അയല്‍വാസിയായ ആറംഗ മുസ്‌ലീം കുടുംബത്തെ രക്ഷിക്കാനായി സ്വന്തം ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ ഹിന്ദു യുവാവ് ഗുരുതരാവസ്ഥയില്‍. അയല്‍വാസിയുടെ വീട് അക്രമികള്‍ തീയിട്ടതുകണ്ടതോടെയാണ് അവിടെയുണ്ടായിരുന്ന ആറ് പേരെ രക്ഷിക്കാനായി പ്രേംകാന്ത് ബാഗേല്‍ എന്ന യുവാവ് എത്തിയത്. കലാപകാരികള്‍ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഒട്ടും മടിക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രേംകാന്ത് കത്തുന്ന വീട്ടിലേക്ക് ഓടിക്കയറി ആറ് പേരെ രക്ഷിച്ചു.
പക്ഷേ, വീട്ടിലെ പ്രായമുള്ള അമ്മയെ രക്ഷിക്കുന്നതിനിടയില്‍ പ്രേംകാന്തിന് ഗുരുതരമായി പൊള്ളലേറ്റു. ശരീരത്തിന്‍റെ 70 ശതമാനത്തോളം പൊള്ളലേറ്റ പ്രേംകാന്തിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനങ്ങള്‍ ഒന്നും ലഭിച്ചില്ല. ഒരു രാത്രി മുഴുവന്‍ പൊള്ളലേറ്റ ശരീരവുമായി വീട്ടില്‍ തന്നെ കഴിച്ച് കൂട്ടേണ്ടി വന്നു. രാവിലെ ജി.ടിബി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രേംകാന്തിന്‍റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍.
ശിവ് വിഹാറില്‍ ഹിന്ദു-മുസ്‍ലിം സമുദായങ്ങള്‍ ഐക്യത്തോടെയാണ് ജീവിക്കുന്നതെങ്കിലും കലാപം മറ്റൊരു രീതിയിലേക്കാണ് തങ്ങളെ കൊണ്ടുപോയതെന്ന് പ്രേംകാന്ത് പറയുന്നു.
അക്രമത്തിനിരയായവരെ പിന്തുണച്ച് ഡല്‍ഹിയില്‍ ജാതിമത ഭേദമന്യേ നിരവധി പേര്‍ രംഗത്തുവന്നിരുന്നു. എല്ലാ സഹായവും ഇവര്‍ക്ക് വാഗ്ദാനം ചെയ്തു. വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ മുസ്‌ലീം കുടുംബങ്ങള്‍ക്ക് ദല്‍ഹിയിലെ ഗുരുദ്വാരകള്‍ അവരുടെ വാതില്‍ തുറന്നു. അക്രമത്തിനിരയായവരെ രക്ഷിച്ചവരുടെ നിരവധി റിപ്പോര്‍ട്ടുകളും പുറത്തുവന്നു.