മനില: അമേരിക്ക, ഇംഗ്ലണ്ട്, ന്യൂസിലാണ്ട്, ഇസ്രയേൽ എന്നിവക്ക് ശേഷം തെക്കുകിഴക്കൻ ഏഷ്യയിലെ ദ്വീപസമൂഹമായ ഫിലിപ്പീനിലും മുസ്‌ലിം വനിതാ ഉദ്യോഗാർഥികൾക്ക് ഹിജാബ് ധരിക്കാൻ അനുമതി. ഇതിന് വലിയ പ്രാധാന്യമാണ് ആഗോള തലത്തിൽ പത്രങ്ങളും ചാനലുകളും നല്കിയത്. മൊത്തം ജനസംഖ്യയുടെ അഞ്ചു ശതമാനം മാത്രമുള്ള ന്യൂനപക്ഷത്തിന് ആ കൊച്ചു രാജ്യം നല്കുന്ന പിന്തുണ ചെറുതല്ല.
ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡ് അതിന്റെ എല്ലാ റാങ്കിലുമുള്ള മുസ്‌ലിം വനിതാ സൈനികർക്ക് ഹിജാബ് ധരിക്കുന്നതിന് അംഗീകാരം നൽകുക മാത്രമല്ല, അതിന്റെ ഔദ്യോഗിക രൂപകൽപ്പനയുടെ ചിത്രങ്ങൾ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കോട്ടൺ അല്ലെങ്കിൽ സിൽക്ക് തുണിയിൽ കടും നീലയോ കറുപ്പോ ആവാമെന്നും വ്യവസ്ഥ ചെയ്യുന്നു.
തീരുമാനമനുസരിച്ച്, ഫിലിപ്പൈൻ ദ്വീപുസമൂഹത്തിന്റെ സമുദ്രാതിർത്തികൾ സംരക്ഷിക്കുന്നതിൽ ഈ സുപ്രധാന സേനയിൽ ചേരുന്ന മുസ്‌ലിം സ്ത്രീകൾക്ക് അവരുടെ ചുമതല നിർവഹിക്കുമ്പോൾ ഇനി മുതൽ ഹിജാബ് ധരിക്കാം.
മുസ്‌ലിം സ്ത്രീകളുടെ ജീവിതത്തിൽ ഹിജാബിനുള്ള സ്ഥാനത്തെക്കുറിച്ചും ഇസ്‌ലാമിൽ അതിന്റെ മതപരമായ വിധിയെക്കുറിച്ചും ഇന്ത്യയോളം സെക്യുലറല്ലാത്ത ഫിലിപ്പിനോകൾക്ക് സംഗതി മനസ്സിലായെന്നർഥം.
ഈ തീരുമാനത്തെ ഫിലിപ്പൈൻസിലെ മുസ്‌ലിങ്ങൾ ഒന്നടങ്കം സ്വാഗതം ചെയ്തു. ആശയ വിനിമയ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സായുധ സിവിലിയൻ സേനയായ കോസ്റ്റ് ഗാർഡിൽ ചേരാൻ കൂടുതൽ മുസ്‌ലിം പെൺകുട്ടികളെ ഇത് പ്രേരിപ്പിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. വ്യാപാര മാർഗങ്ങൾ, തീരദേശ സ്വത്ത് പാരിസ്ഥിതിക ജീവിതം, സമുദ്ര വിഭവങ്ങൾ, തീരദേശ നിയമപാലനം എന്നിവയുൾപ്പെടെ ഫിലിപ്പൈൻ ദ്വീപുകളുടെ തീരങ്ങളെ ഈ ശക്തികളാണ് സംരക്ഷിക്കുന്നത്. ചുറ്റുമുള്ള കടലുകളിലും രാജ്യത്തിന്റെ വടക്ക് നിന്ന് തെക്ക് വരെയുള്ള 13 സമുദ്ര പ്രദേശങ്ങളിലും നൂറോളം ബീച്ചുകളിലും നിരീക്ഷണവും കാവൽ പട്രോളിംഗും സംഘടിപ്പിക്കുന്നതും ദക്ഷിണ ചൈനാ കടൽ മുതൽ മലേഷ്യൻ തീരം വരെ ഇവരുടെ സംരക്ഷണ പരിധിയിലുള്ള അതിർത്തികളാണ്.
