റമദാൻ മാസത്തെ കാത്തിരിക്കുന്ന ഒരാളാണ് ഞാനും.
കുട്ടിക്കാലത്ത് സുഹൃത്തുക്കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നോമ്പെടുത്ത് തുടങ്ങിയപ്പോൾ മനസ്സിനും ശരീരത്തിനും
അതുവരെയില്ലാത്ത മാറ്റമാണ് ഉണ്ടായത്. ആത്മപരിശാധന നടക്കുന്ന, സ്വയം വിലയിരുത്തലിനു പാത്രമാകുന്ന നാളുകളാണിത്. നോമ്പിന്റെ സാമൂഹിക വിവക്ഷ പഴയകാലത്തേക്കാൾ ഇന്ന് മാറിയിട്ടുണ്ട്.വർത്തമാനകാലത്ത് നോമ്പിന്റെ പ്രസക്തി വർധിച്ചുവരുന്നു. പട്ടിണിയും വിശപ്പും അറിയാനുള്ള അവസരമായാണ് നോമ്പിനെ ഇസ്ലാം പരിചയപ്പെടുത്തുന്നത്. ജാതിമത
ഭേദമന്യേ എല്ലാവരും നോമ്പെടുക്കുന്നത് വേലികെട്ടിത്തിരിച്ച ചുറ്റുപാടുകളെ മാറിച്ചിന്തിപ്പിക്കും എന്നത് തീർച്ചയാണ്.
നോമ്പ് മനസ്സും ശരീരവും ജീവിതപരിസരവും ശുദ്ധീകരിക്കുന്നു. നോമ്പ് രോഗങ്ങൾക്ക് പരിചയാണ്. സമ്പന്നതയുടെ വിശാലതയിൽ ജീവിക്കുന്നവർക്ക് പട്ടിണി കേട്ടുകേൾവി മാത്രമായിരിക്കും. അത് അനുഭവിച്ചറിയാൻ ഒരവസരവും ലഭിക്കില്ല. അത്തരമാളുകൾക്ക് സമൂഹത്തക്കുറിച്ചും മഹാഭൂരിപക്ഷത്തിൻറ പരിതാവസ്ഥയെക്കുറിച്ചും
കണിശമായ അവബോധം റമദാൻ നൽകുന്നു. പാവങ്ങളെ കണ്ടറിയാനും അവർക്കുവേണ്ടി നിലകൊള്ളാനും ഇത് സമൂഹത്തെ പാകപ്പെടുത്തും.
സൗഹാർദത്തിൻറ സംഗമ
കേന്ദ്രമാണ് ഇഫ്താറുകൾ. പരമാവധി ഇഫ്താർ സംഗമങ്ങളിൽ പങ്കെടുക്കാൻ ശ്രമിക്കാറുണ്ട്.
വിവിധ മേഖലകളിലെ വ്യത്യസ്തരായ ആളുകൾ,ഒരുമിച്ചുള്ള ഭക്ഷണം,പരിചയപ്പെടൽ അങ്ങനെ നീളുന്നു ഇഫ്താർ സംഗമങ്ങളുടെ സാമൂഹികത. ഇഫ്താറിനുശേഷം പരസ്പരം കൈപിടിച്ച് ആശ്ലേഷിച്ച് പിരിയുമ്പോൾ പ്രത്യേക അനുഭൂതിയും ആത്മനിർവൃതിയുമാണ് ലഭിക്കാറ്. നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങൾ, സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ പോകുന്ന എനിക്ക് അവരോടൊത്തുള്ള നോമ്പ് അനുഭവങ്ങളും വ്യത്യസ്തമാണ്.