ഒരു നാഗരികത അസ്തമിക്കുമ്പോള്‍ മറ്റൊന്ന് ഉദയം ചെയ്യുന്നു. ഇവക്കിടയില്‍ നടക്കുന്ന വിജ്ഞാനീയങ്ങളുടെ കൈമാറ്റമാണ് മനുഷ്യസംസ്‌കാരത്തിന് തുടര്‍ച്ച നല്‍കുന്നത്. ഒന്ന് ജീര്‍ണിക്കുന്നത് മറ്റൊന്നിന് വളമാകുന്നതുപോലെ. ഈ തുടര്‍ച്ചയാണ് മാനവിക സംസ്‌കാരത്തിന്റെ വളര്‍ച്ചക്ക് കാരണമാകുന്നതും.
ഏഴാം നൂറ്റാണ്ടിന്റെ ഉദയത്തോടെ ഇസ്‌ലാമിക നാഗരികതയുടെ ദീപശിഖ തെളിയുകയായി. ഹിറാ ഗുഹയില്‍ മുഹമ്മദ് നബി(സ)ക്ക് ലഭിച്ച ‘വായിക്കുക’ എന്ന ഖുര്‍ആന്‍ വചനം മക്കാ മലനിരകളിലാകെ പ്രതിധ്വനിക്കുകയുണ്ടായി. ‘വിജ്ഞാന സമ്പാദനം ഓരോ മുസ്‌ലിമിനും നിര്‍ബന്ധമാണ്’ തുടങ്ങിയ പ്രവാചക വചനങ്ങള്‍ ആ പ്രതിധ്വനിക്ക് കൂടുതല്‍ ശക്തി പകര്‍ന്നു. അധികം താമസിയാതെ ആ പ്രതിധ്വനി അറേബ്യന്‍ ഉപഭൂഖണ്ഡമാകെ മുഴങ്ങി. അത് സിറിയയിലും ഇറാഖിലുമെത്തി. സി.ഇ 830-ല്‍ അബ്ബാസിയ്യാ ഖലീഫ അല്‍ മഅ്മൂന്‍ ബഗ്ദാദില്‍ സ്ഥാപിച്ച ‘ബൈത്തുല്‍ ഹിക്മ’ (വിജ്ഞാന കേന്ദ്രം) മുസ്‌ലിം നവോത്ഥാനത്തിന് കരുത്തേകി. ഗ്രീക്ക്, പേര്‍ഷ്യന്‍, സംസ്‌കൃതം എന്നീ ഭാഷകളില്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങളും കൈയെഴുത്തു പ്രതികളും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഈ വിവര്‍ത്തന പ്രക്രിയ നടക്കുമ്പോള്‍ പുതിയ പഠനങ്ങളും ഗവേഷണങ്ങളും തുടര്‍ന്നുകൊണ്ടേയിരുന്നു.
ഗോളശാസ്ത്രം
മുസ്‌ലിംകളുടെ പഠന ഗവേഷണങ്ങള്‍ ആദ്യം തുടങ്ങിയത് അവരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട ഗോളശാസ്ത്രം, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളിലായിരുന്നു. പൊതുവെ കച്ചവടക്കാരായിരുന്ന അറബികള്‍ക്ക് കടലിലും കരയിലും വളരെയധികം ദീര്‍ഘയാത്രകള്‍ ചെയ്യേണ്ടിവന്നിരുന്നു. പ്രാചീന കാലത്ത് രാത്രികാലങ്ങളില്‍ നക്ഷത്രങ്ങളുടെ ദിശ നോക്കിയാണ് അവര്‍ യാത്ര ചെയ്തിരുന്നത്. പകല്‍ സമയങ്ങളിലും യാത്ര വേിവന്നപ്പോള്‍ ദിശാനിര്‍ണയം പ്രശ്‌നമായി. കൂടാതെ നമസ്‌കാര സമയവും ഖിബ്‌ലയുടെ ദിശയും കൃത്യമായി നിര്‍ണയിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ ഗോളശാസ്ത്രം പഠിക്കാന്‍ മുസ്‌ലിംകള്‍ നിര്‍ബന്ധിതരായി. ഗോളശാസ്ത്രമാകട്ടെ ഗണിതശാസ്ത്രവുമായി അഭേദ്യമായി ബന്ധമുള്ളതും. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഉയരം നിര്‍ണയിക്കുന്നതിനും അവയുടെ ഭ്രമണസമയം നിര്‍ണയിക്കുന്നതിനും ഗണിതശാസ്ത്ര പഠനം അനിവാര്യമായിരുന്നു. അങ്ങനെ ഗണിതശാസ്ത്രവും അവരുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ടു.
സി.ഇ 773-ല്‍ ഇബ്‌റാഹീം സര്‍ഖാലി രചിച്ച ടോളിടോ ടൈം ടേബ്ള്‍സ് ദീര്‍ഘകാലം യൂറോപ്പിലെ ഗോളശാസ്ത്ര പഠനത്തിന് ആധാരമായിരുന്നു. ‘ആകാശഗോളങ്ങളുടെ ഭ്രമണങ്ങളെക്കുറിച്ച്’ എന്ന ഗ്രന്ഥത്തില്‍ കോപ്പര്‍നിക്കസ്, അറബ് ജ്യോതിശാസ്ത്രജ്ഞരായ സര്‍ഖലിയെയും മുഹമ്മദ് ഇബ്‌നു ജാബിര്‍ അല്‍ ബത്താനിയെയും ഉദ്ധരിക്കുന്നു്. ത്രികോണമിതി(Trigonometry)യുടെ ഉപജ്ഞാതാവായ അല്‍ ബത്താനിയുടെ പേര് 23 പ്രാവശ്യം പരാമര്‍ശിക്കുന്നുണ്ട്. കെപ്ലറും ഗലീലിയോയും അല്‍ ബത്താനിയുടെ ചില നിരീക്ഷണങ്ങളില്‍ താല്‍പര്യം പ്രകടിപ്പിച്ചതായും രേഖകളുണ്ട്.
