ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

പറഞ്ഞ വാക്കുകളുടെ കര്‍മസാക്ഷ്യമാകുന്നു പ്രവാചക ജീവിതം-സയ്യിദ് സുലൈമാന്‍ നദ്‌വി

by editor November 2, 2019
November 2, 2019
പറഞ്ഞ വാക്കുകളുടെ കര്‍മസാക്ഷ്യമാകുന്നു പ്രവാചക ജീവിതം-സയ്യിദ് സുലൈമാന്‍ നദ്‌വി

”സംശയമില്ല; നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ മികച്ച മാതൃകയുണ്ട്” (ഖുര്‍ആന്‍ 33: 21)

അല്ലാഹുവിന്റെ ഒരു പ്രവാചകനെ എങ്ങനെ പിന്തുടരണമെന്നത് സുപ്രധാനമായ ഒരു ചോദ്യമാണ്. നിര്‍ഭാഗ്യവശാല്‍ മുഹമ്മദ് നബി(സ)ക്കു മുമ്പുള്ള പ്രവാചകന്മാരുടെ ജീവചരിത്രകാരന്മാരും വിവിധ മതങ്ങളുടെ വക്താക്കളും അധികമൊന്നും ചര്‍ച്ചചെയ്യാത്ത ഒരു വിഷയം കൂടിയാണിത്. എന്നാല്‍ മുഹമ്മദ് നബി(സ)യുടെ ജീവചരിത്രത്തിലെ ഏറ്റവും സൂക്ഷ്മമായി രേഖപ്പെടുത്തപ്പെട്ടതും പ്രബുദ്ധവുമായ ഭാഗം ഇതാണ്. അന്ത്യപ്രവാചകനായും മനുഷ്യരാശിക്ക് വഴികാട്ടിയായ അനിഷേധ്യ നേതാവായും മുഹമ്മദ് നബി(സ)യെ സ്ഥാനപ്പെടുത്താന്‍ അദ്ദേഹം നല്‍കിയ പ്രായോഗിക നിര്‍ദേശങ്ങളുടെ പുതുമയും ആകര്‍ഷകത്വവും മാത്രം കണക്കിലെടുത്താല്‍ മതിയാവും.

മധുരവും ഹൃദ്യവുമായ പ്രയോഗങ്ങളില്‍ പൊതിഞ്ഞ ഉപദേശവാക്കുകള്‍ക്ക് ക്ഷാമമില്ലെങ്കിലും അവ എങ്ങനെ നടപ്പിലാക്കണം എന്ന കാര്യത്തിലാണ് വ്യക്തതയില്ലാത്തത്. മതങ്ങള്‍ സ്ഥാപിച്ചവരുടെ ജീവചരിത്രങ്ങളും എഴുത്തുകളും പരിശോധിച്ചാല്‍ കൗതുകകരമായ സിദ്ധാന്തങ്ങളും കഥകളും സുന്ദരമായ സംവാദങ്ങളും മൊഴികളും കണ്ടെത്താനാവുമെങ്കിലും അവര്‍ സ്വയം അവരുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് എങ്ങനെയാണ് ജീവിച്ചതെന്ന ചോദ്യത്തിന് പലപ്പോഴും ഉത്തരം ലഭിക്കാറില്ല.

തെറ്റും ശരിയും തമ്മിലുള്ള അന്തരം മനസ്സിലാക്കി മനുഷ്യന് പ്രായോഗികമായ ഒരു പെരുമാറ്റച്ചട്ടം നിര്‍ണയിച്ചുകൊടുക്കുന്നു് ധാര്‍മികത. എന്നാല്‍ ഖുര്‍ആനില്‍  പറഞ്ഞതു പോലെ ആ മതത്തിന്റെ പ്രബോധകനാണ് അനുയായികളുടെ കൂട്ടത്തില്‍ ഏറ്റവും നല്ല സ്വഭാവത്തിനുടമയെന്ന് ഒരു മതഗ്രന്ഥവും അവകാശപ്പെട്ടിട്ടില്ല.

”നിശ്ചയമായും നിനക്ക് (മുഹമ്മദ്) നിലക്കാത്ത പ്രതിഫലമുണ്ട്. നീ മഹത്തായ സ്വഭാവത്തിനുടമ തന്നെ; തീര്‍ച്ച” (ഖുര്‍ആന്‍ 68: 3,4).

ഈ വചനങ്ങളുടെ വ്യാകരണഘടന നോക്കിയാല്‍ ആദ്യ വാക്യത്തില്‍നിന്നാണ് മറ്റേതിനെക്കുറിച്ച നിഗമനത്തിലെത്തിയതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ആദ്യത്തേതില്‍ പ്രവാചകനുള്ള നിലക്കാത്ത ‘പ്രതിഫല’ത്തെക്കുറിച്ചാണ് പറയുന്നത്. രണ്ടാമത്തേതില്‍ അതിനുള്ള കാരണം നല്‍കുന്നു. അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ സ്വഭാവവും വ്യക്തിത്വവും അദ്ദേഹത്തിന് നിശ്ചയമായ പ്രതിഫലം ഉറപ്പുനല്‍കുന്നു. ഇതായിരുന്നു മുഹമ്മദ് നബി(സ). അദ്ദേഹം ജനങ്ങളോട് ചോദിച്ചു: ”വിശ്വസിച്ചവരേ, നിങ്ങള്‍ ചെയ്യാത്തത് പറയുന്നതെന്തിനാണ്?” (ഖുര്‍ആന്‍ 61:2).

പറഞ്ഞതൊക്കെയും പ്രവര്‍ത്തിച്ച വ്യക്തിയെന്ന നിലക്ക് ഇങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ നബി(സ)ക്ക് പൂര്‍ണ അവകാശമുണ്ടായിരുന്നു. ഒലീവ് പര്‍വതത്തിന്റെയും സ്വഫാ മലയുടെയും മുകളില്‍ നിന്ന രണ്ടു പ്രവാചകന്മാരുടെ വ്യക്തിത്വങ്ങള്‍ താരതമ്യം ചെയ്തുനോക്കൂ. ഒരാള്‍ക്ക് ജീവിതത്തിലത് പ്രയോഗിച്ചുകാണിക്കാന്‍ അവസരം ലഭിച്ചില്ല. മറ്റെയാള്‍ പറഞ്ഞതൊക്കെയും പ്രവര്‍ത്തിച്ചുകാണിച്ചു. ശത്രുവിന്റെ മേല്‍ ആധിപത്യം സ്ഥാപിച്ചതിനു ശേഷം  അവര്‍ക്ക് മാപ്പു നല്‍കുക എന്നത് തീര്‍ച്ചയായും ശ്രേഷ്ഠമായ ഒരു കാര്യം തന്നെ. എന്നാല്‍ ദുര്‍ബലനും നിസ്സഹായനുമായ ഒരാള്‍ നിശ്ശബ്ദത പാലിക്കുന്നു എന്നതിന് അര്‍ഥം അയാള്‍ പ്രതികാരം മറന്നു എന്നാവണമെന്നില്ല. പ്രവര്‍ത്തിക്കാത്ത തിന്മകളുടെ പേരില്‍ ഒരാള്‍ക്ക് മാഹാത്മ്യം അവകാശപ്പെടാം: ആരെയും മര്‍ദിച്ചിട്ടില്ല, കൊന്നിട്ടില്ല, തെറ്റു ചെയ്തിട്ടില്ല, മറ്റൊരാളുടെ സ്വത്തില്‍ കൈവെച്ചിട്ടില്ല, തനിക്കു വേണ്ടി ഒരു വീട് നിര്‍മിച്ചിട്ടില്ല, പണം കൂട്ടിവെച്ചിട്ടില്ല എന്നിങ്ങനെ. ഇതൊന്നും അയാള്‍ ചെയ്തില്ലായിരിക്കാം. എന്നാല്‍ അയാള്‍ ആരെയെങ്കിലും സഹായിച്ചിട്ടുണ്ടോ, ആരെയെങ്കിലും കൊല്ലപ്പെടുന്നതില്‍ നിന്ന് രക്ഷിച്ചിട്ടുണ്ടോ, ആര്‍ക്കെങ്കിലും നല്ലത് ചെയ്തിട്ടുണ്ടോ, ആരെയെങ്കിലും സഹായിച്ചിട്ടുണ്ടോ, ആര്‍ക്കെങ്കിലും അഭയം നല്‍കിയിട്ടുണ്ടോ, ധര്‍മം ചെയ്തിട്ടുണ്ടോ? പ്രവര്‍ത്തിച്ച നന്മകളാണ് ലോകത്തിനാവശ്യം. ഒരു കാര്യം ചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കുന്നതും ഒരു കാര്യം ചെയ്യുന്നതും ഒരു പോലെയല്ല. മുഹമ്മദ് നബി(സ)യുടെ വ്യക്തിത്വത്തിന്റെ ഈ വശത്തെക്കുറിച്ച് ഖുര്‍ആന്‍ വ്യക്തമായ സൂചന നല്‍കുന്നുണ്ട്: ”അല്ലാഹുവിന്റെ കാരുണ്യം കാരണമാണ് നീ അവരോട് സൗമ്യനായത്. നീ പരുഷപ്രകൃതനും കഠിനമനസ്‌കനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റുനിന്നും അവരൊക്കെയും പിരിഞ്ഞുപോകുമായിരുന്നു” (ഖുര്‍ആന്‍ 3:159)

