ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത് മുഴുവന്‍ മനുഷ്യസമൂഹത്തെയുമാണ്. ക്രിസ്ത്യാനികളും മറ്റു മതസമൂഹങ്ങളുമൊക്കെ ആ അഭിസംബോധനയില്‍ ഉള്‍പ്പെടും. ഖുര്‍ആന്‍ നടത്തുന്ന യേശുവിന്റെ ജീവിതാഖ്യാനം പ്രധാനമായും രണ്ട് വശങ്ങളെ ആസ്പദിച്ചാണ്. യേശുവിന്റെ മനുഷ്യജീവിതവും അദ്ദേഹത്തിന്റെ ജനനത്തിന്റെ അസാധാരണ പ്രകൃതവും.
യേശുവിന്റെ വ്യക്തിജീവിതം പരാമര്‍ശിക്കുമ്പോള്‍ ഖുര്‍ആന്‍ ആവര്‍ത്തിച്ചുണര്‍ത്തുന്ന ഒരു കാര്യമുണ്ട്. അദ്ദേഹം ഒരു പ്രവാചകനായിരുന്നു. തന്റെ ജനതക്ക് ദൈവസന്ദേശമെത്തിക്കുന്ന സന്ദേശവാഹകന്‍. ജനത്തെ നന്മയില്‍ വഴി നടത്തുകയായിരുന്നു അദ്ദേഹത്തിന്റെ നിയോഗ ലക്ഷ്യം. ”മര്‍യമിന്റെ മകന്‍ യേശു പറഞ്ഞത് ഓര്‍ക്കുക; ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങളിലേക്കുള്ള ദൈവദൂതനാണ്. എനിക്ക് മുമ്പേ അവതീര്‍ണമായ തൗറാത്തിനെ സത്യപ്പെടുത്തുന്നവന്‍. എനിക്ക് ശേഷം വരുന്ന ഒരു ദൂതനെക്കുറിച്ച് വിവരം നല്‍കുന്നവന്‍…”1 വീണ്ടും: ”ഇവിടെയിതാ അദ്ദേഹം(യേശു) ഇസ്രയേല്‍ സന്തതികളിലേക്കുള്ള ദൈവദൂതനായി….”2 മറ്റെല്ലാ പ്രവാചകന്മാരെപ്പോലെയും അദ്ദേഹം വിശുദ്ധ ജീവിതം നയിച്ചു; കാരുണ്യത്തോടെ പെരുമാറി: ”അവന്‍ സദ്‌വൃത്തനായിരിക്കും”3 യേശുവിന്റെ വാക്കുകള്‍ ഖുര്‍ആന്‍ എടുത്ത് ചേര്‍ക്കുന്നു: ‘ഞാന്‍ ദൈവത്തിന്റെ ദാസനാണ്. അവന്‍ എനിക്ക് വേദപുസ്തകം നല്‍കിയിരിക്കുന്നു. എന്നെ ദൈവദൂതനാക്കിയിരിക്കുന്നു. ഞാന്‍ എവിടെയായിരുന്നാലും അവന്‍ എന്നെ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിക്കുന്നേടത്തോളം കാലം നമസ്‌കരിക്കാനും സകാത്ത് നല്‍കാനും അവന്‍ എന്നോട് കല്‍പിച്ചിരിക്കുന്നു.”4 ഖുര്‍ആന്‍ (43:59) ആവര്‍ത്തിക്കുന്നു: ”അദ്ദേഹം (യേശു) നമ്മുടെ ഒരു ദാസന്‍ മാത്രമാണ്. നാം അദ്ദേഹത്തിന് അനുഗ്രഹമേകി. അദ്ദേഹത്തെ ഇസ്രയേല്‍ മക്കള്‍ക്ക് മാതൃകയാക്കുകയും ചെയ്തു.” പിന്നെയും തറപ്പിച്ച് പറയുന്നു (4:172): ”ദൈവത്തിന്റെ ദാസനായിരിക്കുന്നതില്‍ യേശു ഒട്ടും വൈമനസ്യം കാണിച്ചിട്ടില്ല; ദിവ്യസാമീപ്യം ലഭിച്ച മാലാഖമാരും അങ്ങനെത്തന്നെ.” ഖുര്‍ആനിലെ ‘ദൈവത്തിന്റെ ദാസന്‍/അടിമ’ എന്ന പ്രയോഗം ശ്രദ്ധിക്കുക. മുഹമ്മദ് (സ) ഉള്‍പ്പെടെ സകല പ്രവാചകന്മാരെയും അങ്ങനെയാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. യജമാനന്‍ ദൈവം മാത്രം. ഖുര്‍ആന്‍ (19:93) പറയുന്നത് നോക്കൂ: ”ആകാശ ഭൂമികളിലുള്ളവരെല്ലാം ആ പരമകാരുണികന്റെ മുന്നില്‍ കേവലം ദാസന്മാരായി വന്നെത്തുന്നവരാണ്.” മാലാഖമാരും അടിമകള്‍/ ദാസന്മാര്‍ തന്നെ (43:19).