സി.ഇ 1229-ല്‍ ഹസനുല്‍ മറാകിശിയാണ് ആദ്യമായി ത്രികോണമിതി പട്ടികയുണ്ടാക്കിയത്. ഫ്രഞ്ച് ചിന്തകനായ ജാക് റിസ്‌ലര്‍ പറയുന്നു: ”അതൊന്നും തന്നെ ഗ്രീക്കുകാരുടെ സൃഷ്ടിയല്ല; അറബികളുടേതാണ്. യഥാര്‍ഥത്തില്‍ അവരാണ് യൂറോപ്യന്‍ നവോത്ഥാന കാലത്തെ ഗണിതശാസ്ത്രാധ്യാപകര്‍” (നവോത്ഥാന ചിന്തകള്‍, ബെഗോവിച്ച്). പത്താം നൂറ്റാണ്ടില്‍ ജീവിച്ച പ്രശസ്ത ഗണിതശാസ്ത്രജ്ഞനും ഗോളശാസ്ത്രജ്ഞനുമായ ഉമര്‍ ഖയ്യാമാകട്ടെ ഇന്ന് പ്രചാരത്തിലുള്ള പാശ്ചാത്യ കലണ്ടറിനേക്കാള്‍ സൂക്ഷ്മമായ ഒരു കലണ്ടറിന് രൂപകല്‍പന ചെയ്യുകയുണ്ടായി.
ഗോളശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥം 830-ല്‍ രചിക്കപ്പെട്ട അല്‍ ഖവാരിസ്മിയുടെ സീജ് അല്‍ ഹിന്ദ് ആയിരുന്നു. തുടര്‍ന്നു വന്ന ഇബ്‌നു യൂനുസ് ഭൂമിയുടെ ചലനവുമായി ബന്ധപ്പെട്ട ടോളമിയുടെ ചില നിരീക്ഷണങ്ങള്‍ തിരുത്തുകയുണ്ടായി. 946-ല്‍ അബ്ദുര്‍റഹ്മാന്‍ അല്‍ സൂഫി സ്ഥിര നക്ഷത്രങ്ങളുടെ ഗ്രന്ഥം രചിക്കുകയുണ്ടായി. അദ്ദേഹമായിരുന്നു ‘ആന്‍ഡ്രോമെഡ’ ഗ്യാലക്‌സി, ‘വലിയ മെഗല്യാനിക് ക്ലൗഡ്’ എന്നിവ ആദ്യമായി കണ്ടുപിടിച്ചത്.
മുസ്‌ലിം നവോത്ഥാന പ്രക്രിയ പൂര്‍ണതയിലെത്തുന്നതില്‍ സ്ത്രീകളുടെ സംഭാവനകളും നിര്‍ണായകമായിരുന്നു. പത്താം നൂറ്റാണ്ടില്‍ ജീവിച്ച സിറിയക്കാരിയായ മര്‍യം അല്‍ അസ്‌ട്രോലാബി ഇവരില്‍ പ്രമുഖയാണ്. ഗ്രഹങ്ങളുടെ ഉയരം നിര്‍ണയിക്കാനുള്ള അസ്‌ട്രോലാബ് വളരെ കൃത്യതയോടെ നിര്‍മിക്കുന്നതില്‍ അവര്‍ നിപുണയായിരുന്നു. അവരുടെ ബഹുമാനാര്‍ഥം ആധുനിക ഗോളശാസ്ത്രജ്ഞനായ ഹെന്‍ട്രി ഇ. ഹോള്‍ട്ട് 1990-ല്‍ ‘അസ്‌ട്രോയ്ഡ് ബെല്‍റ്റി’ന് മര്‍യമിന്റെ പേര് നല്‍കുകയുണ്ടായി (Astroid 7060 A1 Yjiliya). ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ലോകത്തെ ഏറ്റവും പുരാതന സര്‍വകലാശാലയായ അല്‍ഖറവിയ്യീന്‍ 859-ല്‍ മൊറോക്കോയില്‍ സ്ഥാപിച്ചത് മര്‍യം അല്‍ ഫിഹ്‌രിയായിരുന്നു. തുനീഷ്യയില്‍നിന്ന് മൊറോക്കോയിലേക്ക് കുടിയേറിപ്പാര്‍ത്ത അവര്‍ പിതൃസ്വത്തായി തനിക്ക് ലഭിച്ച മുഴുവന്‍ തുകയും ഈ ഉദ്യമത്തില്‍ വിനിയോഗിക്കുകയുണ്ടായി. മദ്‌റസകളും പള്ളികളും സ്ഥാപിക്കുന്നതിലും പരിപാലിക്കുന്നതിലും സ്ത്രീകള്‍ മുന്‍പന്തിയില്‍തന്നെ ഉണ്ടായിരുന്നു.
ഗണിതശാസ്ത്രം
ഗണിതശാസ്ത്രത്തില്‍ മുസ്‌ലിംകളുടെ സംഭാവനകള്‍ അമൂല്യങ്ങളായിരുന്നു. ഗ്രീക്ക് ശാസ്ത്രജ്ഞനായ യൂക്ലിഡിന്റെ രചനകള്‍ പകര്‍ത്തുക മാത്രമാണ് മുസ്‌ലിംകള്‍ ചെയ്തതെന്ന ചില യൂറോപ്യന്‍ ചരിത്രകാരന്മാരുടെ വാദം അടിസ്ഥാനരഹിതമാണ്. ഗ്രീക്ക് ശാസ്ത്രങ്ങള്‍ അറബികളുടെ പഠനങ്ങള്‍ക്ക് അടിത്തറയായിരുന്നു എന്നത് ശരിതന്നെ. ആ കടപ്പാട് അവര്‍ എടുത്തുപറയുകയും ചെയ്യുന്നുണ്ട്. എന്നാല്‍ എല്ലാ വിഷയങ്ങളിലും തങ്ങളുടേതായ സംഭാവനകള്‍ അവര്‍ നല്‍കുകയുണ്ടായി എന്നതും ഒരു ചരിത്ര യാഥാര്‍ഥ്യമാണ്.