ഈ സൂക്തം പ്രവാചകന്റെ കരുണമനസ്‌കതയെ സാക്ഷ്യപ്പെടുത്തുക മാത്രമല്ല, അദ്ദേഹം പരുഷപ്രകൃതനും കഠിനമനസ്‌കനുമായിരുന്നെങ്കില്‍ ‘നിന്റെ ചുറ്റുനിന്നും അവരൊക്കെയും പിരിഞ്ഞുപോകുമായിരുന്നു’ എന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.

മറ്റൊരു സൂക്തത്തില്‍ പറയുന്നു: ”തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍നിന്നു തന്നെയുള്ള ഒരു ദൈവദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് അസഹ്യമായി അനുഭവപ്പെടുന്നവനും നിങ്ങളുടെ കാര്യത്തില്‍ അതീവ തല്‍പരനുമാണ് അദ്ദേഹം. സത്യവിശ്വാസികളോട് ഏറെ കൃപയും കാരുണ്യവുമുള്ളവനും” (9:128).

മനുഷ്യരുടെ ഭാഗധേയത്തെക്കുറിച്ച് മുഹമ്മദ് നബി(സ)ക്കുള്ള ആകുലതയാണ് ഖുര്‍ആന്‍ ഇവിടെ പരാമര്‍ശിക്കുന്നത്. പാപങ്ങളില്‍ മുങ്ങിയ തങ്ങളുടെ ജീവിതരീതി തുടര്‍ന്നുപോകുന്ന അവിശ്വാസികളെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷയാണെന്ന് അല്ലാഹു താക്കീതു നല്‍കുമ്പോള്‍ അവരുടെ വിധിയോര്‍ത്ത് പ്രവാചകന്‍ അത്യധികം സങ്കടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ അന്തര്‍ലീനമായിരുന്ന കാരുണ്യവും മനുഷ്യരാശിയെ വരുംകാല വിപത്തില്‍നിന്ന് രക്ഷിക്കാനുള്ള അതിയായ ആഗ്രഹവും അവരെ നേരായ പാതയിലേക്ക് ക്ഷണിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു. അദ്ദേഹത്തിന്റെ വിളി കേള്‍ക്കുന്നവരോട് അദ്ദേഹം കൂടുതല്‍ കാരുണ്യവാനാണ്. അങ്ങനെ മനുഷ്യരോട് മുഴുവനായും, മുസ്‌ലിംകളോട് പ്രത്യേകിച്ചും മുഹമ്മദ് നബി(സ)ക്കുള്ള സ്‌നേഹത്തെക്കുറിച്ച് ഈ സൂക്തം വിവരിക്കുന്നു. ഇതാണ് മുഹമ്മദ് നബി(സ)യുടെ സ്വഭാവത്തെക്കുറിച്ചുള്ള അല്ലാഹുവിന്റെ സാക്ഷ്യം.

ഇസ്‌ലാമിന്റെ പാഠങ്ങള്‍ എന്നു വിളിക്കാവുന്ന ദൈവിക കല്‍പനകളാണ് ഖുര്‍ആനിലെ വെളിപാടുകള്‍. എന്നാല്‍ പ്രവാചകനായ മുഹമ്മദ് നബി(സ) തന്റെ ജീവിതം എങ്ങനെ ജീവിച്ചു എന്നതിന്റെ വിവരണപരമ്പര കൂടിയാണ് ഖുര്‍ആന്‍. അദ്ദേഹം സ്വയം പ്രയോഗത്തില്‍ വരുത്തിക്കാണിക്കാത്ത ഒരു കല്‍പനയും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. വിശ്വാസം, ഏകദൈവം, പ്രാര്‍ഥന, നോമ്പ്, തീര്‍ഥയാത്ര, സകാത്ത്, ദാനധര്‍മം, അല്ലാഹുവിന്റെ പാതയിലെ പോരാട്ടം, ത്യാഗം, ദൃഢനിശ്ചയം, അശ്രാന്തപരിശ്രമം, ക്ഷമ, നന്ദികാണിക്കല്‍, നല്ല പ്രവര്‍ത്തനങ്ങള്‍, ധാര്‍മികത എന്നിങ്ങനെ പലതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു; അതിലോരോന്നും സ്വയം മാതൃകയായിക്കൊണ്ട് അദ്ദേഹം വിവരിച്ചുകൊടുക്കുകയും ചെയ്തു. ഖുര്‍ആനില്‍ കാണുന്ന കാര്യങ്ങളുടെ തനിയാവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം എന്നു പറഞ്ഞാല്‍ അതില്‍ യാതൊരു അതിശയോക്തിയും ഇല്ല. പ്രവാചകന്റെ ഗുണങ്ങളെക്കുറിച്ച് ആരാഞ്ഞ ചില അനുയായികളോട് ‘നിങ്ങള്‍ ഖുര്‍ആന്‍ വായിച്ചിട്ടില്ലേ?’ എന്നാണ് അദ്ദേഹത്തിന്റെ പത്‌നി ആഇശ(റ) തിരിച്ചുചോദിച്ചത്. ‘അദ്ദേഹത്തിന്റെ സ്വഭാവം ഖുര്‍ആന്റെ വ്യാഖ്യാനമായിരുന്നു’ എന്ന് അബൂദാവൂദിന്റെ അസ്സുനനിലെ ഒരു ഹദീസില്‍ പറയുന്നു. ഖുര്‍ആനില്‍ പറഞ്ഞ വാക്കുകളെയും പ്രയോഗങ്ങളെയും  യഥാര്‍ഥ ജീവിതത്തില്‍ അദ്ദേഹം മുഴുവനായും പ്രയോഗിച്ചുകാണിച്ചു.