ദിവ്യാത്ഭുതങ്ങള്‍ കാണിക്കുന്നില്ലേ എന്ന് ചോദിക്കാം. ശരിയാണ്. പക്ഷേ, അതൊക്കെയും ദൈവം അവരിലൂടെ സംഭവിപ്പിക്കുന്നതാണ്. ദൈവദൂതന്മാര്‍ പറയുന്നത് സത്യമാണെന്ന് ജനത്തെ ബോധ്യപ്പെടുത്താന്‍ തീര്‍ത്തും സ്വാഭാവികമായി അത്തരം സംഭവങ്ങള്‍ അവര്‍ മുഖേന ദൈവം സംഭവിപ്പിക്കും. ദൈവികാധ്യാപനങ്ങളെ ജനം നിരന്തരം തള്ളിപ്പറയുമ്പോള്‍ അവരെ അതില്‍നിന്ന് പിന്മാറ്റുന്നതിന് വേണ്ടിയും അത്ഭുത സംഭവങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ, അതൊന്നും പ്രവാചകത്വത്തിന്റെ അനിവാര്യതകളില്‍ ഒന്നല്ല. യഥാര്‍ഥത്തില്‍ പ്രവാചകന്മാര്‍ ഒരു അത്ഭുതവും കാണിക്കുന്നില്ല. അതൊക്കെയും ചെയ്യുന്നത് അല്ലാഹുവാണ്. ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന യേശുവുമായി ബന്ധപ്പെട്ട അത്ഭുതവൃത്തികളില്‍ ഒന്നാമത്തേത് അദ്ദേഹത്തിന്റെ ജനനം തന്നെയാണ്. മനുഷ്യനായ ഒരു പിതാവില്ലാതെയാണ് യേശു ജനിക്കുന്നത്. അതൊരു ദൈവിക പ്രഖ്യാപനമായിരുന്നു. അപ്പോള്‍, ”മര്‍യം ചോദിച്ചു: രക്ഷിതാവേ, എന്നെ ഒരു പുരുഷനും തൊട്ടിട്ടില്ലല്ലോ, പിന്നെ എങ്ങനെയാണ് എനിക്ക് കുഞ്ഞുണ്ടാകുന്നത്?”6 നോഹ, അബ്രഹാം, സ്‌നാപകയോഹന്നാന്‍ എന്ന് വേണ്ട ലോകത്തുള്ള എല്ലാ മനുഷ്യര്‍ക്കും പൊതുവെ7 മാതാവെന്ന പോലെ പിതാവും ഉണ്ടായിരിക്കും. ഇതേക്കുറിച്ച് യേശു പറയുന്നത് ഇത്രമാത്രമാണ്: ”ദൈവം എന്നെ എന്റെ മാതാവിനോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാക്കിയിരിക്കുന്നു” (19:32). യേശുവിന്റെ ജനനത്തെ കേന്ദ്രീകരിച്ചാണ് മുഴുവന്‍ ആഖ്യാനവും.8 ഒരു കന്യകക്ക് കുഞ്ഞ് പിറക്കുന്നു. ആ കന്യകയുടെ ചാരിത്ര്യം സംശയങ്ങള്‍ക്കിട നല്‍കാത്തവിധം ഖുര്‍ആന്‍ സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നു. പിന്നെ ഊന്നിപ്പറയുന്ന കാര്യം ഇതാണ്:9 ”തീര്‍ച്ച, അല്ലാഹുവിന്റെ അടുത്ത് യേശുവിന്റെ ഉപമ ആദമിന്റേത് പോലെയാണ്. അല്ലാഹു ആദമിനെ മണ്ണില്‍നിന്ന് സൃഷ്ടിച്ചു. അതിനോട് ഉണ്ടാവുക എന്ന് കല്‍പിച്ചു. അപ്പോഴതാ അദ്ദേഹം ഉണ്ടാകുന്നു.” ആനുഷംഗികമായി സംഭവിച്ച ഒന്നായേ പിതാവില്ലാത്ത ജനനത്തെ കാണേണ്ടതുള്ളൂ. മാതാവോ പിതാവോ ഇല്ലാതെയാണല്ലോ അല്ലാഹു ആദമിനെയും ഹവ്വയെയും സൃഷ്ടിച്ചിരിക്കുന്നത്. ദൈവം നോഹയെ പ്രളയത്തില്‍നിന്ന് രക്ഷപ്പെടുത്തുന്നു, അബ്രഹാമിനെ നംറൂദിന്റെ തീകുണ്ഠത്തില്‍നിന്ന് രക്ഷപ്പെടുത്തുന്നു, മോസസിനോട് നേരില്‍ സംസാരിക്കുന്നു, അതുപോലെ യേശുവിനെ പിതാവില്ലാതെയും സൃഷ്ടിക്കുന്നു- ഇതൊക്കെ ദൈവത്തിന്റെ ആദരം എന്ന നിലക്ക് കണ്ടാല്‍ മതി. ഇതൊക്കെയും ഈ പ്രവാചകന്മാരെ വേറിട്ടുനിര്‍ത്തുന്നുണ്ട് എന്നത് ശരിയാണ്. ഓരോ പ്രവാചകനും ഇതുപോലെ എന്തെങ്കിലുമൊന്ന് ലഭിച്ചിട്ടുമുണ്ട്. പക്ഷേ, അതൊന്നും ഒരിക്കലും അവരെ ദിവ്യത്വത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുന്നില്ല. ഈ അത്ഭുത വൃത്തികളൊക്കെയും ദൈവത്തിന്റെ സര്‍വശക്തിത്വത്തെ ഊട്ടിയുറപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.
ഈ ഖുര്‍ആനിക സൂക്തം ശ്രദ്ധിക്കുക (43:61): ”തീര്‍ച്ചയായും അത് (അവന്‍) അന്ത്യനാളിനുള്ള അറിവാണ്. നിങ്ങളതിലൊട്ടും സംശയിക്കേണ്ട. നിങ്ങള്‍ എന്നെ (മുഹമ്മദ് നബിയെ) പിന്‍പറ്റുക. അതാകുന്നു നേര്‍വഴി.” ഈ സൂക്തങ്ങളില്‍ വന്ന ‘ഇന്നഹു’ എന്ന വാക്കിലെ ‘ഹു’ (അത്/അവന്‍) എന്ന സര്‍വനാമം ഖുര്‍ആന്‍ വ്യാഖ്യാതാക്കളെ കുഴക്കിയിട്ടുണ്ട്. ചിലര്‍ പറയുന്നു, ‘ഹു’ എന്നാല്‍ ‘അവന്‍’ എന്നാണ് അര്‍ഥം, അഥവാ യേശുക്രിസ്തു. രണ്ടാമത്തെ വ്യാഖ്യാനമാണ് നാമിവിടെ സ്വീകരിക്കുന്നത്. ‘ഹു’ എന്ന സര്‍വനാമംകൊണ്ട് ഉദ്ദേശിക്കുന്നത് ‘അത്’ എന്നാണ്, അതായത് ഖുര്‍ആന്‍.