അല്‍ഖവാരിസ്മിയുടെ അല്‍ ജബ്ബാര്‍ വല്‍ മുഖാബില എന്ന ഗ്രന്ഥം 1145-ല്‍ ലാറ്റിന്‍ ഭാഷയിലേക്ക് പരിഭാഷ ചെയ്യപ്പെടുകയും പാശ്ചാത്യ സര്‍വകലാശാലകളില്‍ അടിസ്ഥാന ഗണിതശാസ്ത്ര ഗ്രന്ഥമായി പതിനാറാം നൂറ്റാണ്ട് വരെ പഠിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഈ ഗ്രന്ഥമാണ് പൂജ്യം ഉള്‍പ്പെടെയുള്ള പത്ത് അക്കങ്ങള്‍ യൂറോപ്പിന് പരിചയപ്പെടുത്തിയത്. സ്ഥാന മൂല്യമുള്ള (പ്ലേസ് വാല്യു) അക്കങ്ങളുടെ ഉപയോഗത്തിലൂടെ ഗണിതക്രിയകള്‍ അങ്ങനെ വളരെ എളുപ്പമായിത്തീരുകയും ചെയ്തു. യൂറോപ്പില്‍ അതുവരെ പ്രചാരത്തിലിരുന്ന റോമന്‍ അക്കങ്ങള്‍ ഉപയോഗിച്ച് ഗണിതക്രിയകള്‍ അസാധ്യമായിരുന്നു. എന്നാല്‍ പൂജ്യത്തിന് ഊഷ്മളമായ സ്വീകരണം യൂറോപ്പില്‍ ലഭിക്കുകയുണ്ടായില്ല. വാന്‍ ഡെര്‍ഹെക് പറഞ്ഞതുപോലെ പാശ്ചാത്യര്‍ പൂജ്യത്തെ കണ്ടത് പൈശാചികമായ ഒന്നായിട്ടാണ്. ചാള്‍സ് സയ്ഫ് തന്റെ “Zero the Biography of a Dangerous Idea’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ”ഇറ്റലിയിലെ കച്ചവടക്കാര്‍ അറബി അക്കങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നു. അവര്‍ തങ്ങളുടെ ഇടപാടുകാരെ ‘കൗണ്ടിംഗ് ബോര്‍ഡ്’ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചു. കച്ചവടക്കാര്‍ അറബി അക്കങ്ങളുടെ ഉപയോഗത്തെക്കുറിച്ച് അറിവുള്ളവരായിരുന്നുവെങ്കിലും ദേശീയ ഭരണകൂടങ്ങള്‍ അവയെ വെറുത്തിരുന്നു. 1299-ല്‍ ഫ്‌ളോറന്‍സ് പ്രവിശ്യ അറബി അക്കങ്ങള്‍ നിരോധിച്ചു… എന്നാല്‍ ഇറ്റലിയിലെ കച്ചവടക്കാര്‍ അത് ഉപയോഗിച്ചുകൊണ്ടിരുന്നു. കൂടാതെ രഹസ്യസന്ദേശങ്ങള്‍ അയക്കാനും അവര്‍ ആ അക്കങ്ങള്‍ ഉപയോഗിച്ചു. അങ്ങനെയാണ് ‘സിഫര്‍’ എന്ന അറബി വാക്കിന് രഹസ്യ കോഡ് എന്ന അര്‍ഥം വന്നത്. ആയിരത്തി അറുനൂറോടെയാണ് പൂജ്യം യൂറോപ്പില്‍ വ്യാപകമായി ഉപയോഗത്തില്‍ വന്നത്.”
മുഹമ്മദുബ്‌നു മൂസ ഇബ്‌നു ശാകിറിന്റെ ‘വൃത്തങ്ങളും അനുപാതങ്ങളും’ എന്ന ഗ്രന്ഥം ലാറ്റിന്‍ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും പതിനാറാം നൂറ്റാണ്ട് വരെ പാശ്ചാത്യ സര്‍വകലാശാലകളില്‍ അടിസ്ഥാന റഫറന്‍സ് ഗ്രന്ഥമായി ഉപയോഗിക്കപ്പെടുകയും ചെയ്തിരുന്നു.
”അറബികള്‍ ശാസ്ത്ര മേഖലയില്‍ വളരെയധികം വിലപ്പെട്ട നേട്ടങ്ങളുണ്ടാക്കിയിട്ടു്. പാശ്ചാത്യരെ അറബി അക്കങ്ങള്‍ പഠിപ്പിച്ചത് അവരാണ്; അവരല്ല അത് കണ്ടുപിടിച്ചതെങ്കിലും. ദൈനംദിന ജീവിതത്തിന് ആവശ്യമായ അംഗഗണിതത്തിന് അടിത്തറ പാകിയതും അവരാണ്. ആള്‍ജിബ്ര ഒരു യഥാര്‍ഥ ശാസ്ത്രമാക്കി വികസിപ്പിച്ചതും അനാലിറ്റിക്കല്‍ ജ്യോമട്രിക്ക് അടിത്തറ പാകിയതും അവര്‍ തന്നെയാണ്. ഗ്രീക്കുകാരുടെ കാലത്ത് ഇല്ലാതിരുന്ന പ്ലെയിന്‍, സ്‌ഫെരിക്കല്‍ ട്രിഗൊണോമെട്രിക്ക് അടിസ്ഥാന ശിലയിട്ടതും സംശയലേശമന്യേ അവര്‍ തന്നെയായിരുന്നു. ഗോളശാസ്ത്രത്തിലും ഒട്ടനവധി മൂല്യവത്തായ നിരീക്ഷണങ്ങള്‍ അവര്‍ നടത്തുകയുണ്ടായി” (ബാരല്‍ ക്യാരാ ഡി വോക്‌സ്, ലെഗാസി ഓഫ് ഇസ്‌ലാം).
