പ്രശസ്തമായ ഒരു സൂഫിക്കഥയിതാ:
പരമ ദരിദ്രനായ ഒരാൾ ദൈവത്തോട് പരാതി പറഞ്ഞു. നീ എന്താണ് എന്നെ ഇങ്ങനെ ദരിദ്രനാക്കിയത്.മറ്റുള്ളവർ സുഖമായി ജീവിക്കുമ്പോൾ ഞാൻ കഷ്ടപ്പെട്ട് കഴിയേണ്ടി വരുന്നു.
ദൈവം പ്രതിവചിച്ചു:”നീ അങ്ങേയറ്റം പിശുക്കനായതിനാൽ.”
ഞാൻ പിശുക്കനോ! ആരു പറഞ്ഞു. “എന്തെങ്കിലും കൈവശമുണ്ടെങ്കിലല്ലേ ഞാൻ ദാനം ചെയ്യുന്ന ഉദാരനാവുക?”
ദൈവം ചോദിച്ചു:”നിൻറെ വശം ഒന്നുമില്ലെന്നോ! ഞാൻ നിനക്ക് രണ്ട് കൈകൾ നൽകിയില്ലേ?അവ ഉപയോഗിച്ച് ആർക്കെങ്കിലും എന്തെങ്കിലും ഉപകാരം ചെയ്തോ? നിനക്ക് ഞാൻ രണ്ട് കാലുകൾ തന്നില്ലേ? അവ ഉപയോഗിച്ച് നീ ആരെയെങ്കിലും സഹായിക്കാൻ നടന്നു പോയോ? നിനക്ക് ഞാൻ നാവും ചുണ്ടിണകളും തന്നില്ലേ? ആശ്വാസ വചനങ്ങളിലൂടെ നീ ആരെയെങ്കിലും സമാശ്വസിപ്പിച്ചോ? നിനക്ക് ഞാൻ കണ്ണിണകൾ തന്നില്ലേ? കരുണാർദ്രമായ നോട്ടങ്ങളിലൂടെ നീ ആരുടെയെങ്കിലും കരളിൽ കുളിര് പകർന്നോ? നിനക്ക് ഞാൻ സുന്ദരമായ മുഖം നൽകിയില്ലേ? മധുവൂറും മന്ദഹാസത്തിലൂടെ നീ ആരുടെയെങ്കിലും ദുഃഖത്തിന് ശമനമേകയോ? നിനക്കു ഞാൻ മിടിക്കുന്ന ഹൃദയം തന്നില്ലേ? നീ ആരെയെങ്കിലും ഹൃദയപൂർവ്വം സ്നേഹിച്ചോ?”
സഹായം സാമ്പത്തികം മാത്രമല്ല. എന്നല്ല, ഏവർക്കും ആവശ്യമുള്ളതും ആർക്കും നൽകാൻ കഴിയുന്നതുമായ ഏറ്റവും മഹത്തായ സഹായം സ്നേഹ ദാനമാണ്. പ്രതിഫലേഛയില്ലാത്ത നിഷ്കളങ്കമായ സ്നേഹം. കലർപ്പില്ലാത്ത കാരുണ്യവും.
സമൂഹത്തിൽ പലർക്കുമാവശ്യം പലതാണ്. സാമ്പത്തിക സഹായം ആവശ്യമുള്ളവരും ശാരീരിക സേവനം തേടുന്നവരും നിരവധിയാണ്. സ്നേഹപൂർവമായ പെരുമാറ്റം പ്രതീക്ഷിക്കുന്നവരും ആശ്വാസവചനങ്ങൾക്ക് കാതോർക്കുന്നവരും തങ്ങളുടെ വാക്കുകൾ കേൾക്കുന്ന കാതുകൾ കാത്തിരിക്കുന്നവരും പുഞ്ചിരിയിൽ ആശ്വാസം കണ്ടെത്തുന്നവരും കുറവല്ല. ഓരോരുത്തർക്കും ആവശ്യമുള്ളത് നൽകാൻ കഴിയുന്നവരാണ് യഥാർത്ഥ മനുഷ്യസ്നേഹികൾ. തൻറെ സഹോദരങ്ങൾക്ക് വേണ്ടി എന്തെങ്കിലും നൽകാൻ കഴിയാത്ത ആരും സമൂഹത്തിലില്ല.ഒരു ചെറു ചിരിയോ മധുവൂറും വർത്തമാനങ്ങളോ എങ്കിലും!
ഒരു പുഞ്ചിരിയെങ്കിലും
previous post