ഒരു പുരുഷന്റെ സ്വഭാവത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും പ്രകൃതത്തെക്കുറിച്ചും അയാളുടെ ഭാര്യയേക്കാള്‍ നന്നായി മറ്റാര്‍ക്കും അറിയില്ല. തനിക്ക് ദൈവിക വെളിപാടുണ്ടായി എന്ന് മുഹമ്മദ് പ്രഖ്യാപിക്കുമ്പോള്‍ ഖദീജ(റ)യുമായി അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞിട്ട് 15 വര്‍ഷം പൂര്‍ത്തിയായിരുന്നു. ഒരു ഭാര്യക്ക് തന്റെ ഭര്‍ത്താവിന്റെ ഹൃദയവും ആത്മാവും തൊട്ട് മനസ്സിലാക്കാന്‍ ഈ കാലയളവ് ധാരാളം മതി. സ്വന്തം ഭര്‍ത്താവിനെക്കുറിച്ച് ഖദീജ(റ) രൂപപ്പെടുത്തിയ അഭിപ്രായം എന്തായിരുന്നു? വെളിപാടിനെക്കുറിച്ചും തനിക്ക് ലഭിച്ചിരിക്കുന്ന പ്രവാചകത്വത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞ അതേ നിമിഷം ഒരു സംശയവും കൂടാതെ അവര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ സ്വീകരിച്ചു. സ്വയം ശങ്കയിലായിരുന്ന പ്രവാചകനെ അവര്‍ ആശ്വസിപ്പിക്കുകയും ചെയ്തു. ‘അല്ലാഹു സാക്ഷി, അങ്ങനെയൊന്നും സംഭവിക്കില്ല. അവന്‍ ഒരിക്കലും നിങ്ങളെ വിഷമിപ്പിക്കുകയോ സങ്കടത്തിലാക്കുകയോ ചെയ്യില്ല. കാരണം നിങ്ങള്‍ ബന്ധുക്കളോട് കരുണ കാണിക്കുന്നവനും സത്യം സംസാരിക്കുന്നവനും മറ്റുള്ളവരുടെ കടങ്ങള്‍ വീട്ടുന്നവനും പാവങ്ങളെ സഹായിക്കുന്നവനും ആതിഥ്യമര്യാദയുള്ളവനും സഹവാസികളെ സഹായിക്കുന്നവനും പ്രതിസന്ധിയിലുള്ളവരുടെ സങ്കടങ്ങള്‍ ഏറ്റെടുക്കുന്നവനുമാണ്.’ പ്രവാചകനായി നിയോഗിതനാകുന്നതിന് മുമ്പും ഇത്ര മഹത്തായ സ്വഭാവത്തിനുടമയായിരുന്നു മുഹമ്മദ്(സ).

പ്രവാചകന്റെ ഭാര്യമാരുടെ കൂട്ടത്തില്‍ ഖദീജ(റ)ക്ക് ശേഷം ഏറ്റവും കൂടുതല്‍ സ്‌നേഹിക്കപ്പെട്ടത് അദ്ദേഹത്തിന്റെ കൂടെ ഒമ്പതു വര്‍ഷം ജീവിച്ച ആഇശ(റ)യായിരുന്നു. അവര്‍ പറയുന്നു: ”അദ്ദേഹം ഒരിക്കലും ആരെക്കുറിച്ചും മോശം പറഞ്ഞില്ല. തിന്മയെ തിന്മ കൊണ്ട് തടുക്കുന്നതിനു പകരം അദ്ദേഹം തന്നോട് തെറ്റു ചെയ്തവര്‍ക്ക് മാപ്പു നല്‍കുമായിരുന്നു. അനീതിയില്‍നിന്ന് അദ്ദേഹം വിട്ടുനിന്നു. അദ്ദേഹം പ്രതികാരം ആഗ്രഹിച്ചില്ല. ഭൃത്യനെയോ വേലക്കാരിയെയോ അടിമയെയോ മിണ്ടാപ്രാണിയെയോ പോലും അദ്ദേഹം ഒരിക്കലും അടിച്ചില്ല. അഭ്യര്‍ഥനകള്‍ക്ക് അദ്ദേഹം എപ്പോഴും ചെവികൊടുത്തു, അത് ആരില്‍നിന്നായാലും.”

കുട്ടിക്കാലം തൊട്ട് മുഹമ്മദ് നബി(സ)യുടെ കൂടെയുണ്ടായിരുന്ന അലി(റ)യായിരുന്നു അദ്ദേഹത്തിന്റെ ബന്ധുക്കളുടെ കൂട്ടത്തില്‍ അദ്ദേഹവുമായി ഏറ്റവും അടുത്തവന്‍. ”എപ്പോഴും പുഞ്ചിരി തൂകിയിരുന്ന പ്രവാചകന്‍ കാരുണ്യമുള്ള ഒരു ഹൃദയത്തിന്റെയും തുറന്ന മനസ്സാക്ഷിയുടെയും ഉടമയായിരുന്നു. ഊഷ്മളഹൃദയനും സൗമ്യനുമായ അദ്ദേഹം ഒരിക്കലും ആരോടും പരുഷമായി പെരുമാറിയില്ല, ആരെക്കുറിച്ചും മോശം സംസാരിച്ചില്ല. ഇഷ്ടപ്പെടാത്ത വല്ല അഭ്യര്‍ഥനയും ആരെങ്കിലും നടത്തിയാല്‍ മറുത്തൊരു വാക്കു പറയുകയോ അത് നടത്തിക്കൊടുക്കുകയോ ചെയ്യാതെ അദ്ദേഹം മൗനം പാലിച്ചു. ആരെയും വേദനിപ്പിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. പകരം അദ്ദേഹം അവരെ സമാധാനിപ്പിച്ചു. അദ്ദേഹം കരുണാമയനും കാരുണ്യവാനുമായിരുന്നു” എന്ന് അലി(റ) പറയുന്നു.

അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു: ”പ്രവാചകന്‍ ദയാലുവും അത്യുദാരനും സത്യസന്ധനും കരുണാമയനുമായിരുന്നു. അദ്ദേഹത്തിന്റെ കൂടെയിരിക്കുന്നത് ഹൃദ്യമായ ഒരനുഭവമായിരുന്നു. അദ്ദേഹത്തെ ആദ്യം കണ്ടുമുട്ടുന്നവര്‍ക്ക് വിസ്മയം തോന്നുമെങ്കിലും കൂടുതല്‍ അടുത്തറിയുന്നതോടെ അദ്ദേഹത്തോട് അത്യധികം സ്‌നേഹം തോന്നാതിരിക്കില്ല” (തിര്‍മിദി). മുഹമ്മദ് നബി(സ)യുടെ സ്വഭാവത്തെപ്പറ്റി പ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരനായ ഗിബ്ബണും സമാനമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

ഖദീജ(റ)യുടെ ആദ്യ വിവാഹത്തിലുള്ള പുത്രന്‍ ഹിന്ദ്(റ) പ്രവാചകനെക്കുറിച്ച് പറയുന്നു: ”കരുണഹൃദയനായ അദ്ദേഹം സൗമ്യനും ശാന്തനുമായിരുന്നു. ആരെയും വേദനിപ്പിക്കുന്നതോ അപമാനിക്കുന്നതോ അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. ചെറിയ ഉപകാരങ്ങള്‍ക്കു പോലും അദ്ദേഹം മറ്റുള്ളവരോട് നന്ദി പറഞ്ഞു. തന്റെ മുന്നില്‍ വെച്ച ഭക്ഷണം, അതെന്തായിരുന്നാലും, അദ്ദേഹം പരാതി പറയാതെ കഴിച്ചു. തന്നെ സംബന്ധിക്കുന്ന ഒരു കാര്യത്തെക്കുറിച്ചും അദ്ദേഹം ക്ഷുഭിതനായില്ല. ആര്‍ക്കെതിരെയും പ്രതികാരം ചെയ്യുന്നതിനെക്കുറിച്ചോ ആരെയെങ്കിലും നിരാശപ്പെടുത്തുന്നതിനെക്കുറിച്ചോ അദ്ദേഹം ചിന്തിക്കുക പോലും ചെയ്തില്ല. എന്നാല്‍ സത്യത്തെയും നീതിയെയും എതിര്‍ത്തവരെ അദ്ദേഹം എതിര്‍ക്കുകയും എല്ലാ കഴിവും ഉപയോഗിച്ച് ശരിയായ കാരണങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു” (തിര്‍മിദി).