ഊര്‍ജതന്ത്രം
സി.ഇ 965-ല്‍ ഇറാഖിലെ ബസ്വറയില്‍ ജനിച്ച ഇബ്‌നു ഹൈതം ആധുനിക ശാസ്ത്ര ഗവേഷണ രീതിയുടെ പിതാവായി അറിയപ്പെടുന്നു. ആധുനിക ഗവേഷണ രീതിശാസ്ത്രമനുസരിച്ച് ഗുണപരവും അനുഭവവേദ്യവും പരീക്ഷണാത്മകവുമായ മാര്‍ഗങ്ങളാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. അതുകൊണ്ടാണ് ആധുനിക കാലഘട്ടത്തിലെ ആദ്യത്തെ ശാസ്ത്രജ്ഞന്‍ എന്ന് അദ്ദേഹം വിളിക്കപ്പെടുന്നത്.
യൂറോപ്യന്‍ ചിന്താഗതിയെ ശക്തമായി സ്വാധീനിച്ച ഗ്രന്ഥമാണ് ഇബ്‌നു ഹൈതമിന്റെ ‘പ്രകാശശാസ്ത്രം’; പ്രത്യേകിച്ച് റോജര്‍ ബേക്കന്റെയും കെപ്ലറുടെയും ചിന്തകളെ. കാഴ്ചയെ സംബന്ധിച്ച യൂക്ലിഡിന്റെയും ടോളമിയുടെയും തത്ത്വങ്ങള്‍ അദ്ദേഹം തിരുത്തുകയുായി. നാം ഒരു വസ്തുവിനെ കാണുമ്പോള്‍ പ്രകാശം കണ്ണില്‍നിന്ന് വസ്തുവിലേക്ക് പോകുന്നു എന്ന യൂക്ലിഡിന്റെയും ടോളമിയുടെയും തത്ത്വം, വസ്തുക്കളില്‍ പ്രതിഫലിച്ച പ്രകാശം കണ്ണിലേക്കാണ് വരുന്നതെന്ന് ഇബ്‌നു ഹൈതം തിരുത്തുകയുണ്ടായി. ന്യൂട്ടനും ദെക്കാര്‍ത്തെയും ഇബ്‌നു ഹൈതമിന്റെ ‘പ്രകാശശാസ്ത്രം’ എന്ന ഗ്രന്ഥം സംശയനിവൃത്തി വരുത്താന്‍ ഉപയോഗിച്ചിരുന്നു. ഇബ്‌നു ഹൈതമും സമകാലീനനായ ഇബ്‌നു സീനയും ഒരേ സമയത്താണ് ചലന സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചത്. ഈ സിദ്ധാന്തങ്ങളാണ് പില്‍ക്കാലത്ത് ഗലീലിയോവിനെയും പിന്നീട് ന്യൂട്ടനെയും സ്വാധീനിച്ചത്. ആകര്‍ഷണ സിദ്ധാന്തവും ഇബ്‌നു ഹൈതമാണ് ആദ്യമായി കണ്ടുപിടിച്ചത്. പിന്‍ഹോള്‍ ക്യാമറ, ‘ക്യാമറ ഒബ്‌സ്‌കൂറ’ എന്ന ക്യാമറയുടെ ആദ്യരൂപം എന്നിവ കണ്ടുപിടിച്ചതും അദ്ദേഹമായിരുന്നു. ബേക്കന്റെ ‘ഓപ്പസ് മേജസ്’ എന്ന ഗ്രന്ഥത്തിന്റെ അഞ്ചാം ഭാഗമായ പ്രകാശ ശാസ്ത്രം ഒറ്റനോട്ടത്തില്‍ ഹൈതമിന്റെ ഗ്രന്ഥത്തിന്റെ സംക്ഷിപ്ത രൂപമാണ്… റോജര്‍ ബേക്കന്‍ പ്രധാനമായും ആശ്രയിച്ച എഴുത്തുകാരന്‍ ഇബ്‌നു ഹൈതമായിരുന്നു. എന്നാല്‍ അദ്ദേഹം യൂക്ലിഡ്, ടോളമി, ടൈഡിയസ്, അല്‍കിന്ദി എന്നിവരുടെ ഗ്രന്ഥങ്ങളും പലപ്പോഴും ഉപയോഗിച്ചിരുന്നു (Opus Majus, Introduction, page IXXi).
”മധ്യകാലഘട്ടത്തിലെ ഏറ്റവും പ്രഗത്ഭനായ ശാസ്ത്രജ്ഞനായിരുന്നു ഇബ്‌നു ഹൈതം. അദ്ദേഹത്തിന്റെ ഗ്രന്ഥം ഏതാണ്ട് 600 വര്‍ഷക്കാലത്തേക്ക് -അതായത് കെപ്ലറുടെ കാലം വരെ – മറ്റൊന്നും പകരം വെക്കാനില്ലാതെ നിലനിന്നിരുന്നു” (David Abbott). 19-ാം നൂറ്റാണ്ടില്‍ ജീവിച്ച ഫ്രഞ്ച് ഗണിത ശാസ്ത്രജ്ഞനായ മൈക്കള്‍ ചാസ്‌ലസ്, ഇബ്‌നു ഹൈതമിന്റെ ഗവേഷണങ്ങളെ ഇങ്ങനെ വിശേഷിപ്പിച്ചു: ”പ്രകാശ ശാസ്ത്രത്തില്‍ നമ്മള്‍ എത്തിച്ചേര്‍ന്ന എല്ലാറ്റിന്റെയും സത്തും അടിസ്ഥാനവുമായിരുന്നു അവ” (നവോത്ഥാന ചിന്തകള്‍, ബെഗോവിച്ച് പേജ് 16).
