ജീവിതം സുഖവും ദുഃഖവും നിറഞ്ഞതാണ്.
ഇവിടെ ഇരുളും വെളിച്ചവുമുണ്ട്.
രാവും പകലുമുണ്ട്.
വേനലും വർഷവുമുണ്ട്.
ചൂടും തണുപ്പുമുണ്ട്.
കേറ്റവും ഇറക്കവുമുണ്ട്.
ജനനവും മരണവുമുണ്ട്.
ചിരിക്കാനും കരയാനും കഴിയുന്നവനാണ് മനഷ്യൻ.
സന്തോഷവും സന്താപവും അവനോടൊപ്പമുണ്ട്.
എന്നും വേനലായിരിക്കില്ല; വർഷവും.
ഇരുട്ടിന് ശേഷം വെളിച്ചം വരും.
കേറ്റമുണ്ടെങ്കിൽ ഇറക്കവുമുണ്ടാകും.
എളുപ്പവും ഞെരുക്കവും കൂടപ്പിറപ്പുകളാണ്.
ഇതൊന്നുമില്ലാതെ ജീവിതമില്ല.
അതു മനസ്സിലാക്കാത്ത ചിലരുണ്ട്. അവരാണ് പ്രശ്നങ്ങളെ ഭയന്ന് ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്നത്.
ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല.
അങ്ങനെ മരിച്ചാൽ ആത്മാവിന് മോക്ഷം കിട്ടില്ല. ആത്മാവ് ഗതി കിട്ടാതെ അലയും. ഇതൊരു വിശ്വാസമാണ്.
ആത്മഹത്യ പാപമാണ്. ചെയ്തവൻ നിത്യ നരകാവകാശിയാവും; ഇത് ഇസ്ലാമിക വിശ്വാസം.
ആത്മഹത്യ ചെയ്തവൻ നിത്യനാശം വരിക്കുന്നു എന്നു മാത്രമല്ല; ശേഷക്കാർക്കും ബന്ധുക്കൾക്കും നിത്യദുരിതവും സമ്മാനിക്കുന്നു.
അയാളുടെ മക്കളുടെയും കുടുംബത്തിൻ്റെയും മേൽവിലാസം തന്നെ അതോടെ മാറുന്നു:
‘തൂങ്ങി ചത്തവൻ്റെ മകൻ, മകൾ .. ‘
എന്തിന് സുഹൃത്തേ.. ?
മരിക്കാൻ എളുപ്പമാണ്;
ജീവിക്കാനാണ് പ്രയാസം.
ജീവിതത്തോട് പൊരുതി നിൽക്കണം. അതാണ് ധീരത, അതാണ് ഹീറോയിസം.
മരിക്കുന്നതിനെ കുറിച്ചല്ല;
ജീവിക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്.
എന്തായാലും ഒരു നാൾ മരിക്കും.
പക്ഷെ, അത് ജീവിച്ചു കൊണ്ടാകണം.
മരിച്ചിട്ടേ വീഴാവൂ.
“ഒവ്വൊരു പൂക്കളുമേ സൊൽകിറത്..
വാൾവെന്താൽ പോരാടും പോർക്കളമേ..”
“നിശ്ചയം, പ്രയാസത്തോടൊപ്പമാണ് എളുപ്പം. അതിനാല്‍ ഒന്നില്‍ നിന്നൊഴിവായാല്‍ മറ്റൊന്നില്‍ മുഴുകുക.
നിന്റെ നാഥനില്‍ പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്യുക.” (ഖുർആൻ – 94: 6-8)
സക്കീർ ഹുസൈൻ തുവൂർ