നബി(സ)യെ വളരെയടുത്തറിഞ്ഞവര്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നത് ഇങ്ങനെയൊക്കെയാണ്. അദ്ദേഹത്തിന്റെ പെരുമാറ്റവും സ്വഭാവവും അത്രയും കാലം കണ്ടറിഞ്ഞവര്‍ ഇങ്ങനെ പറയുമ്പോള്‍, കറപറ്റാത്ത വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം എന്ന് വ്യക്തമാകുന്നു.

ഇതിനേക്കാളൊക്കെ ഉത്തമമായ പ്രവാചകന്റെ മറ്റൊരു സ്വഭാവഗുണം മറ്റുള്ളവരോട് ഉപദേശിച്ച കാര്യങ്ങള്‍ അദ്ദേഹം സ്വയം എപ്പോഴും പ്രവര്‍ത്തിച്ചുകാണിച്ചു എന്നതാണ്.

പ്രാര്‍ഥനയിലൂടെയും ചിന്തകളിലൂടെയും അല്ലാഹുവുമായി ആഴമുള്ള, എക്കാലവും നിലനില്‍ക്കുന്ന ബന്ധം വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം തന്റെ അനുയായികളെ ഉപദേശിച്ചു. അല്ലാഹു എന്ന പരമ സത്യത്തെക്കുറിച്ച അവബോധവും ഓര്‍മയും അനുയായികളുടെ ജീവിതത്തില്‍ വളരെ വ്യക്തമായിരുന്നെങ്കിലും അതിനപ്പുറം പ്രവാചകന്‍ സ്വയം ഈ ഉപദേശത്തിനനുസരിച്ച് ജീവിച്ചതെങ്ങനെയാണെന്ന് നമുക്ക് നോക്കാം. അല്ലാഹുവിനെക്കുറിച്ച് ഓര്‍ക്കാതിരിക്കുകയോ അവനുമായുള്ള ആശയവിനിമയം മുറിഞ്ഞുപോവുകയോ ചെയ്ത ഏതെങ്കിലും ഒരു നിമിഷം പകലോ രാത്രിയോ പ്രവാചകന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നോ? തനിക്ക് കിട്ടിയ ദൈവിക വെളിച്ചത്തിന്റെ നിറവില്‍ മുഹമ്മദ്(സ) ജീവിതത്തിന്റെ ഓരോ നിമിഷത്തിലും- ഇരിക്കുമ്പോഴും നടക്കുമ്പോഴും തിന്നുമ്പോഴും കുടിക്കുമ്പോഴും ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും- അല്ലാഹുവിനെയും അല്ലാഹുവിന്റെ സ്‌നേഹത്തെയും കുറിച്ച് ഓര്‍ത്തു. പ്രവാചക വചനങ്ങളുടെ  സിംഹഭാഗവും പ്രവാചകന്‍ പല അവസരങ്ങളിലായി നടത്തിയ അല്ലാഹുവിനോടുള്ള പ്രാര്‍ഥനകളും അഭ്യര്‍ഥനകളും വാഴ്ത്തലുകളുമാണ്. അദ്ദേഹം അല്ലാഹുവിനോട് പലപ്പോഴായി നടത്തിയ അപേക്ഷകളടങ്ങുന്ന ഹദീസ് ഗ്രന്ഥങ്ങളുമുണ്ട്. പ്രവാചകന് അല്ലാഹുവിനോടുണ്ടായിരുന്ന അറ്റമില്ലാത്ത ഭക്തിയും അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് ഉയര്‍ന്നു വന്ന ആരാധനയും ഓരോ താളിലും മുദ്ര കുത്തപ്പെട്ടിട്ടുണ്ട്. ഭക്തിയും ദൈവഭയവുമുള്ള ആത്മാക്കളെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്: ”നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ സ്മരിക്കുന്നവരാണവര്‍” (3: 191). ഇവ്വിധമായിരുന്നു മുഹമ്മദ് നബി(സ)യുടെ ജീവിതം. അല്ലാഹുവെക്കുറിച്ചുള്ള ഓര്‍മയില്‍ അദ്ദേഹം എക്കാലവും മുഴുകിയിരിക്കുമായിരുന്നു എന്ന് ആഇശ(റ) ഓര്‍ക്കുന്നു.

പ്രവാചകന്‍ തന്റെ അനുയായികളോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്വയം അദ്ദേഹം എങ്ങനെയാണ് സ്രഷ്ടാവിനോടുള്ള ഭക്തി പ്രകടിപ്പിച്ചത്? എല്ലാ ദിവസവും എട്ടു തവണ അദ്ദേഹം സ്രഷ്ടാവിന്റെ മുന്നില്‍ മുട്ടുമടക്കി. മറ്റുള്ളവര്‍ക്കു കൂടി ബാധകമായിരുന്ന അഞ്ചു നേരത്തെ നമസ്‌കാരത്തിനു പുറമെ സൂര്യോദയത്തിനു ശേഷവും സൂര്യന്‍ പൂര്‍ണമായി ഉദിച്ച ശേഷവും പാതിരാത്രിക്കു ശേഷവും അദ്ദേഹം  നമസ്‌കാരങ്ങള്‍ നിര്‍വഹിച്ചു. എല്ലാ വിശ്വാസികള്‍ക്കും നിര്‍ബന്ധമാക്കപ്പെട്ടിട്ടില്ലാത്ത, താല്‍പര്യമുണ്ടെങ്കില്‍ മാത്രം നിര്‍വഹിക്കാവുന്ന നമസ്‌കാരങ്ങളാണിവ. ഒരു വിശ്വാസി സാധാരണ ദിവസവും 17 റക്അത്താണ് നമസ്‌കരിക്കുകയെങ്കില്‍ പ്രവാചകന്‍ ജീവിതകാലം മുഴുവന്‍ ദിവസവും അറുപതോളം റക്അത്തുകള്‍ നമസ്‌കരിച്ചു. പാതിരാവിലെ പ്രാര്‍ഥന പോലും അദ്ദേഹം ഒരിക്കലും ഒഴിവാക്കിയില്ല. നീണ്ട നേരങ്ങളുടെ നമസ്‌കാരം കാരണം പലപ്പോഴും അദ്ദേഹത്തിന്റെ കാലുകള്‍ നീരുവന്ന് വീര്‍ത്തു. ഒരിക്കല്‍ ആഇശ(റ) അദ്ദേഹത്തോട് ചോദിച്ചു: ”എന്തിനാണ് ഇത്രയും ബുദ്ധിമുട്ടുകള്‍ സഹിക്കുന്നത്? അല്ലാഹു ഇപ്പോള്‍ തന്നെ അങ്ങേക്ക് സ്വര്‍ഗം നല്‍കിയിട്ടില്ലേ?” ”എന്ത്? ഞാന്‍ ഒരു നന്ദിയുള്ള സേവകനെ പോലെ പെരുമാറേണ്ടെന്നാണോ?” പ്രവാചകന്റെ പ്രാര്‍ഥനകള്‍ ഭയത്തില്‍നിന്നും വിസ്മയത്തില്‍നിന്നുമല്ല, അല്ലാഹുവോടുള്ള അനന്തമായ സ്‌നേഹത്തില്‍നിന്നും ആത്മാര്‍ഥമായ ആരാധനയില്‍നിന്നും ഉയര്‍ന്നു വന്നതായിരുന്നു. നീണ്ട നേരം അല്ലാഹുവിന്റെ മുന്നില്‍ അദ്ദേഹം കുനിഞ്ഞു നില്‍ക്കുന്നതു കണ്ട പലരിലും അദ്ദേഹം സുജൂദിലേക്ക് പോകാന്‍ മറന്നു എന്ന പ്രതീതിയാണ് ഉണ്ടായത്.