അന്ത്യദിനം, ഉയര്‍ത്തെഴുന്നേല്‍പ്, പരലോകം, വിധിദിനം, സ്വര്‍ഗം, നരകം തുടങ്ങിയവയെക്കുറിച്ചെല്ലാം മറ്റേത് വേദഗ്രന്ഥത്തേക്കാളും കൂടുതലായി ആധികാരിക വിവരം നല്‍കുന്നത് ഖുര്‍ആനാണല്ലോ. എന്ന് മാത്രമല്ല, അതേ സൂക്തത്തില്‍ തന്നെ മുഹമ്മദ് നബിയെ പിന്‍പറ്റാനും പറയുന്നുണ്ട്. ഇതുകൊണ്ടൊക്കെയാണ് രണ്ടാമത്തെ വ്യാഖ്യാനമാണ് ശരി എന്ന നിഗമനത്തില്‍ നാം എത്തുന്നത്. ക്രിസ്ത്യന്‍ വിശ്വാസപ്രകാരം, ‘ക്രൂശിതനായ’ ശേഷം ആകാശത്തേക്ക് ഉയര്‍ന്ന് പോയ യേശു, ‘ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനായി’ (2 തിമൊ 4:1) വീണ്ടും ഭൂമിയില്‍ വരും. ‘ദൈവം അദ്ദേഹത്തെ തന്നിലേക്ക് ഉയര്‍ത്തി’ എന്ന് പറയുന്ന ഖുര്‍ആന്‍ (4:158) അദ്ദേഹം ഭൂമിയില്‍ തിരിച്ച് വരുന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. അത്തരം പരാമര്‍ശങ്ങളുള്ളത് ഹദീസുകളിലാണ്. (മുസ്‌ലിം No: 52, 110,116). ഭൂമി അനീതിയാല്‍ നിറയുമ്പോള്‍ മുഹമ്മദ് നബിയുടെ അനുയായി ആയി യേശു വരുമെന്നും ദജ്ജാലിനെ (Antichrist) കൊല്ലുമെന്നും അന്നത്തെ ഭരണാധികാരി അല്‍ മഹ്ദിയുമായി കൈകോര്‍ക്കുമെന്നും പിന്നെ മരണപ്പെടുമെന്നും ഭൂമി വീണ്ടും അവിശ്വാസത്തിലേക്ക് തന്നെ തിരികെ പോകുമെന്നും അതാണ് അന്ത്യദിനം സംഭവിക്കുന്ന സമയമെന്നുമൊക്കെയാണ് ആ ഹദീസുകളിലുള്ളത്. ഇബ്‌നു ഹമ്പലിന്റെ ഭാഷ്യത്തില്‍ (5/13) ഇങ്ങനെയാണുള്ളത്: ”അങ്ങനെ യേശുവരും, മുഹമ്മദ് നബിയെ സത്യപ്പെടുത്തിക്കൊണ്ടും അദ്ദേഹത്തിന്റെ സമൂഹത്തിലെ ഒരു അംഗമായിക്കൊണ്ടും.” മറ്റൊരിടത്ത്: ”മര്‍യമിന്റെ മകന്‍ യേശു നിങ്ങളിലേക്ക് വരുന്ന സന്ദര്‍ഭത്തില്‍ നിങ്ങളുടെ നേതാവ് നിങ്ങളിലൊരുവന്‍ തന്നെയായിരിക്കും.” യേശുവായിരിക്കില്ല എന്നര്‍ഥം. കാരണം മുഹമ്മദ് നബി വന്നതോടെ അദ്ദേഹത്തിന്റെ പ്രവാചകത്വ ദൗത്യം അവസാനിച്ചിട്ടുണ്ട് (ബുഖാരി 60/49/2).
