ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടെ പെരുന്നാൾ നമസ്‌കാരം വീട്ടിൽ എങ്ങനെ നിർവഹിക്കാമെന്ന വിശദീകരണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഹനഫീ മദ്ഹബ് പ്രകാരം പെരുന്നാൾ നമസ്‌കാരം എങ്ങനെ നിർവഹിക്കാമെന്ന് ഇർഫാൻ വിശദീകരിക്കുന്നത്.
‘അസ്സലാമു അലൈക്കും. എല്ലാവരുടെയും നോമ്പ്, കുടുംബത്തിന്റെ കൂടെ വളരെ ശാന്തമായി, വളരെ നന്നായി കഴിഞ്ഞു എന്നു വിശ്വസിക്കുന്നു. ഇപ്പോൾ പെരുന്നാളിന്റെ സമയമായിരിക്കുന്നു. ലോക്ക്ഡൗണിന്റെ സമയമാണ്, കൊറോണ വൈറസിന്റെ സമയമാണ്, ഒരുമിച്ചുകൂടൽ നിരോധിക്കപ്പെട്ടിരിക്കുകയാണ്. ഇത് വളരെ അസാധാരണമായ സാഹചര്യമായതിനാൽ പെരുന്നാൾ നമസ്‌കാരം വീട്ടിൽവെച്ചു തന്നെ നിർവഹിക്കാം. ഇസ്ലാമിൽ നാല് വീക്ഷണഗതികളുണ്ട്. ഏതെങ്കിലും വീക്ഷണത്തിൽ പെരുന്നാൾ നമസ്‌കാരം വീട്ടിൽ നിന്ന് നിസ്‌കരിക്കാൻ പാടില്ല എന്നാണെങ്കിൽ അത് വേറെ കാര്യമാണ്. വീട്ടിൽ നമസ്‌കരിക്കാം എന്നുള്ളവരെ ഉദ്ദേശിച്ചാണ് ഈ വീഡിയോ…’
എന്ന ആമുഖത്തോടെയാണ് ഇർഫാൻ നമസ്‌കാരരൂപം വിശദീകരിക്കുന്നത്.
ഓരോ റക്അത്തിലും മൂന്നുവീതം അധിക തക്ബീറുകളുള്ള ഹനഫീ രൂപത്തിലുള്ളതാണ് ഇർഫാൻ പത്താൻ വിശദീകരിക്കുന്ന വീഡിയോ. നിസ്‌കാരത്തിനു ശേഷമുള്ള ഖുത്ബ എങ്ങനെ നിർവഹിക്കണമെന്നും താരം വ്യക്തമാക്കുന്നു.
ഗുജറാത്തിലെ ബറോഡ സ്വദേശിയായ ഇർഫാൻ പത്താന്റെ പിതാവ് മഹ്മൂദ് ഖാൻ പത്താൻ പള്ളിയിൽ ബാങ്കുവിളിക്കുന്ന മുഅദ്ദിൻ ആയിരുന്നു. ഇർഫാനെയും ജ്യേഷ്ഠ സഹോദരൻ യൂസുഫ് പത്താനെയും ഇസ്ലാംമത പണ്ഡിതന്മാർ ആക്കാനായിരുന്നു മാതാപിതാക്കൾക്ക് ഇഷ്ടം. പിതാവ് ജോലി ചെയ്തിരുന്ന പള്ളിയുടെ മുറ്റത്ത് ക്രിക്കറ്റ് കളിച്ചാണ് ഇരുവരും വളർന്നത്. ഇരുവരും പിന്നീട് ദേശീയ ടീമിനു വേണ്ടി കളിച്ചു. പേസ് ബൗളിങ് ഓൾറൗണ്ടറായ ഇർഫാൻ ഈ വർഷം ജനുവരി നാലിനാണ് ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.