തന്റെ പ്രബോധനകാലത്തിന്റെ തുടക്കം മുതല്‍ തന്നെ മുഹമ്മദ് നബി(സ) പ്രാര്‍ഥിക്കാന്‍ തുടങ്ങിയിരുന്നു. കഅ്ബയെന്ന വിശുദ്ധ ഗേഹത്തിനു മുന്നില്‍ പ്രാര്‍ഥനകളര്‍പ്പിച്ചിരുന്ന അദ്ദേഹത്തിന്റെ രീതികള്‍ ഇഷ്ടപ്പെടാതിരുന്ന മക്കയിലെ അവിശ്വാസികള്‍ പലതവണ അദ്ദേഹത്തെ പ്രാര്‍ഥനാ വേളയില്‍ ആക്രമിച്ചു. എങ്കിലും അദ്ദേഹം ഒരിക്കലും ആ ശീലം ഒഴിവാക്കിയില്ല. പ്രവാചകന്റെ അനുയായികളുടെ ചെറിയ കൂട്ടത്തിനെതിരെ ശത്രുക്കള്‍ സര്‍വ ആയുധങ്ങളും പുറത്തെടുക്കുകയും പോരാട്ടത്തിനു എന്നെന്നേക്കുമായി അറുതിവരുത്താന്‍ മുഹമ്മദ് നബി(സ)യുടെ ജീവന്‍ തന്നെ അവര്‍ ലക്ഷ്യമിടുകയും ചെയ്തിരുന്ന യുദ്ധവേളകളില്‍ അപകടം വര്‍ധിച്ചു. പക്ഷേ ഈ ഘട്ടങ്ങളിലും നമസ്‌കാരത്തിനുള്ള സമയമായാല്‍ അദ്ദേഹം കൃത്യമായി വിശ്വാസികളെ പ്രാര്‍ഥനയില്‍ നയിച്ചു. ബദ്‌റില്‍ രണ്ടു പടകളും അണിനിരന്ന സമയത്തു പോലും കൂട്ടത്തില്‍ ബലം കുറഞ്ഞ തന്റെ സൈന്യത്തിന്റെ ജയത്തിനു വേണ്ടി അല്ലാഹുവിനു മുന്നില്‍ കൈകളുയര്‍ത്താന്‍ അദ്ദേഹം നമസ്‌കാര പായയിലേക്ക് ധൃതിപ്പെട്ടു നടന്നു. അദ്ദേഹം ഒരിക്കലും വൈകുകയോ രണ്ടു നമസ്‌കാരങ്ങള്‍ ഒരുമിച്ച് നഷ്ടപ്പെടുത്തുകയോ ചെയ്തില്ല. ഖന്ദഖ് യുദ്ധവേളയില്‍ ശത്രുക്കളുടെ രൂക്ഷമായ ആക്രമണം കാരണം അദ്ദേഹത്തിന് അസ്വ്ര്‍ നമസ്‌കാരം നഷ്ടപ്പെടുകയും മറ്റൊരവസരത്തില്‍ രാത്രി മുഴുവന്‍ നീണ്ട യാത്രക്കു ശേഷം എല്ലാവരും മയങ്ങിവീണതിനാല്‍ സ്വുബ്ഹി നമസ്‌കാരം സൂര്യോദയത്തിനു ശേഷം നിര്‍വഹിക്കേണ്ടിവരികയും ചെയ്തു. മരിക്കുന്നതിന് കുറച്ചു ദിവസം മുമ്പ് പ്രവാചകന്റെ ആരോഗ്യം അത്യധികം മോശമായപ്പോഴും സംഘനമസ്‌കാരം നഷ്ടപ്പെടാതിരിക്കാന്‍ അദ്ദേഹം രണ്ട് അനുയായികളുടെ സഹായത്തോടെ പള്ളിയിലെത്തി. മരണം തൊട്ടടുത്തു നില്‍ക്കുമ്പോഴും ഒന്നിച്ചുള്ള നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പ്രവാചകന്‍ മൂന്നു തവണ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ തീരെ അവശനായിരുന്ന അദ്ദേഹം ഓരോ തവണയും ബോധരഹിതനായി വീഴുകയായിരുന്നു. ഇതായിരുന്നു അല്ലാഹുവിന് എങ്ങനെ സ്വയം സമര്‍പ്പിക്കണം എന്നതിന്റെ പ്രവാചക മാതൃക.

റമദാനില്‍ മുഴുവന്‍ നോമ്പനുഷ്ഠിക്കാന്‍ പ്രവാചകന്‍ ആഹ്വാനം ചെയ്തു. അദ്ദേഹമാകട്ടെ, ഇതു കൂടാതെ എല്ലാ ആഴ്ചയും ഒന്നോ രണ്ടോ നോമ്പുകളെടുത്തു. ‘അദ്ദേഹം നോമ്പനുഷ്ഠാനം തുടങ്ങിയപ്പോള്‍ ഒരിക്കലും അവസാനിപ്പിക്കില്ല എന്ന് തോന്നിപ്പോയി’ എന്ന് ആഇശ(റ) പറഞ്ഞിട്ടുണ്ട്. ഇങ്ങനെ കൂടുതലായി എടുക്കുന്ന നോമ്പുകള്‍ ഒരു ദിവസത്തിനപ്പുറം തുടര്‍ച്ചയായി എടുക്കരുതെന്ന് അനുയായികളെ അനുശാസിച്ചിരുന്നുവെങ്കിലും നബി(സ) സ്വയം രാത്രി ഭക്ഷണം പോലും കഴിക്കാതെ ദിവസങ്ങളോളം നോമ്പെടുക്കുമായിരുന്നു. ആരെങ്കിലും അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിക്കുന്നതില്‍നിന്ന് അദ്ദേഹം അവരെ തടഞ്ഞു. ”നിങ്ങളില്‍ ആരാണ് എന്നെപ്പോലെയുള്ളത്? എന്റെ സ്രഷ്ടാവ് എനിക്ക് പോഷണം നല്‍കുന്നു” എന്ന് പ്രവാചകന്‍ ചൂണ്ടിക്കാട്ടി. അദ്ദേഹം റമദാനിലും ശഅ്ബാനിലും മുഴുവനായും, എല്ലാ മാസത്തിന്റെയും 13,14,15 തീയതികളിലും മുഹര്‍റത്തിന്റെ ആദ്യ 10 ദിനങ്ങളിലും ചെറിയ പെരുന്നാളിനു ശേഷമുള്ള ആറു ദിവസങ്ങളിലും എല്ലാ ആഴ്ചയിലെയും തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും (മിശ്കാത്തുല്‍ മസ്വാബീഹ്) നോമ്പനുഷ്ഠിക്കുമായിരുന്നു. ഇവ്വിധമാണ് പ്രവാചകന്‍(സ) എങ്ങനെ നോമ്പെടുക്കണം എന്ന് തന്റെ പിന്തുടര്‍ച്ചക്കാര്‍ക്ക് കാണിച്ചുകൊടുത്തത്.

