ഷമീർ ബാബു കൊടുവള്ളി
സ്ത്രീവിരുദ്ധ മനോഭാവം പുരുഷലോകത്തെ ഒരു യാഥാര്‍ഥ്യമാണ്. അപവാദങ്ങള്‍ ഉണ്ടായേക്കാം. അതിനെ നിഷേധിക്കുന്നില്ല. ചരിത്രം മുതല്‍ വര്‍ത്തമാനം വരെ സ്ത്രീവിരുദ്ധ മനോഭാവത്തിന് അനേകം ഉദാഹരണങ്ങള്‍ കാണാവുന്നതാണ്. പന്‍ഡോറയെന്ന സ്ത്രീ പെട്ടി തുറന്നതാണ് സകല അനര്‍ഥങ്ങളുടെയും കാരണമെന്ന ഗ്രീക്ക് മിത്ത്, സ്ത്രീകളോടുള്ള പുഛമനോഭാവത്തെയാണ് അടയാളപ്പടുത്തുന്നത്. ഏതന്‍സിലെ സ്ത്രീ പക്വതയെത്താത്ത ശിശുവും ജീവിതത്തിലുടനീളം രക്ഷിതാവിനെ ആവശ്യമുള്ള ബാലികയുമായിരുന്നു. വിവാഹത്തിന് അവളുടെ സമ്മതം പോലും തേടിയിരുന്നില്ല. സ്ത്രീക്ക് ആത്മാവുണ്ടോ, ഇല്ലയോ എന്ന കാര്യത്തില്‍ വര്‍ഷങ്ങളോളം ഗവേഷണം നടത്തിയിരുന്നു പുരാതന റോമക്കാര്‍. ഹവ്വയുടെ ലൈംഗികാഭിനിവേശമാണ് ആദമിനെ കുറ്റകൃത്യത്തിനും തുടര്‍ന്ന് ഇരുവരെയും ദൈവം സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കാനും കാരണമായതെന്ന മിത്തും സ്ത്രീവിരുദ്ധമനോഭാവത്തിനുതന്നെയാണ് അടിവരയിടുന്നത്. വരേണ്യവല്‍ക്കരിക്കപ്പെട്ട ഹിന്ദുമതമനുസരിച്ച് സ്ത്രീയുടെ ജീവിതം ശുഭപ്രതീക്ഷക്ക് വക നല്‍കുന്നതായിരുന്നില്ല. അടിമത്ത മനസ്സോടെയാണ് അവര്‍ സ്ത്രീകളോട് പെരുമാറിയത്. ഇന്നും സ്ത്രീകളെ അകാരണമായി കുറ്റം പറയുന്ന, സമാനമായ തെറ്റുകള്‍ക്ക് പുരുഷനോട് ഒരു സമീപനവും സ്ത്രീയോട് മറ്റൊരു സമീപനവും സ്വീകരിക്കുന്ന പ്രവണത നമ്മുടെ കുടുംബഘടനയെയും സാമൂഹികഘടനയെയും നിരീക്ഷിച്ചാല്‍ ബോധ്യമാവും.
അന്ധമായ യാഥാസ്ഥികതയെയും ലിബറല്‍ സ്ത്രീവാദത്തെയും മാറ്റിനിര്‍ത്തി വിശുദ്ധവേദത്തിന്റെയും തിരുചര്യയുടെയും അടിസ്ഥാനത്തില്‍ ലിംഗനീതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുകയാണ് യഥാര്‍ഥത്തില്‍ നാം ചെയ്യേണ്ടത്. യാഥാസ്ഥിതിക നിലപാടും ലിബറല്‍ വീക്ഷണവും തീവ്ര കാഴ്ചപ്പാടുകളാണ്. രണ്ടും സ്ത്രീ ഉന്നമനത്തിന് പരിഹാരമല്ല. സന്തുലിത വീക്ഷണമാണ് വികസിപ്പിക്കേണ്ടത്. പണ്ഡിതന്മാരും ബുദ്ധിജീവികളുമാണ് അതിന് നേത്യത്വം നല്‍കേണ്ടത്. എന്നാല്‍, പലപ്പോഴും സംഭവിക്കുന്നത് മറ്റൊന്നാണ്. വിശുദ്ധവേദത്തില്‍നിന്നും തിരുചര്യയില്‍നിന്നും നേരിട്ട് കാര്യങ്ങളെ നിര്‍ധാരണം ചെയ്‌തെടുക്കുന്നതിന് പകരം പണ്ഡിതന്മാര്‍ ഫിഖ്ഹിന്റെയും ബുദ്ധിജീവികള്‍ ലിബറല്‍ ചിന്താഗതികളുടെയും തടവറകളിലാണ്. ഇരുതടവറകളില്‍ നിന്നും ചിന്തയെ മോചിപ്പിച്ച് വിശുദ്ധവേദത്തെയും തിരുചര്യയെയും നേരിട്ട് സമീപിക്കാത്തിടത്തോളം സ്ത്രീ വിഷയത്തിലെന്നല്ല മറ്റൊരു വിഷയത്തിലും കാര്യമായ പുരോഗതി കൈവരിക്കുവാന്‍ സാധിക്കില്ല.