വൈദ്യശാസ്ത്രം
വളരെ പ്രാകൃതമായ ചികിത്സാ രീതികളായിരുന്നു അക്കാലത്ത് യൂറോപ്പില്‍ പ്രചാരത്തിലുണ്ടായിരുന്നത്. എച്ച്.എ ഡേവിഡ് പറയുന്നത് കാണുക: ”യൂറോപ്പിനെ സംബന്ധിച്ച് പ്രായോഗിക തലത്തില്‍ വൈദ്യചികിത്സ സഭ നിരോധിച്ച ഒരു കാലഘട്ടമായിരുന്നു അത്. രോഗശമനത്തിന് സാങ്കല്‍പികപ്രേതങ്ങളെ ഒഴിപ്പിക്കല്‍ ഒരു മതചടങ്ങായി കൊണ്ടുനടന്നിരുന്ന കാലം. മുറിവൈദ്യന്മാരും കപടചികിത്സകരും പിടിമുറുക്കിയ അക്കാലത്ത് മുസ്‌ലിംകള്‍ യഥാര്‍ഥ വൈദ്യശാസ്ത്രത്തിന്റെ ഉടമകളായിരുന്നു” (എച്ച്.എ ഡേവിഡ്).
സി.ഇ 980-ല്‍ ജനിച്ച ഇബ്‌നുസീന ഇസ്‌ലാമിക സുവര്‍ണ കാലഘട്ടത്തിലെ ബഹുമുഖ പ്രതിഭയായിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ അല്‍ഖാനൂന്‍ ഫിത്ത്വിബ്ബ്, അശ്ശിഫാ എന്നീ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ പതിനേഴാം നൂറ്റാണ്ട് വരെ പാശ്ചാത്യ സര്‍വകലാശാലകളിലെ അംഗീകൃത പാഠപുസ്തകങ്ങളായിരുന്നു. ഈയടുത്ത് 1973-ലും അല്‍ഖാനൂന്‍ ഫിത്ത്വിബ്ബ് ന്യൂയോര്‍ക്കില്‍ പുനഃപ്രസിദ്ധീകരിക്കപ്പെട്ടു എന്നത് ആ ഗ്രന്ഥത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നു. അദ്ദേഹത്തിന്റെ ആയിരാമത് ജന്മവാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് 1980-ല്‍ യുനെസ്‌കോ ഒരു സ്വര്‍ണ മെഡല്‍ പുറത്തിറക്കുകയുണ്ടായി.
ആയിരം വര്‍ഷങ്ങള്‍ക്കു ശേഷം അന്താരാഷ്ട്ര അംഗീകാരം ഇബ്‌നുസീനയെ തേടിയെത്തിയത് അദ്ദേഹത്തിന്റെ സ്വാധീനം ഇന്നും നിലനില്‍ക്കുന്നു എന്നതിന് തെളിവാണ്. 2002-ല്‍ അദ്ദേഹത്തിന്റെ നാമത്തില്‍ യുനെസ്‌കോ ഒരു പുരസ്‌കാരവും പ്രഖ്യാപിക്കുകയുണ്ടായി; ‘ശാസ്ത്ര ധാര്‍മികതക്കുള്ള ഇബ്‌നുസീന പുരസ്‌കാരം’ എന്ന പേരില്‍. അവാര്‍ഡ് ജേതാവിന് സ്വര്‍ണ മെഡലാണ് ഉപഹാരം. ‘മനുഷ്യ നന്മക്കും വംശ നിലനില്‍പിനും വേണ്ടി അണിചേരുക’ എന്ന അദ്ദേഹത്തിന്റെ പ്രശസ്ത വചനം മെഡലിന്റെ ഒരു വശത്ത് ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
ധാര്‍മികതയുടെ അടിത്തറയില്‍ ഊന്നി സമഗ്ര ചികിത്സാ സമ്പ്രദായം ആവിഷ്‌കരിച്ച മധ്യകാല മുസ്‌ലിം ഭിഷഗ്വരന്മാര്‍, കൊള്ളലാഭത്തില്‍ മാത്രം കണ്ണുനട്ട് അംബരചുംബികളായ ‘മള്‍ട്ടിസ്റ്റാര്‍ ആശുപത്രികള്‍ ‘ നിര്‍മിച്ച് ‘ജനസേവനം’ നടത്തുന്നവര്‍ക്ക് മാതൃകയാകേണ്ടതാണ്. രക്ഷപ്പെടുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത രോഗിയോട് ‘നിങ്ങള്‍ക്ക് ശമനമുണ്ടാകും’ എന്നു പറഞ്ഞ് വിശ്വസിപ്പിക്കേണ്ടതുണ്ടെന്ന് റാസി പറയുന്നു. മനസ്സിന്റെ അവസ്ഥ ശരീരവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിച്ചിരുന്ന ഒരു മനഃശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം.
അല്‍ സഹ്‌റാവിയുടെ കിതാബുല്‍ തസ്‌രീഫ് എന്ന ഗ്രന്ഥത്തില്‍ ശസ്ത്രക്രിയയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം ജെറാര്‍ഡ് ക്രിമോണ ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തുകയുണ്ടായി. ഈ ഗ്രന്ഥം 1778-ല്‍ ഓക്‌സ്‌ഫോര്‍ഡില്‍ പുനഃപ്രസിദ്ധീകരിച്ചു. യൂറോപ്പില്‍ ശസ്ത്രക്രിയക്ക് അടിത്തറ പാകാന്‍ ഈ ഗ്രന്ഥം സഹായകമായി എന്ന് പ്രഫ. ഫിലിപ്പ് കെ. ഹിറ്റി നിരീക്ഷിക്കുന്നു.