ദാനധര്‍മങ്ങള്‍ ചെയ്യാന്‍ ഉപദേശിച്ച മുഹമ്മദ് നബി(സ) തന്റെ അത്യുദാരതയിലൂടെ മറ്റുള്ളവര്‍ക്ക് വഴി കാണിച്ചു. ‘നിങ്ങള്‍ മറ്റുള്ളവരുടെ കടങ്ങള്‍ വീട്ടുകയും പാവങ്ങളെ സഹായിക്കുകയും ചെയ്യുന്നു’ എന്ന ഖദീജ(റ)യുടെ വാക്കുകള്‍ നാം നേരത്തേ ഉദ്ധരിച്ചിട്ടു്. തനിക്കു വേണ്ടി അനുയായികള്‍ അവരുടെ വീടുകളെയും സഹോദരങ്ങളെയും മാതാക്കളെയും പിതാക്കളെയും മക്കളെയും ഉപേക്ഷിക്കാന്‍ അദ്ദേഹം ഒരിക്കലും അനുയായികളോട് ആഹ്വാനം ചെയ്തില്ല (മത്തായി 10:37). എല്ലാ സ്വത്തും വിറ്റ് പാവങ്ങള്‍ക്ക് നല്‍കണമെന്നോ (മത്തായി 19:21) സ്വര്‍ഗരാജ്യത്ത് പ്രവേശിക്കുന്നത് ധനികന് വളരെ പ്രയാസമുള്ള കാര്യമാണെന്നോ (മത്തായി 19:23) പോലും നബി(സ) പറഞ്ഞിട്ടില്ല. ‘നിങ്ങള്‍ക്ക് തന്നതില്‍നിന്ന് നിങ്ങള്‍ ചെലവാക്കൂ’ എന്ന് ഖുര്‍ആനും, സ്രഷ്ടാവിനോടുള്ള നന്ദി കാണിക്കാന്‍ സമ്പാദ്യത്തിന്റെ ഒരു ഭാഗം ദാനം ചെയ്യൂ എന്ന് മുഹമ്മദ് നബി(സ)യും പറഞ്ഞിട്ടുണ്ട്. എന്നാല്‍ മുഹമ്മദ്(സ) ഉണ്ടായിരുന്നതൊക്കെ പൂര്‍ണ മനസ്സോടെ ദാനം ചെയ്തു. യുദ്ധമുതലുകള്‍ ഒട്ടകപ്പുറത്തായിരുന്നു കൊണ്ടുവന്നതെങ്കിലും അതിലൊന്നും അദ്ദേഹം ഒരിക്കലും തനിക്കോ തന്റെ കുടുംബത്തിനോ വേണ്ടി ഒന്നും മാറ്റിവെച്ചില്ല. ചെലവുകള്‍ അങ്ങേയറ്റം ചുരുക്കിയും ദിവസങ്ങളോളം പട്ടിണി കിടന്നും ജീവിക്കാന്‍ അദ്ദേഹം സ്വമേധയാ തീരുമാനിച്ചു. ഹിജ്‌റ വര്‍ഷം ഏഴില്‍ ഖൈബര്‍ പിടിച്ചടക്കിയതിനു ശേഷം ഓരോ കൊയ്ത്തുകാലം കഴിയുമ്പോളും അതില്‍നിന്ന് കിട്ടിയ ധാന്യങ്ങള്‍ ഭാര്യമാര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കായി അദ്ദേഹം നല്‍കിയിരുന്നു. എന്നാല്‍ കൊല്ലം കഴിയുന്നതിനു മുമ്പു തന്നെ ഇതില്‍ മിക്ക ഭാഗവും ദാനം ചെയ്തു തീര്‍ന്നുപോയിരുന്നു.  നബി(സ)യുടെ വീട്ടുകാര്‍ മാസങ്ങളോളം കഷ്ടിച്ചു കഴിഞ്ഞുകൂടേണ്ട അവസ്ഥയാണ് പിന്നെ. ഇബ്‌നു അബ്ബാസ് പറയുന്നു: ”ഞങ്ങളേക്കാളൊക്കെ ഏറെ ഉദാരന്‍ പ്രവാചകനായിരുന്നു. റമദാനില്‍ അദ്ദേഹം ഇഷ്ടം പോലെ ദാനം ചെയ്തു. അദ്ദേഹം ഒരഭ്യര്‍ഥനയും നിരസിച്ചില്ല, ഒരിക്കലും തനിച്ച് ഭക്ഷണം കഴിച്ചില്ല. ഭക്ഷണം എത്ര കുറവാണെങ്കിലും കൂടെ കഴിക്കാന്‍ അദ്ദേഹം ചുറ്റുമുള്ളവരെ ക്ഷണിച്ചു. ഏതെങ്കിലും ഒരു വിശ്വാസി കടം വീട്ടാതെ മരിച്ചിട്ടുണ്ടെങ്കില്‍ അതറിയിക്കാന്‍ പ്രവാചകന്‍ ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അത് വീട്ടുന്നത് അദ്ദേഹം സ്വന്തം കടമയായി കരുതി. മരണപ്പെട്ടയാളുടെ സ്വത്തുക്കള്‍ അവരുടെ അനന്തരാവകാശികള്‍ക്കു തന്നെ ലഭിച്ചു.”

ഒരിക്കല്‍ ഒരു ഗ്രാമീണന്‍ പരുഷമായി നബി(സ)യോട് പറഞ്ഞു; ‘ഇതൊന്നും നിന്റെയോ നിന്റെ പിതാവിന്റെയോ വകയല്ല. എല്ലാം എന്റെ ഒട്ടകപ്പുറത്ത് കയറ്റിവെക്കൂ.’ ഇത് കേട്ട് ദേഷ്യപ്പെടുന്നതിനു പകരം പ്രവാചകന്‍ അയാളുടെ വാക്കുകള്‍ ശരിവെക്കുകയും ഒട്ടകപ്പുറത്ത് ഈന്തപ്പഴങ്ങളും ഓട്ട്‌സും കയറ്റിക്കൊടുക്കുകയും ചെയ്തു. ഓരോരുത്തരുടെയും വിഹിതം അവരവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ അല്ലാഹുവെന്ന ദാതാവ് നിയോഗിച്ചതാണ് തന്നെയെന്ന് മുഹമ്മദ് നബി(സ) അനുയായികളോട് പലപ്പോഴും പറയുമായിരുന്നു.

ഒരിക്കല്‍ പ്രവാചകനോടൊപ്പം രാത്രി യാത്ര ചെയ്യുകയായിരുന്ന തന്നോട് അദ്ദേഹം പറഞ്ഞ ഒരു കാര്യം അബൂദര്‍റ് വിവരിക്കുന്നുണ്ട്: ”അബൂദര്‍റ്, എനിക്കു വേണ്ടി ഉഹുദു മല മുഴുവന്‍ സ്വര്‍ണമാക്കിത്തന്നാല്‍ മൂന്നു രാത്രികള്‍ക്കു ശേഷം അതില്‍നിന്ന് ഒരു ദീനാര്‍ പോലും എന്റെ കൈയില്‍ അവശേഷിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടില്ല. ആരുടെയെങ്കിലും കടങ്ങള്‍ വീട്ടാന്‍ ഞാന്‍ കൈവശം വെച്ചതൊഴികെ.”