മുസ്‌ലിം സ്ത്രീകൾക്ക് അവരുടെ മതവും മതചിഹ്നങ്ങളും അനുഷ്ഠിക്കാനുള്ള അവകാശത്തിന്റെ അംഗീകാരമായി പരിഗണിച്ച് ഫിലിപ്പൈൻ മനുഷ്യാവകാശ കമ്മീഷൻ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ഇത് പരമ്പരാഗത മറാവീ മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങളെ അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനുമുള്ള തത്വത്തിന്റെ സുന്ദരമായ പ്രയോഗവത്കരണമാണ്. തെക്കൻ ഫിലിപ്പൈൻസിൽ താമസിക്കുന്ന മറാവി മുസ്‌ലിംകൾ – അവരുടെ സംസ്കാരവും പാരമ്പര്യവും അവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും “സംരക്ഷിക്കാനും നിലനിർത്താനും” ആവശ്യമുന്നയിച്ച് ഇടക്കാലത്ത് മുന്നോട്ട് വന്നിരുന്നു.
ഉദ്യോഗസ്ഥകളായ മുസ്‌ലിം സ്ത്രീകൾ ഹിജാബ് ധരിക്കുകയും അവരുടെ വിശ്വാസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടത് പ്രയോഗിക്കുകയും ചെയ്യുമ്പോൾ ഒരു വിവേചനത്തിനും അവർ വിധേയമാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നയങ്ങൾ സ്വീകരിക്കാൻ ഫിലിപ്പൈൻ അതിർത്തി കാവൽക്കാരോട് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
മുസ്‌ലിം സ്ത്രീകൾക്ക് അവരുടെ മത ചിഹ്നങ്ങൾ ആചരിക്കുന്നതിനും വിവേചനമില്ലാതെ “മതപരമായ വസ്ത്രങ്ങൾ” ധരിക്കാനും സ്വാതന്ത്ര്യം നൽകുന്നതിനുമുള്ള ഫിലിപ്പൈൻ കോസ്റ്റ് ഗാർഡിന്റെ ഉത്തരവ് പിന്തുടരാൻ മറ്റ് സർക്കാർ ഏജൻസികളെയും ബോഡികളെയും അതുപോലെ തന്നെ സ്വകാര്യ മേഖലയെയും ചിന്തിപ്പിക്കുന്നതാണ് ഈ തീരുമാനം.
ലോകാടിസ്ഥാനത്തിൽ തന്നെ ഈ തീരുമാനം തങ്ങളുടെ രാജ്യത്തിന് ആദരവും വിലമതിപ്പും വർധിപ്പിക്കുമെന്നും വിവിധ മതങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള പരസ്പര ബന്ധങ്ങളും സാമൂഹിക സൗഹാർദ്ദവും ദൃഢമാക്കുന്നതിനുള്ള പ്രധാന കാൽവെയ്പായും കമ്മീഷൻ കണക്കാക്കുന്നു.
മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായ മറാവി (തെക്കൻ ഫിലിപ്പീൻസ്) യിലുണ്ടായ പ്രതിലോമ പ്രവർത്തനങ്ങൾക്ക് തടയിടാൻ ഈദൃശ രാഷ്ട്രീയ ഇടപെടലുകൾക്കാവുമെന്നാണ് അന്താരാഷ്ട്ര – രാഷ്ട്രീയ നിരീക്ഷരുടെ വെളിപ്പെടുത്തൽ. 2017 ഓഗസ്റ്റിലും പിന്നീട് 2018 വരെയുള്ള ആഭ്യന്തര സംഘർഷങ്ങളെ എത്ര സുന്ദരമായാണ് മൂന്നാം ലോക രാജ്യമായ ഫിലിപ്പീൻ കൈകാര്യം ചെയ്യുന്നത് എന്നത് മറ്റു രാജ്യങ്ങൾക്ക് പഠിക്കാനുള്ള മാതൃകയാണ്.
അവലംബം: അൽജസീറ
കോസ്റ്റ്ഗാർഡിന് ഹിജാബ് അനുവദിച്ച് ഫിലിപ്പീൻ
previous post