സി.ഇ854-ല്‍ ഇറാനിലെ ‘റഫയ്യി’ല്‍ ജനിച്ച മുഹമ്മദുബ്‌നു സകരിയ്യ അര്‍റാസി ബഹുമുഖ പണ്ഡിതനായിരുന്നു. വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം, തത്ത്വശാസ്ത്രം, ആല്‍ക്കെമി, രസതന്ത്രം, വ്യാകരണം തുടങ്ങി ഒട്ടനവധി വിഷയങ്ങളില്‍ അദ്ദേഹം പ്രാവീണ്യം നേടി. ബഗ്ദാദിലെ മുഖദ്ദരി ആശുപത്രിയിലെ ഡയറക്‌റായിരുന്ന അദ്ദേഹമാണ് മാനസിക രോഗികള്‍ക്ക് ആദ്യമായി പ്രത്യേക വാര്‍ഡ് നിര്‍മിച്ചത്. എഡ്വേഡ് ഗ്രാന്‍വില്‍ ബ്രൗണ്‍ പറയുന്നു: ”അര്‍റാസി മുസ്‌ലിം ഡോക്ടര്‍മാരില്‍ വെച്ച് അഗ്രഗണ്യനും നിര്‍ഗളമായ തൂലികയുടെ ഉടമയുമായിരുന്നു.” 1279-ല്‍ ലാറ്റിനിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ ‘അല്‍ മന്‍സൂരി’ എന്ന ഗ്രന്ഥത്തിലെ ശസ്ത്രക്രിയയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം പാശ്ചാത്യ സര്‍വകലാശാലകളിലെ അംഗീകൃത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. വസൂരിയെയും അഞ്ചാം പനിയെയും കുറിച്ച് പ്രഥമ ഗ്രന്ഥം രചിച്ചതും അദ്ദേഹമായിരുന്നു. സ്വയം ചികിത്സാ സഹായി എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് റാസിയായിരുന്നു. അദ്ദേഹം ‘ഡോക്ടര്‍മാരില്ലാത്തവര്‍ക്ക്’ എന്ന ഒരു ഗ്രന്ഥം രചിക്കുകയുണ്ടായി. പാവപ്പെട്ടവര്‍ക്കുള്ള ഒരു സ്വയം ചികിത്സാ സഹായിയായിരുന്നു അത്.
ശിശുരോഗങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥത്തിനും പ്രഥമസ്ഥാനം തന്നെ. അല്‍ ഹാവി എഴുതിക്കൊണ്ടിരുന്നപ്പോഴാണ് അദ്ദേഹത്തിന്റെ കാഴ്ച നഷ്ടപ്പെട്ടതും കൈകള്‍ ചലനമറ്റതും. എന്നിട്ടും റാസി എഴുത്ത് നിര്‍ത്തിയില്ല. മറ്റൊരാളുടെ സഹായത്തോടെ അദ്ദേഹം എഴുത്ത് തുടര്‍ന്നുകൊണ്ടിരുന്നു; 925-ല്‍ മരണപ്പെടുന്നതുവരെ.
നവോത്ഥാനത്തിന് സഹായകമായിത്തീര്‍ന്ന ഏതാനും ചില ശാസ്ത്ര ശാഖകള്‍ മാത്രമാണ് ഇവിടെ പരാമര്‍ശിച്ചത്. ഇവ കൂടാതെ കെമിസ്ട്രി, ഭൂമിശാസ്ത്രം, ചരിത്രം, സാഹിത്യം, സംഗീതം മുതലായവയിലും മുസ്‌ലിംകള്‍ അമൂല്യമായ സംഭാവനകള്‍ അര്‍പ്പിക്കുകയുണ്ടായി. വ്യാവസായിക മേഖലകളിലും അവര്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പേപ്പര്‍ നിര്‍മാണമായിരുന്നു. സോപ്പ് നിര്‍മാണവും അറബി കെമിസ്റ്റുകളുടെ കണ്ടുപിടിത്തമായിരുന്നു. ഗ്ലാസ് നിര്‍മാണവും വസ്ത്ര നിര്‍മാണവും മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകളില്‍ പെടുന്നു.
പാശ്ചാത്യ നവോത്ഥാനത്തെക്കുറിച്ച് പ്രധാനമായും രണ്ടു വാദങ്ങളാണ് യൂറോപ്യന്‍ ചരിത്രകാരന്മാര്‍ മുന്നോട്ടുവെക്കാറുള്ളത്; അവ തന്നെയാണ് ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നതും. ഒന്ന്, നവോത്ഥാനത്തിന്റെ കേന്ദ്രം ഇറ്റലിയായിരുന്നു; അതിനു കാരണമായിത്തീര്‍ന്നതാകട്ടെ ഗ്രീക്ക് ശാസ്ത്രങ്ങളും. രണ്ട്, അറബികള്‍ ഗ്രീക്ക് ശാസ്ത്രങ്ങള്‍ പരിഭാഷപ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളൂ. അവരുടേതായ യാതൊരുവിധ സംഭാവനകളും യൂറോപ്പിന് ലഭിച്ചിട്ടില്ല. ഈ രണ്ടു വാദങ്ങളും ചരിത്രത്തിനു നേരെയുള്ള വെല്ലുവിളികളാണ്. ഒരു കള്ളം പല ആളുകള്‍ പല തവണ ആവര്‍ത്തിച്ചു പറഞ്ഞ് സത്യമാക്കി മാറ്റുന്ന തന്ത്രമാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. ആയിരം വര്‍ഷത്തെ മുസ്‌ലിം ചരിത്രമാണ് ഇങ്ങനെ മറച്ചുവെക്കപ്പെട്ടത്. പ്രശസ്ത ചരിത്രകാരനായ ഡ്രാപ്പര്‍ പറഞ്ഞതുപോലെ ആ സത്യം അധികനാള്‍ മറച്ചുവെക്കാനാവില്ല. ”മുഹമ്മദീയരോടുള്ള നമ്മുടെ കടപ്പാട് വ്യവസ്ഥാപിതമായ രീതിയില്‍ മറച്ചുവെച്ച പാശ്ചാത്യ സാഹിത്യ രചനകളെ ഞാന്‍ അപലപിക്കുന്നു. തീര്‍ച്ചയായും അത് അധികനാള്‍ മൂടിവെക്കാന്‍ സാധിക്കുകയില്ല. മതവിരോധത്തിന്റെയും ദേശീയതയുടെയും അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ആ അനീതി എന്നെന്നും നിലനില്‍ക്കുകയില്ല” (ജെ.ഡബ്ല്യു ഡ്രാപ്പര്‍ 1876).
