാൾ അലറി: “നിന്നെ ഞാൻ കൊല്ലും.”
ഹാബീൽ സൗമ്യനായി പറഞ്ഞു:
നീയെന്നെ കൊല്ലാൻ കയ്യുയർത്തിയാലും ഞാൻ നിന്നെ വധിക്കാൻ കൈപൊക്കുകയില്ല. തീർച്ചയായും ഞാൻ ദൈവത്തെ ഭയപ്പെടുന്നു.”
ഇതൊന്നും ഖാബീലിനെ ശാന്തനാക്യികില്ല. അയാൾ കൂർത്ത് മൂർത്ത കല്ലെടുത്ത് ഹാബീലിനെ കുത്തിക്കൊന്നു.
സഹോദരൻറെ മൃതദേഹം എന്തുചെയ്യണമെന്നറിയാതെ അയാൾ അസ്വസ്ഥനായി. അപ്പോഴാണ് ഒരു കാക്ക മറ്റൊരു കാക്കയുടെ ശവശരീരം മണ്ണുമാന്തി കുഴിച്ചിടുന്നത് ശ്രദ്ധയിൽപ്പെട്ടത്. അയാളും തൻറെ സഹോദരനെ മറമാടി.
ഇവിടെ ആരാണ് ജയിച്ചത്? ഹാബീലിന് ഭൂമിയിൽ ജീവിക്കാൻ അവസരം നഷ്ടപ്പെട്ടുവെന്നത് ശരിയാണ്. എന്നാൽ തീർത്തും ശാന്ത ഹൃദയനും സംതൃപ്തനുമായി മനസ്സമാധാനത്തോടെ മരിക്കാൻ സാധിച്ചു. ചരിത്രത്തിൽ അന്ന് തൊട്ടിന്നോളം നന്മയുടെ പ്രതീകമായി പ്രശംസിക്കപ്പെട്ടു. വേദഗ്രന്ഥങ്ങളിൽ വിനയത്തിൻറെയും വിട്ടുവീഴ്ചയുടെയും വിശ്വരൂപമായി വാഴ്ത്തപ്പെട്ടു. എത്ര കാലം ജീവിച്ചുവെന്നതിനേക്കാൾ എങ്ങനെ ജീവിച്ചുവെന്നതാണല്ലോ പ്രധാനം.
മറുഭാഗത്ത് ഖാബീലോ? അയാൾ അത്യധികം ദുഃഖിതനായി. അശാന്തി അയാളെ വേട്ടയാടിക്കൊണ്ടേയിരുന്നു. ഒരു വേള അതീവ ഖേദത്തോടെ അയാൾക്ക് പറയേണ്ടി വന്നു:”ഈ കാക്കയെപ്പോലെയാകാൻ പോലും എനിക്ക് കഴിഞ്ഞില്ലല്ലോ.”
ഭൂമിയിൽ ആദ്യമായി മനുഷ്യൻറെ ചുടു ചോര ചിന്തിയ കൊലയാളിയായി അന്ന് തൊട്ടിന്നോളം അഭിശംസിക്കപ്പെട്ടു. എല്ലാ നല്ല മനുഷ്യരുടെയും ആക്ഷേപ ശകാരങ്ങൾക്ക് വിധേയനായിക്കൊണ്ടേയിരിക്കുന്നു
മനുഷ്യചരിത്രത്തിലെ ഈ ആദ്യാനുഭവം എന്നും എവിടെയും ആവർത്തിക്കപ്പെടുന്നു. കൊള്ളക്കാർക്കും കൊലയാളികൾക്കും അക്രമികൾക്കും മർദ്ദ ഭരണാധികാരികൾക്കും താൽക്കാലികമായ ചില നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞേക്കാം. ഭയവും ഭീതിയും കാരണം സമകാലികരുടെ ആദരവും പ്രശംസയും പിടിച്ചുപറ്റാനും സാധിച്ചേക്കാം. എന്നാൽ തൊട്ടടുത്ത തലമുറയിലേക്ക് പോലും അതൊന്നും തല നീട്ടുകയില്ല. എന്നല്ല, അവരെല്ലാം അത്യന്തം അപഹാസ്യരും അങ്ങേയറ്റം ആക്ഷേപിക്കപ്പെടുന്നവരുമായി മാറും.
ഇന്നോളമുള്ള ചരിത്രം ഇതിന് സാക്ഷിയാണ്. എന്നാൽ ചരിത്രത്തിൽ നിന്ന് ആരും ഒന്നും പഠിക്കുന്നില്ലെന്നതാണല്ലോ ചരിത്രം നൽകുന്ന ഏറ്റവും വലിയ പാഠം.