ഇതൊരു ഭക്തന്റെ ആഗ്രഹം മാത്രമല്ല, പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിച്ചുകാണിക്കാന്‍ നിശ്ചയിച്ചുറപ്പിച്ച ഒരു പ്രവാചകന്റെ വാക്കുകള്‍ കൂടിയായിരുന്നു. അദ്ദേഹം അങ്ങനെ പ്രവര്‍ത്തിച്ചുകാണിക്കുകയും ചെയ്തു. ഒരിക്കല്‍ ബഹ്‌റൈനില്‍നിന്ന് വലിയൊരു സംഖ്യ കരമായി വന്നു. കടം വീട്ടാന്‍ ഒരു ഭാഗം ചെലവാക്കിയതിനു ശേഷം ശേഷിച്ച തുക പാവങ്ങള്‍ക്ക് നല്‍കാന്‍ പ്രവാചകന്‍(സ)  ബിലാലി(റ)നോട് ആവശ്യപ്പെട്ടു. എന്നാല്‍ വിതരണം കഴിഞ്ഞതിനു ശേഷവും ദാനം ഏറ്റു വാങ്ങാന്‍ ആളെ കിട്ടാത്തതു കാരണം സംഖ്യയിലൊരു ഭാഗം ബാക്കിയുള്ളതായി ബിലാല്‍(റ) അറിയിച്ചു. ഇതു കേട്ട്  അത്യധികം ആശയക്കുഴപ്പത്തിലായ നബി(സ) പറഞ്ഞു: ”ഈ പണം ഇവിടെ ബാക്കി കിടക്കുന്നിടത്തോളം എനിക്ക് വീട്ടില്‍ പോയി സമാധാനത്തോടെ വിശ്രമിക്കാന്‍ സാധിക്കില്ല.” അദ്ദേഹം അന്നത്തെ രാത്രി പള്ളിയില്‍ കഴിച്ചുകൂട്ടുകയും പിറ്റേന്ന് അതിരാവിലെ വീട്ടിലേക്ക് പോവുകയും ചെയ്തു. അപ്പോഴാണ് അല്ലാഹുവിന്റെ കാരുണ്യത്താല്‍ ബാക്കി വന്ന തുകയും നല്‍കാന്‍ തനിക്ക് സാധിച്ചു എന്ന് ബിലാല്‍(റ) അറിയിക്കുന്നത്. പടച്ചവനെ സ്തുതിച്ചതിനു ശേഷം വീട്ടിലേക്ക് പുറപ്പെട്ട പ്രവാചകന്‍(സ), എന്നാല്‍ കുറച്ചു കഴിഞ്ഞ് ആശങ്കയോടെ വീണ്ടും തിരിച്ചുവന്നു; ‘ഈ ചെറിയ സ്വര്‍ണത്തിന്റെ കഷ്ണം എന്റെ വീട്ടില്‍ അവശേഷിച്ചിരുന്നു. സൂര്യനസ്തമിച്ചാലും അതെന്റെ കൈയില്‍ തന്നെ കിടക്കുമെന്ന് ഞാന്‍ ഭയന്നു’ എന്നു പറഞ്ഞുകൊണ്ട്.

ഉമ്മുസലമ(റ) മറ്റൊരു സംഭവം വിവരിക്കുന്നു: ഒരിക്കല്‍ പ്രവാചകന്‍(സ) എന്റെ വീട്ടില്‍ വന്നപ്പോള്‍ വിഷണ്ണനും ചിന്താമഗ്‌നനുമായി കാണപ്പെട്ടു. കാരണം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു; ‘ഉമ്മുസലമ, എനിക്ക് ഇന്നലെ ലഭിച്ച ഏഴു ദീനാര്‍ ഇന്നും എന്റെ കിടക്കമേല്‍ ഇരിപ്പുണ്ട്.’ ഇതിനേക്കാള്‍ പൊരുളേറിയ മറ്റൊരു സംഭവമുണ്ട്. പ്രവാചകന്റെ രോഗം മൂര്‍ച്ചിക്കുകയും കഠിനമായ തലവേദന മൂലം വളരെ പ്രയാസപ്പെടുകയും ചെയ്തിരുന്ന സമയത്ത് അദ്ദേഹത്തിന് പെട്ടെന്ന് കുറച്ചു മുമ്പ് തനിക്ക് ലഭിച്ച് ചില സ്വര്‍ണനാണയങ്ങള്‍ ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ല എന്ന കാര്യം ഓര്‍മ വന്നു. അവ അപ്പോള്‍ തന്നെ ദാനം ചെയ്യാന്‍ ചട്ടംകെട്ടി; അദ്ദേഹം സ്വയം ചോദിച്ചു: ”ആ നാണയങ്ങള്‍ കൈവശം വെച്ചുകൊണ്ടാണോ മുഹമ്മദ് അവന്റെ സ്രഷ്ടാവിനെ കണ്ടുമുട്ടേണ്ടത്?”  ഇവ്വിധമാണ് ദാനധര്‍മങ്ങള്‍ കൊടുക്കേണ്ടതെങ്ങനെയെന്ന് മുഹമ്മദ് നബി(സ) മാതൃക കാണിച്ചത്.

ചെലവുചുരുക്കി ജീവിക്കാനും കിട്ടിയതില്‍ തൃപ്തിയടയാനും  അദ്ദേഹം ഉപദേശിച്ചു. യുദ്ധമുതലും കരവും സകാത്തും ചുമട്ടുമൃഗങ്ങളുടെ മേല്‍ ഏറ്റിയാണ് രാജ്യത്തിന്റെ  മുക്കുമൂലകളില്‍നിന്ന് മദീനയിലെത്തിയിരുന്നത്. എന്നാല്‍ അറേബ്യയുടെ സുല്‍ത്താന്റെ വീട്ടില്‍ മിക്കപ്പോഴും ജീവിച്ചു പോകാനുള്ള വസ്തുക്കള്‍ പോലും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വേര്‍പാടിനുശേഷം ആഇശ(റ) പറയുന്നുണ്ട്: ”പ്രവാചകന്‍ ഈ ലോകം വിട്ടുപോയി. പക്ഷേ ഒരു ദിവസം പോലും രണ്ടു നേരം അദ്ദേഹം വയറുനിറച്ച് ആഹാരം കഴിച്ചിട്ടില്ല.” നബി(സ) മരണപ്പെട്ട ദിവസം അവരുടെ കൈയില്‍ ആകെയുണ്ടായിരുന്നത് ഒരു പിടി ഓട്ടുധാന്യം മാത്രമായിരുന്നു. അദ്ദേഹത്തിന്റെ പടച്ചട്ട ഒരു ജൂതന്റെ കൈയില്‍ പണയം വെച്ചിരിക്കുകയായിരുന്നു. ‘താമസിക്കാന്‍ ഒരു ചെറിയ കുടിലും ധരിക്കാന്‍ ഒരു ജോഡി വസ്ത്രവും കഴിക്കാന്‍ ലളിതമായ ഭക്ഷണവും വയറുനിറക്കാന്‍ വെള്ളവുമല്ലാതെ മറ്റൊന്നും കൈയില്‍ വെക്കാന്‍ ആദമിന്റെ മകന് അവകാശമില്ല’ എന്ന് പ്രവാചകന്‍ പറയുമായിരുന്നു. ഈന്തപ്പനയോലകളും ഒട്ടകത്തിന്റെ രോമവും കൊണ്ടു മേഞ്ഞ ഒറ്റമുറി കുടിലില്‍ താമസിച്ചിരുന്ന മുഹമ്മദ്(സ) ചിലപ്പോള്‍ സ്വന്തം ജീവിതരീതിയെക്കുറിച്ചായിരിക്കാം ഇവിടെ പരാമര്‍ശിച്ചത്. തനിക്ക് ഒരിക്കലും പ്രവാചകന്റെ വസ്ത്രങ്ങളുടെ കാര്യം ശ്രദ്ധിക്കേണ്ടിവന്നിട്ടില്ല എന്ന് ആഇശ(റ) പറയുമായിരുന്നു. കാരണം അദ്ദേഹം ധരിച്ചിരുന്ന കുപ്പായം തന്നെയായിരുന്നു അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന ഒരേയൊരു വസ്ത്രം. ഒരിക്കല്‍ വിശക്കുന്നുവെന്ന് പരാതിപ്പെട്ട് ഒരു യാചകന്‍ മുഹമ്മദ് നബി(സ)യുടെ അടുത്തെത്തി. വെള്ളമല്ലാതെ അയാള്‍ക്ക് നല്‍കാന്‍ യാതൊന്നും പ്രവാചക പത്‌നിമാരുടെ വീടുകളിലുണ്ടായിരുന്നില്ല.