മുകളില്‍ ഉദ്ധരിച്ച ഏതാനും ചില ചരിത്ര രേഖകളില്‍നിന്നുതന്നെ അവരുടെ രണ്ടു വാദങ്ങളും അടിസ്ഥാനരഹിതങ്ങളാണെന്ന് നമുക്ക് ബോധ്യപ്പെടുന്നു. എന്തായിരുന്നു യഥാര്‍ഥത്തില്‍ സംഭവിച്ചത്? സി.ഇ അഞ്ചാം നൂറ്റാണ്ടില്‍ പശ്ചിമ റോമാ സാമ്രാജ്യം തകര്‍ന്നതു മുതല്‍ 15-ാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ഉദയം വരെയുള്ള ആയിരം വര്‍ഷങ്ങളാണ് മധ്യകാലഘട്ടം അല്ലെങ്കില്‍ ഇരുണ്ട യുഗം എന്നറിയപ്പെടുന്നത്. പശ്ചിമ യൂറോപ്പിനെ സംബന്ധിച്ച് ഇത് അക്ഷരാര്‍ഥത്തില്‍തന്നെ ശരിയായിരുന്നു. വൈജ്ഞാനിക-വ്യാവസായിക- നാഗരിക മേഖലകളിലൊക്കെത്തന്നെ അവര്‍ വളരെയധികം പിന്നാക്കം പോയിരുന്നു. ഗാഢനിദ്രയിലായിരുന്ന അവര്‍ ഞെട്ടിയുണര്‍ന്നത് മുസ്‌ലിം സ്‌പെയിനില്‍നിന്നുയര്‍ന്ന വിജ്ഞാന വിസ്‌ഫോടനത്തിന്റെ ശബ്ദം കേട്ടുകൊണ്ടായിരുന്നു. നവോത്ഥാനപൂര്‍വ യൂറോപ്പിന്റെ വിദ്യാഭ്യാസ നിലവാരം പ്രശസ്ത ചരിത്രകാരനായ ഡോസി വിവരിക്കുന്നത് ഇപ്രകാരമാണ്: ”സ്‌പെയിനിലെ ഏതാണ്ട് എല്ലാവര്‍ക്കും എഴുത്തും വായനയും അറിയാമായിരുന്നു. അതേസമയം പശ്ചിമ യൂറോപ്പിലെ ജനങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങള്‍ കുറിക്കുകയായിരുന്നു. അതും വളരെക്കുറച്ചു പേര്‍ മാത്രം. അവരില്‍ ഭൂരിപക്ഷവും പുരോഹിതന്മാരായിരുന്നു” (ഡോസി).
പത്താം നൂറ്റാണ്ടായപ്പോഴേക്കും സ്‌പെയിനിലെ ടോളിഡോയില്‍ അരങ്ങേറിയ പരിഭാഷാ പ്രക്രിയ വഴി മൊഴിമാറ്റം ചെയ്യപ്പെട്ട ഓരോ ഗ്രന്ഥവും യൂറോപ്പിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. പേര്‍ഷ്യനിലും അറബിയിലും എഴുതപ്പെട്ട മിക്കവാറും എല്ലാ ഗ്രന്ഥങ്ങളും ലാറ്റിനിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. തുടര്‍ന്നുള്ള 500 വര്‍ഷക്കാലം യൂറോപ്പിനെ സംബന്ധിച്ച് വരാനിരിക്കുന്ന നവോത്ഥാനത്തിന്റെ ‘നിലമൊരുക്കല്‍’ കാലഘട്ടമായിരുന്നു.
വിജ്ഞാനദാഹികളായ പാശ്ചാത്യ വിദ്യാര്‍ഥികള്‍ സ്‌പെയിനിലെ സര്‍വകലാശാലകളിലേക്ക് ഒഴുകി. കൊര്‍ദോവ യൂനിവേഴ്‌സിറ്റി മോഡലില്‍ ഇറ്റലിയില്‍ ബൊലോഗ്‌നയും ഇംഗ്ലണ്ടില്‍ ഓക്‌സ്‌ഫോര്‍ഡും കേംബ്രിഡ്ജും സ്ഥാപിക്കപ്പെട്ടു. ഈ സര്‍വകലാശാലകള്‍ സ്വീകരിച്ചത് കൊര്‍ദോവയിലെ സിലബസായിരുന്നു. സ്‌പെയിനിലെ സര്‍വകലാശാലകള്‍ ഇവയുടെ മേല്‍ ശക്തമായ സ്വാധീനം ചെലുത്തി. എച്ച്.എ ഡേവിഡ് പറയുന്നു: ”കൊര്‍ദോവ സര്‍വകലാശാലകളില്‍ പഠിച്ച ഒട്ടുമിക്ക ക്രിസ്ത്യന്‍ വിദ്യാര്‍ഥികളും മുസ്‌ലിംകളുടെ സംസ്‌കാരവും വിജ്ഞാനീയങ്ങളും തങ്ങളുടെ നാടുകളിലേക്ക് കൊണ്ടുപോവുകയുണ്ടായി. സ്‌പെയിനിലെ സര്‍വകലാശാലകള്‍ പാരീസിലെയും ഓക്‌സ്‌ഫോര്‍ഡിലെയും വടക്കന്‍ ഇറ്റലിയിലെയും സര്‍വകലാശാലകളെ വളരെയേറെ സ്വാധീനിച്ചിരുന്നു. ശാസ്ത്രലോകം മുസ്‌ലിംകളോട് വളരെയധികം കടപ്പെട്ടിരിക്കുന്നു” (എച്ച്.എ ഡേവിഡ്).