ഖുര്‍ആന്‍ പരാമര്‍ശിച്ച യേശുവിന്റെ മറ്റു ചില അസാധാരണത്വങ്ങള്‍ നോക്കാം. തൊട്ടിലില്‍ ആയിരിക്കെ അദ്ദേഹം സംസാരിച്ചു.10 അല്ലാഹുവിന്റെ അനുവാദത്തോടെ അന്ധന് കാഴ്ച നല്‍കാനും കളിമണ്ണുകൊണ്ടുണ്ടാക്കിയ പക്ഷി രൂപങ്ങള്‍ക്ക് ജീവന്‍ നല്‍കാനും ആവുമെന്നും മരിച്ചവരെ ജീവിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.11
യേശുവിന് നല്‍കിയിരിക്കുന്ന ചില വിശേഷണങ്ങള്‍ ആശയക്കുഴപ്പങ്ങളില്‍ ചാടിച്ചേക്കും. ”അല്ലാഹുവിന്റെ ആത്മാവ്,’ ‘അല്ലാഹുവിന്റെ വചനം’, ‘പരിശുദ്ധാത്മാവ്’ പോലുള്ളവ. ഖുര്‍ആനില്‍ (4:171) പറയുന്നു: ”വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തതൊന്നും പറയരുത്. മര്‍യമിന്റെ മകന്‍ മസീഹ് ഈസാ, അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവനിട്ടുകൊടുത്ത തന്റെ വചനവും അവങ്കല്‍നിന്നുള്ള ഒരാത്മാവും മാത്രമാണ്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക.12 മൂന്ന് എന്ന് പറയരുത്. നിങ്ങളതവസാനിപ്പിക്കുക. അതാണ് നിങ്ങള്‍ക്കുത്തമം. അല്ലാഹു ഏകനായ ദൈവം മാത്രമാണ്. തനിക്ക് ഒരു പുത്രനുണ്ടാവുകയെന്നതില്‍നിന്ന് അവനെത്ര പരിശുദ്ധന്‍. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. കൈകാര്യകര്‍ത്താവായി അല്ലാഹുതന്നെ മതി.”
മറ്റൊരിടത്ത് (2:253): ”ആ ദൈവദൂതന്മാരില്‍ ചിലരെ നാം മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠരാക്കിയിരിക്കുന്നു. അല്ലാഹു നേരില്‍ സംസാരിച്ചവര്‍ അവരിലുണ്ട്. മറ്റുചിലരെ അവന്‍ വിശിഷ്ടമായ ചില പദവികളിലേക്കുയര്‍ത്തിയിരിക്കുന്നു. മര്‍യമിന്റെ മകന്‍ ഈസാക്ക് നാം വ്യക്തമായ അടയാളങ്ങള്‍ നല്‍കി. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ പ്രബലനാക്കി. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവരുടെ പിന്മുറക്കാര്‍ അവര്‍ക്ക് വ്യക്തമായ തെളിവ് വന്നെത്തിയശേഷവും പരസ്പരം പൊരുതുമായിരുന്നില്ല. എന്നാല്‍ അവര്‍ ഭിന്നിച്ചു. അവരില്‍ വിശ്വസിച്ചവരുണ്ട്. സത്യനിഷേധികളുമുണ്ട്. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവര്‍ ഏറ്റുമുട്ടുമായിരുന്നില്ല. പക്ഷേ, അല്ലാഹു അവനിച്ഛിക്കുന്നത് ചെയ്യുന്നു.”
ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള അതേ പ്രയോഗങ്ങള്‍ തന്നെയാണ് ഖുര്‍ആനും പ്രയോഗിക്കുന്നതെങ്കിലും, ഏകദൈവത്വ വിഭാവനയോട് ചേര്‍ന്നു നില്‍ക്കുന്ന അര്‍ഥങ്ങളാണ് ആ പ്രയോഗങ്ങള്‍ക്കൊക്കെയും നല്‍കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മാലാഖമാര്‍ പ്രവാചകന്മാരുടെ സഹായത്തിനെത്താറുണ്ട്. സാദാ വിശ്വാസികളെ സഹായിക്കാനും വന്നെന്ന് വരാം.13 ഈ മാലാഖമാരെ ‘ദൈവത്തില്‍ നിന്നുളള ആത്മാവ്’ എന്ന് വിശേഷിപ്പിക്കാറുമുണ്ട് (ഒരു ഹദീസില്‍ പ്രവാചകനല്ലാത്ത ഒരാളെക്കുറിച്ച് പറയുമ്പോഴും ‘പരിശുദ്ധാത്മാവ്’ എന്ന് പ്രയോഗിക്കുന്നുണ്ട്. കാവ്യ രചന നടത്തി ദൈവമാര്‍ഗത്തില്‍ സമരം ചെയ്യുന്ന ഹസ്സാനുബ്‌നു സാബിതിനെ കുറിച്ച് നബി പറഞ്ഞത്, ‘പരിശുദ്ധാത്മാവ് ഹസ്സാനെ സഹായിക്കുന്നുണ്ട്’ എന്നാണ്).14 അതിനാല്‍ ‘ദൈവത്തില്‍ നിന്നുള്ള ആത്മാവ്’ എന്നൊക്കെ പറയുമ്പോള്‍ പ്രവാചകന്മാരുടെ സുപ്രധാന വിശേഷണമായി അതിനെ കാണേണ്ടതില്ല. ഇത് പോലെതന്നെയാണ് ‘ദൈവ വചനം’ എന്ന പ്രയോഗവും. ദൈവേഛ എന്നേ അതുകൊണ്ട് അര്‍ഥമാക്കേണ്ടതുള്ളൂ. അല്ലാഹു മോസസിനോട് സംസാരിച്ചു, അല്ലാഹു ‘ഉണ്ടാവുക’ എന്നു പറഞ്ഞു, യേശുവിന്റെ മാതാവാകുക എന്ന സന്ദേശം/ ‘വാക്ക്’ അല്ലാഹു മര്‍യമിന് നല്‍കി പോലുള്ള ഖുര്‍ആനിക പരാമര്‍ശങ്ങള്‍ അങ്ങനെയാണ് മനസ്സിലാക്കേണ്ടത്. അതേസമയം ‘ദൈവപുത്രന്‍’ എന്ന പ്രയോഗം ഖുര്‍ആന്‍ നിരാകരിക്കുകയും ചെയ്യുന്നു. അതിലെ ബഹുദൈവത്വപരമായ സൂചനകള്‍ തന്നെ കാരണം. ജൂതന്മാരുടെ ‘ദൈവത്തിന്റെ മക്കള്‍’, ചൈനക്കാരുടെ ‘ആകാശ പുത്രന്‍’, ജപ്പാന്‍കാരുടെ ‘സൂര്യന്റെ പിന്മുറക്കാര്‍’, ഗ്രീക്കുകാരുടെയും ബ്രാഹ്മണന്മാരുടെയും ‘ദൈവങ്ങളുടെ പിന്‍ഗാമികള്‍’ തുടങ്ങിയ പ്രയോഗങ്ങളും അതേ കാരണത്താല്‍ തന്നെ ഇസ്‌ലാം ഒഴിവാക്കുന്നു. ദൈവത്തെ ‘പിതാവ്’ ആയി കാണുന്ന സങ്കല്‍പവും പ്രാകൃതമാണ്. ഇസ്‌ലാമില്‍ ദൈവത്തിന് ധാരാളം വിശേഷണങ്ങള്‍ ഉണ്ട്. സ്രഷ്ടാവ്, നിയന്താവ്, സംഹാരകന്‍, ശിക്ഷയും പ്രതിഫലവും നല്‍കുന്നവന്‍ തുടങ്ങി. അതിനാല്‍, നമ്മെക്കാള്‍ വളരെയേറെ ശക്തനായ, നമുക്ക് ജീവിതാവശ്യങ്ങള്‍ നിറവേറ്റിത്തരുന്ന ആ പരാശക്തിയെ കുറിക്കാന്‍ പൗരാണികര്‍ ചെയ്തത് പോലെ ‘പിതാവ്’ എന്ന് അഭിസംബോധന ചെയ്യേണ്ടതില്ല. ഭാഷാ പ്രയോഗത്തിലുണ്ടായ വികാസവും ഇവിടെ പ്രതിഫലിക്കുന്നുണ്ട്. ത്രിയേകത്വം എന്ന് പറയുമ്പോള്‍ അത് ദൈവത്തിന്റെ ഏകത്വത്തെ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന് ആര്‍ക്കെങ്കിലും വാദമുണ്ടെങ്കില്‍, നാമവരോട് ചോദിക്കുന്നത് ഓരോന്നിനെയും അതിന് ചേര്‍ന്ന പേര് വിളിക്കുന്നതല്ലേ നല്ലത് എന്നാണ്.