തുല്യപദവിയും തുല്യധര്‍മവുമുള്ള അസ്തിത്വങ്ങളായിട്ടാണ് ഇസ്‌ലാം സ്ത്രീയെയും പുരുഷനെയും അടയാളപ്പെടുത്തുന്നത്. ഒന്ന് മറ്റൊന്നിനെക്കാള്‍ താഴെയോ മീതെയോ അല്ല. ഒപ്പത്തിനൊപ്പമാണ് ഇരുവിഭാഗവും. ഒന്നില്ലാതെ മറ്റൊന്നില്ല. ലിംഗവ്യത്യാസത്തിന്റെ പേരില്‍ വിവേചനം അവര്‍ക്കിടയില്‍ പാടില്ല. അനുഷ്ഠാനങ്ങളുടെ കാര്യത്തിലോ സ്വാതന്ത്ര്യങ്ങള്‍ വിനിയോഗിക്കുന്നതിലോ ഇരു വിഭാഗത്തിന്റെയും ഇടയില്‍ വിവേചനം ഇല്ല. തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്യം, അഭിപ്രായ സാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം തുടങ്ങിയവ പുരുഷനെപ്പോലെ സ്ത്രീക്കും ഉണ്ട്. നന്മയില്‍ ആരാണോ മുന്നേറുന്നത് അവര്‍ക്കാണ് സ്വര്‍ഗത്തില്‍ കൂടുതല്‍ സ്ഥാനം. അല്ലാതെ പുരുഷനായതിനാല്‍ സ്വര്‍ഗം നല്‍കാമെന്ന വാഗ്ദാനമൊന്നും ദൈവം നല്‍കിയിട്ടില്ല.
എന്നാല്‍ കുടുംബത്തിന്റെ ഭദ്രതയും തലമുറയുടെ നിര്‍മാണവും ഉറപ്പുവരുത്താന്‍ പ്രകൃതിപരവും ദൈവികവുമായ സംവിധാനം കുടുംബത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വിഭജനം പറഞ്ഞു ബോധ്യപ്പെടുത്തേണ്ട ഒന്നല്ല. മറിച്ച്, എല്ലാവരും അംഗീകരിക്കുന്ന ഒന്നാണത്. അതുപ്രകാരം കുടുംബത്തിന്റെ സംരക്ഷണ ചുമതല പുരുഷനില്‍ നിക്ഷിപ്തമാണ്. കുടുംബത്തിനാവശ്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ നിവര്‍ത്തിപ്പിക്കല്‍ പുരുഷബാധ്യതയാണ്. ഈ ബാധ്യതയും നേതൃശേഷിയും മുന്‍നിര്‍ത്തിയാണ് പുരുഷന് സ്ത്രീയെക്കാള്‍ ഒരു പദവി അധികമുണ്ടെന്ന് വിശുദ്ധവേദം പ്രസ്താവിച്ചത്. തലമുറയുടെ നിര്‍മാണത്തിന്റെ മുഖ്യചുമതല സ്ത്രീയില്‍ നിക്ഷിപ്തമാണ്.മുഖ്യചുമതല എന്നതിന്റെ വിവക്ഷ ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍ പോലുള്ള ജൈവിക കര്‍ത്തവ്യങ്ങളാണ്. സ്ത്രീകള്‍ക്ക് മാത്രമേ അതിന് സാധിക്കുകയുള്ളൂ. ഈ ബാധ്യത മുന്‍നിര്‍ത്തിയാണ് പുരുഷനെക്കാള്‍ മൂന്ന് പദവി മുന്നിലാണ് സ്ത്രീയെന്ന് പ്രവാചകന്‍ പ്രസ്താവിച്ചത്. അഥവാ ചുമതലാനിര്‍വഹണത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ ഇരുവിഭാഗത്തിനും ദൈവം പദവികള്‍ നിര്‍ണയിച്ചുകൊടുത്തിരിക്കുന്നത്. മുന്‍ഗണനാ ക്രമമനുസരിച്ചുള്ള ബാധ്യതകള്‍ മാറ്റിനിത്തിയാല്‍ കുടുംബത്തിന്റെ പൊതുകാര്യങ്ങളില്‍ ഇരുവിഭാഗത്തിനും തുല്യ ഉത്തരവാദിത്തമാണുള്ളത്.