മൊഴിമാറ്റം ചെയ്യപ്പെട്ട അറബി, പേര്‍ഷ്യന്‍ ഗ്രന്ഥങ്ങള്‍ ആ യൂനിവേഴ്‌സിറ്റികളില്‍ പഠിപ്പിക്കപ്പെട്ടു. പതിനഞ്ചാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ നവോത്ഥാനത്തിന്റെ തിരിതെളിഞ്ഞതിനു ശേഷവും ഏതാണ്ട് ഇരുനൂറ് വര്‍ഷത്തോളം അതേ ഗ്രന്ഥങ്ങള്‍ തന്നെയാണ് അവിടെ പഠിപ്പിക്കപ്പെട്ടുകൊണ്ടിരുന്നത്. തുടര്‍ന്നും വളരെയധികം അറബി ഗ്രന്ഥങ്ങള്‍ യൂറോപ്പില്‍ പുനഃപ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടുമിരുന്നു. ആദ്യകാല യൂറോപ്യന്‍ ശാസ്ത്രജ്ഞരുടെ കൃതികളില്‍ മുസ്‌ലിംകളോടുള്ള കടപ്പാട് നന്നായി രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. അനേകം താരങ്ങളും താരസമൂഹങ്ങളും അറബിപ്പേരുകളുമായി ആകാശത്ത് പുഞ്ചിരിച്ചു നില്‍ക്കാന്‍ കാരണമതാണ്.
ഇതാണ് ചരിത്രം. ഈ ചരിത്ര യാഥാര്‍ഥ്യങ്ങളെ തമസ്‌കരിക്കാനാണ് ഒരു വിഭാഗം ആളുകള്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ഈ കുത്സിത നീക്കത്തിനെതിരെ ഉദ്ബുദ്ധ സമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ട്. അതേസമയം നിഷ്പക്ഷമതികളായ പല ആധുനിക ഓറിയന്റലിസ്റ്റുകളും ഈ വിഷയത്തെ യാഥാര്‍ഥ്യബോധത്തോടെ നിരീക്ഷിക്കുന്നു എന്നത് ആശ്വാസകരമാണ്. അവരുടെ ചില ഉദ്ധരണികള്‍ ശ്രദ്ധിക്കുക:
”ഇസ്‌ലാമിനോടുള്ള എതിര്‍പ്പ് മൂലം പാശ്ചാത്യര്‍, മുസ്‌ലിംകളുടെ സ്വാധീനം കുറച്ചുകാണിക്കുകയും ഗ്രീക്ക്-റോമന്‍ പൈതൃകത്തോടുള്ള അവരുടെ വിധേയത്വം പെരുപ്പിച്ചുകാണിക്കുകയും ചെയ്തു. അതുകൊണ്ട് നമ്മുടെ ഇപ്പോഴത്തെ പ്രധാന കര്‍ത്തവ്യം അവരുടെ തെറ്റായ ഈ ഊന്നലിനെ തിരുത്തുക എന്നതും അറബികളോടും ഇസ്‌ലാമിക ലോകത്തോടുമുള്ള നമ്മുടെ കടപ്പാട് പൂര്‍ണമായി അംഗീകരിക്കുക എന്നതുമാണ്” (മണ്ട് ഗോമറി വാറ്റ്).
”മാത്രമല്ല, സ്‌പെയിനിലെ മുസ്‌ലിംകള്‍ മുഖേനയായിരുന്നു പൗരാണിക ശാസ്ത്രങ്ങളും തത്ത്വചിന്തകളും വീണ്ടെടുക്കപ്പെട്ടതും പരിപോഷിപ്പിക്കപ്പെട്ടതും. പശ്ചിമ യൂറോപ്യന്‍ നവോത്ഥാനം സാധ്യമാകത്തക്ക രീതിയില്‍ അവര്‍ അത് പാശ്ചാത്യര്‍ക്ക് പകര്‍ന്നുനല്‍കുകയും ചെയ്തു” (ഫിലിപ്പ് കെ. ഹിറ്റി).
മനസ്സിലാക്കേണ്ട മറ്റൊരു പ്രധാന കാര്യം, നവോത്ഥാനം ഏകമുഖ പ്രവര്‍ത്തനമല്ല എന്നതാണ്. ബഹുമുഖ പ്രതിഭകളുടെ കൂട്ടായ പരിശ്രമങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞുവരുന്ന ഒന്നാണത്. മുസ്‌ലിംകളുടെ സംഭാവനകള്‍ യൂറോപ്പിലേക്ക് പ്രവഹിച്ചതിനു പിന്നിലും ഗ്രീക്ക് ശാസ്ത്രങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതിലുമൊക്കെയും വളരെയധികം പണ്ഡിതന്മാരുടെ കരങ്ങളും ബുദ്ധിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരില്‍ മുസ്‌ലിംകളും ജൂതന്മാരും ക്രിസ്ത്യാനികളും പേര്‍ഷ്യക്കാരും ഒക്കെയുണ്ട്. ജാതിചിന്തകള്‍ക്കും വംശീയതക്കും അതീതമായ ഒരു കൂട്ടായ്മ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമാണ് ഓരോ നവോത്ഥാനവും.