വിശപ്പു കാരണം അസ്വസ്ഥനായി പള്ളിയില്‍ കിടക്കുന്ന മുഹമ്മദ് നബി(സ)യെ കണ്ടതായി അബു ത്വല്‍ഹ വിവരിക്കുന്നുണ്ട്. മറ്റൊരവസരത്തില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ തങ്ങള്‍ക്ക് വിശക്കുന്നുവെന്ന് പരാതിപ്പെട്ട് പ്രവാചകനെ സമീപിക്കുകയും സഹിക്കാന്‍ വയ്യാതായപ്പോള്‍ വയറില്‍ ഓരോരുത്തരും കെട്ടിവെച്ച കല്ലിന്റെ പലക അദ്ദേഹത്തിനു കാണിച്ചുകൊടുക്കുകയും ചെയ്തു. അപ്പോള്‍ അവരേക്കാള്‍ അവശനായ പ്രവാചകന്‍ രണ്ടു പലകകള്‍ വയറ്റില്‍ കെട്ടിവെച്ചതായി അവര്‍ കണ്ടു. ഭക്ഷണം കഴിച്ചിട്ടില്ല എന്ന് ചില സമയങ്ങളില്‍ അദ്ദേഹത്തിന്റെ ശബ്ദത്തില്‍നിന്ന് വ്യക്തമായിരുന്നു. ഒരിക്കല്‍ ദിവസങ്ങളായി ഒന്നും കഴിക്കാനില്ലാതെ അദ്ദേഹം അബു അയ്യൂബുല്‍ അന്‍സാരിയെ സമീപിച്ചു. അബൂ അയ്യൂബ് അന്‍സാരി അപ്പോള്‍ തന്നെ ഈന്തപ്പഴങ്ങള്‍ കൊണ്ടുവരികയും പ്രവാചകനു വേണ്ടി ഭക്ഷണം തയാറാക്കിക്കുകയും ചെയ്തു. കഴിക്കുന്നതിനു മുമ്പ് പ്രവാചകന്‍ അതില്‍നിന്ന് കുറച്ച് റൊട്ടിയും ഇറച്ചിയും മകള്‍ ഫാത്വിമക്ക് കൊടുത്തയക്കാന്‍ പറഞ്ഞു. അവരും രണ്ടു ദിവസമായി ആഹാരം കഴിച്ചിട്ടില്ലായിരുന്നു.

ഫാത്വിമ(റ)യോടും അവരുടെ മക്കളായ ഹസനോടും ഹുസൈനോടും പ്രവാചകന് അളവറ്റ സ്‌നേഹമായിരുന്നെങ്കിലും ഒരിക്കലും അദ്ദേഹം വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും നല്‍കി അവരെ ലാളിച്ചില്ല. ഒരിക്കല്‍ മകളുടെ കഴുത്തില്‍ ഒരു സ്വര്‍ണമാല തൂങ്ങിക്കിടക്കുന്നതു കണ്ട പ്രവാചകന്‍ അവരെ ശകാരിച്ചു; ‘ഫാത്വിമാ, മുഹമ്മദിന്റെ മകള്‍ തീ കൊണ്ടുണ്ടാക്കിയ മാലയണിഞ്ഞ് നടക്കുന്നുവെന്ന് ആളുകള്‍ പറയാന്‍ നീ ആഗ്രഹിക്കുന്നുണ്ടോ?’ ഫാത്വിമ(റ) അപ്പോള്‍ തന്നെ മാല ഊരി വില്‍ക്കുകയും ആ പണം കൊണ്ട് ഒരു അടിമയെ മോചിപ്പിക്കുകയും ചെയ്തു. ഇതേ രീതിയില്‍ തന്റെ പ്രിയപത്‌നി ആഇശ(റ) അണിഞ്ഞിരുന്ന സ്വര്‍ണത്തിന്റെ വളകള്‍ അദ്ദേഹം അവരെക്കൊണ്ട് ഊരിച്ചു. ‘മനുഷ്യന് ഈ ലോകത്ത് ജീവിക്കാന്‍ ഒരു വഴിയാത്രക്കാരന്‍ അത്യാവശ്യ ചെലവുകള്‍ക്കു വേണ്ടി കരുതുന്നത്ര പണം മതി’ എന്ന് പ്രവാചകന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. ഈ ഉപദേശം മറ്റുള്ളവരെ ഉദ്ദേശിച്ച് മാത്രമായിരുന്നില്ല. അദ്ദേഹം കിടന്ന പരുക്കന്‍ പായയുടെ അടയാളങ്ങള്‍ അദ്ദേഹത്തിന്റെ ദേഹത്തു കണ്ട് വിഷമം തോന്നിയ ചില അനുയായികള്‍ തങ്ങള്‍ മൃദുലമായ കിടക്ക നല്‍കാമെന്ന് പറഞ്ഞു. ‘ഈ ലോകവും ഞാനും തമ്മിലെന്തു ബന്ധം? ഒരു സവാരിക്കാന്‍ വഴിയരികിലെ മരത്തിനു കീഴില്‍ വിശ്രമിക്കുന്നതിനു തുല്യമായതിനു മേല്‍ മാത്രമേ എനിക്ക് അവകാശമുള്ളൂ’ എന്നു പറഞ്ഞ് അദ്ദേഹം അവരുടെ നിര്‍ദേശം തള്ളി.

0 comment
FacebookTwitter
previous post
ക്രിസ്തുവും ക്രിസ്തുമതവും ഖുര്‍ആനില്‍- ഡോ. മുഹമ്മദ് ഹമീദുല്ല
next post
എന്റെ വായന ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു:സിസ്റ്റർ ജസ്റ്റി ചാലക്കൽ

Related Articles

ഇസ്‌ലാം സ്വീകരണം സമ്മാനിച്ചത് അന്തസ്സുള്ള ജീവിതം- ഡോ. റഈസ് മുഹമ്മദ്/സി.എസ്...

March 13, 2020

സയന്റിസം: നാസ്തികതയുടെ ദാർശനിക വൈകല്യങ്ങൾ

January 18, 2022

സൗന്ദര്യത്തിന്റെ ഉറവിടം | പ്രകാശരേഖ

December 24, 2020

വിത്ത് മുളച്ച് വൃക്ഷമാവുന്നതുപോലെ

September 7, 2019

സ്നേഹസാഗരത്തിൽ ആറാടുന്നവർ | പ്രകാശ രേഖ

December 24, 2020

ഏക ലോകവും ഏക രക്ഷകനും

April 27, 2020

വാദങ്ങളും പ്രതിവാദങ്ങളും

February 19, 2022

ഇരുളും വെളിച്ചവും പോലെയാണീ ജീവിതം -ശൈഖ് മുഹമ്മദ് കാരകുന്ന്

July 17, 2020

മത വിദ്വേഷം തലക്കുപിടിച്ച യുക്തിവാദം

September 21, 2019

സസ്പെൻഡ് ചെയ്യപ്പെട്ട അന്നപാനീയങ്ങൾ | ശൈഖ് മുഹമ്മദ് കാരകുന്ന്

October 16, 2020
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day
Quran Lalithasaram

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media