കുടുംബത്തിന്റെ നായകത്വം ഭര്‍ത്താവിനാണ്. ഏതൊരു സംരംഭത്തിനും നായകന്‍ അനിവാര്യമാണല്ലോ. നായകന്റെ അസാനിധ്യം അരാജകത്വമാണ് വരുത്തിവെക്കുക. കുടുംബം കുത്തഴിയാന്‍ ഒരു നിലക്കും ഇസ്‌ലാം അനുവദിക്കുന്നില്ല. നായകന്‍ കുടുംബത്തെ നയിക്കേണ്ടത് തികച്ചും കൂടിയാലോചനയുടെയും സഹകരണത്തിന്റെയും അടിസ്ഥാനത്തിലാണ്. നായകന്‍ ഇവിടെ അധീശാധികാരിയോ സ്വേഛാധിപതിയോ അല്ല. മറിച്ച് കാര്യങ്ങള്‍ കൂടിയാലോചിച്ച് മുന്നോട്ടു കൊണ്ടുപോകുന്ന കാര്യനിര്‍വാഹകന്‍ മാത്രം. അഥവാ കുടുംബം അധികാര സ്ഥാപനമല്ല, സഹകരണസ്ഥാപനമാണ് എന്നര്‍ഥം.
കുടുംബത്തിലെ മുന്‍ഗണനാക്രമമനുസരിച്ചുള്ള ഉത്തരവാദിത്തവും പൊതു ഉത്തരവാദിത്തവും നിര്‍വഹിക്കുന്നതോടൊപ്പം കഴിവും പ്രാപ്തിയുമനുസരിച്ച് സാമൂഹികവും രാഷ്ട്രീയവും വൈജ്ഞാനികവുമായ വ്യവഹാരങ്ങളില്‍ സ്ത്രീക്കും പുരുഷനും ഇടപെടാവുന്നതാണ്. എന്നല്ല, അത്തരം കാര്യങ്ങള്‍ നിര്‍വഹിക്കല്‍ സാമൂഹികബോധത്തിന്റെ ഭാഗമാണ്. ഇസ്‌ലാമികനിയമമനുസരിച്ച് അവയില്‍ ഏര്‍പ്പെടുന്നതിന് ഒരു തടസ്സവുമില്ല. ധര്‍മസമരം, ദൈവമാര്‍ഗത്തിലുള്ള പലായനം, നന്മ കല്‍പിക്കല്‍, തിന്മ വിരോധിക്കല്‍, സമൂഹനിര്‍മാണം തുടങ്ങിയവ സ്ത്രീയും പുരുഷനും ഒരുപോലെ നിര്‍വഹിക്കേണ്ട ഉല്‍കൃഷ്ട കാര്യങ്ങളായിട്ടാണ് വിശുദ്ധവേദം പരിചയപ്പെടുത്തുന്നത്. ഖിലാഫത്തിന് തന്റേതായ സംഭാവനകള്‍ ആയിശ അര്‍പ്പിക്കുകയുണ്ടായി. അലിയുടെ തെരഞ്ഞെടുപ്പില്‍ ആയിശ തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു. വൈജ്ഞാനിക ഇടപെടലുകളില്‍ മികച്ച സ്ഥാനമാണ് ആയിശക്കുള്ളത്. ഉമറിന്റെ മരണത്തെ തുടര്‍ന്ന് ഖിലാഫത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടത് ഉസ്മാനും അലിയുമായിരുന്നു. ഇരുവരെയും സംബന്ധിച്ചുള്ള അഭിപ്രായ ശേഖരണത്തിന്റെ ചുമതല അബ്ദുറഹ്മാനുബ്‌നു ഔഫിനായിരുന്നു. അദ്ദേഹം മുസ്‌ലിം പുരുഷന്മാരില്‍നിന്നും സ്ത്രീകളില്‍നിന്നും ഒരുപോലെ ഇരുവരെ സംബന്ധിച്ചും അഭിപ്രായങ്ങള്‍ ശേഖരിക്കുകയുണ്ടായി. എന്നാല്‍, സാമൂഹികവും രാഷ്ട്രീയവുമായ വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീകളും പുരുഷന്മാരും ഇസ്‌ലാമിക മര്യാദകള്‍ പാലിച്ചിരിക്കണം. ഇവിടെ സ്ത്രീകള്‍ക്ക് മാത്രമെ അത് ബാധകമാവുക യുള്ളൂവെന്ന പൊതുബോധത്തിന് പ്രമാണപരമായി യാതൊരു അടിസ്ഥാനവുമില്ല.
സാമൂഹികവും രാഷ്ട്രീയവുമായ രംഗങ്ങളില്‍ സംഭാവനകള്‍ അര്‍പ്പിച്ച ധാരാളം സ്ത്രീ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. ഇബ്രാഹീം നബിയുടെ പത്‌നി ഹാജറ, ഫറോവയുടെ പത്‌നി ആസിയ, ഈസാ നബിയുടെ മാതാവ് മര്‍യം, സബഇലെ രാജ്ഞി, സ്വഹാബി വനിതകളായ ഖദീജ, ആയിശ, ഫാത്വിമ, അസ്മാ ബിന്‍ത് അബീബക്ര്‍, ഉമ്മുഅമ്മാര്‍ എന്നിവര്‍ അവരില്‍ ചിലരാണ്. സാമൂഹികവും രാഷ്ട്രീയവുമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഈ മാതൃകാ വനിതകളുടെ ചരിത്ര്യത്തെ കൂടുതല്‍ അന്വേഷണത്തിനും വിശകലത്തിനും വിധേയമാക്കേണ്ടതുണ്ട്.