സത്യം പറഞ്ഞാല്‍, വളരെക്കാലമായി ക്രൈസ്തവ സമൂഹത്തില്‍ വിശ്വാസപരമായി ഏകീകൃത സ്വഭാവം കാണാനില്ല. ഉദാഹരണത്തിന് സോസിനിയന്മാരും (യൂനിറ്റേറിയന്മാര്‍) കത്തോലിക്കരും പൊതുവായി പങ്ക് വെക്കുന്ന ഒന്നുമില്ലെന്ന് പറയേണ്ടി വരും. ഇതുപോലെത്തന്നെയാണ് ഏറിയനിസവും (Arianism) മേരിയെ വരെ ആരാധിക്കാമെന്ന് പറയുന്ന കൊളിറിഡിയനിസ(Collyridianism)വും തമ്മിലും. ബ്ലാഷെര്‍15 (Blachere) അക്കാര്യം എഴുതിയിട്ടുണ്ട്. ‘ക്രിസ്ത്യന്‍ സയന്‍സ്’ എന്ന പേരിലറിയപ്പെടുന്ന വിഭാഗത്തില്‍ തന്നെ പലതരം വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ആളുകളെ കാണാം. അവര്‍ പൊതുവായി പങ്ക് വെക്കുന്ന വിശ്വാസങ്ങളോ ചിന്തകളോ ഈ സെക്ടറിനകത്തും കാണാനാവില്ലെന്ന് വന്നിരിക്കുന്നു. പക്ഷേ, എല്ലാവരും തങ്ങള്‍ ക്രിസ്ത്യാനികളാണെന്ന് വാദിക്കുന്നു. മറ്റു ഗ്രൂപ്പുകള്‍ക്കെതിരെ കുറ്റാരോപണങ്ങള്‍ നടത്തുകയും ചെയ്യുന്നു (ഈ പ്രവണത ലോകത്തെ എല്ലാ മതവിഭാഗങ്ങളിലുമുണ്ടെന്നത് മറ്റൊരു കാര്യം). ‘തങ്ങളുടെ പുരോഹിതന്മാരെയും പുണ്യപുരുഷന്മാരെയും ദൈവത്തിനൊപ്പം അവര്‍ പങ്കാളികളായി സ്വീകരിച്ചു’ എന്ന് ഖുര്‍ആന്‍16 പറയുമ്പോള്‍, ഖുര്‍ആന്റെ വിമര്‍ശം ന്യായമല്ലാത്തതും വസ്തുതക്ക് നിരക്കാത്തതുമാണ് എന്നൊക്കെ കത്തോലിക്ക-പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ ആരോപിക്കാമെങ്കിലും, പുണ്യ പുരുഷന്മാരെ അമിതമായി മഹത്വവല്‍ക്കരിക്കുന്ന, അവര്‍ക്ക് മാനുഷികമായ തെറ്റുകള്‍ പോലും പറ്റില്ലെന്ന് വാദിക്കുന്ന (പ്രവാചകന്മാര്‍ക്കാണല്ലോ ആ നിലയുള്ളത്) വിഭാഗങ്ങള്‍ ഉണ്ടെന്നത് നിഷേധിക്കാനാവില്ലല്ലോ. ഒരു പക്ഷേ, പ്രവാചകന്റെ ചില സമകാലികരിലേക്കുള്ള സൂചനയുമാവാം ഖുര്‍ആനിലേത്. ഇനി നമുക്ക് യേശുവിന്റെ തന്നെ വാക്കുകളുമായി താരതമ്യം ചെയ്തു നോക്കാം. അദ്ദേഹം പറഞ്ഞു: ”നിയമത്തെയോ പ്രവാചകരെയോ റദ്ദാക്കാനാണ് ഞാന്‍ വന്നിരിക്കുന്നത് എന്ന് നിങ്ങള്‍ ധരിക്കേണ്ട; റദ്ദാക്കാനല്ല, നിറവേറ്റാനാണ് ഞാന്‍ വന്നിരിക്കുന്നത്. സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു: ആകാശവും ഭൂമിയും കടന്നുപോകും വരെ, എല്ലാം നിറവേറ്റുവോളം, നിയമത്തില്‍ വള്ളിപുള്ളി മാറ്റം വരുകയില്ല. അതുകൊണ്ട് ഈ കല്‍പ്പനകളില്‍ ഏറ്റം ലഘുവായത് പോലും ലംഘിക്കയോ ലംഘിക്കാന്‍ മനുഷ്യരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ രാജ്യത്തില്‍ ഏറ്റം നിസ്സാരനായി ഗണിക്കപ്പെടും. എന്നാല്‍ അവ അനുഷ്ഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ രാജ്യത്തില്‍ വലിയവനായി ഗണിക്കപ്പെടും” (മത്തായി 5:17-19). അല്ലെങ്കില്‍, ”ഞാന്‍ നിങ്ങളോട് കല്‍പ്പിച്ചവയെല്ലാം പാലിക്കാന്‍ അവരെ പഠിപ്പിക്കു….” (മത്തായി 28:20) എന്ന ഭാഗമെടുക്കുക. എന്നിട്ട് കര്‍ശനമായ ഈ ഉദ്‌ബോധനങ്ങളെ യേശുവിന്റെ അനുയായികളുടെ ചെയ്തികളുമായി ഒത്തുനോക്കുക.” ആവശ്യകമായ ഈ കാര്യങ്ങള്‍ അല്ലാതെ കൂടുതല്‍ ഭാരമൊന്നും നിങ്ങളുടെ മേല്‍ ചുമത്തേണ്ടതില്ലെന്ന് പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നിയിരിക്കുന്നു. അതായത് വിഗ്രഹങ്ങള്‍ക്ക് ബലിയായി അര്‍പ്പിച്ചവ, രക്തം, ശ്വാസം മുട്ടിച്ചു കൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയില്‍ നിന്ന് നിങ്ങള്‍ അകന്നിരിക്കുക തന്നെ വേണം. ഇവയില്‍നിന്ന് അകന്നിരുന്നാല്‍ നിങ്ങള്‍ നന്നായി വരും” (അപ്പോ. പ്രവൃത്തികള്‍ 15:28-29). ബൈബിളില്‍ വന്ന ബാക്കി നിരോധനങ്ങള്‍ ഒഴിവാക്കിയിരിക്കുന്നു. സെന്റ് പോള്‍ പറയുന്നത് ഇങ്ങനെ (റോമക്കാര്‍ 10:4): ”ക്രിസ്തു നിയമത്തിന്റെ പൂര്‍ത്തീകരണമാകുന്നു.” ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം, ഭൂമിയിലെ ഒരു അധികാര ശക്തിക്കും, അത് ഭൗതികമോ ആധ്യാത്മികമോ ആവട്ടെ, ദൈവവചനത്തെ എന്നല്ല പ്രവാചക വചനത്തെപ്പോലും നീക്കം ചെയ്യാനുള്ള അവകാശമില്ല.